അനുപല്ലവി – 9

“അമ്മ പറഞ്ഞിട്ടുണ്ട് ദേവ മ്മാവനെ കുറിച്ച്…”ഞാൻ പറഞ്ഞു..

അതു കേട്ട അവൾക്ക് മനസ്സിലായിരുന്നു അവൾ പറയാൻ പോകുന്ന കാര്യം എനിക്ക് അറിയാം എന്നുള്ള കാര്യം.. ഒരു നിമിഷത്തേക് ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു…

“അവസാനം നമ്മൾ കണ്ട ദിവസം ഓർക്കുന്നുണ്ടോ ഉണ്ണിയേട്ടൻ…”

ഓരോ കാറ്റിലും വീഴുന്ന ചെറു മാമ്പഴം ഞെട്ട് കടിച്ചു കളഞ്ഞു.. ചിന്നുവിന് കൊണ്ട് തരാറുണ്ടായിരുന്നു ഉണ്ണിയേട്ടൻ.. ആ മംചുവട്ടിൽ മണ്ണപ്പം ചുട്ടു കളിച്ചതും…കടിചീമ്പിയ മാമ്പഴ ചാറു ചുണ്ടിനിരുവശത്തൂടെ ഒലിച്ചിറങ്ങുമ്പോൾ തുടച്ചു തന്നിരുന്നതും.. പിന്നെ ആ മാങ്ങാണ്ടിക് കൂട്ട് പോകാൻ വിളിച്ചു പറഞ്ഞതും…ഒടുവിൽ ഒരു തുളസിമാല കഴുത്തിലിട്ടു ചേർത്തു പിടിച്ചതും…. അതിന്റെ ഫലമെന്നോണം കിട്ടിയ കല്തുടയിലെ ചുമന്നു തിണിർത്ത പാടുകളും അതിലൊക്കെ വേദനയായി… ഒരു കുറ്റവാളിയെ പോലെ.. മിഴികൾ നിറഞ്ഞു തല കുനിച്ചു നിന്ന.. ഉണ്ണിയേട്ടനും..

എത്ര അടി കൊണ്ടിട്ടും കളഞ്ഞിരുന്നില്ല ആ തുളസിമാല…ഇന്നും എന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന ട്രങ്ക് പെട്ടിയിൽ ഭദ്രമായിട്ടുമുണ്ട്….കൊരുത്തിട്ട മാല ആയിട്ടല്ല അടർന്നു വീണ കണ്ണ് നീർ പോലെ ഓരോ ഇലകൾ ആയി… എന്റെ ഡയറിയുടെ താളുകൾക്കിടയിൽ…

എന്റെ ബാല്യം കഴിഞ്ഞു കൗമാരത്തിലേക് കടക്കുമ്പോളേക്കും ഞാൻ അറിഞ്ഞിരുന്നു എന്റെ മനസ്സിലേ ഉണ്ണിയേട്ടനോടുള്ള സ്നേഹത്തിന്റെയും ആ പ്രതീക്ഷയുടെയും അർത്ഥം.. അതിനു വിളിക്കുന്ന പേരാണ് പ്രണയം എന്നു…
യൗവനത്തിലേക് കാലൂന്നിയപ്പോൾ പല പ്രണയ അഭ്യര്ഥനകളെയും നിരസിക്കാനുള്ള കാരണവും ഉണ്ണിയേട്ടൻ ആയിരുന്നു…

എന്താ അതിലിപ്പോ നഷ്ടബോധം തോന്നുന്നുണ്ടോ.. കുസൃതിയോടെ ഞാൻ തിരക്കി…

ഇഷ്ടമുള്ളത് കളഞ്ഞു പോകുമ്പോളല്ലേ ഉണ്ണിയേട്ടാ നഷ്ട ബോധം…ഇപ്പോൾ ഉണ്ണിയേട്ടനെ ആഗ്രഹിക്കുമ്പോൾ അര്ഹിക്കാത്തത് എന്തോ ആഗ്രഹിക്കുന്ന ഒരു പെണ്ണിന്റെ കുറ്റ ബോധം ആണ്‌ മനസ്സ് നിറയെ…അവളുടെ വാക്കുകളിൽ എവിടെയോ വേദന നിറയുന്നത് ഞാൻ അറിഞ്ഞു…

നീർ കണങ്ങൾ തിളങ്ങിയ മിഴികൾ എന്നിൽ നിന്നും മറക്കാനെന്നോണം അവൾ മുഖം ഒരു വശത്തേക്കു ചെരിച്ചു…

അര്ഹിക്കാത്തതോ… ഈ ജന്മത്തിലും വരും ജന്മങ്ങളിലും നമുക്ക് അർഹിക്കുന്നത് ഒന്ന് മാത്രമേ ഉള്ളൂ.. നിനക്ക് ഞാനും എനിക്ക് നീയും ഇനിയൊരു കണ്ണീർ കാലം വേണ്ട ചിന്നു…

ബാല്യത്തിന്റെ കുസൃതിയിൽ ഇട്ട ആ മാല.. മനസ്സിന് കുറുകെ തന്നെയാണ്… അതു പറയുമ്പോളേക്കും ഞാൻ അവളുടെ മടിയിൽ നിന്നും എണീറ്റു വലം കൈ കൊണ്ട് എന്നിലേക്കു ചേർത്തു പിടിച്ചിരുന്നു അവളെ… പിന്നിലെ കാറ്റാടി മരങ്ങളെ തഴുകിയെത്തിയ കാറ്റു.. അവളുടെ മുടിയിഴകളെ തഴുകി കടന്നു പോയി….

ഇനിയും എന്തോ പറയാനുണ്ടെന്ന് അവളുടെ കണ്ണുകൾ എന്നെ ഓർമിപ്പിച്ചു.. എന്റെ തോളിൽ ചാഞ്ഞു മുഖത്തേക് തന്നെ നോക്കിയിരുന്ന കണ്ണുകളിലേക്കു നോക്കി ഞാൻ എന്തെ എന്നു ചോദിച്ചു…

ഈ ദിനം അസ്ത്വമിക്കാതിരുന്നിരുന്നെങ്കിൽ…
അവൾ എന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു..
ഞാൻ പറയാൻ വന്നതെന്തോ എന്റെ തൊണ്ടയിൽ കുരുങ്ങി… അവളുടെ ഓമൽ കപോലങ്ങളിൽ തഴുകി.. ആ മുഖത്തേക് തന്നെ നോക്കിയിരിക്കുമ്പോൾ ലോകം ഞങ്ങളിലേക് ചുരുങ്ങിയതായി തോന്നി…
കണ്ണുകൾ മാത്രം കഥ പറഞ്ഞു..

വീണ്ടും നിശബ്ദതയെ ഭേദിച്ചതു അവളുടെ വാക്കുകൾ ആയിരുന്നു…

ഒരു കാര്യം പറയാനുണ്ട് ഉണ്ണിയേട്ടാ…?? നെഞ്ചിൽ നിന്നും മെല്ലെ എഴുനേറ്റ് അവൾ പറഞ്ഞു.. അവളുടെ ശബ്ദത്തിലെ ഗൗരവം ഞാൻ തിരിച്ചറിഞ്ഞു..

എന്നോട് പറയാൻ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ ചിന്നു…

ഇതെങ്ങനെ പറയും എന്നെനിക്കറിയില്ല… എങ്കിലും പറഞ്ഞെ പറ്റു…

ഇഷ്ടമല്ലാത്തൊരു വിവാഹത്തിന് തീയതി കുറിക്കപ്പെട്ടവൾ ആണ്‌ ഞാൻ…

ആ വാക്കുകൾ ഒരു ഇടി തീ പോലെ ആയിരുന്നു എന്റെ കാതുകളിലേക് എത്തിയത്..

“എന്തു ” വിവശതയും ഉദ്വേഗവും എല്ലാം ഉണ്ടായിരുന്നു എന്റെ ചോദ്യത്തിൽ…
“ദത്തൻ ” അച്ഛൻ തിരഞ്ഞെടുത്ത.. അല്ല വിശ്വനാഥൻ എന്ന വളർത്തച്ഛൻ തിരഞ്ഞെടുത്ത ഭാവി വരന്റെ പേര് അതാണ്… അമ്മാവന്റെ മകൻ..

ആ ദത്തൻ ആണൊ അജുവിനെ? ചോദ്യം പാതിയിൽ നിർത്തുമ്പോളേക്കും പല്ലവിയിൽ നിന്നും ഉത്തരം എത്തിയിരുന്നു..

അതെ.. ആ ദത്തൻ തന്നെ…

അവനെന്തിനു അജുവിനെ ഉപദ്രവിക്കണം…

അജുവിനെ ഉപദ്രവിക്കാൻ ആവില്ല ഒരു പക്ഷെ..

അവൻ ഹരം കണ്ടെത്തുന്നതു എന്നെയും നിധിയെയും ഉപദ്രവിച്ചു കൊണ്ടാണ്… ഒരുപാട് സഹിച്ചിട്ടുണ്ട് പലപ്പോളായി… എന്തിനോ ഉള്ള പക തീർക്കുന്ന പോലെ കഴിഞ്ഞ രണ്ടു വർഷങ്ങൾ…

രണ്ടു വര്ഷങ്ങളോ?

ഹ്മ്മ് ഉണ്ണിയേട്ടന് അറിയാല്ലോ ഞാൻ അവിടെ നിന്നാണ് പഠിച്ചതൊക്കെ പ്ലസ്ടു വരെ..
അഞ്ചു വയസ്സ് തൊട്ടു പന്ത്രണ്ടു വർഷത്തോളം അവിടെ തന്നെയാണ് നിന്നത്.. അച്ഛന്റെ തല്ലു കൊണ്ട പേടി ആവണം ഞാൻ ദത്തനോട് ആ ചെറിയ പ്രായത്തിൽ പോലും അടുത്തിരുന്നില്ല..എന്നോട് പലപ്പോളും മിണ്ടാൻ വരുമ്പോളും എനിക്ക് പേടി ആയിരുന്നു… അതു കൊണ്ട് തന്നെ മെല്ലെ മെല്ലെ എന്നോട് അങ്ങനെ മിണ്ടാതെ ആയി.. അമ്മാവന്റെ അടുത്ത് പോയി നിക്കാൻ തുടങ്ങിയതിന്റെ അടുത്ത വർഷം ആണ്‌ നിധി ഉണ്ടായതു… അന്ന് എനിക്ക് ആറു വയസ്സേ ഉണ്ടായിരുന്നു എങ്കിലും അവിടുള്ള പണികൾ ഒക്കെ എന്നെ കൊണ്ട് എടുപ്പിക്കുമായിരുന്നു അമ്മായി.. അമ്മ നിധിയെ ഗർഭം ധരിച്ചു ഏഴു മാസം ആയപ്പോൾ അമ്മയുടെ വീട്ടിലേക്കു വന്നു അത് എനിക്ക് ആശ്വാസം ആയിരുന്നു.. അമ്മ ഉള്ളതു കൊണ്ട് അമ്മായി അധികം ഉപദ്രവിച്ചില്ല..പിന്നെ നിധി ഉണ്ടായപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു.. പക്ഷെ ആ സന്തോഷവും ഒരു ആറു മാസമേ ഉണ്ടായിരുന്നുള്ളു.. അച്ഛൻ അമ്മയെയും നിധിയെയും കൂട്ടി…ശ്രീലക തേക് പോയി… ഞാനും വരുന്നു എന്നു പറഞ്ഞു കരഞെങ്ങിലും കൊണ്ട് പോയില്ല… അമ്മായിയും പോകാൻ സമ്മതിച്ചില്ല…കാരണം അമ്മായിക്ക് ഒരു വേലക്കാരിയെ വേണമായിരുന്നു….പിന്നീട് മുത്തശ്ശന്റെ നിർബന്ധത്തിനാണു എന്നെ നഴ്സിംഗ് വരെ പഠിപ്പിച്ചതെന്നു.. മുത്തശ്ശി പറഞ്ഞു അറിഞ്ഞു… നഴ്സിംഗ് പഠനം എന്റെ അമ്മ വീട്ടിലെ നരകത്തിൽ നിന്നുള്ള മോചനം തന്നെ ആയിരുന്നു..എനിക്ക്.. ആ സമയങ്ങളിൽ ഒന്നും ഞാൻ ദത്തേട്ടനെ കണ്ടിട്ടില്ല… ബാംഗ്ലൂർ എഞ്ചിനീയറിംഗ് പഠിക്കുക ആണെന്നും..പിന്നീട് ഏതോ കമ്പനിയിൽ ജോലി കിട്ടിയെന്നും അറിഞ്ഞു… പിന്നീട് എപ്പോളോ ദതെട്ടന്റെ പേരിലുള്ള സ്ഥലം വിറ്റു എന്നു പറഞ്ഞു പ്രഭാകരൻ അമ്മാവനും ആയി വഴക്കായി എന്നും ദതെട്ടനെ മുറിയിൽ പൂട്ടി ഇട്ടു എന്നും ഒക്കെ അമ്മ പറഞ്ഞു അറിഞ്ഞു… ആ ദത്തൻ ഒരു കല്യാണം കഴിച്ചാൽ നന്നാവുമോ എന്നറിയാൻ ആണ്‌ ബലിയാഡായി എന്നെ നിശ്ചയിച്ചതു.. അച്ഛന് കണ്ണ് ദത്തേട്ടന്റെ സ്വത്തിൽ ആണ്‌.. വിവാഹം പറഞ്ഞു ഉറപ്പിച്ചതിൽ പിന്നെ ദത്തേട്ടൻ വല്ലാത്ത അധികാരം ആണ്‌ വീട്ടിൽ.. എപ്പോളും വെള്ളമടിച്ചു വീട്ടിൽ വരും.. എന്നെയോ നിധിയെയോ ഉപദ്രവിക്കാൻ എന്തേലും കാരണം ഉണ്ടാക്കും..

Leave a Reply

Your email address will not be published. Required fields are marked *