അരവിന്ദനയനം – 2 Like

“ദാ എല്ലാവരും ചായ കുടിക്ക്.”

“അയ്യോ ഇതൊന്നും വേണ്ടാരുന്നു, എന്തിനാ ഇതൊക്കെ ഉണ്ടാക്കിയെ.”

“പിന്നെ വീട്ടിൽ വന്നവരെ വെറുതെ അങ്ങനെ പറഞ്ഞയക്കാൻ പറ്റുവോ.” അവളുടെ അച്ഛൻ പറഞ്ഞു.

“നിങ്ങൾ ചായ കുടിക്കാൻ നോക്ക് ഞാൻ ദാ വരുന്നു.” അദ്ദേഹം വീണ്ടും അകത്തേക്ക് പോയി.

“അല്ല എവിടെ മോൾടെ അമ്മ, ഇവിടെ ഇല്ലേ?”

അമ്മേടെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി. ഞാൻ ആ പെണ്ണിനെ നോക്കി അവളും ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു.

“അമ്മ.. അമ്മ പോയിട്ട് വർഷങ്ങൾ ആയി.” അത് പറഞ്ഞിട്ട് അവൾ അമ്മയുടെ കാലിൽ ബാൻഡേജ് കെട്ടാൻ തുടങ്ങി.

അമ്മ എന്ത് പറയണം എന്നറിയാതെ ഇരുന്നു. എന്തോ ഭാഗ്യം പോലെ അപ്പൊ തന്നെ അവളുടെ അച്ഛൻ പുറത്തേക്കു വന്നു അത്കൊണ്ട് തന്നെ ആ വിഷയത്തിൽ നിന്നും എല്ലാവരും തെന്നിമാറി.

കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം ഞങ്ങൾ ഇറങ്ങാൻ റെഡി ആയി. അമ്മയ്ക്ക് ഇപ്പൊ നടക്കാൻ വല്യ ബുദ്ധിമുട്ട് ഇല്ല എന്നാലും ചെറിയൊരു വേദന ഉണ്ട്. ഞാൻ അദ്ദേഹത്തോട് യാത്ര പറഞ്ഞു അവളോട്‌ ഒന്നും പറഞ്ഞില്ല, അതിനു എന്റെ ഈഗോ എന്നെ സമ്മതിച്ചില്ല എന്ന് വേണം പറയാൻ. വണ്ടി ഇരുന്ന സ്ഥലം വരെ അമ്മയുടെ കയ്യും പിടിച്ചു അവൾ വന്നു.

ഞാൻ നേരെ കേറി വണ്ടി സ്റ്റാർട്ട്‌ ആക്കി. ആമിയും അവളോട്‌ യാത്ര പറഞ്ഞു എന്റെ പിന്നിൽ കയറി. അമ്മ അവളെ ചേർത്ത് നിർത്തി നെറുകയിൽ തലോടി.

“പോട്ടെ മോളെ… ഇനിയും എപ്പഴേലും കാണാം. ഞങ്ങളുടെ അങ്ങോട്ട്‌ വല്ലതും വരുവണേൽ വീട്ടിൽ വരണം കേട്ടോ. ദാ ഇതാണ് വീട്ടിലെ ഫോൺ നമ്പർ.” അമ്മ ഒരു തുണ്ട് കടലാസ് അവൾക്കു നേരെ നീട്ടി. ഇതൊക്കെ എപ്പോ എഴുതി വെച്ചോ ആവോ.

“വാങ്ങിച്ചോ മോളെ അമ്മ തരുന്നതല്ലേ.” അമ്മ അത് അവളുടെ കയ്യിൽ കൊടുത്തിട്ട് ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു, എന്നിട്ട് വണ്ടിയിൽ കയറി. ഞാൻ പതിയെ വണ്ടി മുന്നോട്ടു എടുത്തു. അമ്മയും ആമിയും തിരിഞ്ഞു നോക്കി അവൾക്കു ടാറ്റ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. എന്നാൽ ഞാൻ മാത്രം നോക്കിയില്ല. പക്ഷെ വണ്ടിയുടെ കണ്ണാടിയിൽ ഞാൻ കണ്ടു ദാവണി ഉടുത്തു കണ്ണ് നിറഞ്ഞു നിൽക്കുന്ന ഒരു രൂപം.
എന്തോ അന്ന് ഉറങ്ങാൻ കിടന്നപ്പോഴും ആ അവസാനം കണ്ട രൂപം തന്നെ ആയിരുന്നു മനസ്സിൽ. ഞാൻ കൊറച്ചു അധികം ദേഷ്യപ്പെട്ടു എന്നൊരു തോന്നൽ.

“നീ എന്താ ഈ ലൈറ്റും തെളിച്ചിട്ട് ഇരുന്നു ആലോചിക്കുന്നേ.” അമ്മ മുറിയിലേക്കു കയറി വന്നു.

“ഓ ഒന്നുല്ല നാളെ ഇനി വീണ്ടും പണിക്കു പോണോല്ലോ എന്നാലോചിച്ചതാ. അമ്മ കിടന്നില്ലേ. കാലിനു ഇപ്പൊ വേദന ഉണ്ടോ.?” ഞാൻ അമ്മയുടെ കാൽ എടുത്തു മടിയിൽ വെച്ച് ചോദിച്ചു.

“ഹാ കാല് വലിച്ചു പറിക്കാതെടാ, എനിക്ക് കുഴപ്പൊന്നും ഇല്ല ആ കൊച്ച് നല്ലപോലെ തിരുമി തന്നു അതോണ്ട് നീരൊന്നും വീണില്ല.”

“മം…”

“നീ എന്തിനാടാ ആ കുട്ടിയോട് അത്രേം ദേഷ്യപ്പെട്ട് സംസാരിച്ചത് മോശമായി പോയി.”

“പിന്നല്ലാതെ ഞാൻ അപ്പൊ എന്ത് ചെയ്യാനാ, അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.”

“എന്നാ പിന്നെ പോരാൻ നേരം അതിനോട് ഒരു സോറി എങ്കിലും പറഞ്ഞൂടാരുന്നോ പാവം അത് പേടിച്ചു പോയി ഞാൻ വീണപ്പോ.”

“ആ ഇനി കാണുവാണേൽ പറയാം.”

“ഉവ്വാ ഇനി എവിടുന്നു കാണാൻ. മതി ഞാൻ പോയി കിടക്കട്ടെ. കിടന്നു ഉറങ്ങാൻ നോക്ക് ഇനി ഫോണിൽ കളിക്കാൻ നോക്കിയാൽ ഞാൻ അതെല്ലാം കൂടി എടുത്തു അടുപ്പിൽ വെക്കും പറഞ്ഞേക്കാം.” അമ്മ ലൈറ്റ് ഓഫ്‌ ചെയ്തു മുറിയിലേക്ക് പോയി. ഞാനും പതിയെ മയക്കത്തിലേക്ക് വീണു.

ഞാനും അമ്മയും മേരി മാതാ ഹോസ്പിറ്റലിൽ എത്തുമ്പോൾ സമയം ഉച്ചക്ക് 3 മണി. ആമിക്ക് പെട്ടെന്ന് ഒരു പനി. കാണിച്ചപ്പോൾ ഡോക്ടർ 2 ദിവസത്തേക്കു അഡ്മിറ്റ്‌ ആക്കാൻ പറഞ്ഞു. ഞങ്ങൾ റൂമിൽ എത്തുമ്പോൾ വിനയേച്ചിം ചേട്ടനും ഉണ്ട്. ചേട്ടൻ ഓട്ടോ ഡ്രൈവർ ആണ്.

ആമി ഉറക്കത്തിൽ ആണ്. ഡ്രിപ് ഇട്ടിട്ടുണ്ട് അവളുടെ കുഞ്ഞികൈയിൽ. വിശേഷം ഒക്കെ തിരക്കി അവിടെ നിന്നപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു. ഞങ്ങളെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. ചിരിക്കൊന്നും ഒരു വോൾടേജ് ഇല്ല. ക്ഷീണം കാണും പാവം.

Leave a Reply

Your email address will not be published. Required fields are marked *