അരവിന്ദനയനം – 2

കഴിച്ച് കൈ കഴുകി വന്നപ്പോഴേക്കും അമ്മ റെഡി ആയി പുറത്ത് ഇറങ്ങി നിൽക്കുന്നുണ്ടാരുന്നു. ഒരു അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. “എന്നാൽ നീ പോയിട്ട് വാ, വൈകുന്നേരം ഈ വഴി വന്നാൽ മതി ഞാൻ ഇവിടെ ഉണ്ടാവും. ഇനി അഥവാ ഞാൻ വീട്ടിലോട്ട് പോയാൽ ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം.”

“ആഹ് ശെരി.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. പറ്റുവാണെങ്കിൽ ഞാൻ ഉച്ച കഴിഞ്ഞു ഇറങ്ങാൻ നോക്കാം.”

അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്ക് വണ്ടി വിട്ടു. ഒറ്റയ്ക്ക് വണ്ടി ഓടിച്ചപ്പോൾ വീണ്ടും ആ മുഖം മനസ്സിലേക്ക് വന്നു… നയന… എങ്ങനേലും അവളെ ഒന്നുകൂടി കാണണം. കുറച്ച് നേരം സംസാരിക്കണം. ഓരോന്ന് ആലോചിച്ചു ഓഫീസ് എത്തിയത് അറിഞ്ഞില്ല. അല്ലേലും നല്ല സമയങ്ങൾ പെട്ടെന്ന് കടന്നുപോകുവല്ലോ.

ഓഫീസിൽ പിടിപ്പത് പണി ആയിരുന്നു. ഒരു ചായ കുടിക്കാൻ ഉള്ള ഗ്യാപ് പോലും കിട്ടിയില്ല. ലഞ്ച് കഴിഞ്ഞു ക്യാന്റീനിലെ മരച്ചുവട്ടിൽ ഫോണും തോണ്ടി റസ്റ്റ്‌ എടുക്കുമ്പോൾ ആണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്.

“ഹായ്…എന്നെ മനസ്സിലായോ?” നമ്പർ മാത്രേ ഉള്ളു.

ഞാൻ വിശദമായി ഒന്ന് നോക്കി ഡിപി ഒന്നും ഇല്ല. ഇതാരപ്പാ…

“ഇല്ല ആരാ? ” “നയന…”

അത് വായിച്ചതും എന്റെ റിലേ പോയി. ഞാൻ അറിയാണ്ട് തന്നെ ഞാൻ ചിരിച്ചുപോയി. ഹൃദയം ഒക്കെ പട പടാ ഇടിക്കാൻ തുടങ്ങി ആകെക്കൂടി ഒരു വൈക്ലഭ്യം. ഞാൻ ആ നിമിഷം തന്നെ നമ്പർ സേവ് ചെയ്തു. അപ്പൊ ദേ എഴുതി കാണിച്ചു “നയന കാളിങ്”

ഉഫ്… എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.

“ഹലോ…” “ഹലോ!! ഇത് ഞാനാ നയന, മനസ്സിലായോ?” “പിന്നെ മനസ്സിലാവാതെ…എന്റെ നമ്പർ എവിടുന്നു കിട്ടി?” “ഓർമയില്ലേ?? അന്ന് അരവിന്ദേട്ടന്റെ ഫോണിൽ നിന്നല്ലേ ഞാൻ അച്ഛനെ വിളിച്ചത്. ഞാൻ അപ്പൊ നമ്പർ സേവ് ചെയ്താരുന്നു.” “അത് ഇന്നലെ അല്ലേ… എന്നിട്ടിപ്പോ ആണോ വിളിക്കാൻ തോന്നിയത്..?” എന്തോ എനിക്ക് പെട്ടെന്ന് അങ്ങനെ ആണ് ചോദിക്കാൻ തോന്നിയത്. “എയ്… അങ്ങനൊന്നുല്ല. ഞാനിപ്പോ ആമിടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ട്. ഇവിടെ ഒരു മരുന്ന് കിട്ടാനില്ല, അപ്പൊ അമ്മയാണ് പറഞ്ഞത് അരവിന്ദേട്ടനെ വിളിച്ചു പറഞ്ഞാൽ വൈകിട്ട് വരുമ്പോൾ വാങ്ങിട്ടു വരും എന്ന്. അതാ വിളിച്ചത്.”
ഈശോ…. അവൾ ഹോസ്പിറ്റലിൽ ഉണ്ടോ… ദൈവമേ എങ്ങനെങ്കിലും ഒന്ന് പുറത്ത് ചാടണോല്ലോ. എന്തും പറഞ്ഞാണ് ഇപ്പൊ ഓഫീസിൽ നിന്ന് ഇറങ്ങുന്നത്. എന്റെ മനസ്സിൽ അപ്പൊ അതായിരുന്നു ചിന്ത മുഴുവൻ.

“ഹലോ…കേൾക്കുന്നില്ലേ??” അവൾടെ സൗണ്ട് എന്നെ ചിന്തയിൽ നിന്ന് ഉണർത്തി. “ഹാ കേക്കുന്നുണ്ട്. ആ മരുന്നിന്റെ പേരൊന്നു വാട്സാപ്പ് ചെയ്തേക്ക്. ഞാൻ വേഗം വരാൻ നോക്കാം. ഇയാൾ ഇപ്പൊ തിരിച്ചു പോകുവോ?”

“ഇപ്പൊ ഇല്ല കുറച്ച് കഴിഞ്ഞ് ഇറങ്ങും. എന്തെ?” “ഇല്ല, വെറുതെ ചോദിച്ചതാ.” “എന്നാ ശെരി ഞാൻ പേര് മെസ്സേജ് ചെയ്യാം വാങ്ങാൻ മറക്കണ്ട. ഓക്കേ?” “ഓക്കേ ശെരി….” രണ്ട് നിമിഷം കഴിഞ്ഞതും ഫോൺ കട്ട്‌ ആയി. ഞാൻ ആകെ തരിച്ചു നിന്നുപോയി.

ദൈവമേ ഇവിടുന്ന് എങ്ങനേലും പുറത്ത് ചാടണം. എന്ത് കള്ളം പറഞ്ഞാൽ ആണ് ഒന്ന് പോകാൻ പറ്റുന്നത്. നയന പോകുന്നതിനു മുന്നേ ഹോസ്പിറ്റലിൽ എത്തണം. ഞാൻ ഒരു ഐഡിയക്ക് വേണ്ടി തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. അവസാനം പെങ്ങൾക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആണെന്ന് തന്നെ പറഞ്ഞു. ആദ്യം കുറെ എതിർത്തെങ്കിലും അടുത്ത ശെനിയും ഞായറും ഒക്കെ വന്ന് പണി എടുത്തോളാം എന്ന ഒറ്റ വാക്കിന്റെ പുറത്ത് മാനേജർ ഹാഫ് ഡേ ലീവ് തന്നു. ഹാഫ് ഡേ എന്ന് പറയാൻ പറ്റില്ല. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മണി 3 ആയി. വേഗം ഒരു മെഡിക്കൽ ഷോപ്പിൽ കയറി നയന അയച്ച മെസ്സേജ് കാണിച്ചു.

മരുന്നും വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. 4 മണി കഴിഞ്ഞു ഹോസ്പിറ്റലിൽ എത്തിയപ്പോൾ. ബൈക്ക് പാർക്ക്‌ ചെയ്ത് ഒറ്റ ഓട്ടം ആയിരുന്നു റൂമിലേക്ക്‌. റൂമിന്റെ ഡോറിനു മുന്നിൽ എത്തിട്ടാണ് പിന്നെ നിന്നത്. ഓടി വന്ന കിതയ്പ് മാറ്റാൻ ആയി ഒരു 10 സെക്കന്റ്‌ അവിടെ തന്നെ നിന്നു. അല്ലെങ്കിൽ ഉള്ളിൽ കേറുമ്പോൾ തന്നെ എല്ലാർക്കും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നും. കുറച്ച് നേരം വെയിറ്റ് ചെയ്തിട്ട് ഒന്നും അറിയാത്ത പോലെ ഒരു മൂളിപ്പാട്ടും പാടി ഞാൻ അകത്തേക്ക് കയറി.
“ആഹ് നീ എത്തിയോ. ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു.” ഞാൻ മരുന്ന് അമ്മേടെ കയ്യിലേക്ക് കൊടുത്തോണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു. ഇല്ല അവളെ കാണാനില്ല. എന്നാൽ ബാത്‌റൂമിൽ ആരോ ഉണ്ട്. ദൈവമേ അത് അവൾ ആയിരിക്കണേ… “ഡോ താൻ എന്താ ഈ തിരിഞ്ഞു കളിക്കണേ?” ആമിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്നാൽ ആ ഞെട്ടൽ മുഖത്ത് വരും മുന്നേ ഞാൻ ഒഴിഞ്ഞു മാറി. “അല്ല വിനയേച്ചി വീട്ടിലേക്ക് പോയോ എന്ന് നോക്കിയതാ” “ഞാൻ ഇവിടെ ഉണ്ട്. എന്താടാ?” ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നുകൊണ്ട് വിനയേച്ചി പറഞ്ഞു.

ശ്ശെ…അപ്പൊ അവൾ എവിടെ പോയി…

“ഒന്നുല്ല ചേച്ചി കാണാഞ്ഞിട്ട് തിരക്കിയതാ.” ഞാൻ വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു.

എന്തെന്നറിയില്ല എല്ലാരുടേം മുഖത്ത് ഒരു ആക്കിയുള്ള ചിരി ഉള്ള പോലെ… എയ് ഇനി എനിക്ക് തോന്നുന്നതാവും.

“നീ വല്ലതും കഴിച്ചോ?” “ആഹ് ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ അതാ ലേറ്റ് ആയിപോയത്.” ഞാൻ തെല്ലൊരു നിരാശയോടെ പറഞ്ഞു.

“ലേറ്റൊ? അതിന് ഇപ്പൊ 4 മണി കഴിഞ്ഞതല്ലേ ഉള്ളു സാദാരണ ഏട്ടൻ വരുമ്പോൾ 5 കഴിയില്ലേ.” ഒരു പിരികം പൊക്കി എന്നെ നോക്കികൊണ്ട്‌ ആമി ചോദിച്ചു.

“അല്ല…അങ്ങനല്ല…ഞാൻ ആ കുട്ടി എന്നെ വിളിച്ച് കഴിഞ്ഞ് കൊറച്ചുകൂടെ കഴിഞ്ഞാണ് ഇറങ്ങിയേ എന്ന് പറഞ്ഞതാ…അല്ല അത് പറഞ്ഞപ്പോഴാ ഓർത്തെ ആ പെണ്ണ് പോയോ?” ഞാൻ അത് അവിടെ കിടന്ന ഒരു വാരിക എടുത്ത് കയ്യിൽ പിടിച്ചിട്ട് അത് വായിക്കുന്ന പോലെ ഇരുന്നാണ് ചോദിച്ചത്. സത്യത്തിൽ ഞാൻ അത് വായിച്ചൊന്നും ഇല്ല എന്റെ മുഖം അവർ കാണാതെ ഇരിക്കാൻ ഉള്ളൊരു ഉപാധി ആയെ ഞാൻ അതിനെ അപ്പൊ കണ്ടോള്ളൂ.

ചോദ്യം ചോദിച്ചു 3 സെക്കന്റ്‌ കഴിഞ്ഞും എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ പതുക്കെ ആ വാരിക ഒന്ന് മാറ്റി. നോക്കുമ്പോ 6 കണ്ണുകൾ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നാൽ ആരും ഒന്നും പറയുന്നുമില്ല. ഈശ്വരാ പെട്ടു…

“ചേച്ചി പോയി.. ഞാൻ പറഞ്ഞതാ ഏട്ടൻ വന്നിട്ട് കൊണ്ടുപോയി ആക്കും എന്ന്. പക്ഷെ വല്യമ്മ കേട്ടില്ല. വെറുതെ കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും ലേറ്റ് ആക്കണ്ട പറഞ്ഞു. അവസാനം ചേച്ചി മനസില്ലാ മനസ്സോടെ ആണ് പോയത്.” ആമി അത് പറഞ്ഞു നിർത്തുമ്പോഴും അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
ആകെ ഒരു നഷ്ടബോധം ആയിരുന്നു പിന്നെ. ഹാ സാരമില്ല നമ്പർ കിട്ടിയല്ലോ ഇനി എങ്ങനേലും പതുക്കെ മെസ്സേജ് ഒക്കെ അയക്കാം. ഞാൻ എന്നെ തന്നെ പറഞ്ഞ് ആശ്വസിപ്പിച്ചു. വാട്സാപ്പ് എടുത്തു നോക്കി. ലാസ്റ്റ് സീൻ 3 മണി. ഡിപി മാറ്റിയിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. അത് കണ്ടപ്പോൾ വീണ്ടും നഷ്ടബോധം. ആമിയും നയനയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആണ് ഇട്ടേക്കുന്നത്. ആരെയെന്നില്ലാതെ ഞാൻ എന്നേ തന്നെ ശപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *