അരവിന്ദനയനം – 2 Like

“ഈ മരങ്ങോടനെ കാണാൻ ഒക്കെ ഒരു ചന്തം ഉണ്ട്, കയ്യിലിരിപ്പ് അത്ര വെടിപ്പല്ല എന്ന് തോന്നുന്നു. വെറുതെ ചാടി കേറി സംസാരിച്ചു വില കളയണ്ട. കൊറച്ചു വെയിറ്റ് ഇട്ട് നിക്കാം. ഇറങ്ങുമ്പോൾ ഒരു താങ്ക്സ് പറഞ്ഞിട്ട് പോകാം അത്ര തന്നെ.”

മഴയ്ക്ക് മുന്നോടിയായിട്ടുള്ള തണുത്ത കാറ്റ് വീശി അടിച്ചു. ആ കാറ്റിനു ഒരു പ്രത്യേക സുഖമാണ്, ഒരു പ്രത്യേക മണമാണ്. മഴയുടെ ആദ്യ തുള്ളി നയനയുടെ കവിളിൽ തട്ടി ചിതറി.

“അയ്യോ മഴ…” അവൾ അറിയാതെ തന്നെ പറഞ്ഞു പോയി.

അപ്പോഴേക്കും മഴയുടെ ശക്തി കൂടി കൂടി വന്നു. അരവിന്ദ് വണ്ടി ഒരു പൂട്ടിയിട്ട പെട്ടിക്കടയുടെ മുന്നിലേക്ക് നിർത്തിയതും നയന ഇറങ്ങി ഓടി മഴ കൊള്ളാതെ ഒരിടത്തു കേറി നിന്നു. വണ്ടിയിൽ നിന്ന് ചാവി ഊരി അരവിന്ദ് എത്തുമ്പോഴേക്കും അവൻ നല്ലോണം നനഞ്ഞിരുന്നു. അവൻ നോക്കുമ്പോ നയനയുടെ അടുത്ത് കഷ്‌ടിച്ചു കുറച്ചു സ്ഥലം ഉണ്ട് നനയാതെ നിൽക്കാൻ. എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്ന അവന്റെ അങ്കലാപ്പ് കണ്ട് നയന മനസ്സിൽ ചിരിച്ചുപോയി. അവൾ കുറച്ചു അഡ്ജസ്റ്റ് ചെയ്ത് നിന്നിട്ട് അവനെ നോക്കി. അവൻ പിന്നൊന്നും ആലോചിക്കാതെ അവളുടെ കൂടെ കേറി നിന്നു.

രണ്ടുപേരും എന്ത് പറയും എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന ചിന്തയിൽ ആയിരുന്നു. മഴ ഉടനെ എങ്ങും കുറയുന്ന ലക്ഷണം ഇല്ല.

മഴ കുറയുന്നതും കാത്ത് മേലോട്ട് നോക്കി നിൽപ്പാണ് നയന.

“മഴ ഇഷ്ടല്ലേ?” ആഹാ നല്ല ബെസ്റ്റ് ചോദ്യം. ലോകത്ത് വേറെ എന്തൊക്ക ചോദിക്കാൻ ഉണ്ട് എന്നിട്ട് ചോദിച്ച കാര്യം ഓർത്തു അവനു തന്നെ ഒരു ചളിപ്പ് തോന്നി.

“എന്താ ചോദിച്ചേ, കേട്ടില്ല.” നയന അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“അല്ല മഴ ഇഷ്ടമല്ലേ എന്ന്?” അവൻ വീണ്ടും മടിച്ചു മടിച്ചു ചോദിച്ചു.

“അതെന്താ അങ്ങനെ ചോദിച്ചേ?”

“ഒന്നുല്ല മുഖം കണ്ടപ്പോ ഇഷ്ടമല്ല എന്ന് തോന്നി അതോണ്ട് ചോയ്ച്ചതാ.”
“മഴ കാണാൻ ഒക്കെ ഇഷ്ടാണ്, പക്ഷെ ഇങ്ങനെ അസമയത്തു പെയ്തത് ആകെ ബുദ്ധിമുട്ട് ആയി. മഴ പെയ്തില്ലായിരുന്നേൽ നമ്മൾ ഇപ്പൊ വീട്ടിൽ എത്തിട്ടുണ്ടാവും.”

“അല്ല വേറൊന്നും അല്ല, ഞാൻ വായിച്ച കഥകളിൽ ഒക്കെ നായികയ്ക്ക് മഴ ഭയങ്കര ഇഷ്ടം ആണ്, മഴ നനയാനും.”

“അരവിന്ദേട്ടൻ വായിക്കാത്ത കഥയിലെ നായികയാണ് ഞാൻ. അങ്ങനെ കൂട്ടിക്കോളൂ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശ്ശെ ചോദിക്കണ്ടായിരുന്നു…ഞാൻ വെറും പൈങ്കിളി ആണെന്ന് കരുതി കാണും. വെറുതെ ഇവളുടെ വായിൽ ഇരിക്കുന്നത് കേട്ടു.” അവൻ മനസ്സിൽ ഓർത്തു.

“ഏട്ടൻ എന്താ ചെയ്യുന്നേ?”

“ഞാനോ.. ഞാൻ സെയിൽസ് ഓഫീസർ ആണ്. ഇയാളോ?”

“ഞാൻ ഡിഗ്രി കഴിഞ്ഞു ജോലി നോക്കികൊണ്ട്‌ ഇരിക്കുന്നു. ഇപ്പോ തത്കാലം ഒരു കാൾ സെന്ററിൽ ജോലിക്ക് പോകുന്നുണ്ട്. കൂടെ തന്നെ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നുണ്ട്. ഒന്നും ആയില്ല.”

“ഓ.. പിന്നെ ഞാൻ ഇയാളെ ഒന്ന് കാണണം എന്നുവെച്ചിരിക്കുവാരുന്നു ഒരു സോറി പറയാൻ, അന്ന് ഞാൻ കുറച്ച് മോശമായിട്ടാ പെരുമാറിയത് തന്നോട്. സോറി…” അവൻ മടിച്ചു മടിച്ചു പറഞ്ഞു.

“എയ് അത് സാരമില്ല, അതിപ്പോ ആരാണേലും അങ്ങനെ അല്ലേ ചെയ്യൂ. അല്ലെങ്കിലും എനിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു. അമ്മ ഇല്ലാതെ വളർന്ന കൊണ്ട് അച്ഛൻ എന്നെ ഒന്ന് വഴക്ക് പറയാറുകൂടി ഇല്ല അതാ…”

“ഓ..സോറി..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല, എനിക്ക് അമ്മ മാത്രേ ഉള്ളു, അപ്പൊ അന്ന് അമ്മ വീണപ്പോ പെട്ടന്ന് ഉള്ള ദേഷ്യത്തിന് പറഞ്ഞുപോയതാ.”

“മ്മ് എനിക്ക് അത് മനസിലാവും. അല്ലെങ്കിലും അമ്മ വളർത്തിയ മക്കൾക്ക്‌ മറ്റു പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്നൊക്കെ അറിയാൻ പറ്റും.” നയന അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.

“എയ് എനിക്ക് അങ്ങനെ അധികം കമ്പനി ഇല്ല പെണ്ണുങ്ങളുമായി. ആകെ ഉള്ള കമ്പനി ആമിയാണ്.”

മഴ അപ്പോഴേക്കും പെയ്ത് ഒഴിയാറായിരുന്നു. അല്പനേരം രണ്ടുപേർക്കിടയിലും മൗനം തളം കെട്ടി നിന്നു. അവർക്കിടയിൽ ഇപ്പോൾ ആകെ ഉള്ള ശബ്ദം മഴത്തുള്ളികൾ വീണു ചിതറുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *