“ആര് വെച്ചിട്ട്…….? ടാപ്പിൽ വെളളം കാണും.. ”
വിനയചന്ദ്രൻ പറഞ്ഞു.
സനോജ് അടുക്കളയിലേക്ക് പോയി..
അവൻ ഗ്ലാസ്സും പാത്രങ്ങളും വൃത്തിയായി കഴുകിയെടുത്ത് തിരിച്ചു വന്നു..
സനോജ് മദ്യത്തിനു പിന്നാലെ ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചതും ക്ഷമയില്ലാതെ വിനയചന്ദ്രൻ അതെടുത്തു വിഴുങ്ങി .
അവൻ പാത്രത്തിലേക്കെടുത്തു വെച്ച ദോശ പിച്ചിപ്പറിച്ച് അയാൾ വായിലേക്കിട്ടു.
” വീഴാൻ മാത്രം ഉള്ളതൊന്നും നമ്മളിന്നലെ പിരിയുമ്പോൾ മാഷിനുണ്ടായിരുന്നില്ലല്ലോ..?”
വിനയചന്ദ്രൻ അവനെ ഒന്നു നോക്കി……
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം…… ബാറിൽ നിന്നും വരുന്ന വഴി വിനയചന്ദ്രൻ റോഡിനു താഴെ വീണു പരിക്കു പറ്റിയത്.
ഫോൺ വിളിച്ചു സനോജിനെ വിളിച്ചു വരുത്തിയാണ് ഹോസ്പിറ്റലിൽ പോയതും ഡ്രസ് ചെയ്തതും…
” അതിനു ഞാൻ വീണതാന്ന് നിന്നോടാരാ പറഞ്ഞത്…?”
“പിന്നെ… ?”
സനോജ് പുരികമുയർത്തി …
” നീ ഒന്നുകൂടി ഒഴിക്ക്… ”
വിനയചന്ദ്രന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു തന്നെ സനോജ് മദ്യം ഗ്ലാസ്സിലേക്ക് പകർത്തി……
” പിന്നെന്തു പറ്റിയതാ മാഷേ..?”
വിനയചന്ദ്രൻ ഗ്ലാസ്സെടുത്ത് ഒരിറക്ക് മദ്യം കുടിച്ചു…
“എന്നെയൊരു കാർ ഇടിച്ചിടാൻ വന്നതാടാ… ”
” കാറോ…… ? ഇടിച്ചിടാനോ… ?”
സനോജ് അമ്പരന്നു…….
വിനയചന്ദ്രൻ അവശേഷിച്ച മദ്യം കൂടി കഴിച്ച ശേഷം ഗ്ലാസ്സ് ടീപോയിലേക്ക് വെച്ചു……
സനോജ് അയാൾക്കടുത്ത് കട്ടിലിലിരുന്നു……
” കാര്യം പറ മാഷേ..?”
” സത്യമതാടാ………. ”
സനോജ് അയാളെ തുറിച്ചു നോക്കി…
“നടന്നു വരുന്നത് ആ സമയം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്റെയടുത്ത് എത്താറായപ്പോഴാ കാറിന് വേഗം കൂടിയത്… -… ”
വിനയചന്ദ്രൻ തുടർന്നു…
” ഇടിക്കാതിരിക്കാനാ ഞാൻ റോഡിനു പുറത്തേക്ക് ചാടിയത്…… വലിയ താഴ്ചയില്ലാത്തതു കൊണ്ട് ഇത്രയേ പറ്റിയുള്ളൂ… ”
“ഏത് കാറാണെന്ന് ഓർമ്മയുണ്ടോ..?”
” വലിപ്പമുള്ള വണ്ടിയാടാ… സൈലോ അല്ലെങ്കിൽ ഇന്നോവാ……….”
സനോജ് ആലോചനയോടെ ഇരുന്നു……
“പക്ഷേ ഒരു കാര്യം ഉറപ്പാ ……… ”
സനോജ് അയാളെ നോക്കി..
“ആ വണ്ടി ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു………. ”
” സ്ത്രീയോ… ….?”
സനോജ് പകപ്പോടെ അയാളെ നോക്കി.
“അതേ… അത് ഞാൻ വ്യക്തമായി കണ്ടതാണ്…… ഇനിയും ഒരു പക്ഷേ കണ്ടാൽ തിരിച്ചറിയാൻ പറ്റും. ”
” എന്നിട്ട് മാഷെന്താ ഹോസ്പിറ്റലിൽ ഇതൊന്നും പറയാതിരുന്നത് … ?”
” എന്റെ സംശയം മാത്രമല്ലേടാ… …. ”
“എന്നാലും ഇനി നമ്മൾ കരുതണം മാഷേ… ”
“അല്ലെങ്കിലും മാഷിനാരാ ശത്രുക്കൾ എന്നാ എനിക്ക് മനസ്സിലാകാത്തത് -… ?”
ഒരു നിമിഷം കഴിഞ്ഞ് ആലോചനയോടെ സനോജ് പറഞ്ഞു……
“ആർക്കാടാ ശത്രുക്കളില്ലാത്തത്… ?”
വിനയചന്ദ്രൻ പതിയെ തലയിണയിലേക്ക് ചാഞ്ഞു…
” മുൻപ് വീണതൊക്കെയും ഇങ്ങനെ തന്നെ ആയിരിക്കും……. ”
സനോജ് പറഞ്ഞു……….
“അന്നൊന്നും ബോധമില്ലല്ലോ…… കുറച്ച് ബോധം ഉണ്ടായിരുന്നത് ഇന്നലെ ആയിരുന്നു … അതുകൊണ്ട് അറിയാൻ പറ്റി………. ”
വിനയചന്ദ്രൻ ചിരിച്ചു.
പത്തു മിനിറ്റോളം അവർ വീണ്ടും സംസാരിച്ചിരുന്നു .. ശേഷം സനോജ് പോകാനിറങ്ങി……….
” ഞാൻ ഉച്ചയ്ക്ക് ചോറും കൊണ്ട് വരാം മാഷേ……. ”
” നിനക്ക് ബുദ്ധിമുട്ടായി , അല്ലേ… ?”
“എന്റെ കുഞ്ഞിന്റെ ജീവനോളം വിലയുള്ള ബുദ്ധിമുട്ടൊന്നും ആയില്ല മാഷേ..”
ടീ പോയ് വൃത്തിയാക്കിയ ശേഷം അവൻ പോകാനൊരുങ്ങി…
” വാതിൽ പുറത്തു നിന്ന് പൂട്ടണോ മാഷേ… ? ഞാൻ വരുമ്പോൾ തുറന്നാൽ മതിയല്ലോ..”
“നീ ചാരിയിട്ടാൽ മതി…… അങ്ങനെ കൊല്ലാൻ വരുന്നവർ കൊന്നിട്ടു പോട്ടേടാ . ”
വിനയചന്ദ്രൻ ചിരിച്ചു…
സനോജ് പുറത്തേക്ക് പോയി…
വിനയചന്ദ്രൻ കിടക്കയിലേക്ക് ചാഞ്ഞു……
ബാറിൽ വെച്ചുണ്ടായ ഒരു അടിപിടിക്കേസിലാണ് ഇരുവരും തമ്മിൽ പരിചയമാകുന്നത്.
പിന്നീട് സനോജിന്റെ കുട്ടിയുടെ ഹാർട്ട് ഓപ്പറേഷനുള്ള മുഴുവൻ തുകയും കൊടുത്തത് വിനയചന്ദ്രനായിരുന്നു..
