“ഇന്ന് എന്താ കണ്ണാ പതിവില്ലാത്തൊരു സ്നേഹ പ്രകടനം”?
“എനിക്കെന്നും എൻ്റെ രേണുവിനോട് സ്നേഹം തന്നെയല്ലേ? പിന്നെ ഇന്ന് ഇത്തിരി സ്നേഹം കൂടുതലാണ്ന്ന് തന്നെ വെച്ചോ”
“അലൻ ഡേവിഡാണോ സ്നേഹ കൂടുതലിൻ്റെ കാരണം”?
“അല്ല”
“പിന്നെ” ?
”രൂപാലി”
“ഏത്? രാവിലെ കുലുക്കി കളിച്ച ആ പെണ്ണോ? അവളെന്താ ചെയ്തത്”?
“അവള് പറയാ രേണുവിനെ കാണുമ്പോ എനിക്ക് ഭയങ്കര സന്തോഷാണ്ന്ന്. ഒരുപാട് ഇഷ്ടമുള്ള ഒരാളെ കാണുമ്പോ ഉള്ള സന്തോഷം പോലെ. വേറെയാരെയും ശ്രദ്ധിക്കാതെ ഞാൻ രേണുവിൻ്റെ അടുത്തേക്ക് ഓടി വരുന്നതൊക്കെ. രേണു ഒപ്പം ഉള്ളപ്പോ പൊട്ടന്മാരെ പോലെ പെരുമാറുന്നത്. രേണുവിനോട് എനിക്ക് അമ്മയോടുള്ളതിനേക്കാൾ കാമുകിയോടുള്ള തരം ഇഷ്ടമാണെന്നാ രൂപാലി പറഞ്ഞത്”
“ഇതൊക്കെ അവള് ശ്രദ്ധിക്കുന്നുണ്ടായിരുന്നോ “?
“ആർക്കറിയാം. ഇന്ന് രാവിലെ ഡാൻസിന് മുന്നെ ഞാൻ രേണുവിനെ തെരഞ്ഞ് നടക്കുന്നത് കണ്ടപ്പോ പറഞ്ഞതാ”
” ശരിക്കും അത് നിൻ്റെ അമ്മ തന്നെയാണോ എന്ന് ചോദിച്ചു”
“അയ്യോ ”
” രേണു പേടിക്കണ്ടാ. അവളൊരു പാവമാണ്”
“അതാ പറഞ്ഞത് പെൺകുട്ടികൾക്ക് ഒക്കെ നിന്നോട് ഒരു സോഫ്റ്റ് കോർണറാ”
“ഇനി അതും പറഞ്ഞ് തുടങ്ങിക്കോ രേണൂ”
“ഞാൻ ആ ആലിൻ്റെ ചോട്ടിൽ രൂപാലി പറഞ്ഞത് ഓർത്തിരുന്നതാ. അല്ലാതെ കാമുകിമാരെപ്പറ്റി ആലോചിച്ചതല്ല”
“എന്നാലേ ഇനി നമുക്കേ കിടന്നു കൊണ്ട് ആലോചിക്കാം. അതെടുത്ത് ആ ഡ്രോവറിൽ വെക്ക് ”
രേണു എഴുന്നേറ്റ് ചെന്ന് കട്ടിലിൽ കിടന്നു.
“അതേ രേണൂ മുടി കെട്ടണ്ട.കെട്ട് കൂടാവാണേൽ ഞാൻ നാളെ ചിക്കി തരാം”
രേണു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുടി വിടർത്തിയിട്ടു. ഞാൻ രേണുവിൻ്റെ അടുത്ത് കയറി കിടന്നു. ഒരു സോഫ്റ്റ് ബ്ലാങ്കറ്റ് വലിച്ചു പുതച്ചു.
“ഇനിയെന്താ രേണൂ “?
“ഞാനീ നെഞ്ചത്ത് തല വെച്ച് ധുപ് ധുപ്ന്നുള്ള ഹൃദയത്തിൻ്റെ സംഗീതം കേട്ട് കെട്ടിപിടിച്ചുറങ്ങും”
“അത് അത്രക്കൊന്നുണ്ടാവില്ല രേണൂ. രേണുവിനെ കെട്ടിപിടിച്ച് കിടക്കുമ്പോ ഹൃദയമിടിപ്പ് ഒരുപാട് താഴും”
”അതെന്താ കണ്ണാ അങ്ങനെ” ?
“മനസ്സ് ഭയങ്കരമായി റിലാക്സഡ് ആവുന്നോണ്ടാ. മനസ്സിലൊന്നും ഉണ്ടാവില്ല. വെറെ ഒന്നും തോന്നേയില്ല. നല്ല സമാധാനം തോന്നും”
“ഇപ്പോ എന്താ തോന്നുന്നത്”?
“അമ്മ കുട്ടി ഒപ്പണ്ടാവുമ്പോ സന്തോഷം ഒന്നും അല്ല അതുപോലെത്തെ വേറെന്തോ ഒന്ന്. മനസ്സ് നിറഞ്ഞ പോലെ ഒക്കെ തോന്നുന്നു. ചിന്തകൾ ഒന്നും ഇല്ല മനസ്സിൽ. അങ്ങനെ ഓരോന്ന്”
രേണു ഒരു വശം ചെരിഞ്ഞ് തല നെഞ്ചിൽ ചേർത്ത് വെച്ച് ഒരു കൈ കൊണ്ടെന്നെ കെട്ടിപ്പിടിച്ച് കിടന്നു. കുറേ നേരം ഞാൻ രേണുവിൻ്റെ ശ്വാസത്തിൻ്റെ താളം ശ്രദ്ധിച്ചു കിടന്നു.അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി.
***
രാവിലെ ഉണർന്നു നോക്കുമ്പോൾ ഇടതു വശത്ത് എന്നെ തന്നെ നോക്കി കിടക്കുന്ന രേണുവിനെയാണ് കണ്ടത്.
അമ്മ കുട്ടിയെ കണി കണ്ടുണർന്നാൽ ഇന്നിനി നല്ല ദിവസമാകും. അല്ലെങ്കിലും എന്തെങ്കിലും സ്പെഷ്യൽ ഡേ ആണെങ്കിലൊക്കെ ഞാൻ രേണുവിനെ കണ്ടാണ് ഉണരുന്നത്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന് എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോ രേണുവിനെ കണ്ടിറങ്ങിയാൽ കാര്യം എന്തായാലും നടക്കും. എന്നെ സംബന്ധിച്ച് രേണു എനിക്ക് ഭാഗ്യം മാത്രം കൊണ്ട് തരുന്ന എൻ്റെ പ്രിയപ്പെട്ട ആരോ ഒക്കെയാണ്.
“കുറച്ച് നേരം കൂടി കിടക്ക് കണ്ണാ”
എണീക്കാൻ തുടങ്ങിയ എന്നെ പിടിച്ചു വലിച്ച് കട്ടിലിലേക്കിട്ട് രേണു വീണ്ടും ചുരുണ്ടു കൂടി.
“അതേയ് നേരം ഒമ്പതേമുക്കാലായി”
” പുലെർച്ചെ രണ്ടരക്കല്ലേ കണ്ണാ കുളിയൊക്കെ കഴിഞ്ഞ് കിടന്നത്”?
“ഇന്ന് വയനാട്ടിൽ പോവാന്ന് പറഞ്ഞ ആളല്ലേ. എണീച്ച് ചെയ്യാനുള്ളതൊക്കെ രാവിലെ ചെയ്തു തീർത്താൽ വൈകുന്നേരം പോവാം”
രേണു മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. ഇനിയിപ്പോ ഒക്കെ ഉണ്ടാക്കി വരുമ്പോഴേക്ക് ഒരു സമയമാകും.
“അമ്മേ, വെറുതെ ദോശയുണ്ടാക്കി സമയം കളയണ്ട. കഞ്ഞീം ഉപ്പേരിയും മതി”
രേണു മാവെടുത്ത് ഫ്രിഡ്ജിൽ കൊണ്ട് പോയി വെച്ചു. ഞാൻ ഒരു കാബേജിൻ്റെ പകുതിയെടുത്ത് കൊത്തി അരിഞ്ഞു. രേണു അരി കഴുകി അടുപ്പത്ത് വെച്ചു. കുറച്ച് മുളക് കൊണ്ടാട്ടം വറുത്തു. പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് വന്ന് പതിനൊന്ന് മണിയായപ്പോ കഞ്ഞി കുടിച്ചു.
