ആനയും അണ്ണാനും 27

” പൊന്നുമോനെ കണ്ണാ ബെസ്റ്റ് ഫ്രണ്ട്സ്ന്ന് പറഞ്ഞു നടന്ന പലരും പിന്നെ കപ്പിൾസായി നടക്കുന്നതാ ആൾക്കാര് കണ്ടിട്ടുള്ളത്”

”നീ ഈ പാവം രാധയെ കളഞ്ഞ് രുഗ്മിണിയേം കൊണ്ട് ദ്വാരകക്ക് പോവുല്ലാന്ന് ആരു കണ്ടു”?

“അതോ ഇനി സത്യഭാമയും ജാംബവതിയുമൊക്കെയായി കുറേ എണ്ണം കൂടിയുണ്ടോ”?

“ഇതൊക്കെയാണോ എൻ്റെ അമ്മ കുട്ടിയുടെ മനസ്സിൽ”?

“എന്നാ എൻ്റെ രേണുവറിയാൻ .. “എന്ന് പറഞ്ഞ് രേണുവിൻ്റെ വയറ്റത്ത് പിടിച്ച കൈയെടുത്ത് ഞാനീ രാധയേം വൃന്ദാവനവുമുപേക്ഷിച്ച് ഒരിടത്തും പോകില്ല എന്നു പറഞ്ഞു സത്യം ചെയ്തു.

“നിൻ്റെ വാക്കും പഴയ ചാക്കും ഒരുപോലെയാ കണ്ണാ”

രേണു മുഖം തിരിച്ച് പരിഭവം പറഞ്ഞ് ഒന്നൂടെ ചേർന്നിരുന്നു.

 

ഓരോന്ന് പറഞ്ഞ് കോഴിക്കോടെത്തി. വൈകുന്നേരത്തെ ട്രാഫിക്കിനിടയിലൂടെ ടൗൺ ഹാളിലെത്തി.വലിയ ഇവൻ്റാണ്. കേരള സംഗീത നാടക അക്കാദമിയും ഡിസ്ട്രിക്ട് പ്രൊമോഷൻ കൗൺസിലും കൂടി നടത്തുന്ന അഞ്ച് ദിവസത്തെ പരിപാടിയാണ്. ഓരോ ദിവസവും ഓരോരുത്തര് ഡാൻസ് കളിക്കും. ഇന്ന് അയന മിസ്സിൻ്റെ ഭരതനാട്യമാണ്. മിസ്സിൻ്റെ അച്ഛൻ പ്രശസ്ത കഥകളി ആചാര്യനാണ്.ഒരു ബ്രദർ ഫോക്ക് ലോർ പരിപാടിയൊക്കെയായി വിദേശത്തൊക്കെ പര്യടനം നടത്തുന്നു. മിസ്സിന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ പിഎച്ച്ഡി യൊക്കെയുണ്ടെങ്കിലും നൃത്തം പാഷനായി കൊണ്ടു നടക്കുവാണ്. ഇതു പോലെ ഓരോ പ്രോഗ്രാമാെക്കെ ഉണ്ടാവുമ്പോൾ രേണുവിനെ വിളിക്കും.രേണുവിൻ്റെ ബെസ്റ്റ് ഫ്രണ്ടാണ്. രേണു പിന്നെ എന്നേം കൂടെ വലിച്ചുകൊണ്ടു പോരും. ഇവിടെ തന്നെ ഏതൊക്കെയോ വലിയ ആൾക്കാരുണ്ട് കാണാൻ വന്നിട്ട്. പിന്നെ സാധാരണ കാണാൻ വന്ന കുറേയാളുകളും.

ബൈക്ക് പാർക്കിങ്ങിൽ കൊണ്ടു നിർത്തി ഞാൻ രേണുവിൻ്റെ അടുത്തേക്ക് ചെന്നു. രേണു ആരോടോ സംസാരിച്ച് നിൽക്കുന്നുണ്ട്. കളക്ടറാണ്. ഇയാൾക്ക് ഈ വൈകുന്നേരം വെറെ എന്തൊക്കെ ചെയ്യാം. ഇതു കാണാനെഴുന്നള്ളണ്ട വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ മനസ്സിലോർത്തു.

കളക്ടർ എന്നെ കണ്ടു.

“ഓ താനോ”?

കളക്ടർ കൈപിടിച്ച് കുലുക്കി.ഒരാഴ്ച നീണ്ടു നിൽക്കുന്ന കോളേജിലെ കൾച്ചറൽ ഫെസ്റ്റിന് മാർച്ച് പതിനേഴിലെ അതിഥിയായി ക്ഷണിക്കാൻ ഞാനും നീഹയും പിന്നെ തേർഡ് യെർ ബാച്ചിലെ രണ്ടു ഉണ്ണാക്കന്മാരും കൂടെ കഴിഞ്ഞ മാസം ഇയാളെ കാണാൻ വന്നിരുന്നു. അന്നു കണ്ട പരിചയമാണ്.

“താൻ ഓഫ് റോഡ് ക്ലബ്ബിൻ്റെ ആളല്ലേ”

“കക്കയത്ത് ഓഫ് റോഡ് ട്രാക്കും ട്രക്കിങ്ങും പരിപാടിയുമൊക്കെ ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്”

“യൂത്തിനെ ഉദ്ദേശിച്ചാണ്. മെയ് പതിമൂന്നിന്. നിർബന്ധമായും വരണം. നിങ്ങളൊക്കെയല്ലേ ഇതൊക്കെ പ്രമോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത്”

കളക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ വരാമെന്ന് പറഞ്ഞു. അല്ലെങ്കിലും ജംഷിക്ക് ഇൻവിറ്റേഷൻ കിട്ടിയതാണ്. പ്രോഗ്രാം തുടങ്ങാറായി.അയാൾ രേണുവിനെ ഒഫീഷ്യൽ ഗ്യാലറിയിൽ ഇരിക്കാൻ ക്ഷണിച്ചു.ഗ്യാലറിയും കോപ്പൊന്നുമില്ല. ഇതു പോലത്തെ പ്രമുഖർക്കിരിക്കാൻ ഒരു ഏരിയ മാറ്റി വെച്ചിട്ടുണ്ട്. അത്ര തന്നെ.

എനിക്കീ ഡാൻസൊന്നും ഇഷ്ടമില്ല. അതു കൊണ്ട് ബീച്ചിലൊക്കെ കറങ്ങി പരിപാടി കഴിയാനാവുമ്പോ വരാമെന്ന് രേണുവിനോട് പറഞ്ഞ് പുറത്തേക്കിറങ്ങി.പാർക്കിങ്ങിലെത്തി വണ്ടി സ്റ്റാർട്ടാക്കിയപ്പോഴാണ് കളക്ടറുടെ പെരുമാറ്റത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത്.

വീണ്ടും തിരിച്ച് വന്ന് അവസാനത്തെ വരിയിലിരുന്നു. ഭരതനാട്യം ഒന്നും മനസ്സിലായില്ല. കുറേ നേരം നോക്കിയിരുന്നു. പിന്നെ ഇനിയിപ്പോ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ രേണു കൈകാര്യം ചെയ്തോളും എന്നും വിചാരിച്ച് എട്ട് മണിക്ക് പുറത്തെറങ്ങി. കുറച്ചു നേരം ബീച്ചിൽ പോയിരുന്നു.പിന്നെ ബീച്ച് റോഡ് മുഴുവൻ നടന്നു.നാലഞ്ച് കിലോമീറ്ററെങ്കിലും നടന്നു കാണും. പണ്ടാരടങ്ങാനായിട്ട് ഇപ്പോ കാലും വേദനിക്കുന്നുണ്ട്. ലോങ് നടത്തത്തിന് പറ്റിയതല്ല ഈ ലോഫേർസ്. കളക്ടറുടെ ഒലിപ്പിക്കലോർത്തിട്ടാണേൽ പെരുവിരലുതൊട്ട് തലമണ്ട വരെ ചൊറിഞ്ഞു കയറുന്നുമുണ്ട്. മണി ഒമ്പതായപ്പോൾ ഞാൻ ടൗൺ ഹാളിൽ ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *