“അമ്മേ ഞാൻ ഷംസാദിൻ്റെ അടുത്തൊന്ന് പോയി വരാം”
“നാല് മണിക്കെങ്കിലും പോണം കണ്ണാ. രാത്രി ചുരത്തിൽ ഭയങ്കര തെരക്കാകും”
”വേഗം വരാം രേണൂ”
രേണു എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരുമ്മ തന്നു.
രേണുവിനേപ്പറ്റി ആലോചിച്ചു വണ്ടിയോടിച്ചതു കൊണ്ട് നട്ടുച്ചയായപ്പോഴാണ് മലപ്പുറത്തെത്തിയത്. എല്ലാവർക്കും ഇത് പോലെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് യാത്രയാക്കാൻ ഒരാളുണ്ടെങ്കിൽ റോഡിൽ ആക്സിഡെൻ്റ്സ് ഒന്നും ഉണ്ടാവേ ഇല്ല.
മാനുക്കയുണ്ട് ഷോപ്പിൽ.
“കണ്ണാ വാ. എന്തേ ഇന്നലെ വരാഞ്ഞത്”?
“അമ്മേനേം കൊണ്ട് കോഴിക്കോടൊന്ന് പോവേണ്ടി വന്നു ഇക്കാ”
“ഷംസാദ് എവിടെ”?
“ഓനിപ്പോ പൊരേക്കാന്നും പറഞ്ഞ് പോയതാ”
“ഇനി നാല് മണി ആകാതെ കാണൂല”
“ന്നാ ഞാനൊന്ന് വിളിച്ചു നോക്കട്ടെ”
ജംഷീറിൻ്റെ ഏട്ടനാണ് മാനുക്ക എന്ന് ഞങ്ങൾ വിളിക്കുന്ന മൻസൂർ അലി. മലപ്പുറത്ത് വണ്ടി മോഡിഫൈ ചെയ്യുന്ന അലീസ് ഗാരേജ് എന്നൊരു സ്ഥാപനം നടത്തുകയാണ്. സൈഡായി വണ്ടി കച്ചവടവുമുണ്ട്. റിയൽ എസ്റ്റേറ്റുമൊക്കെയായി വേറേം പല പരിപാടികളുണ്ട്. ജംഷീറിനെ പോലെ തന്നെയാണ് കാണാൻ. അഞ്ചാറ് മാസായിട്ട് ട്രോയിലെ ബ്രാഡ് പിറ്റിനേപോലെ മുടി ഒക്കെ നീട്ടി ട്രിം ചെയ്ത താടിയും കുറ്റിമീശയുമൊക്കെയായി കൊടൂര ലുക്കിലാണ് ആള് നടക്കുന്നത്. ഷഹാനക്ക് അതായിരിക്കും ഇഷ്ടം.
അഞ്ച് മിനിറ്റിനുള്ളിൽ ഷംസാദ് വന്നു.
“എന്താപാട്”?
“ഇങ്ങള് രണ്ടും കൂടി കക്കാടംപൊയില് എന്തൊലത്തേന്നു”?
“അതിന് മാത്രം എന്താണ്ടായേ”
“ഫ്രൻ്റ്ലെ ലീഫ് സ്പ്രിങ്ങിൻ്റെ റിയർ ബോൾട്ട് മാറ്റണം. ലിങ്കേജ് റീപ്ലേസ് ചെയ്യണം. സിലിൻഡർ പുതിയത് വേണം. ആക്സിലിൻ്റെ പുറത്തെ ഹബ് ചളുങ്ങി കേറിയിട്ടുണ്ട്”
ഷംസാദ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.
“ഞങ്ങളൊരു ചോലയിൽ ചാടി. വളച്ചിട്ട് കിട്ടിയില്ല.ഫ്രൻഡ് ആക്സിൽ പാറയിൽ ഇടിച്ചു കേറിയാ നിന്നത്”
“അതേതായാലും നന്നായി. ബോഡിക്കൊന്നും ഒരു പോറലു പോലുമില്ല. എങ്ങനെ പറ്റിച്ചെടാ അത്”?
ഷംസാദ് ഞങ്ങളെ ഡ്രൈവിങ് സ്കില്ലിനെ പുകഴ്ത്തി.
“കണ്ണാ കമ്പനി വണ്ടി ഇറക്കുന്നത് നിർത്തിയിട്ട് കാലം കൊറേയായി.പാർട്സ് കിട്ടാനെളുപ്പല്ല. ലീഫ്സ്പ്രിങ്ങൊക്കെ എങ്ങനേലും ഒപ്പിക്കാം. ട്രാൻസ്ഫർ കേസിലെ പല്ല് തേഞ്ഞിട്ടുണ്ട്. ഫ്രൻഡ് ആക്സിലും സ്റ്റിയറിങ് റോഡും മാറ്റണം. സസ്പെൻഷൻ മൊത്തം പണിയേണ്ടി വരും”
മാനുക്ക വിശദീകരിച്ചു.
“ന്നാ ഞ്ഞി ഇജ്ജ് രണ്ട് മാസത്തേക്ക് നോക്കണ്ട മോനേ”
പാർട്സ് കിട്ടി വണ്ടി റെഡിയാക്കുമ്പോഴേക്ക് മാസം രണ്ട് കഴിയും.അച്ഛച്ഛൻ്റെ 96 മോഡൽ ജീപ്പാണ്. ഞാനും ജംഷിയും ഓഫ് റോഡ് ഇവൻ്റിന് കൊണ്ട് പോവുന്ന വണ്ടിയാണ്. കക്കാടംപൊയിലെ ഇവൻ്റ് കഴിഞ്ഞതോടെ ഷെഡിലായിന്ന് പറഞ്ഞാ മതി.
“ഇനീപ്പോ ജൂലായിലെ ഗോവ പരിപാടിക്ക് നോക്കിയാ മതീല്ലേ”
“ഇക്കാ ഞാനങ്ങട്ട് ഇറങ്ങിയാലോ? വണ്ടീൻ്റെ കാര്യം നോക്കാൻ ജംഷിയോട് പറയാം”
“എന്താപ്പം അനക്ക് ഇത്ര തെരക്ക്”?
“ഫാമിൻ്റെ എന്തോ ആവശ്യത്തിനേ രേണുവിനേം കൊണ്ട് വൈകുന്നേരം തറവാട്ടിൽ പോണം. മെയ് ലാസ്റ്റെങ്ങാനുമേ തിരിച്ചു വരുന്നുണ്ടാവൂ”
“എന്തായാലും ഇത്രയും ദൂരം വന്നു. ന്നാ പിന്നെ കുറച്ച് മട്ടൻ ബിരിയാണി തട്ടിയിട്ട് പോവാടാ. ഉമ്മ അന്നെ എടക്കൊക്കെ ചോദിക്കും”
“ഷഹാന വന്നിട്ടുണ്ട്”
“ആഹാ. എപ്പോ എത്തി ദുബായിന്ന്”?
“ഇന്നലെ രാത്രി കരിപ്പൂര് വന്നെറെങ്ങി”
“മാനുക്കാക്ക് മട്ടൻ ബിരിയാണി ഒന്നും വേണ്ടേ”?
“മാനുക്കാക്ക് നാണം ആണെടാ”
“മാനുക്ക രാവിലെ തൊട്ട് ഷഹാനേനെ ചുറ്റിപ്പറ്റി നടക്കുന്ന കണ്ടിട്ട് ഉമ്മ കളിയാക്കി. അതാ ഇവിടെ വന്ന് കുറ്റിയടിച്ചിരിക്കുന്നത്”
“പാവം ഇക്ക”
ഷംസാദിൻ്റെ രണ്ടാമത്തെ പെങ്ങളാണ് ഷഹാന. രണ്ടിൻ്റേം ലവ് മാര്യേജായിരുന്നു. ഞങ്ങളെ സീനിയറായിരുന്നു ഷഹാന. ജംഷീറിൻ്റെ ഒപ്പം കോളേജിൽ ഇടക്കൊക്കെ വന്ന് മാനുക്ക എങ്ങനെയോ അവളെ വളച്ചെടുത്തു. മൂന്നു മാസം മുമ്പായിരുന്നു കല്യാണം.ഷംസാദിൻ്റെ മൂത്ത പെങ്ങൾ ഷിബില ദുബായിയിൽ സെറ്റിൽഡാണ്. ഷിബിലേൻ്റെ പ്രസവം ഒക്കെയായി ഷഹാന ഒരു മാസമായിട്ട് അവിടെയായിരുന്നു. അങ്ങനെ ഒരു മാസം കാണാത്ത ഭാര്യയെ കണ്ടപ്പോഴുള്ള ആക്രാന്തം കാണിച്ചത് ഉമ്മ കണ്ടു.
