ഊരാക്കുടുക്ക് – 2അടിപൊളി  

 

“”…എന്നാൽ ഞാനൊന്നു ചോദിയ്ക്കട്ടേ,  താനിന്നലെ വന്നിട്ട് തന്റെ കാര്യം മാത്രമല്ലേ പറഞ്ഞുള്ളൂ.. എപ്പോഴേലും എന്റഭിപ്രായമോ ഇഷ്ടമോ താൻ ചോദിച്ചായിരുന്നോ..?? അപ്പോഴത്തെ എന്റവസ്ഥ എന്തായിരുന്നൂന്ന് താനാലോചിച്ചിരുന്നോ..??”””_  കോഫിക്കപ്പിനു പുറത്തുകൂടി തടവിക്കൊണ്ട് ദയനീയഭാവത്തിലൊന്നു ചിരിച്ചശേഷം അവൾതുടർന്നു;

 

“”…ഉള്ളതു പറയാലോ,  എന്താണെന്നൊന്നും എനിയ്ക്കറിയില്ല;  തൻറെ ഫോട്ടോ കണ്ടപ്പോഴേ എനിയ്ക്കുതന്നെ ഇഷ്ടമായതാ.. ഞാനാ ഫോട്ടോയുംപിടിച്ച്   ഇവിടെയൊക്കെ ചാടിത്തുള്ളി നടക്കുവേം ചെയ്തതാ.. അതാണെങ്കിൽ വീട്ടുകാർക്കൊക്കെ അറിയുകേം ചെയ്യാം..

അങ്ങനെയുള്ളപ്പോൾ പെട്ടെന്നൊരു നിമിഷം ചെന്നിട്ട് എനിയ്ക്കുതന്നെ ഇഷ്ടമായില്ലെന്ന് വീട്ടുകാരോടു പറഞ്ഞാൽ അവരെന്തുകരുതും..??  അവരത് അംഗീകരിയ്ക്കുമെന്ന് തോന്നുന്നുണ്ടോ..??  തനിയ്ക്കതു പ്രശ്നമുണ്ടാകത്തില്ല, പക്ഷെ അതെന്റെ ക്യാരക്ടറിനെ ബാധിയ്ക്കും.. അതുകൊണ്ടാ ഞാൻപറഞ്ഞത് തന്നെയിഷ്ടമല്ലാന്നു പറയാൻ എനിയ്ക്കു പറ്റില്ലാന്ന്..!!”””_  സ്വന്തമഭിപ്രായമവൾ മുഖത്തുനോക്കിത്തന്നെ പറഞ്ഞപ്പോൾ എന്റെ നാവിടറി.. മറ്റൊരവസ്ഥയിലോ മറ്റൊരാളുടെ കാര്യത്തിലോ ആയിരുന്നൂ അവളീ അഭിപ്രായം പറഞ്ഞിരുന്നതെങ്കിൽ ഞാനെഴുന്നേറ്റുനിന്ന് കയ്യടിച്ചേനെ.. പക്ഷെ,  ഇതിപ്പോൾ എന്റെ കാര്യമായിപ്പോയില്ലേ..??!!

 

ഒടുക്കം ഞാനവസാന പിടിവള്ളിയെന്നപോലെ എന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു,  ചുറ്റും ഏതു കാലാൾപ്പട വീണാലും രാജാവിനെ സംരക്ഷിയ്ക്കുകയാണല്ലോ മന്ത്രിയുടെ ദൗത്യം.. അതെ ചുവടു തന്നെ ഞാനുമിവിടെ പ്രയോഗിച്ചു…

 

“”…എടോ.. എന്നാലും അതങ്ങനെയല്ലല്ലോ..  മറ്റൊരു പെണ്ണിനെ മനസ്സിൽക്കൊണ്ടു നടക്കുന്ന എന്നെപ്പോലൊരുത്തനെ തനിയ്ക്കെങ്ങനെയാ അക്സെപ്റ്റു ചെയ്യാൻ പറ്റുന്നെ..??  ഇനിയെന്തൊക്കെ ന്യായംപറഞ്ഞാലും അതൊന്നും നടക്കുന്ന കാര്യമല്ല..!!”””_  എറിഞ്ഞത് കൃത്യസ്ഥാനത്ത് കൊള്ളാനായി മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാനങ്ങനെ പറയുമ്പോൾ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.. ശേഷം പിന്നെയുമെന്റെ നേരെ തിരിഞ്ഞു.

 

“”…തനിയ്ക്കറിയാമോ..?? എനിയ്ക്കും ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾ ഇതുപോലൊരു റിലേഷൻഷിപ്പുണ്ടായിരുന്നതാ.. പക്ഷെയത് എന്റെ പണവും സൗന്ദര്യവും മാത്രംകണ്ടിട്ട് പിന്നാലേകൂടിയതാ.. ആദ്യമതൊന്നും കാര്യമാക്കീല.. പിന്നെ തപ്പലും തടവലുമൊക്കെ തുടങ്ങിയതോടെ മെല്ലെയൊഴിവാക്കി..!!”””_  ഒന്നുചിരിച്ചശേഷം കോഫിയവൾ ചുണ്ടോടുചേർത്തു.. ഒരു മിടയിറക്കിയശേഷം അവൾ വീണ്ടും തുടർന്നു;

 

“”…ഇപ്പൊ ഇവിടെത്തന്നെ ഡേയ്ലി എന്തോരം പ്രേമം ഞാൻ കാണുന്നതാ.. അവരിൽപ്പലർക്കും അതൊക്കെയൊരു നേരംപോക്കാ.. പലരും എങ്ങനെയെങ്കിലുമത് ബ്രേക്കപ്പാവാൻ വേണ്ടി കാത്തിരിക്കുവാ..  അതുകൊണ്ടുതന്നെ എനിയ്ക്കീ പ്രേമത്തിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല.. എന്നാൽ ഇന്നലെവന്നിട്ട് താൻ പറഞ്ഞില്ലേ,  തനിയ്ക്കാ  പെണ്ണിനെയല്ലാതെ വേറൊരാളെ അക്സെപ്റ്റ് ചെയ്യാൻ പറ്റത്തില്ലായെന്ന്.. സത്യംപറഞ്ഞാൽ എനിയ്ക്കതുകേട്ടപ്പോൾ അത്ഭുതമാണ് തോന്നിയെ.. അപ്പൊപ്പിന്നെ പ്രേമിച്ച പെണ്ണിനോടിത്രയും ആത്മാർത്ഥത കാണിയ്ക്കുന്നത് എങ്ങനെയാണൊരു നെഗറ്റീവാകുന്നത്..??  ഏതൊരു പെണ്ണും ആഗ്രഹിയ്ക്കുന്നത് ഇതുപോലൊരു ചെക്കനെയല്ലേ..??  ഞാനും അതുപോലെ ആഗ്രഹിച്ചു..  അതൊരു തെറ്റായിപ്പോയെന്ന് എനിയ്ക്കു തോന്നുന്നുമില്ല..!!

 

..പിന്നൊന്നുകൂടി പറയാം.. തനിയ്ക്കെന്തു ചെയ്തിട്ടു വേണമെങ്കിലും ഈ റിലേഷൻഷിപ്പിൽ നിന്നും പിന്മാറാം.. ഞാൻ എന്തായാലും കടിച്ചു തൂങ്ങി കിടക്കുന്നൊന്നുമില്ല.. അതുകൊണ്ട് താനൊരു കാര്യംചെയ്യ്,  തന്റെ വീട്ടിൽപ്പറഞ്ഞ് ഇതെങ്ങനെയെങ്കിലും മുടക്കാൻ നോക്ക്..!!”””_ നിർവികാരമായ ചിരിയോടെയവൾ പറഞ്ഞുനിർത്തുമ്പോൾ ശെരിയ്ക്കും എനിയ്ക്കവളെ മനസ്സിലാകുന്നില്ലായിരുന്നു..

 

…ഇവളിതെന്തു തേങ്ങയാ പറയുന്നേ..?? എന്നെയിഷ്ടമാണ് കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ട്.. എന്നാൽ ഞാനായ്ട്ട് വേണ്ടാന്നുവെച്ചാൽ അവൾക്കതു പ്രശ്നമില്ല..

എന്താണിതിന്റെയൊക്കെ അർത്ഥം..??

 

“”…എടോ.. താനിങ്ങനെ ചിന്തിച്ചു തലപുണ്ണാക്കണ്ട.. താനായിട്ടിത് മുടക്കിയാൽ താനെന്നോടീ പറഞ്ഞതും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യാനൊന്നും ഞാൻ വരാമ്പോണില്ല.. അതോർത്തു താൻ പേടിയ്ക്കണ്ട..!!”””_  അവൾ കണ്ണിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞവസാനിപ്പിച്ചു…

 

സത്യം പറഞ്ഞാൽ ഒരിയ്ക്കൽക്കൂടിയതു കേട്ടപ്പോൾ എനിയ്ക്കങ്ങട് വിറഞ്ഞുകേറിയതാണ്.. പക്ഷേ സമ്യമനം പാലിയ്ക്കാണ്ട് മറ്റുതരമില്ലല്ലോ..

 

“”…അങ്ങനെ പറയാൻപറ്റാത്തതിന്റെ കാരണമല്ലേ ഞാനിന്നലെ പറഞ്ഞത്.. എൻറെ വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചെടുക്കാൻ എനിയ്ക്കു കഴിയില്ലന്ന്..??  അവർക്കൊക്കെ അവരുടെ നിലയ്ക്കും വിലയ്ക്കുമൊത്ത ബന്ധമാണ് വേണ്ടത്.. അതിനിടയിൽ ഞാൻചെന്നിട്ട് എനിയ്ക്കീ കല്യാണം വേണ്ടാന്നു പറയേണ്ട താമസം,  അവർ കാരണം തിരക്കിയിറങ്ങും.. പിന്നെ സംഭവിയ്ക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും.. അതു ചിലപ്പോളെനിയ്ക്കു താങ്ങാൻ കഴിയുമോന്നുപോലും അറിയില്ല..!!”””_  ഒരു ദീർഘനിശ്വാസത്തോടെ അത്രയുംപറഞ്ഞശേഷം ഞാനെൻറെ ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പണാക്കി രാവിലേ ജൂണയയച്ച ന്യൂസ് റിപ്പോർട്ടെടുത്ത്,

 

“”…താനിതൊന്നു നോക്കിയേ.. ഇന്നലെ രാത്രിയിലെ ന്യൂസ് അപ്ഡേറ്റാണ്..!!”””_  എന്നുംപറഞ്ഞ് അവളുടെ കയ്യിൽക്കൊടുത്തു..

 

“”…പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി… മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..!!”””_  അവളതു വായിച്ചശേഷം കാര്യംമനസ്സിലാത്ത ഭാവത്തിൽ എന്നെനോക്കി..

 

“”…ഇതിൽപ്പറയുന്നപോലെ അയാൾ മിസ്സിങ്ങായതൊന്നുമല്ല.. കൊന്നു തള്ളിയതാണ്.! ഇപ്പോൾ മാണിക്കോത്ത് ഗ്രൂപ്പിന്റെ പുതുതായിപണിയുന്ന ഏതെങ്കിലും കെട്ടിടത്തിന്റെ അസ്തിവാരം തോണ്ടിയാൽ കിട്ടുമവന്റെ ബോഡി.. അതാണ് മാണിക്കോത്ത് ശ്രീധരനെ എതിർത്താലുള്ള ശിക്ഷ..  അപ്പോൾപ്പിന്നെ ആ ശ്രീധരനോടൊപ്പം മാണിക്കോത്ത് വിശ്വനാഥനും ബലരാമനും ദേവനുംകൂടി ചേർന്നാൽ എന്താ സംഭവിയ്ക്കാൻ പോകുന്നേന്ന് ഞാമ്പറയണോ..??  എനിയ്ക്കൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഇഷ്ടമാണെന്നറിയേണ്ട താമസം,  പിന്നവളെയെന്നല്ല,  അവളുടെ കുടുംബംപോലും ജീവിച്ചിരുന്നതിന് ഒരു തെളിവു  ബാക്കിയുണ്ടാവില്ല..!!”””

 

“”…അയ്ന്..??”””_  ഞാനത്രയും ബിൽഡപ്പൊക്കെയിട്ട് പറഞ്ഞതിന് അതായിരുന്നവളുടെ മറുപടി..

Leave a Reply

Your email address will not be published. Required fields are marked *