ഊരാക്കുടുക്ക് – 2അടിപൊളി  

 

അതുകേട്ടതും ഇതെന്തു ജന്തൂന്നഭാവത്തിൽ ഞാനവളെ നോക്കിയിരിയ്ക്കുമ്പോൾത്തന്നെ അവൾ കൂട്ടിച്ചേർത്തു..

 

“”…എടോ.. ഈ കല്യാണം മുടക്കേണ്ടത് തൻറെമാത്രം ആവശ്യമാണ്..  അപ്പോളതിനുവേണ്ടി റിസ്ക്കെടുക്കേണ്ടതും താനാണ്.. അല്ലാതെ ഞാനല്ല.. അതുകൊണ്ടിതൊന്നും എന്നെ ബാധിയ്ക്കുന്ന വിഷയങ്ങളേയല്ല.. സോ.. ഇതിനൊരു പോംവഴി കണ്ടുപിടിയ്ക്കേണ്ടത് താനാണ്..!!”””_  അത്രയും പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ മൗനമല്ലാതെനിക്കൊരു മറുപടിയില്ലായിരുന്നു.

 

പിന്നെയധികമവിടെ നിൽക്കാതെ പുറത്തേക്ക് നടന്നു. ഞാൻ പുറത്തേയ്ക്കു നടക്കുന്നതു കണ്ടതും ജൂണയുമെന്റെ പിന്നാലെ കൂടി..  അതിനിടയിൽ അവളെന്തോ ചോദിയ്ക്കാനായി തുനിഞ്ഞെങ്കിലും എൻറെ മുഖഭാവം കണ്ടിട്ടാവണം അവളതടക്കിപ്പിടിച്ചത്….

 

അവിടെവെച്ച് കൂടുതലൊന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ കയറുമ്പോൾ അവളുമൊരു പാവയെപ്പോലെ എന്റെ പിന്നാലെ കയറുകയായിരുന്നു..

അപ്പോഴത്തെയെൻറെ മുഖഭാവത്തിൽ നിന്നുതന്നെ അകത്തുവെച്ച് ഋതു പറഞ്ഞതിനെക്കുറിച്ച് ഏകദേശ ധാരണയവൾക്ക് കിട്ടിയിട്ടുണ്ടാവണം..

 

അല്ലെങ്കിലും ഞാനെന്താണെന്നും  എന്റെ മാനസികാവസ്ഥ എന്താണെന്നും അവളോടാരും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ..  ഒന്നുമില്ലെങ്കിലും ഇന്നും ഇന്നലേമൊന്നുമല്ലല്ലോ അവളെന്നെ കണ്ടുതുടങ്ങിയത്..

 

“”…ഞാനിനിയെന്റെ പല്ലവിയോടെന്തു പറയോടീ..??”””_ എത്രയാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടാതായതോടെ ഞാൻ  ദയനീയമായി ജൂണയെ നോക്കി…

 

“”…എടാ.. അപ്പൊ അവള്… അവളു സമ്മതിച്ചിട്ടായിരുന്നോ എല്ലാം..??”””_ ഡ്രൈവിങ് സീറ്റിലിരുന്ന എന്റെ മുഖത്തേയ്ക്കു നോക്കിയവൾ ചോദിച്ചു..

 

“”…ആടീ.. അവളു പറയുവാ ഞാനായ്ട്ട് മുടക്കുന്നെങ്കിൽ മുടക്കിക്കോളാൻ… അല്ലാണ്ടവളായ്ട്ടു മുടക്കില്ലാന്ന്..!!”””

 

“”…ഏഹ്..??  അതെന്തു മറ്റേടത്തെ പരിപാടി..??  പറ്റത്തില്ലെങ്കിൽ ഇന്നലെത്തന്നെ ഇവൾക്കിതങ്ങു വാ തുറന്നുപറഞ്ഞാൽ പോരായിരുന്നോ..??  വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..!!”””_  അവൾ പല്ലിറുമ്മിക്കൊണ്ട് കലിച്ചുതുള്ളി..

 

“”…അതാണ്.. ഇന്നലെയവളിതു പറഞ്ഞിരുന്നേൽ വീട്ടിൽ ഞാനമ്മാതിരി ഷോ ഇറക്കുമായിരുന്നോ..??  കോപ്പ്.! ഏതുനേരത്താണോ ആവോ ഇതിനു സമ്മതിയ്ക്കാൻ തോന്നിയത്..??”””_  ഞാൻ സ്വയംപ്രാകിക്കൊണ്ട് പറഞ്ഞു..

 

“”..എടാ.. നീയൊരു കാര്യം ചെയ്യ്.. പല്ലവിയെവിളിച്ച് നടന്ന കാര്യംപറ..  എന്നിട്ട് അവളെന്താ പറയുന്നതെന്നു നോക്കാം..!!”””_  കുറച്ചുനേരം പുറത്തേയ്ക്കു നോക്കി എന്തൊക്കെ ആലോചിച്ചിരുന്നശേഷം അവളത് പറയുമ്പോഴാ മുഖത്ത് നിഴലിട്ട നിർവികാരത ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

 

ഒന്നിരുത്തി ചിന്തിച്ചപ്പോൾ അവൾ പറയുന്നതിലും കാര്യമുണ്ടെന്നെനിയ്ക്കു  തോന്നി… എപ്പോഴായാലും പല്ലവിയോടിതൊക്കെ പറയേണ്ടത് തന്നെയാണല്ലോ… പിന്നെന്തിന് വെച്ചു താമസിപ്പിയ്ക്കണം..??!!

 

അതുകൊണ്ട് അപ്പോൾത്തന്നെ ഫോൺ കണക്ടുചെയ്ത് ഞാനവളെ വിളിയ്ക്കുകയായിരുന്നു..

 

“”..ഹലോ..  എന്താടാ ഈ നേരത്തൊരു വിളി..??”””_  ഫോണെടുത്തപാടെ ആക്കിയമട്ടിലൊരു ചോദ്യമായിരുന്നു അവൾ.. അതുകേട്ടതും എനിക്കങ്ങോട്ട് വിറഞ്ഞു വന്നതാണ്..  മനുഷ്യനിവിടെ കാലുറയ്ക്കാതെ  നിൽക്കുമ്പോഴാണ് അവരുടെയൊരു മറ്റേടത്തെ ചിരി..

 

“”..എടീ..  എല്ലാമെൻറെ  കൈവിട്ടു പോകുവാണോ എന്നൊരു സംശയം.! ഒന്നുമിപ്പോളെൻറെ കയ്യിലല്ലാത്ത പോലെ.. എനിക്കിപ്പോൾ എന്തു ചെയ്യണമെന്നുപോലും പിടികിട്ടുന്നില്ല..!!”””_  പറയുമ്പോൾ ശരിയ്ക്കുമെന്റെ സ്വരമിടറിയിരുന്നു..

 

ആ സമയം ജൂണയെൻറെ തോളിൽത്തട്ടി ആശ്വസിപ്പിക്കുകയാണ്.. പക്ഷേ അതൊന്നും എന്റെയുള്ളിൽ അലയടിക്കുന്ന കൊടുങ്കാറ്റിനെ ശമിപ്പിക്കാൻ പോന്നതായിരുന്നില്ല.

 

“”..എടാ എന്താ പറ്റിയെ..??  എന്തിനാ നീയിത്രേം  ഡൌണാവുന്നേ..?? പുതിയ വർക്ക് വല്ലതും ഡിലേ ആയോ…??  കാര്യമെന്താന്നുവെച്ചാൽ നീ തെളിച്ചുപറ..!!”””_  അതോടെ സംഭവം എന്തോ സീരിയസ്സാണെന്ന് അവൾക്കു  മനസ്സിലായി..

 

“”..എടി..  ഇന്നലെയവളുടെ വീട്ടിൽനിന്ന് വിളിച്ചിരുന്നു..  അവർക്കീ കല്യാണത്തിന് താല്പര്യമാന്ന് പറയാൻ..  എത്രയും പെട്ടെന്ന് കല്യാണം നടത്തണമെന്ന് പോലും..!!”””_  അതുപറഞ്ഞൊപ്പിയ്ക്കാൻ എനിയ്ക്കു കുറച്ചുസമയമെടുത്തു.. ആക്കാര്യമോർക്കുമ്പോൾ തന്നെ ഉള്ളിലൊരു പിടപ്പ്…

 

“”…ഏഹ്..?? അതെന്താ പറ്റിയെ..??  നീയല്ലേ  ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്; അതു മുടക്കിയെന്ന്.. എന്നിട്ടിപ്പോൾ എന്തുപറ്റി..??”””_ കേട്ടതും ഒരു ഞെട്ടലോടെയവൾ തിരക്കി.

 

“”…അത് ഞാനിന്നലെ അവളോട് നമ്മുടെ കാര്യമെല്ലാം പറഞ്ഞതാ.. എന്നിട്ടപ്പോളെല്ലാം മൂളിക്കേട്ടിട്ട് ഇപ്പൊപ്പറയുവാ, അവളെക്കൊണ്ട് മുടക്കാൻ പറ്റില്ലാന്ന്.. വേണമെങ്കിൽ എന്നോടു മുടക്കിക്കോളളാൻ..!!”””_ കാര്യം വിശദീകരിയ്ക്കുമ്പോഴും എന്നെ അവൾക്കിഷ്ടമായെന്നു പറഞ്ഞത് ഞാൻ മനപ്പൂർവ്വം തന്നെ മറച്ചുപിടിച്ചു.. അതുകൂടി പറഞ്ഞ് വെറുതെയാ പാവത്തിനെ വിഷമിപ്പിയ്ക്കേണ്ടന്നു കരുതി..

 

“”…അടിപൊളി.! എന്നിട്ട് നീയെന്തു തീരുമാനിച്ചു..??”””_  ഇതൊക്കെ സാധാരണമെന്നോണമായിരുന്നു അവളുടെ മറുചോദ്യം..

 

“”…ഡീ.. തമാശയല്ല,  ഞാൻ കാര്യമായ്ട്ടു തന്നെ പറഞ്ഞതാ… കാര്യങ്ങളൊക്കെ എന്റെ പിടിവിട്ടു പൊയ്ക്കൊണ്ടിരിയ്ക്കുവാ… എത്രയും പെട്ടെന്ന് മുഹൂർത്തം നോക്കാൻ പോകുവാ വീട്ടുകാര്… ഞാൻ പറയാതെതന്നെ നിനക്കറിയാലോ അവരെയെനിയ്ക്ക് തടുക്കാൻ പറ്റില്ലാന്ന്… പിന്നെന്റെ മുന്നിലുള്ള ഒറ്റവഴി നിന്നെയുംകൊണ്ട് നാടുവിട്ടുക എന്നതുമാത്രമാണ്..!!”””_  ഉള്ളിലൊരു പ്രതീക്ഷയോടെ അത്രയും പറഞ്ഞശേഷം ഞാൻ വീണ്ടും കൂട്ടിച്ചേർത്തു,

 

“”…എടീ.. നീ എന്റൊപ്പമിറങ്ങി വാ..??  നമുക്കെങ്ങോട്ടെങ്കിലും പോകാം.. എനിയ്ക്കു നീയില്ലാണ്ട് പറ്റത്തില്ലടീ.. അതുകൊണ്ടാ..!!”””_ ഒരു വിധം പറഞ്ഞു തീർക്കുമ്പഴെക്കുമെൻറെ സ്വരമിടറി പോയിരുന്നു.

 

“”…എന്റെ പാർത്ഥീ.. നിനക്കെന്താടാ വട്ടായോ..??  നീയിതെന്തൊക്കെയാ പറയുന്നേ..??  എന്റെ അമ്മയെ ഈ അവസ്ഥയിലിട്ടിട്ട് ഞാനെങ്ങനെ നിന്റൊപ്പം വരുമെന്നാ..??  അങ്ങനെ വന്നാൽത്തന്നെ നമുക്കു സ്വസ്ഥതയുണ്ടാവോ..??  അല്ല.! നിന്റെ വീട്ടുകാര് നമ്മളെ മനസമാധാനത്തോടെ ജീവിയ്ക്കാൻ സമ്മതിയ്ക്കോന്ന് തോന്നുന്നുണ്ടോ..?? അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങളെക്കുറിച്ചൊന്നും തൽക്കാലം നീ ചിന്തിക്കേണ്ട..!!”””_ എന്റെ പ്രതീക്ഷകളെയെല്ലാം തച്ചുടച്ചുകൊണ്ടവൾ പറഞ്ഞതും ഒരുവല്ലാത്ത ശൂന്യതയെന്നെ വന്നു പൊതിഞ്ഞു… വ്യർത്ഥമാണെന്നറിയാമായിരുന്നിട്ടും പിന്നെയും ഞാനെന്തൊക്കെയൊ പുലമ്പി..

Leave a Reply

Your email address will not be published. Required fields are marked *