ഊരാക്കുടുക്ക് – 2അടിപൊളി  

ഊരാക്കുടുക്ക് 02

Oorakudukku Part 2 | Author : Arjun Dev


 

“”…ഡാ.. പാർത്ഥീ… നിന്നോടാ ചോദിച്ചേ… നമ്മൾക്കും സമ്മതമാണെന്നു തന്നെ പറയട്ടേ..??”””_  കേട്ടതു വിശ്വസിയ്ക്കണോ വേണ്ടയോന്നറിയാതെ തരിച്ചു നിന്നുപോയ എന്നോടായി വല്യച്ഛൻ ശബ്ദമുയർത്തിയതും ഞാനൊന്നു നടുങ്ങി പോയി…

“”…ഞാൻ… ഞാനിപ്പോൾ..”””_  പറയാൻവന്ന വാക്കുകൾ പാതിയിലെവിടെയോ മുറിഞ്ഞുപോയി…

…ഇല്ല… ഒരു മറുപടി പറയാൻ എന്നെക്കൊണ്ടാവുന്നില്ല… അല്ലെങ്കിൽത്തന്നെ എന്താണ് ഞാൻ പറയേണ്ടത്..??!!  സമ്മതമാണെന്നോ..?? അതോ അല്ലെന്നോ..??  ഇല്ല.! ഒന്നുമില്ല പറയാൻ… ഇടിവെട്ടേറ്റപോലെ ഇങ്ങനെ നിൽക്കാനല്ലാതെ തല്ക്കാലം എന്നെക്കൊണ്ടൊന്നിനുമാവില്ല…

“”…അവനിനി എന്തു പറയാനാന്നാ..??  പെണ്ണിനെ ഇഷ്ടപ്പെട്ടൂന്ന് വന്നപ്പോഴേ അവൻ പറഞ്ഞതല്ലേ..??  ഇനി നല്ലൊരു ദിവസം നോക്കി അങ്ങോട്ടിറങ്ങാമെന്ന് വിളിച്ചു പറയെടാ നീ..!!”””_  മുത്തശ്ശിയുടെയാ ശബ്ദമുയർന്നതോടെ എന്റെ കഴുത്തിൽ പിണഞ്ഞിരുന്ന കൊലക്കയറിന്റെ കുരുക്ക് കൂടുതൽ മുറുകുന്നത് ഞാനറിഞ്ഞു…

പക്ഷേ എതിർക്കാനാവുന്നില്ല… മറുത്തു പറഞ്ഞ് ശീലമില്ല,  ഇനി അതിനിട്ടാണേൽ  ധൈര്യവുമില്ല.!

അതുകൊണ്ട് ഒന്നുംമിണ്ടാതെ കുറച്ചുനേരമാ നിൽപ്പുതുടർന്നു… പിന്നെ എല്ലാരേം നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് റൂമിലേയ്ക്കു നടന്നു… അപ്പോഴേയ്ക്കും പിന്നിൽ നിന്നും കല്യാണചർച്ച കൊഴുക്കുന്ന ശബ്ദം കാതുകളിൽ ഇരമ്പുന്നുണ്ടായിരുന്നു…

…ഇതിപ്പോൾ എന്താ സംഭവിച്ചേ..??_  റൂമിന്റെ ഡോറുതുറന്ന് അകത്തുകേറുമ്പോഴും മനസ്സ് ആടിയുലയുകയായിരുന്നു.. അവിടെനിന്ന് വന്ന് ഇത്ര സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത്..??

ഇനി പല്ലവിയോട് ഇതെങ്ങനെ പറയും..??  അവളിതെങ്ങനെയാ സഹിയ്ക്കുക..??

ആ ചോദ്യം മനസ്സിലേയ്ക്കു വന്നപ്പോൾ കണ്ണിൽ ഇരുട്ടുകയറുമ്പോലെ… ശ്വാസം മുട്ടുന്നപോലെ… ആകെയൊരു പരവേശം…

ഒന്നും ചെയ്യാനാകാതെ ബെഡ്ഡിലേയ്ക്കു മലർന്നങ്ങനെ കുറച്ചുനേരം കിടന്നു… ഒന്നു ശ്വാസംവിടാൻ കഴിയുമെന്ന് തോന്നിയപ്പോൾ നേരെ ഫോണെടുത്ത് ജൂണയെ വിളിച്ചു…

“”…എന്താടാ..??”””_  കോള് അറ്റൻഡ് ചെയ്തപാടെ അവൾതിരക്കി.. അതിന്,

“”…എല്ലാം… എല്ലാം കയ്യീന്നു പോയെടീ… ഞാനിനി എന്താ ചെയ്യുന്നെ..?? എന്റെ പല്ലവി… പറ്റുന്നില്ലെടീ എനിയ്ക്ക്…”””_ വായിൽ വന്നതൊക്കെ ലെക്കും ലഗാനുമില്ലാതെ പറഞ്ഞു… എന്നാലതു പൂർത്തിയാക്കുന്നതിനു മുന്നേ അവളിടയ്ക്കു കേറുകയായിരുന്നു…

“”…എടാ… നിനക്കെന്താ പറ്റിയെ..??  എന്താ നീയീ പറയുന്നതൊക്കെ..??  ഒന്നു തെളിച്ചുപറയോ..??”””

“”…അവര്… അവരു കല്യാണത്തിനു സമ്മതിച്ചൂന്ന്… എത്രേം പെട്ടെന്നീ കല്യാണം നടത്തണമെന്നും പറഞ്ഞു..!!”””_ ഒറ്റശ്വാസത്തിലായിരുന്നു എന്റെ മറുപടി…

അങ്ങനെ പറഞ്ഞൊപ്പിച്ചു എന്നുപറയുന്നതാവും കൂടുതൽ ശെരി…

“”…ഏഹ്..?? അതെങ്ങനെ..??  ഇതിപ്പോളെന്താ പറ്റിയെ..??”””_  കേട്ടതും ഓർക്കാപ്പുറത്തൊരടി കിട്ടിയ ഭാവത്തിൽ അവളെന്നോടു ചാടിയതിന്,

“”…അതെനിയ്ക്കെങ്ങനെ അറിയാനാണ്..??  ആ മറ്റവള് പണിതു തന്നതാവും..!!”””_  എന്റേം നിലവിട്ടു..

“”..ഏയ്.! അവളങ്ങനൊന്നും ചെയ്യൂലടാ.. നമ്മളു കണ്ടതല്ലേയവളെ..!!”””_ ഞാൻ പറഞ്ഞതുകേട്ടതും അവളെന്നെ എതിർക്കുവായിരുന്നു… അതിനു മറുപടിയായി,

“”…എങ്കിപ്പിന്നെ അവള് കല്യാണത്തിനു സമ്മതിച്ചൂന്ന് ഇവരെന്നോടു കള്ളംപറഞ്ഞെന്നാണോ നീ പറയുന്നേ..??”””_  ന്ന് ചോദിച്ചതും,

“”…അതല്ലടാ.. നിന്റെ വല്യച്ഛൻ പറഞ്ഞതുകേട്ടില്ലേ.. അവൾടച്ഛൻ വാക്കിനു വിലയുള്ളോനാന്ന്.. അതായത് നിന്റെ വീട്ടുകാർക്കു കൊടുത്ത വാക്കുപാലിയ്ക്കാൻ പുള്ളി കള്ളംപറഞ്ഞതാണെങ്കിലോ,  അവള് സമ്മതിച്ചൂന്ന്..!!”””_  എന്നുംപറഞ്ഞ് എനിയ്ക്കൊരു പിടിവള്ളിപോലെ അവളാ വാക്കുകളിട്ടു തന്നപ്പോൾ എവിടെയോ ഒരാശ്വാസം..

“”…എടീ എന്നാലും..”””

“”…ഒരെന്നാലുമില്ല.. നീയൊന്നടങ്ങിയേ.. അവളൊരു പാവമാ.. അതുകൊണ്ട് നമുക്കവളെ പറഞ്ഞു സമ്മതിപ്പിയ്ക്കാമെന്നേ.. ഒന്നൂല്ലേലും ഞാനില്ലേ നിന്റൊപ്പം..!!”””_  പലപ്പോഴും എന്നെ പിടിച്ചുനിർത്തുന്ന അവസാനത്തെയാ വാക്കുകൾ അവളുച്ഛരിച്ചപ്പോൾ എന്തെന്നില്ലാത്തൊരു ധൈര്യം പകർന്നുകിട്ടി…

ചത്ത അവസ്ഥയിൽനിന്നും എഴുന്നേറ്റ് തലയിണ ക്രാസിയിലേയ്ക്കു ചേർത്തുവെച്ച് അതിലേയ്ക്കു ഞാൻ ചാരിയിരുന്നു…

 

“”…എടീ.. അതെനിയ്ക്കറിയാം… അതുതന്നെയാണല്ലോ എന്റെയീ ധൈര്യവും… പക്ഷെ, ഇനി വീട്ടുകാരു പറയുന്നപോലെയേ അവൾക്കു ചെയ്യാൻപറ്റുള്ളൂന്നു വല്ലതും അവളുപറഞ്ഞാൽ പിന്നെ നമ്മളെന്തുചെയ്യും..??”””_  സമാധാനിപ്പിയ്ക്കാനായി അവൾപറഞ്ഞ

വാക്കുകൾ നെഞ്ചിലിരിയ്ക്കുമ്പോൾ പോലും എന്റെ ആശങ്കകളൊഴിയാൻ കൂട്ടാക്കിയിരുന്നില്ല..

 

“”…എടാ.. അതല്ലേ പറഞ്ഞേ.. നമുക്ക് സെറ്റാക്കാന്ന്.. ഒരുകാര്യം ചെയ്യാം.. നമുക്ക് നാളെയവളെ കോളേജിൽപ്പോയൊന്നു കാണാം.. എന്താണവൾടെ സ്റ്റാൻഡെന്ന് അപ്പോളറിയാല്ലോ..!!”””_  ഒന്നാലോചിയ്ക്കാൻ പോലും സമയമെടുക്കാതെ മനസ്സിൽതോന്നിയ ഉപായം അവളെന്റെ മുന്നിലേയ്ക്കു നിരത്തിയപ്പോൾ,

 

“”…പിന്നേ.. എനിയ്ക്കൊന്നും വയ്യ.. ആ മറ്റവൾടെ മുഖമോർക്കുമ്പോള് തന്നെ കലിച്ചുവരും.. എന്നിട്ടിനി പോയവളെ കാണാനെന്റെ പട്ടിവരും.. പറയേണ്ടതൊക്കെ രാവിലേതന്നെ പറഞ്ഞതല്ലേ ഞാൻ… ഇനി കോളേജിൽപ്പോയി കണ്ടിട്ടെന്തു വിളമ്പാൻ..??”””_  എന്നായിരുന്നു എന്റെ മറുപടി…

 

പിന്നല്ലാതെ.. രാവിലേ അത്ര കാര്യമായ്ട്ടു പറഞ്ഞിട്ടല്ലേ ഞാൻപോന്നത്.. എന്നിട്ടിമ്മാതിരി ചതിചെയ്യുമ്പോൾ എങ്ങനെ സഹിയ്ക്കാനാണ്..?? ഓർക്കുമ്പോൾത്തന്നെ പൊളിഞ്ഞു വരുവാണ്…

 

“”…എടാ.. നീയൊന്നടങ്ങ്… ഇതവളുചിലപ്പോൾ അറിഞ്ഞുപോലും കാണില്ല.. അല്ലേൽപ്പിന്നെ മറ്റൊരു പെണ്ണിനെ മനസ്സിലിട്ടോണ്ടു നടക്കുന്നൊരുത്തനെ കെട്ടാന്ന് ഏതേലും പെണ്ണ് സമ്മതിയ്ക്കോന്നു തോന്നുന്നുണ്ടോ നിനക്ക്..??  നീ എല്ലാം പറഞ്ഞതല്ലാരുന്നോ അവളോട്..??”””

 

“”…പിന്നെ പറയാതെ..??  അപ്പൊ അവളെല്ലാം തലകുലുക്കി സമ്മതിച്ചതുമാ..!!””

 

“”…ആ അതാ ഞാൻ പറഞ്ഞത്,  അവളിതറിഞ്ഞുപോലും കാണില്ലാന്നേ… വേറൊരുത്തിയെം മനസ്സിലിട്ടൊണ്ട് നടക്കുന്നൊരുത്തനെ കെട്ടാൻ ഏതു പെണ്ണാടാ സമ്മതിയ്ക്കുക..??”””_  അവൾ വീണ്ടുമാ ചോദ്യമാവർത്തിച്ചപ്പോഴാണ് ഞാനുമങ്ങനൊരു സാധ്യതയെ പറ്റിയോർത്തത് പോലും ..

 

“”…സമ്മതിക്കില്ലല്ലേ..??”””_  ഉറപ്പുവരുത്താനായി ഒന്നുകൂടി ചോദിച്ചതിന്,

 

“”…ഇല്ലാന്നേ.. ഞാനല്ലേ പറയുന്നേ.. ഇതു ഞാമ്പറഞ്ഞപോലെ അവടച്ഛൻ നിന്റെ വീട്ടുകാരെ വെറുപ്പിയ്ക്കണ്ടാന്നു കരുതി അവളുപോലുമറിയാണ്ട് സമ്മതിച്ചതാവും… എന്തായാലും നാളെ നമുക്കൊന്ന് പോയി നോക്കാം.. സത്യാവസ്ഥയെന്താന്ന് അപ്പോളറിയാലോ..!!”””_  എന്ന് പറഞ്ഞവസാനിപ്പിച്ചവൾ ഇത്തിരി നേരത്തെ ഇടവേളയ്ക്കിപ്പുറം പിന്നെയും തുടർന്നു…

Leave a Reply

Your email address will not be published. Required fields are marked *