ഊരാക്കുടുക്ക് – 2അടിപൊളി  

 

“”…എന്തായാലും തല്ക്കാലം നീയിത് പല്ലവിയോട് പറയണ്ട.. എന്തിനാണീയവസ്ഥയിൽ അവളെക്കൂടി കരയിയ്ക്കുന്നത്..??”””

 

ആലോചിച്ചപ്പോൾ അവൾപറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി…

 

എല്ലാം കുളമാക്കി,  കല്യാണം മുടങ്ങിയെന്നൊക്കെ വിളിച്ചുപറഞ്ഞിട്ട് എന്തെന്നുംപറഞ്ഞാ മാറ്റിപ്പറയുന്നത്..??!!

 

“”..എടാ.. തല്ക്കാലം നീ വേറൊന്നും ചിന്തിയ്ക്കാണ്ട് കഴിച്ചേച്ച് കിടക്കാന്നോക്ക്.. ബാക്കിയൊക്കെ നാളെ നമുക്ക് സെറ്റാക്കാം..!!”””_ അവളൊരിയ്ക്കൽക്കൂടി പറഞ്ഞുകൊണ്ട് കോള് കട്ടാക്കുമ്പോൾ ഉള്ളമൊന്നു തണുത്തു…

 

ജൂണ പറഞ്ഞതുപോലെ ഒന്നുമില്ലേലും ഞാനവളെ കണ്ടതല്ലേ.. അവളൊരിയ്ക്കലും അങ്ങനെ ചതിയ്ക്കുവൊന്നുമില്ല.. ഇതൊക്കെയാ വേണുവങ്കിളിന്റെ പണിയാവാനേ തരമുള്ളൂ.. അതോ, നമ്മുടെ കള്ളത്തരംവല്ലതും വല്യച്ഛൻ മണത്തറിഞ്ഞിട്ട് ഇടയ്ക്കു കേറിയതാണോ..??

 

അങ്ങനെയാണേൽ അവളത് വേണ്ടാന്നു പറഞ്ഞാൽപ്പോലും ഫലമുണ്ടാവോ..??

 

ഏയ്.! അങ്ങനെയൊന്നും ചിന്തിയ്ക്കണ്ട.! എന്തായാലും നാളെ കാണട്ടേ, എന്നിട്ടാലോചിയ്ക്കാം എന്തുവേണമെന്ന്.!

 

പിന്നെ കൂടുതലൊന്നുമാലോചിയ്ക്കാൻ നിന്നില്ല.. ലൈറ്റും ഓഫ്ചെയ്ത് കേറിക്കിടന്നു.. രാത്രിയിൽ അമ്മയും കല്യാണിയാന്റിയുമൊക്കെ കഴിയ്ക്കാൻ വിളിച്ചെങ്കിലുമിറങ്ങിയില്ല.. വിശപ്പില്ലാന്നുപറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു..

 

രാത്രിയിലെപ്പോഴോ ഉറങ്ങിയ ഞാനെഴുന്നേൽക്കുന്നത് ജൂണയുടെ മെസേജ് നോട്ടിഫിക്കേഷൻ കേട്ടിട്ടാണ്.. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തുനോക്കുമ്പോൾ അതൊരു ന്യൂസിന്റെ ലിങ്കായിരുന്നു..

 

ഈ വെളുപ്പാൻകാലത്ത് ഇവളിതെന്താ ഷെയർ ചെയ്തേക്കുന്നതെന്നു മനസ്സിൽ പിറുപിറുത്തുകൊണ്ട് ലിങ്ക് ഓപ്പൺചെയ്ത ഞാനൊരുനിമിഷം ഞെട്ടി..

 

‘പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി… മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..’

 

അതായിരുന്നു ആ ന്യൂസിന്റെ ഹെഡ്ലൈൻ.. അതുവായിച്ചശേഷം കുറച്ചുനേരം ഞാൻ അതേയിരിപ്പിരുന്നു…

ആലോചിയ്ക്കുമ്പോൾ വല്ലാത്തൊരു ഭയം.!  എന്തൊക്കെയോ സംഭവിയ്ക്കാൻ പോകുവാണെന്നൊരു തോന്നൽ.!

സ്വന്തം കുടുംബത്തെത്തന്നെ പേടിയ്ക്കേണ്ടി വരുന്നതിന്റെ ഭീകരത അനുഭവിച്ചറിയുകയായിരുന്നു ഞാനപ്പോൾ..

 

പിന്നെയെഴുന്നേറ്റ് ഫ്രഷായി താഴേയ്ക്കിറങ്ങുമ്പോൾ വല്യച്ഛൻ ദേവൻചെറിയച്ഛനുമായി എന്തോ കൊടികുത്തിയ ചർച്ചയിലായിരുന്നു…

 

“”…ആദിത്യനല്ല ഇനിയവന്റെ തന്ത ചിറകുംവിരിച്ചു വന്നാപ്പോലും ശ്രീധരന്റെമേലൊരു മണ്ണുനുള്ളിയിടാൻ പറ്റില്ല… അതുകൊണ്ടു നീയതുവിട് ദേവാ..!!”””_ ചെറിയച്ഛനോടതും പറഞ്ഞു തലചെരിച്ചതും വല്യച്ഛനെന്നെ കണ്ടു… അപ്പോഴൊന്നു പരുങ്ങിയ വല്യച്ഛൻ വിഷയംമാറ്റാനെന്നോണം,

 

“”…ആഹാ.! കല്യാണച്ചെക്കനിങ്ങെത്തിയല്ലോ..!!”””_  എന്നൊരു പറച്ചിലായിരുന്നു… ശേഷം,

 

“”…ദേവാ… നീ വേണുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പെട്ടെന്നു നീക്കാൻ ബലരാമനോടു പറയണം… കൂടുതൽ വൈകിപ്പിയ്ക്കണ്ടന്നാ അമ്മ പറഞ്ഞത്..!!”””_  എന്നു കൂട്ടിച്ചേർക്കുവേം ചെയ്തു.. അതിന്

 

“”…ശെരി വല്യേട്ടാ..!!”””_ ന്ന് മറുപടിയും പറഞ്ഞെഴുന്നേറ്റ ചെറിയച്ഛൻ,

 

“”…നീ രാവിലേയിതെങ്ങോട്ടാ..??  ഇന്ന് ഓഫീസിൽ പോണ്ടാ,  എന്റൊപ്പം മില്ലിലേയ്ക്കു വരാൻ ഞാൻ പറഞ്ഞതല്ലേ..??”””_  എന്നും ചോദിച്ചെന്റെ മുഖത്തേയ്ക്കു നോക്കി…

 

“”…ചെറിയച്ഛാ… അതുപിന്നെ… ഇന്നൊരു ക്ലൈന്റിനെ കാണാനുണ്ട്… ജൂണ രാത്രിയാ ഇൻഫോംചെയ്തത്… അതാ ചെറിയച്ഛനോട്‌ പറയാൻ പറ്റാഞ്ഞത്..!!”””_  ഒന്നു വിക്കിയെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു…

 

“”…ആഹ്.! എന്നാ പോയിട്ടു വാ… പിന്നെ വല്ലതും കഴിച്ചിട്ടുപോണം… ഇന്നലെ രാത്രി നീയൊന്നും കഴിച്ചില്ലാന്ന് ശോഭപറഞ്ഞു..!!”””_  ചെറിയച്ഛൻ ആ പറഞ്ഞതിനൊന്നു മൂളിയെന്നു വരുത്തി ഡയനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാനൊരിയ്ക്കൽക്കൂടി വല്യച്ഛനെ തിരിഞ്ഞുനോക്കുമ്പോൾ ആള് ഗഹനമായ പത്രം വായനയിലാണ്… എന്നെയൊന്നു നോക്കുന്നു പോലുമില്ല..

 

അതിനർത്ഥം പുള്ളിയൊന്നും അറിഞ്ഞിട്ടില്ലാന്നാണോ..??

 

എന്തായാലും ഇന്നവളെക്കാണുമ്പോൾ എന്താണു നടന്നതെന്നൊരു തീർപ്പാകുമല്ലോ.. അതിനുശേഷം എന്തു വേണമെന്നാലോചിയ്ക്കാം..

 

അങ്ങനെയുംകരുതി ഡൈനിങ് ടേബിളിനുമുന്നിലെ ചെയറിലിരിയ്ക്കുമ്പോൾ കല്യാണിയാന്റി ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി… അതു കഴിയ്ക്കുന്നതിനിടയിലാണ് ജൂണയുടെ വരവ്…

 

പതിവിനു വിപരീതമായി ഇളംനീല നിറത്തിലൊരു ചുരിദാറായിരുന്നു അവളുടെ വേഷം…  അവളെക്കണ്ടതും,

 

“”…ആഹ്.! നീയെത്തിയോ..?? എടീ… നീ കഴിച്ചതാണോ..?? ഇല്ലേലിരിയ്ക്ക്… ഞാൻ ദോശയെടുക്കാം..!!”””_ ന്ന് പറഞ്ഞുകൊണ്ട് ആന്റിയകത്തേയ്ക്കു തിരിഞ്ഞു…

 

“”…വേണ്ടാന്റീ… ഞാൻ കഴിച്ചിട്ടായിറങ്ങിയെ..!!”””_  പറഞ്ഞശേഷം അവളെന്റടുക്കെ വന്നിരുന്നു…

 

“”…നീയാ ന്യൂസ് റിപ്പോർട്ട് കണ്ടായ്രുന്നോ..??”””_  മെല്ലെയവൾ ചോദിച്ചതിന് ഞാൻ തലകുലുക്കി… ശേഷം വല്യച്ഛനിരിയ്ക്കുന്നത് കണ്ണുകൊണ്ട് ആംഗ്യം കാണിയ്ക്കുകയും ചെയ്തു…

 

അപ്പോഴേയ്ക്കും വല്യച്ഛന്റെ മകൾ വന്ദനയങ്ങോട്ടേയ്ക്കു വരുകയും ചെയ്തു.. അതോടെ ജൂണ വിഷയം മാറ്റാനെന്നോണം,

 

“”…ആഹ്.! അതെന്തേലുമായ്ക്കോട്ടേ.. നമുക്കെന്തായാലും ഇതെന്തു ചെയ്യാമ്പറ്റോന്നു നോക്കാം.. നീ പെട്ടെന്നു കഴിച്ചിട്ടു വാ..!!”””_ ന്നും പറഞ്ഞ് അവളെഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു..

 

“”…പാർത്ഥീ.. ഇന്നു നീ തിരിച്ചെത്താൻ ലേറ്റാവോ..??  എനിയ്ക്കു കുറച്ച് പർച്ചേസിങ്ങുണ്ടായിരുന്നു..!!”””_  ഡയനിങ്ഹോളും താണ്ടി അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നപോലെ വന്ദന തിരക്കി..

 

“”…നോക്കാം..!!”””_  കഴിയ്ക്കുന്നതിനിടയിൽ മറുപടി ഒറ്റവാക്കിലൊതുക്കുമ്പോൾ,

 

“”…ആഹാ.! ഇന്നെന്തുപറ്റി ജൂണക്കൊച്ച് പെൺവേഷത്തിൽ..??”””_  ന്നൊരു ശോഭാന്റിയുടെ കളിയാക്കൽ അടുക്കളയിൽനിന്നും കേൾക്കുന്നുണ്ടായിരുന്നു..

 

“”…ഇന്നൊരു ക്ലൈന്റിനെ പേടിപ്പിയ്ക്കാനുണ്ട്.. അതുകൊണ്ടിങ്ങനെ പോകാമെന്നുവെച്ചു..!!”””_ അതിനവൾ തിരിച്ചടിയ്ക്കുന്ന ശബ്ദവുംകേട്ടാണ് ഞാൻ കൈകഴുകാനായി എഴുന്നേൽക്കുന്നത്..

 

“”…ഡീ.. ഇറങ്ങാം..!!”””_  കൈ കഴുകിയശേഷം ഞാൻ വിളിച്ചുപറഞ്ഞതും,

 

“”…ദാ വരുന്നൂ..!!”””_  ന്നും പറഞ്ഞവൾ ഓടിയിറങ്ങിവന്നു.. ശേഷം അപ്പോഴും പത്രപാരായണം കഴിയാതിരുന്ന വല്യച്ഛനോട്‌ യാത്രയുംപറഞ്ഞ് ഞങ്ങൾ വണ്ടിയിൽക്കേറി..

Leave a Reply

Your email address will not be published. Required fields are marked *