എന്നും എന്റേത് മാത്രം – 2 Like

മനുവും കണ്ണൻ എന്ന കിരണും , അവരുടെ അനുജത്തിമാരായ ചിന്നു എന്ന ചിൻമയയും , മാളു എന്ന മാളവികയും ഒക്കെയാണ് എന്റെ ചങ്ങാതിമാർ.
ഇവരോടൊപ്പമാണ് അവളും ശ്രീലക്ഷ്മി. എല്ലാവർക്കും അവൾ ലച്ചു ആണ്. പക്ഷേ അവൾ എനിക്ക് ശ്രീക്കുട്ടി ആയിരുന്നു. വേറെ ആരും അവളെ അങ്ങനെ വിളിക്കാറില്ല. അതുപോലെയാണ് അവളും ചിന്നുവിനും മാളുവിനും ഞാൻ കിച്ചുവേട്ടനാണെങ്കിൽ അവൾക്ക് ഞാൻ കിച്ചേട്ടനാണ്.

ചിന്നുവും മാളുവിനും ഒപ്പം ഡിഗ്രി ചെയ്യുകയാണ് ശ്രീക്കുട്ടി. പക്ഷേ ്് അവരെപ്പോലെ ആയിരുന്നില്ല അവൾ എനിക്ക്.

അവളോട് ഇഷ്ടം തോന്നാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. എന്തുകൊണ്ടോ ഇതുവരെ പറഞ്ഞിട്ടില്ല.

ബിസിനസ് കാരനായ ഹരിപ്രസാദിന്റെ മകളാണ് ശ്രീലക്ഷ്മി. അമ്മ ഹൗസ് വൈഫാണ് മായ. എന്നെപ്പോലെ അവളും ഏക സന്താനമാണ്.

ഇവരൊക്കെ ഉണ്ടെങ്കിലും ഞങ്ങൾ നാല് പേരുമായിരുന്നു കട്ട കമ്പനി. ഞാനും സച്ചിയും വിക്കിയും ശ്രീയുമായിരുന്നു ചെറുപ്പം മുതൽ കൂട്ട്. ഒരേ വിഷയങ്ങളിൽ താൽപര്യം ഉള്ളവരല്ല ഞങ്ങൾ പക്ഷെ സൗഹൃതത്തെ അതൊന്നും ബാധിച്ചില്ല. ആഹ് ്് ഒരു കാര്യം ഞങ്ങൾക്ക് ഒരുപോലെ ഇഷ്ടമുണ്ടെങ്കിൽ അത് ഫുഡ്ബോൾ ആണ്. അതിൽ തന്നെ സച്ചിയുടെ കാര്യം വല്യ രസമാണ്. ക്രിക്കറ്റിന്റെ , പ്രത്യേകിച്ച് സച്ചിന്റെ കട്ട ഫാനായ രവീന്ദ്രൻ കടിഞ്ഞൂൽ കൺമണിക്ക് സച്ചിന്റെ പേരിട്ടു. പക്ഷേ ആ മഹാൻ വളർന്നുവന്നത് മെസിയെ ആരാധിച്ച് ഫുഡ്ബോളും തട്ടിയാണ്.

ഇതൊക്കെയാണ് ഞങ്ങൾ

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഞങ്ങളുടെ സ്ഥിരം സ്ഥലമായ തോടിന്റെ കരയിൽ ഇരിക്കുകയായിരുന്നു. ഞാനും വിക്കിയും ശ്രീയും സച്ചിയും.

“ശ്ശേ , ഇതെന്താ ഒറ്റൊരെണ്ണം കൊത്താത്തെ!?” കുറച്ച് നേരമായി ചൂണ്ട ഇട്ടിട്ടും ഒരു പുരോഗതിയും കാണാതെ വിക്കി ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയാണ്.

“ഡാ , നീ എന്തിനാ ചൂടാവണേ?. മീന് കൊത്താഞ്ഞിട്ടോ അതോ സ്നേഹ നിന്റെ ചൂണ്ടയിൽ കൊത്താഞ്ഞിട്ടോ?” ശ്രീ അവനെ ദേഷ്യം പിടിപ്പിക്കാനുള്ള വഴി നോക്കുകയാണ്.

ഞങ്ങടെ നാട്ടിലെ ഒരു കൊച്ചാണ് ഈ പറഞ്ഞ സ്നേഹ. വിക്കി കുറേ നാളായി അവളുടെ പിറകെയാണ്. എന്നാൽ അവളിവനെ മൈന്റ് ചെയ്യുന്നുമില്ല. അതിൽ ആൾക്ക് വിഷമവുമുണ്ട്.

“ഡാ പുല്ലേ വേണ്ടാതെ മനുഷ്യനെ ചൊറിയല്ലേ” അവന്റെ ദേഷ്യം പുറത്ത് ചാടിത്തുടങ്ങി.

“ഏയ് ഞാൻ ചുമ്മാ പറഞ്ഞതാടാ , നീ കൂളാവ്”
“വാഡാ ഗ്രൗണ്ടിലേക്ക് പോവാം , പിള്ളേര് എത്തിക്കാണും” സച്ചി പറഞ്ഞതും ഞങ്ങൾ ഗ്രൗണ്ടിലേക്ക് വിട്ടു.

വഴിയിൽ വച്ച് ചിന്നുവിനേയും ശ്രീക്കുട്ടിയേയും കണ്ടു.

“ആഹാ , രണ്ടും എങ്ങോട്ടാ?” വിക്കി ചിരിച്ചു.

“ക്ളാസല്ലേ?” ചിന്നു ആണ് മറുപടി തന്നത്.

ഞാൻ അപ്പോഴും ശ്രീക്കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ഒരു നീല ദാവണി ആണ് ആളുടെ വേഷം.

ഇടക്ക് അവൾ എന്നെയും നോക്കുന്നുണ്ടോ?

“ചിലപ്പോ ഞാനത് കൊതിക്കുന്നത് കൊണ്ട് തോന്നുന്നതാവും” (നവനീത് ആത്മഗതം)

“ഓഹ് , ക്ളബ്ബിലല്ലേ?” ശ്രീ അവിടെ ഉള്ള ഒരു കല്ലിൽ കയറി ഇരുന്നു.

ഞങ്ങളുടെ നാട്ടിലെ ക്ളബ്ബ് കൗമാരക്കാർക്കായി ഇന്നൊരു ക്ളാസ് സംഘടിപ്പിച്ചിട്ടുള്ളതിന്റെ കാര്യമാണ് അവര് സംസാരിക്കുന്നത്.

“അല്ല , കോറം തെകഞ്ഞില്ലല്ലോ? മാളു എവിടെ?” അവരെ മൂന്നിനേയും സാധാരണ ഒരുമിച്ചേ കാണാറുള്ളൂ. അതാവും സച്ചി അങ്ങനെ ചോദിച്ചത്.

“അവക്ക് വയ്യ , വീട്ടിലാ. ഞങ്ങള് പോട്ടെ , വൈകി” നടക്കാൻ തുടങ്ങിയ ശ്രീക്കുട്ടി ആണ് അത് പറഞ്ഞത്.

പോകുന്നതിന്റെ ഇടയിൽ അവൾ എന്നെ തിരിഞ്ഞ് നോക്കിയോ!?

ഞാൻ അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് അവരുടെ പോക്കും നോക്കി നിന്നു.

“അല്ല കിച്ചുവേട്ടാ , പ്രാക്റ്റീസ് തുടങ്ങണ്ടേ? , ഉത്സവം ഇങ്ങെത്തീലെ?” കുറച്ച് മുന്നിലേക്ക് പോയ ശേഷമാണ് ചിന്നു ചോദിച്ചത്.

“ആഹ് ശരിയാ തുടങ്ങണം”

“നിങ്ങളിപ്പൊ ചെല്ല് , അതൊക്കെ സെറ്റാക്കാം” വിക്കി ഗ്രൗണ്ടിൽ എത്താനുള്ള തിരക്കിൽ പറഞ്ഞ് നടന്നു.

“ആ ശരി”

എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് അവരും പോയതോടെ ഞങ്ങൾ വിക്കിക്ക് പിറകെ ഗ്രൗണ്ടിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *