എന്നും എന്റേത് മാത്രം – 3

അപ്പോഴേക്കും കാറുമായി അച്ഛൻ വന്നു.

“കേറ്” ്് മറിച്ചൊന്നും പറഞ്ഞില്ല , കയറി.

ഗെയ്റ്റ് കടന്ന് റോഡിലേക്ക് കയറുമ്പോഴാണ് ബൈക്കിൽ പാഞ്ഞ് വരുന്ന വിക്കിയേയും , സച്ചിയേയും കണ്ടത്. അവർ അടുത്ത് എത്തിയിരുന്നു , പക്ഷെ കാർ നിന്നില്ല.

റെയിൽവേസ്റ്റേഷൻ എത്തും വരെ അച്ഛൻ ഒന്നും സംസാരിച്ചില്ല.

ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയ എന്റെ കൈയ്യിൽ കുറച്ച് അഞ്ഞൂറിന്റെ നോട്ടുകൾ വച്ചുതന്നു.

“വേണ്ട” അത് തിരിച്ച് കൊടുത്തെങ്കിലും വാങ്ങിയില്ല.

“ശാന്തൻ സ്റ്റേഷനിൽ വരും” അതും പറഞ്ഞ് ബലമായി പൈസ എന്റെ പോക്കറ്റിൽ വച്ച് തിരിഞ്ഞ് നോക്കാതെ നടന്നു. കാർ കൺമുന്നിൽ നിന്ന് മറയും വരെ ഞാൻ അവിടെ നോക്കിനിന്നു.

അമ്മയുടെ കസിൻ ഒരു ദേവിക ചിറ്റയുണ്ട്. അവരുടെ ഭർത്താവാണ് ശാന്തൻ. ശരിക്കും പേര് പ്രശാന്ത് , ചെന്നൈയിൽ ട്രാന്സ്പോര്ട്ടേഷൻ ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനാണ്.

തൽകാലം ഒരു ജോലി സംഘടിപ്പിക്കുന്നത് വരെ അവരെ ബുദ്ധിമുട്ടിപ്പിക്കുക , അത് അല്ലാതെ എന്റെ മുമ്പിൽ വേറെ വഴിയൊന്നും തെളിഞ്ഞില്ല. അല്ലെങ്കിലും ഡിഗ്രിക്ക് മേലെ ഡിഗ്രികളും കൊണ്ട് പലരും ജോലി അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഒരു ഇംഗ്ളീഷ് ബിരുദവും ഡിസൈനിങ്ങ് കമ്പവും കൊണ്ട് ഞാൻ തൊഴിൽ കമ്പോളത്തിൽ ഇറങ്ങേണ്ടത്.

അങ്ങനെ പലതും ഓർത്ത് പ്ളാറ്റ്ഫോമിൽ എത്തി. ടിക്കറ്റ് എടുത്ത് ദൂരെ കണ്ട ഒരു ഇരിപ്പിടത്തിൽ ചെന്ന് ഇരുന്നു.
പല വണ്ടികളും വന്ന് , പോയി. ചുറ്റും ഒരുപാട് മുഖങ്ങൾ. ചിലതിൽ സന്തോഷം , ചിലതിൽ പതിവ് തെറ്റിക്കാത്ത പതിവുകളോടുള്ള മടുപ്പ്. വല്ലാത്ത ഒരു ഏകാന്തതയുടെ പിടി ഞാൻ അറിഞ്ഞ് തുടങ്ങി. ആ ഇരിപ്പ് സഹിക്കാതെ ആയപ്പോൾ നടന്നു. എനിക്ക് പോവാനുള്ള വണ്ടി വരാൻ ഇനിയും സമയം ബാക്കിയാണ് , അതുകൊണ്ട് നടന്നു.

പ്ളാറ്റ്ഫോമിന്റെ അങ്ങേ അറ്റത്ത് വച്ചാണ് അവരെ കണ്ടത്. അച്ഛനും , അമ്മയും ഒരു ചെറിയ കുട്ടിയും. കളിയും ചിരിയുമൊക്കെയായി അവരും എങ്ങോട്ടോ പോവുകയാണ്. കുട്ടി ഒരു കുറുമ്പൻ തന്നെ , അവിടെ എല്ലാം ഓടിയും ചാടിയും പുള്ളി നല്ല ഉഷാറായി കളിക്കുകയാണ്. അതിന്റെ ഇടയിലാണ് അവൻ കഴിച്ചുകൊണ്ടിരുന്ന ബിസ്ക്കറ്റ് കൈയ്യിൽ നിന്ന് തെറിച്ച് ട്രാക്കിൽ വീണത്. അത് കണ്ട കുട്ടി കരയാൻ തുടങ്ങിയതും അവന്റെ അച്ഛൻ വേറെ ഒന്ന് വാങ്ങിക്കൊടുത്തു.

അത്രയും നേരം കൗതുകത്തോടെ അത് നോക്കിനിന്ന നവനീതിന്റെ മുഖം മാറി. നിറയാൻ തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരിഞ്ഞ് നടന്നു.

വിശപ്പ് വല്ലാതെ വിഷമിപ്പിച്ച് തുടങ്ങിയിരിക്കുന്നു. പോക്കറ്റിൽ തപ്പി കുറച്ച് പൈസ ഉണ്ട്. എന്തോ , അച്ഛൻ തന്ന പണം എടുക്കാൻ തോന്നിയില്ല. ഇറങ്ങുമ്പോൾ ഫോൺ എടുക്കാൻ മറന്നിരുന്നു.

അവിടെ തന്നെയുള്ള കടയിൽ നിന്ന് കിട്ടിയ എന്തോ കഴിച്ചു. പിന്നെയും കുറച്ച് നേരം കാത്തിരുന്ന ശേഷമാണ് ട്രെയിൻ വന്നത്. സീസൺ അല്ലാത്തത് കൊണ്ട് തിരക്ക് ഉണ്ടായിരുന്നില്ല.

ശ്രീക്കുട്ടി , അവൾക്ക് എന്ത് പറ്റിക്കാണും? മനസ്സ് വീണ്ടും തന്റെ പ്രിയപ്പെട്ടവരേ തേടുകയാണ്. കവിളുകളെ നനച്ച് ഒഴുകിക്കൊണ്ടിരുന്ന കണ്ണുനീർ മാത്രം അവന് തടയാൻ കഴിഞ്ഞില്ല.

രാത്രിയുടെ ഇരുട്ട് മായ്ച്ച് പതിയെ വെളിച്ചം എത്തിനോക്കി. അപ്പോഴും ഉറക്കം വരാൻ മടിക്കുന്ന കണ്ണുകളുമായി ഇരുന്ന അവനേയും വഹിച്ചുകൊണ്ട് ആ തീ കണ്ണും കത്തിച്ച് ട്രെയിൻ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.

***

ആരോ ്് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. പുലർച്ചെ എപ്പോഴോ കണ്ണ് ചിമ്മിയിരുന്നു.

നോക്കിയപ്പോൾ ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു. ട്രെയിനിൽ നിന്ന് പതുക്കെ പുറത്തിറങ്ങി. ആളുകളുടെ കൂടെ ഞാനും നടന്ന് ചെന്നൈ നഗരത്തിലേക്ക് ചേർന്നു.
സ്റ്റേഷനിൽ കാണും എന്ന് പറഞ്ഞ ചിറ്റപ്പനെ സെന്ട്രൽ സ്റ്റേഷന്റെ തിരക്കുകളുടെ ്് ഇടയിൽ കണ്ടുപിടിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു.

സത്യം പറഞ്ഞാൽ ചെറുപ്പത്തിൽ എന്നോ കണ്ടതാണ് ചിറ്റയേയും , ചിറ്റപ്പനേയും. പക്ഷേ , അതിന്റെ യാതൊരു പരിചയക്കുറവും അവർക്ക് എന്നോട് ഉണ്ടായിരുന്നില്ല!.

സ്റ്റേഷനിൽ എന്നെ പിക്ക് ചെയ്യാൻ ചിറ്റ കൂടി വന്നിരുന്നു. അവരുടെ കാറിൽ തന്നെ വീട്ടിലേക്ക് തിരിച്ചു.

ജോലി ഒന്നും കിട്ടാത്തതിന്റെ വിഷമം മാറ്റാൻ തൽക്കാലം നാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് എന്ന് മാത്രമാണ് അച്ഛൻ അവരോട് പറഞ്ഞത് എന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.

അത് ഒരു കണക്കിന് നന്നായി.

മക്കൾ ഇല്ലാത്ത അവർക്ക് ഞാൻ മകനെ പോലെ ആയിരുന്നു. എനിക്കും അവർ പ്രിയങ്കരരായി മാറാൻ അധികം ദിവസങ്ങൾ വേണ്ടിവന്നില്ല.

ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ കറങ്ങാൻ പോയി. പാർക്കും , സിനിമയും ഒക്കെയായി എന്നെ മാക്സിമം ഹാപ്പിയാക്കാൻ ്് അവരുണ്ടായിരുന്നു.

ചിറ്റ നല്ല ഒന്നാംതരം കുക്ക് ആണ് , ചിറ്റപ്പനും ഒട്ടും മോശമല്ല. അവരുടെ പാചക പരീക്ഷണങ്ങൾക്ക് പുതിയ ഇര ആയിരുന്നല്ലോ ഞാൻ , അത് അവര് രണ്ടും ശരിക്കും മുതലാക്കി. 🙂

കൊച്ച് പിള്ളേരുടെ സ്വഭാവമാണ് രണ്ടിനും. എന്റെ വരവോടെ അവരുടെ തല്ല് കൂടലിലേക്ക് ഒരാളും കൂടി കൂടുകയായിരുന്നു.

നാടുമായുള്ള ബന്ധം ഏറെക്കുറെ ്് അന്നത്തോടെ തന്നെ അവസാനിച്ചിരുന്നു. എന്നെങ്കിലും വിളിച്ചിരുന്ന അച്ഛനും അമ്മയും മാത്രമായിരുന്നു ഇവർക്ക് പുറമെ ആകെയുള്ള സ്വന്തക്കാർ.

അങ്ങനെ ഒരു ദിവസം അത് വന്നു മുംബൈയ്യിലേക്കുള്ള ടിക്കറ്റും എന്റെ അപ്പോയിന്റ്മെന്റ് ലെറ്ററും.

ചെന്നൈയിലെ ബ്രാഞ്ചിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോയത് അവരുടെ നിർബന്ധം കൊണ്ട് ആയിരുന്നു. പക്ഷേ , മുംബൈയിലേക്കുള്ള ഒരു പറിച്ചു നടൽ ഞങ്ങളെ ഒരുപോലെ വിഷമിപ്പിച്ചു.

പോകാൻ കൂട്ടാക്കാതിരുന്ന എന്നെ അവർ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാലും , യാത്ര പറയുമ്പോൾ മൂന്ന് പേരും കരഞ്ഞുപോയി.

ജോലിക്ക് കയറി , എങ്കിലും എനിക്ക് സന്തോഷം ഒട്ടും ഇല്ലായിരുന്നു.

പ്രിയപ്പെട്ടവരെ എന്നും വിധി എന്നിൽനിന്നും അകറ്റുകയാണ്.
ഒരുകാലത്ത് എല്ലാമായിരുന്ന കൂട്ടുകാർ പോലും അന്നത്തെ സംഭവത്തിന് ശേഷം യാതൊരു ബന്ധവും കാട്ടിയിട്ടില്ല. എല്ലാവരേയും പോലെ അവരും ഞാൻ അങ്ങനെ ചെയ്തെന്ന് കരുതിക്കാണും.

ആകെ ഒതുങ്ങി ജീവിച്ചിരുന്ന എന്റെ ലൈഫിലേക്ക് ഇടിച്ചു കേറി വന്നതാണ് അവൾ , റിയ.

ഇവിടെ എനിക്ക് കിട്ടിയ ആദ്യത്തെ സുഹൃത്. ഒഴിഞ്ഞ് മാറിയപ്പോഴും പിന്നെയും എന്റെ അടുത്തേക്ക് വന്നവൾ. എല്ലാം അറിഞ്ഞ് എന്നും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ.

“സത്യം പറഞ്ഞാ നീയും അവളുമൊക്കെയാ എന്നെ മാറ്റിയത്” മുന്നിലെ ടേബിളിൽ ഇരുന്ന കോഫി അവൻ പതിയെ കുടിച്ചു.

“ഐശു , നീ എന്താ കഴിക്കാത്തെ?” അവളുടെ മുന്നിൽ അതേപടി ഇരിക്കുന്ന കോഫി കപ്പ് കണ്ട് നവി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *