“”…അയ്യോ.! അതൂടി വേണം… ഇൻവിറ്റേഷൻ ലെറ്ററിലും ആൽബത്തിലുമൊക്കെ വെയ്ക്കണ്ടേ..?? അതിനാ..!!”””
…പിന്നേ ഉമ്മവെയ്ക്കുന്ന
പടമില്ലെങ്കിൽ പോക്കുതന്നെ… ഇവനൊക്കെയാരടാ..?? _ ഞാൻ പിറുപിറുത്തുകൊണ്ട് വീണ്ടും അവിടെതൂങ്ങിനിന്നു…
“”…അതേ… കിസ്സിങ്ങിന്റെ പോസില്ലാത്ത ഫോട്ടോസ് മതിയാൽബത്തിൽ..!!”””_ അവളും കുറച്ചു കലിപ്പിൽപറഞ്ഞപ്പോൾ വീണ്ടുമെനിയ്ക്കു ചിരിവന്നു…
പിന്നെയും കെട്ടാൻപോണ പയ്യനും ക്യാമറാമാനുമൊക്കെ കുറേ നിർബന്ധിച്ചപ്പോഴാണ് അവൾ വല്യ താല്പര്യമില്ലാതെ ആ പോസിന് സമ്മതിച്ചത്…
അതുമവന്റെ കവിളിൽ ചുണ്ടു മുട്ടീമുട്ടീലെന്ന മട്ടിൽ തിരിച്ചെടുക്കുകയുംചെയ്തു…
…പുള്ളിയ്ക്കതു കിട്ടീട്ടുണ്ടാവോ ആവോ..?? ഓ.! അല്ലേലാ വീഡിയോയെടുക്കുന്ന ചേട്ടന്റേന്ന് കട്ട് ചെയ്തെടുക്കുമായ്രിയ്ക്കും…
ഞാനങ്ങനെ കഷ്ടപ്പെട്ടോരോന്നൊക്കെ ചിന്തിച്ചു കഷ്ടപ്പെടുമ്പോഴാണ് മീനാക്ഷി പാഞ്ഞു പറിച്ചോണ്ടങ്ങോട്ടുവന്നത്…
“”…ആഹാ… ചേച്ചി ഉമ്മകൊടുക്കുന്നതൊക്കെ നോക്കി രസിയ്ക്കാരുന്നോ..??”””_ അവള് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ചോദിച്ചതുകേട്ടതും ഞാൻ മറുപടിപറയാൻ നിൽക്കാതെ അവിടെനിന്നും പിൻവാങ്ങി…
വെറുതെയെന്തിനാ ആ തിരുവായിലിരിക്കുന്നതു മൊത്തം കേൾക്കുന്നേ…
“”…അതേ… ഉമ്മ വേണേൽ പറഞ്ഞാമതി കേട്ടോ… ഞാനെപ്പൊവേണേലും റെഡിയാ..!!”””_ അവളൊരാക്കിയ ചിരിയോടെ പറഞ്ഞതിന് തുറിച്ചൊന്നുനോക്കിക്കൊണ്ട്
ഞാൻ തിരിഞ്ഞുനടന്നു…
പിന്നെയെന്തായാലും അങ്ങോട്ട്‌പോയില്ല ഞാൻ…
കാരണം, ആ നാറി അവിടെവിടേലും കാണുമെന്നെനിയ്ക്കുറപ്പായ്രുന്നു…
പിന്നെ ചെക്കന്റെ വീട്ടുകാരെല്ലാംപോയശേഷമാണ് ഞാനവളെക്കണ്ടത്… അതും ഞങ്ങൾ ഭക്ഷണം കഴിയ്ക്കാനിരുന്നപ്പോൾ…
ഞാൻ പന്തലിലെത്തിയപ്പോൾ കുറച്ചുവൈകിയകാരണം ശ്രീയും കൂടെയുള്ളവന്മാരെല്ലാം എന്നെക്കൂട്ടാതെ ഇരുന്നുകഴിഞ്ഞിരുന്നു…
അതിന്,
…നീയൊക്കങ്ങോട്ട് വാട്ടാ… തരാം..!!_ മെന്ന് കണ്ണുകൊണ്ട്പറഞ്ഞശേഷം ഞാനൊഴിഞ്ഞുകിടന്നയൊരു കസേരയിലേയ്ക്കു ചെന്നിരുന്നു…
തൊട്ടടുത്തായൊരു ചെറിയ പയ്യനുമുണ്ടായ്രുന്നു…
കുറച്ചുനേരം അവനെ കുത്തീംതോണ്ടീമിരുന്നപ്പോൾ ഇലയിട്ട് തൊട്ടുകറികളോരോന്നായി വിളമ്പാൻതുടങ്ങി…
അപ്പോഴാണ് മീനാക്ഷിയും പരിവാരങ്ങളും അങ്ങോട്ടേയ്ക്കു കയറിവന്നത്…
അവളെക്കണ്ടതും ഞാൻ ഇലയിലേയ്ക്കു മുഖംകുനിച്ചു…
…മുടിയിന്മേല് കുറച്ചു പച്ചടിപറ്റിയാലും കുഴപ്പമില്ല… ആ പിശാച് കാണാണ്ടിരുന്നാ മതി.!
പക്ഷേ പറഞ്ഞിട്ടുകാര്യമില്ല, കാലനങ്ങനൊന്നും വഴിതെറ്റൂല…
അവള് ജിപിഎസ്സുംഓണാക്കി പാഞ്ഞെന്റടുത്തെത്തി…
…കോപ്പ്.! കറിവിളമ്പിപ്പോയി… അല്ലേൽ ഇലയെടുത്ത് മുഖംമറയ്ക്കായ്രുന്നു.!
“”…ഡാ മോനേ… ഒന്നെഴുന്നേറ്റ് അപ്രത്തിരുന്നേടാ..!!”””_
കുനിഞ്ഞിരുന്നയെന്നെ തുറിച്ചുനോക്കി എന്റിടതുവശത്തിരുന്ന ചെക്കനോടവൾപറഞ്ഞു…
“”…വേണ്ട.! ഭക്ഷണത്തിന്റെ മുന്നീന്നെഴീച്ചൂട… എഴീച്ചാ പരീക്ഷയ്ക്കുതോക്കും..!!”””_ അവനെഴുന്നേറ്റു മാറിയാലോന്നുപേടിച്ച്
ഞാൻ തട്ടിവിട്ടു…
കേട്ടതും ചെക്കനും ചെറിയസംശയം, അവൻ കസേരയിലേയ്ക്കു ബലപ്പിച്ചിരുന്നു…
അവന്റെ ഇരുപ്പുംഭാവവും കണ്ടാലറിയാം, കഴിച്ചുകഴിഞ്ഞാപ്പോലും എഴുന്നേറ്റുപോവില്ലാന്ന്…
ഇനി പന്തലുകാര് സാധനംതിരിച്ചെടുക്കുമ്പോൾ ഈ കസേരയ്ക്കുവേണ്ടി ഇവന്റെവീട് തപ്പിപ്പിടിയ്ക്കേണ്ടി വരുവോ..??
…ആ.! എന്തായാ നമുക്കെന്ത്..??!!
അവൻ മാറുന്നില്ലെന്നുകണ്ടതും
ഞാനൊരിളിയോടെ മീനാക്ഷിയെ തലചെരിച്ചു നോക്കി…
അന്നേരമവൾക്കെന്നെ ഒതുക്കത്തിൽ കിട്ടിയിരുന്നെങ്കിൽ, ഉറപ്പായും കഴുത്തിൽകടിച്ച് കൊരവള്ളിതുപ്പിയേനെ… അതുക്കൂട്ടുനോട്ടമാണ് മീനാക്ഷിയപ്പോൾ നോക്കീത്…
ഉടനെ ഇലയിൽനിന്നും ഒരുകഷ്ണം മാങ്ങയെടുത്തുഞാൻ നിലത്തേയ്ക്കിട്ടു…
ശേഷം,
“”…ചിലരൊക്കെ നോക്കിനിൽക്കേ കഴിയ്ക്കുവാണേലേ കൊതികൊള്ളും… അപ്പൊ കുറച്ചെന്തേലുമെടുത്ത് പുറത്തുകളയണം..!!”””_ മാങ്ങ നിലത്തേയ്‌ക്കിട്ടതിന്റെ കാര്യംമനസ്സിലാകാതെന്നെ നോക്കിയ ചെക്കനോടു ഞാൻ വിശദീകരിച്ചു, മീനാക്ഷി കേൾക്കത്തക്കവിധത്തിൽ…
