എന്റെ നിലാപക്ഷി – 1 38അടിപൊളി 

അവൾ അതിനു ആത്മാർഥമായി തന്നെ സമ്മതം മൂളി.

അവളിൽ നിന്നും അകന്നു മാറിയ അവൻ പറഞ്ഞു.

“പോയി മുഖം കഴുകിയിട്ടു വാ. നമുക്ക് പുറത്തേക്ക് പോകാം.”

അവൾ ആകാംഷയോടെ ചോദിച്ചു.

“ഇവിടെ പോകാൻ?”

“നമുക്ക് വല്ലോം കഴിക്കണ്ടേ.. പുറത്തു പോയി കഴിക്കാം.”

അവൾ പെട്ടെന്നുതന്നെ പറഞ്ഞു.

“ഏയ്.. അതൊന്നും വേണ്ട.. ഞാൻ ഇപ്പോൾ തന്നെ എന്തെങ്കിലും ഉണ്ടാക്കാം.”

“നീ ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട.. മുഖം കഴുകി വന്നാൽ മതി.”

ഇനി ഒന്നും അവനോടു പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ അവൾ പെട്ടെന്ന് തന്നെ മുഖം കഴുകി അവനോടൊപ്പം ഇറങ്ങി.

രാത്രിയുടെ ഇരുട്ടിനെ കീറി മുറിക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ അവനോടൊപ്പം നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“ഞാനങ്ങനെ രാത്രി പുറത്തിറങ്ങി നടന്നിട്ടൊന്നും ഇല്ല. കൊച്ചിനെ അപ്പൻ ചിലപ്പോഴൊക്കെ സന്ധ്യക്ക്‌ പുറത്തു കൊണ്ട് പോകും.. എന്നിട്ട് ദോശ വാങ്ങി തരുമായിരുന്നു.”

“അപ്പന് ജീനയെ ഒരുപാട് ഇഷ്ട്ടമായിരുന്നല്ലേ?”

“എന്നെ ജീവനായിരുന്നു അപ്പന്. അപ്പൻ മരിച്ചതോടെ എന്റെ ജീവിതത്തിലെ സന്തോഷവും ഇല്ലാതായി.”

“ജീനയുടെ കുടുംബത്തെ കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ.”

“അപ്പന്റെ ആദ്യ ഭാര്യയിൽ ഉള്ളതാണ് എന്റെ ചേച്ചി.. അവർ മരിച്ചപ്പോൾ ആണ് എന്റെ അമ്മയെ അപ്പൻ കെട്ടിയെ.. എന്താണെന്നു അറിയില്ല, ചേച്ചിക്ക് എന്നെ കണ്ണെടുത്താൽ കണ്ടുടാ.. കൊച്ചിലെ വളർത്തിയത് കൊണ്ടാകും എന്റെ അമ്മയോട് അത്രക് ദേഷ്യമില്ല ചേച്ചിക്ക്. അതൊരു ഭാഗ്യമായി.”

അവൾ വീണ്ടും ദുഖത്തിലേക്കു വഴുതി മാറുന്നു എന്ന് മനസിലായ ശ്രീഹരി വിഷയം മാറ്റാനായി ചോദിച്ചു.

“ഇന്ന് കോളേജിൽ അടി നടക്കാൻ നേരത്ത് നീ എന്നെ എന്താ വിളിച്ചത്?”

അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

“ഇച്ചായൻ എന്ന്… എന്നെക്കാളും രണ്ടു വയസ് മൂത്തതാണെന്ന് ശ്രീജച്ചേച്ചി പറഞ്ഞിടുന്നു, അതാ…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്തായാലും ആ വിളി എനിക്ക് ഇഷ്ട്ടമായി.. അത് തന്നെ വിളിച്ചാൽ മതി എന്നെ.”

അവൾ അത് കേട്ട് പുഞ്ചിരിച്ചു.

കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ അവൻ തട്ടുദോശ വിൽക്കുന്ന ഒരു കട കണ്ടു.

“നിന്റെ അപ്പൻ ദോശ വാങ്ങി തരുമായിരുന്നു എന്നല്ലേ പറഞ്ഞത്.. നമുക്കും ഇന്ന് ദോശ കഴിച്ചാലോ?”

അവൾ സമ്മതം മൂളി.

റോഡ് സൈഡിൽ കസേരകൾ നിർത്തിയിട്ടു കച്ചവടം നടത്തുന്ന ചെറിയൊരു കടയായിരുന്നു അത്. അവൻ അവളെ ഒരു കസേരയിൽ ഇരുത്തി രണ്ടു പ്ലേറ്റിൽ ദോശയും വാങ്ങി വന്നു. ഒരു പ്ലേറ്റ് അവളുടെ കൈയിൽ കൊടുത്തു മറ്റൊരു കസേരയിൽ അവൾക്കരികിൽ ആയി ഇരുന്നു.

ദോശ കഴിക്കുന്നതിനിടയിൽ അവൻ അവളെ നോക്കി. ഒരു പുഞ്ചിരിയോടെ മറ്റൊന്നിലും ശ്രദ്ധിക്കാതെ ആസ്വദിച്ചു ദോശ കഴിക്കുവായിരുന്നു അവൾ. അവളുടെ മുഖം കാണുമ്പോൾ തന്നെ അറിയാം അവൾ നല്ല സന്തോഷത്തിൽ ആണെന്ന്. ഇത്രയധികം തെളിഞ്ഞ മുഖത്തോടെ അവൻ ഇതിനു മുൻപ് ജീനയെ കണ്ടിരുന്നില്ല.

ദോശ കഴിച് കഴിഞ്ഞ് പ്ലേറ്റിൽ നിന്നും തല ഉയർത്തിയ ജീന കണ്ടത് തന്നെ നോക്കി ഇരിക്കുന്ന ശ്രീഹരിയെയാണ്.

അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന അർഥത്തിൽ ആംഗ്യം കാണിച്ചു. അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് ഒന്നുമില്ലെന്ന്‌ കാണിച്ചു.

“ഇനി ദോശ വീണോ?”

അവൾ ഒരു വിരൽ ഉയർത്തി ഒന്ന് കൂടി വേണമെന്ന് ആഗ്യം കാണിച്ചു. അവൻ ഒരു ദോശ കൂടി അവൾക്കു വാങ്ങി കൊടുത്തു.

തിരിച്ചു വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി ചോദിച്ചു.

“നല്ല സന്തോഷത്തിൽ ആണല്ലോ ഇന്ന്.”

“അതെന്താ അങ്ങനെ പറഞ്ഞത്?”

“മുഖത്തെ തെളിച്ചം കാണുമ്പോൾ അറിയാല്ലോ അത്.”

അവൾ കുറച്ചു നേരം നിശ്ശബ്ദതയായി മുന്നോട്ടു നടന്ന ശേഷം പറഞ്ഞു.

“ആദ്യായിട്ടാ ഒരാൾ എനിക്ക് വേണ്ടി അടി ഉണ്ടാക്കുന്നത്, എന്നെ പിടിച്ചിരുത്തി

ഉപദേശിക്കുന്നത്, പിന്നെ ഇങ്ങനെ പുറത്തു കൊണ്ടുപോയി ആഹാരം വാങ്ങി തരുന്നത്.. അതിന്റെയൊക്കെ സന്തോഷമായിരിക്കും.”

എത്ര ചെറിയ മനസാണ് അവളുടേതെന്ന് അവൻ ചിന്തിച്ചുപോയി. നിസാരമായ ഇത്തരം ചെറിയ കാര്യങ്ങൾ മതി അവളെയൊന്നു സന്തോഷിപ്പിക്കാൻ.

1 Comment

Add a Comment
  1. Super story

Leave a Reply

Your email address will not be published. Required fields are marked *