ബൈക്ക് പാർക്ക് ചെയ്ത് അവൻ ക്ലാരയെ നോക്കിയപ്പോൾ മുഖം വീർപ്പിച്ച് അവൾ അവിടെ നിന്നും നടന്നു പോയി.
താൻ ജീനയെ ബൈക്കിൽ കൊണ്ട് വന്നത് ക്ലാരയ്ക്കു ഇഷ്ട്ടപെട്ടില്ലെന്ന് അവന് മനസിലായി. പക്ഷെ അവന്റെ മുഖത്ത് അതോർത്ത് ഒരു പുഞ്ചിരി ആണ് വിടർന്നത്.
ആത്മഗതം എന്നപോലെ ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു.
“മനസ്സിൽ ഇഷ്ടമൊന്നും ഇല്ലെന്നു പറയുകയും ചെയ്യും, എന്നിട്ടു മനസുനിറയെ കുശുമ്പും.”
അവന്റെ അടുത്ത് നിന്ന ജീന ചോദിച്ചു.
“എന്താ പറഞ്ഞെ?”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒന്നും ഇല്ല എന്റെ കൊച്ചെ.”
“എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്.”
അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“എന്ത് മനസിലാകുന്നുണ്ടെന്ന്?”
“ഇപ്പോൾ പറയാൻ മനസില്ല.”
അവൾ ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
അവൻ ഒരു പുഞ്ചിരിയോടെ മനസ്സിലോർത്തു.
‘മിണ്ടാപൂച്ചയെ പോലെ നടന്നവൾ ഇപ്പോൾ കാന്താരി ആകുവാണല്ലോ.’
അവനും ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ ആണ് തന്റെ മുന്നിൽ നടക്കുന്ന ജീനയുടെ മുടി ശ്രദ്ധിച്ചത്.
അവളുടെ ആരവരെ നീളമുള്ള തിങ്ങി നിറഞ്ഞു നിൽക്കുന്ന മുടി. അവളുടെ നടത്തത്തിനൊത്ത് മുടിയും ആടി കളിക്കുന്നു.
“ഡീ.. പോത്തേ..”
അവന്റെ വിളികേട്ടു അവൾ തിരിഞ്ഞു നോക്കി.
“നിനക്ക് ഇത്രയും ഭംഗിയുള്ള മുടിയുണ്ടെന്ന് ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നേ.”
അതുകേട്ട അവളുടെ മുഖം നാണത്താലോ എന്തോ ചുവന്നു തുടുത്തു.
ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു.
“എങ്ങനെ ശ്രദ്ധിക്കാനാ.. വേറെ ഓരോരുത്തരുടെയും മുടിയും നോക്കി നടക്കയല്ലേ.”
“എന്താടി പറഞ്ഞെ?”
“ഇപ്പോൾ പറയാൻ മനസില്ലാ.”
അവൾ ചിരിച്ചുകൊണ്ട് പെട്ടെന്ന് മുന്നോട്ടു നടന്നു. അവൻ ഓടിച്ചെന്നു അവളുടെ ചെവിയിൽ പിടിച്ചു തിരുമി.
അവർ ക്ലാസ്റൂമിന്റെ വാതിക്കൽ എത്തിയിരുന്ന കാര്യം അവൻ ആ നിമിഷം ഓർത്തില്ലായിരുന്നു.
അവൾ അവന്റെ കൈയിലും ചെവിയിലുമായി അമർത്തി പിടിച്ചുകൊണ്ടു പറഞ്ഞു.
“വിട് ഇച്ചായ.. എനിക്ക് വേദനിക്കുന്നു.”
അവളുടെ സ്വരം കുറച്ചു ഉച്ചത്തിൽ ആയതിനാൽ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവരെ ശ്രദ്ധിച്ചു. പരിസര ബോധം ഉണ്ടായപ്പോൾ അവൻ പെട്ടെന്ന് അവളുടെ ചെവിയിൽ നിന്നും പിടി വിട്ടു.
അവൾ ചെവിയിൽ തിരുമ്മിക്കൊണ്ട് ആരുടേയും മുഖത്ത് നോക്കാതെ തന്റെ സീറ്റിലേക്ക് പോയിരുന്നു. ശ്രീഹരിയും അവന്റെ സീറ്റിലേക്ക് പോയിരുന്നു.
തലേ ദിവസം ഉണ്ടായ സംഭവങ്ങൾ എല്ലാം കാര്യാ കാരണ സഹിതം ക്ലാസ്സിൽ എല്ലാരും അറിഞ്ഞിരുന്നു. സഹപാഠിയുടെ ആ ഒരു അവസ്ഥയിൽ പ്രതികരിച്ച അവനോടു എല്ലാര്ക്കും ഒരു ബഹുമാനവും രൂപപ്പെട്ടിരുന്നു.
എന്നാൽ കുറച്ചു മുൻപ് കണ്ട കാഴ്ച ചിലരുടെയൊക്കെ ഉള്ളിൽ ശ്രീഹരിയും ജീനയും തമ്മിലുള്ള ബന്ധം എന്താന്ന് എന്ന ചിന്ത ഉടലെടുപ്പിച്ചു.
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ ശ്രീഹരി ബാഗിൽ നിന്നും ലഞ്ച് ബോക്സ് എടുത്തു. അവൻ ക്ലാസ് റൂമിൽ തന്നെ ഇരുന്നാണ് പതിവായി ആഹാരം കഴിക്കാറ്.
അവൻ ലഞ്ച് ബോക്സ് തുറന്നപ്പോഴേക്കും അവന്റെ അടുത്തേക്ക് ജീനയും വന്നിരുന്നു. അവൻ കണ്ണുകൊണ്ടു എന്താ എന്ന് അവളോട് ആഗ്യം കാണിച്ചു.
ലഞ്ച് ബോക്സ് തുറക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഇച്ചായനല്ലേ ഇന്ന് രാവിലെ പറഞ്ഞത് ഇനിമുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് ഫുഡ് കഴിക്കുന്നതെന്ന്.”
അവൻ അത് കേട്ട് ചിരിച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചുറ്റും നോക്കിയപ്പോൾ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടു.
അവൻ ഒരു പുഞ്ചിരിയോടെ ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഉടനെ തന്നെ എന്റെ കാമുകി എന്നുള്ള പട്ടം ഇവിടുള്ളവർ നിനക്ക് ചാർത്തി തരുന്നതാണ്.”
അത് കേട്ടുടൻ അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“അതിനു സാധ്യത ഞാൻ കാണുന്നില്ല.”
അവൻ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തോടെ നോക്കി.
“അതിനു മുൻപ് തന്നെ സിനിയറിനെ പ്രേമിക്കുന്നവൻ എന്നുള്ള പട്ടം ചേട്ടന് കിട്ടും.”
അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു.
“മിക്ക ദിവസവും വരാന്തയിൽ നിന്ന് ആ ചേച്ചിയുമായി സംസാരിക്കുന്നതും ഇന്ന് എന്നെയും കൊണ്ടു ബൈക്കിൽ വന്നതിനു ആ ചേച്ചി മുഖം വീർപ്പിച്ചു പോയതും ആരും അറിയുന്നില്ല എന്നാണോ കരുതിയെ?”

Super story