ഏട്ടത്തി – 3അടിപൊളി 

“നീ അകത്തേക്ക് കയറു കൃഷ്ണ…യാത്ര കഴിഞ്ഞതല്ലേ കുളിച്ചുമാറി വയറു നിറയെ എന്തെങ്കിലും കഴിക്ക്…”

കിച്ചുവിന്റെ തന്നിലേക്കുള്ള നോട്ടം ശ്രെദ്ധിച്ച അമല കൃഷ്ണനെ ഒന്നു മാറ്റാൻ പതറിയ മനസ്സിന്റെ ഇടർച്ച സ്വരത്തിൽ വരാതെ പറഞ്ഞു.

“ഉം…നല്ല വിശപ്പുണ്ട് അമ്മയുടെ കൈകൊണ്ടു എന്തെങ്കിലും കഴിച്ചിട്ട് എത്രയായി, കൊതി തോന്നുവാ…”

കൃഷ്ണൻ സഞ്ചി തൂക്കി എഴുന്നേറ്റു.

വിശപ്പിനെക്കുറിച്ചു പറഞ്ഞ മകനെ ഓർത്തു അമലയുടെ ഹൃദയം വിങ്ങി കണ്ണിൽ നീര് പൊടിഞ്ഞു.

“നീരജയെ കണ്ടില്ലല്ലോ…അവൾ ഇവിടെ ഇല്ലേ…വീട്ടിലേക്കു പോയോ…. അവളെ കണ്ടു സംസാരിക്കണം മാപ്പു പറയണം, കൂട്ടിക്കൊണ്ടു വന്നു ഇനിയുള്ള കാലം അവളെ പോറ്റണം…”

“അതിന്..മോനെ നീരജ…”

സുമ പറയാൻ തുടങ്ങിയത് കണ്ടു ഭയന്ന അമലയുടെ മുഖം വിളറി വെളുത്തു.

“അമലേ…നീ കൃഷ്ണനെ അകത്തേക്ക് കൂട്ടി പോ, അവനു എന്തേലും ഭക്ഷണം കൊടുക്ക്, നിന്റെ കൈകൊണ്ടു എന്തെങ്കിലും കഴിക്കാൻ അവനു കൊതിയുണ്ടാവും…”

പെങ്ങളുടെ മുഖം പിടഞ്ഞത് കണ്ട രാഘവന്റെ വാക്ക് കേട്ടതും അമല കൃഷ്ണനെ ഒന്നു നോക്കി, അകത്തേക്ക് നടന്നു. എഴുന്നേറ്റു മുണ്ട് ഒന്നു കുടഞ്ഞുടുത്തു അമ്മയുടെ പുറകെ അനുസരണയോടെ കൃഷ്ണനും നടക്കുന്നത് കണ്ടു നിന്ന കിച്ചുവിന്റെ തോളിൽ രാഘവന്റെ കൈ തങ്ങി നിന്നു.

“മോനൊന്നു വാ…വല്യച്ഛനു കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”

രാഘവൻ എന്താവും പറയാൻ പോവുന്നത് എന്നു അറിയില്ലെങ്കിലും, അത് തന്നെയും ചക്കിയെയും തകർക്കുന്ന ഒന്നായിരിക്കരുതെ എന്നു പ്രാര്ഥിച്ചുകൊണ്ടു കിച്ചു അയാളുടെ ഒപ്പം നടന്നു.

“കിച്ചു….നിന്നോട് ഇപ്പൊ എന്തു പറയണം എന്ന് എനിക്ക് അറിഞ്ഞുകൂടാ…നിന്റെ അവസ്‌ഥ എന്താണ് എന്ന് എനിക്ക് മനസിലാവും,….പക്ഷെ….”

വല്യച്ഛൻ പറഞ്ഞു നിർത്തി ഒന്നു ശ്വാസം എടുത്ത സമയം കിച്ചുവിന്റെ ബോധം അറ്റ് പോവുമ്പോലെ തോന്നി. കേൾക്കാൻ പാടില്ലാത്തത് എന്തോ പറയാനുള്ള തയ്യാറെടുപ്പ് പോലെ നിശബ്ദത ചുറ്റും പരന്നു.

“ഇപ്പോൾ അവനോടു ഒന്നും പറയേണ്ട, നീരജയെ നീ കല്യാണം കഴിച്ചതോ ഒന്നും… അവൻ ഒന്നു പൊരുത്തപ്പെടാൻ ഉള്ള അവസ്‌ഥ എത്തുമ്പോൾ നയത്തിൽ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞോളാം…”

തോളിൽ കൈ വെച്ചു രാഘവൻ പറയുമ്പോൾ പ്രജ്ഞയറ്റവനെ പോലെ തലയാട്ടി കിച്ചു നിന്നു, ഉള്ളിൽ പുകയുന്ന നേരിപ്പൊട് പുറത്തേക്ക് വരാതെ അവൻ ചെറു ചിരിയാൽ മറച്ചു. തോളിൽ തട്ടി നടന്നു നീങ്ങുന്ന വല്യച്ഛനെ നോക്കി, മുറ്റത്ത് അവൻ ലോകം നഷ്ടപ്പെട്ടവനെ പോലെ നിന്നു.

അകത്തു കൃഷ്ണൻ അമല വിളമ്പി കൊടുത്ത ചോറ് വാരി ആർത്തിയോടെ കഴിക്കുകയായിരുന്നു.

“അമ്മേണ്ടാക്കിയ എല്ലാത്തിനും എന്ത് രുചിയ…. ഇതൊരിക്കൽക്കൂടി ഇങ്ങനെ വയറു നിറയെ ഉണ്ണാൻ പുണ്യം കിട്ടിയല്ലോ…”

കൃഷ്ണൻ പറഞ്ഞത് കേട്ട അമലയുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങി…മാത്ര്‌വാത്സല്യത്താൽ അവരുടെ കൈ അവർ പോലും അറിയാതെ കൃഷ്ണന്റെ മുടിയിലൂടെ ഒഴുകി നടന്നു.

“തെറ്റു മാത്രമേ ഞാൻ നിങ്ങളോടൊക്കെ ചെയ്തിട്ടുള്ളൂ, ഇനി എനിക്ക് കാണേണ്ടത് അവളെയ നീരജയെ…കാലു പിടിച്ചിട്ടാണെങ്കിലും അവളെ കൂട്ടിക്കൊണ്ടു വരണം, പൊന്നുപോലെ നോക്കണം…”

“അതിന് അവൾ ഇവിടെ ഉണ്ടല്ലോ…”

കൃഷ്ണൻ പറഞ്ഞതുകേട്ട സുമ എടുത്തടിച്ച പോലെ പറഞ്ഞതും കൃഷ്ണന്റെ നെറുകയിൽ ഓടിയ അമലയുടെ കൈ വിറച്ചു.

“എഹ്…എന്നിട്ട് എവിടെ…ഇത്ര നേരായിട്ടും അവളെ കണ്ടില്ലല്ലോ….ഞാൻ വന്നെന്നു അവൾ അറിഞ്ഞില്ലേ, അതോ എന്നോടുള്ള ദേഷ്യം കൊണ്ടാണോ…”

കൃഷ്ണൻ പെട്ടെന്ന് മുകളിലേക്ക് തങ്ങളുടെ മുറിയിലേക്കും അമലയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഉത്തരം പറയാനാവാതെ നാവു കുഴഞ്ഞു നിന്ന അമലയെ നോക്കി മറുപടിക്ക് കാത്തു നിന്ന കൃഷ്ണനെ തളർത്തിക്കൊണ്ടു സുമ തന്റെ കയ്യിലെ അവസാന ആണി ആഞ്ഞടിച്ചു.

“മോനെ…അവളിപ്പോൾ കിച്ചുവിന്റെ ഭാര്യയാ…നീരജയെ ഞങ്ങൾക്ക് കിച്ചുവിനെക്കൊണ്ടു കല്യാണം കഴിപ്പിക്കേണ്ടി വന്നു….”

“സുമേ….”

അലർച്ച പോലെ രാഘവന്റെ സ്വരം അവിടെ മുഴങ്ങി.

“നിന്റെ നാവാട്ടം നിർത്തിക്കൊ…”

“അതിനു ഞാൻ ഇല്ലാത്തത് വല്ലോം പറഞ്ഞോ…”

സുമ വീണ്ടും മുറുമുറുത്തു, എന്നാൽ രാഘവന്റെ കൂർത്ത നോട്ടം തന്നിലേക്ക് നീളുന്നതറിഞ്ഞ സുമ പതുങ്ങി അടുക്കളയിലേക്ക് കയറി.

കയ്യിൽ ഉരുട്ടിയെടുത്ത ഉരുള പാത്രത്തിലേക്ക് തന്നെ കയ്യിൽ നിന്ന് ഊർന്നു വീഴുമ്പോൾ കൃഷ്ണന്റെ കണ്ണു നിറയുന്നത് കണ്ട അമലയുടെ ഹൃദയം നുറുങ്ങി.

വിളിക്കാൻ ആഞ്ഞെങ്കിലും ഒരക്ഷരം മിണ്ടാതെ ഉണ്ട കൈ കഴുകാതെ പുറത്തേക്ക് നടന്ന കൃഷ്ണനെ കണ്ടു അമല സാരിതുമ്പെടുത്തു കൈമുറുക്കി പിടിച്ചു കസേരയിലിരുന്ന് കണ്ണീർ വാർത്തു.

“അമലേ….എന്താ നമ്മൾ ഇപ്പൊ ചെയ്യ…”

രാഘവൻ അമലയുടെ തോളിൽ പിടിച്ചു ചോദിച്ചു.

“എനിക്കറിയില്ല ഏട്ടാ….ആരുടെ കൂടെയാ ഞാൻ നിക്കാ…പറഞ്ഞു വരുമ്പോൾ ഈ പാതകം ചെയ്യിച്ചത് ഞാൻ തന്നെ അല്ലെ…”

നിലവിളി പോലെ അമലയുടെ ശബ്ദം ഇടറിയപ്പോൾ തോളിൽ തട്ടി രാഘവൻ പെങ്ങളെ ആശ്വസിപ്പിച്ചു.

“നീ മേലേക്ക് ചെന്നു മോളെ നോക്ക്, അവളെ തനിച്ചു വിടണ്ട….അവളുടെ അവസ്‌ഥ എന്തായിരിക്കും…”

അമലയെ എഴുന്നേൽപ്പിച്ചു നീരജയ്ക്ക് അടുത്തേക്ക് അയച്ചുകൊണ്ടു രാഘവൻ കസേരയിലേക്ക് ഇരുന്നു മുന്നിൽ വന്ന സമസ്യയ്ക്ക് ഉത്തരം തേടി.

കിച്ചു സർവ്വം തകർന്ന കണക്ക് വാതിൽപ്പടിയിൽ ചാരി കൃഷ്ണൻ കഴിച്ചു ബാക്കി വെച്ച പാത്രത്തിലേക്ക് നോക്കി നിന്നു, അവന്റെ മനസ്സ് മരവിപ്പ് അറിഞ്ഞു. തലയിൽ എന്തെന്നറിയാത്ത കനം വന്നു നിറഞ്ഞു.

“ഞാൻ പറയുന്നത് എന്താന്നു വെച്ചാൽ, നീരജ കൃഷ്ണന്റെ കൂടെ തന്നെ കഴിയട്ടെ…”

സുമ പറഞ്ഞതു കേട്ടതും കിച്ചു ഞെട്ടി അവരെ നോക്കി, അവന്റെ നെഞ്ചു പിളർന്നു വാള് കേറിയ മുറിവിൽ രക്തമൊഴുകി.

“നീ ഇതെന്താ സുമേ…കുട്ടി നിക്കുന്നത് കണ്ടില്ലേ…അവന്റെ ഭാര്യയാ ഇപ്പൊ പെണ്ണ്,….”

രാഘവൻ ഒച്ചയിട്ടു…

“ഇവര് തമ്മിൽ അങ്ങനെയൊരു സാഹചര്യത്തിൽ കെട്ടിയതല്ലേ ഏട്ടാ…പിന്നെ ഇവരിപ്പോഴും ഭാര്യഭർതൃ ബന്ധം ഒന്നും ഇല്ലെന്ന എനിക്ക് തോന്നണെ…ഇവർക്കിപ്പോഴും അതൊന്നും അംഗീകരിക്കാൻ കഴിഞ്ഞിട്ടിണ്ടാവില്ല, അല്ലേൽ എപ്പോഴെങ്കിലും ഇവരെ നമ്മൾ അങ്ങനെ കണ്ടിട്ടുണ്ടോ…എന്തേ കിച്ചു…”

അവനു നേരെ നീട്ടി അവർ ചോദ്യമെറിഞ്ഞപ്പോൾ നീരജ തന്റെയാണെന്നു പറയാൻ കിച്ചുവിന്റെ നാവു പൊന്തിയതും ഗോവണി കരയുന്ന സ്വരം കേട്ടു എല്ലാവരും നോക്കി. അമലയുടെ തോളിൽ ചാരി തന്റെ പ്രാണൻ മിഴികൾ നിറച്ചു ഇറങ്ങി വരുന്നത് കണ്ട അവൻ ഉരുകി ഒലിച്ചു.

നീരജയെ കൊണ്ടു വന്നു കസേരയിൽ ഇരുത്തി അമല ഗ്ലാസ്സിൽ വെള്ളം എടുത്തു കുടിപ്പിച്ചു. മൂക്ക് വലിച്ചുകൊണ്ട് അമല കൊടുക്കുന്ന വെള്ളം തളർന്നൊടിഞ്ഞു മുത്തി കുടിക്കുന്ന പെണ്ണിനെ കണ്ട കിച്ചുവിന് അവളോട്‌ സഹതാപവും വാത്സല്യവും തോന്നി.

Leave a Reply

Your email address will not be published. Required fields are marked *