മഴ കൊള്ളാതിരിക്കാൻ സ്റ്റാൻഡിനകത്തേക്ക് ഓടിയതും ഒരു കുടയുമായി പൂജ എന്റെ അടുത്തേക്ക് വന്നു.. എന്നാൽ അതിന്റെ ആവിശ്യമില്ലായിരുന്നു. അവളെ കണ്ടതും ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു സന്തോഷം അലതല്ലി.. അവളുടെ മുഖത്തും കാണാം. അവൾ ചെറുതായി തടിച്ചിരിക്കുന്നു.. കവിളൊക്കെ ചുവന്നിട്ടുണ്ട്.
“”നീ തടിച്ചല്ലോടാ “” എന്റെ ചിന്തകളെ തട്ടി അവൾ പറഞ്ഞു.
“”നീയോ ഒരു വലിയ പോത്തുപോലെയായിട്ടുണ്ട്..””
“”ആണോ.. ഞഞ്ഞായി..””
“”ഇനിയാ കുട മടക്കി വെക്ക് “”
“”എന്തെങ്കിലും കുടിക്കാം വാ “”
“”വേണ്ട, നമുക്കാദ്യം നാട്ടിലോട്ടുള്ള ബസ് എപ്പോഴാണെന്ന് ചോദിക്കാം “”
“”ഞാൻ ചോദിച്ചിട്ടുണ്ട്.. അരമണിക്കൂർ കഴിഞ്ഞുള്ളൂ “”
“”ഓഫീസിൽ എന്താ പറഞ്ഞെ?””
“”നാട്ടീന്നു ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞു.. കുറച്ചു നേരം കാലുപിടിച്ചു “”
“”Mm പേടിക്കണ്ട.. കുറച്ചുകൂടി കഴിയട്ടെ.. നമുക്ക് വേറെ നോക്കാം “”
“”സത്യത്തിൽ നിന്നെ കണ്ടപ്പോ ആ പഴയ ദിവസങ്ങൾ ഓർമ വരുന്നു “”
“”ശരിയാ.. മിസ്സ് ചെയ്യുന്നു.. മറ്റുള്ള ടീമിനോക്കെ വിളിക്കാറുണ്ടോ?””
“”എവിടെ.. ആകെയുള്ള കോൺടാക്ട് നീ മാത്രമേയുള്ളു “”
“”ഞാനും അതേ… ഇതേതാ ചുരിദാർ ഞാൻ കണ്ടിട്ടില്ലല്ലോ “”
“”അതിന്നലെ വാങ്ങിയതാ “”
“”പിന്നെന്താ ഇന്ന് ഇട്ടേ “”
“”നിന്നെയൊന്നു കാണിക്കാമെന്നു കരുതി. എങ്ങനെയുണ്ട് കൊള്ളാമോ?””
“”നീ പിന്നെ ഏതിട്ടാലും സുന്ദരിയല്ലേ പെണ്ണെ..””
“”ഓഹ് സുഖിച്ചു.. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ “”
“”അതൊക്കെ എന്നും ഫോണിലൂടെ പറയുന്നതല്ലേ “”
“”എന്ന് കരുതി 3 മാസമായില്ലേ നേരിൽ കണ്ടിട്ട്””
“”എന്ന് കരുതി പറഞ്ഞത് തന്നെ പറയണമെന്നുണ്ടോ?””
“”സ്വഭാവത്തിനൊരു മാറ്റവുമില്ല. തർക്കുത്തരം തന്നെ എപ്പോഴും..””
“”ഹമ്.. പിന്നെ “”
“”പിന്നെന്ത് ഒന്നുല്ല.. എന്തായാലും നിന്നെ കാണാൻ സാധിച്ചല്ലോ.. ശരിക്കും ഒരു ഓഫീസിൽ ആയിരുന്നേൽ അടിച്ചുപൊളിച്ചു വർക്ക് ചെയ്യാമായിരുന്നു ലെ “”
“”നമുക്ക് ട്രാൻസ്ഫർ അപ്ലൈ ചെയ്തുനോക്കാം. 6 മാസം കംപ്ലീറ്റ് ആവട്ടെ.. “”
“”Mm.. “”
“”ആ ഇതുപിടിച്ചോ “” കയ്യിലെ ബാഗിൽ നിന്നും ഒരു പാക്കറ്റ് ഡയറി മിൽക്ക് അവൾക്കു നൽകി കൊണ്ടു ഞാൻ പറഞ്ഞു.
“”ഐവ.. നീയപ്പോ മറന്നിട്ടില്ലല്ലേ.. “”
“”എങ്ങനെ മറക്കും.. ട്രൈനിങ്ങിന്റെ അന്ന് ഇതിനു വേണ്ടി കൊതിച്ചത് ഞാനൊരുപാട് കണ്ടതാ “”
“”ശെടാ നിനക്ക് ഞാനൊന്നും വാങ്ങിയില്ലല്ലോ “”
“”ഏയ് ഒന്നും വേണ്ട. റിസ്ക് എടുത്ത് നീ വന്നല്ലോ അത് തന്നെ ധാരാളം “” പറഞ്ഞു തീർന്നതും എനിക്ക് പോകാനുള്ള ബസ് വന്നു നിന്നു.
“”ടാ കയറിക്കോ. അല്ലെങ്കിൽ സീറ്റ് കിട്ടില്ല.. “”
അവൾ പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.
“”ശരി കാണാം..”” അവൾക്കു നേരെ കൈ നീട്ടി ഞാൻ പറഞ്ഞു.
“”എത്തിയിട്ട് വിളിക്ക്.”” ചിരിക്കാൻ ശ്രമിച്ചുകൊണ്ടവൾ എന്റെ കയ്യിൽ പിടിച്ചു.
അവളുടെ കയ്യിൽ പിടിച്ചപ്പോൾ നല്ല സുഖമുള്ള തരിപ്പ് എനിക്ക് അനുഭവപ്പെട്ടു. പെയ്യുന്ന മഴയിൽ ഞങ്ങളുടെ കൈകൾ ചൂടുള്ളതായി തോന്നി. പരസ്പരം നോക്കി നിൽക്കുന്ന ഞങ്ങളിൽ നിന്നും ചിരി മാഞ്ഞു. കൈകൾ വിടാൻ ശ്രമിക്കുമ്പോൾ ഒരു വിങ്ങൽ ഞങ്ങളിൽ അനുഭവപ്പെട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നോ എന്നൊരു സംശയം. ഞാൻ അത് ശ്രദ്ധിക്കാതെ പോയി. ചിലപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല. അകലാൻ പറ്റാത്ത ഒരടുപ്പം അവളിൽ എനിക്കുണ്ട്.. പ്രേമമാണോ ഇഷ്ടമാണോ ഒന്നും അറിയില്ല. പുറമെ നിന്നു നോക്കുന്നവർക്ക് എല്ലാം മനസിലാവും. പക്ഷെ ഞങ്ങൾക്ക് അറിയില്ല. അരികിലെ സീറ്റിൽ ഇരിക്കുമ്പോൾ കാണുന്ന അവളുടെ മുഖം കണ്ണിൽ നിന്നു മറയുവോളം നോക്കിനിന്നു. അവളും ഒരേ നിൽപ്പായിരുന്നു.
കാലം കരുതിവച്ചതെന്തോ അതതിന്റെ വഴിക്കു പോവും.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. ജോലിയിൽ പ്രവേശിച്ചിട്ട് ഇന്നേക്ക് 7 മാസം കഴിഞ്ഞു. ഞങ്ങൾ ട്രാൻസ്ഫറിനു അപേക്ഷിച്ചു. പക്ഷെ ഈയടുത്തൊന്നും കിട്ടുന്ന ലക്ഷണമില്ല. പിന്നെയെന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയാണ് ഞാൻ. വെറുതെ താഴെയിറങ്ങി ഒരു ചായ കുടിച്ചു. അവിടെയുള്ള ഒരു പയ്യനെ ഞാൻ ശ്രദ്ധിച്ചത്. ഇത്രേം ദിവസം വന്നിട്ടും അവനെ ഞാൻ കണ്ടില്ല.
