ഒരു പ്രണയ കഥ 29

“”ആലോചിക്കാം..””

“”ആലോചിക്കാന്നോ “” അവളൽപ്പം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.

“”അല്ല വിളിക്കാന്ന്.. നീയൊന്നു പോയെ.. ഞാനിതൊന്നു ശരിയാക്കട്ടെ.. “” കയ്യിലെ പൂക്കൾ അവളോട്‌ സംസാരിക്കുന്നതിനിടയിൽ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല..

ഒരുപാട് ദിവസം ട്രൈനിങ്ങിനിടയിൽ ഒരുമിച്ചു ഒരു ഗ്രൂപ്പിൽ ആയതും എല്ലാം വാശിയോടെ മത്സരിച്ചു ഞങ്ങൾ ജയിച്ചതും ഇടയ്ക്കിടെ എന്റർടൈൻമെന്റ് ആയി ഫാഷൻ ഷോ നടത്തിയതും എല്ലാം എല്ലാം ഓർമകളിലെ വിലപ്പെട്ട പേജുകളിൽ എഴുതി ഞങ്ങൾ മൂന്നാറിലെ തണുപ്പിനോട് വിടപറഞ്ഞു. ഒരു പ്രത്യേക സുഖമാണ് പൂജയുടെ കൂടെ നടക്കുമ്പോൾ. ഞങ്ങൾ ഭയങ്കര കെമിസ്ട്രി ആണെന്ന് എല്ലാരും പറഞ്ഞു.. അവളോടെനിക്ക് പ്രേമമൊന്നുമില്ല. സൗഹൃദം.. അത്രേയുള്ളൂ.. അവൾക്കെന്നോടും അത് മാത്രമേയുള്ളു എന്നാണ് എന്റെ വിശ്വാസം. ഫാസിൽ എന്ന് പേരുള്ള ഞാൻ പൂജ എന്ന് പേരുള്ള അവളെ പ്രേമിക്കുക എന്നുള്ളത് ലോജിക്കെയല്ല.. നമുക്ക് ചിലപ്പോൾ പ്രശ്നമിണ്ടാവില്ല.. കാണുന്നവർക്ക് മാത്രമായിരിക്കും പ്രശ്നം.

എല്ലാവരും പരസ്പരം യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ജസ്റ്റ്‌ ഒന്ന് പുഞ്ചിരിച്ചു പരസ്പരം നോക്കി തലയാട്ടി.. പോവുന്നു പിന്നെ കാണാം എന്നുള്ള ചെറിയ വാക്കുകൾ പോലും പറയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വീണ്ടും ഇങ്ങനെയുള്ള ദിവസങ്ങൾ വന്നെങ്കിൽ..

ദിവസങ്ങൾക്കു ശേഷം വീട്ടിൽ ചെന്നു കയറുന്ന സന്തോഷം വേറെയുണ്ടെനിക്ക്. ബസ് നിർത്തി 100 മീറ്റർ മാത്രമുള്ള വീട്ടിലേക്കു നടന്നു ചെല്ലുമ്പോൾ എനിക്ക് കിട്ടിയ സ്വീകരണം വലുതായിരുന്നു. ഒറ്റമോനായ പറമ്പിൽ അസീസിന്റെയും ആസിയയുടെയും മകനെ അവർ പൊന്നുപോലെയാണ് നോക്കുന്നത്. അത് കൊണ്ടു തന്നെയാണ് ഒരു ജോലി ലഭിക്കാൻ ഇത്രെയും താമസിച്ചത്. കയറി ചെല്ലുമ്പോൾ മുറ്റത്തേക്കിറങ്ങി വന്ന ഉമ്മ എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചു. ഉപ്പാക്ക് ഒരു സലാം പറഞ്ഞുകൊണ്ട് പോർച്ചിൽ നിർത്തിയിട്ട എന്റെ ബൈക്കിൽ ഞാനൊന്നു കയ്യോടിച്ചു. 1986 മോഡൽ ബുള്ളെറ്റ്!!. ഇപ്പോഴും കണ്ടാൽ പുതിയതാണെന്നെ പറയൂ. അങ്ങനെയാണ് ഞാനവനെ കൊണ്ടു നടക്കുന്നത്..

അകത്തു ചെന്നു വസ്ത്രം മാറിയ ശേഷം കഴിക്കാനിരുന്നു. ഉമ്മാന്റെ കൈകൊണ്ടു ഉണ്ടാക്കിയ നല്ല നാടൻ സാമ്പാറും പൊരിച്ച കഷ്ണമീനും.. കണ്ടപ്പോഴേ വായിൽ വെള്ളമൂറി.. മതി നിർത്തിക്കോ.. എന്ന് സ്വന്തം വയറു പറഞ്ഞപ്പോൾ മാത്രമാണ് നിർത്തിയത്.. പിന്നെ കിടക്കാനൊന്നും നിന്നില്ല.. ഹാളിലെ ആണിയിൽ തൂക്കിയിട്ട ബുള്ളറ്റിന്റെ ചാവിയെടുത്തു.. ഒറ്റയടിക്ക് സ്റ്റാർട്ട്‌ ആയി.. ഇടതുകാലിലെ ഗിയർ മാറ്റിയ ശേഷം ഉമ്മയോട് സലാം പറഞ്ഞു നേരെ നാട്ടിലെ ക്ലബ്ബിലേക്ക്..

ഇന്ന് ഞായർ ആണ്. എല്ലാവരും ഉണ്ടാവും. ചെന്നപ്പോൾ എല്ലാവരും ഉണ്ട്.. കാരംസ് കളിയിലാണ്. ഞാനും ചെറുതായി കളിക്കും. എങ്കിലും നാട്ടിലെ പുലികൾ വേറെയുണ്ട്. ക്ലബ്ബിന്റെ പുറകിൽ പൊളിഞ്ഞു ചാടാനായ ഒരു മുറിയുണ്ട്.. അവിടെയാണ് ചില വിരുതമ്മാർ വെള്ളമടിക്കുന്നതും സിഗരറ്റ് കഴിക്കുന്നതും.. എന്നിട്ട് കുപ്പിയൊക്കെ അപ്പുറത്തെ പറമ്പിൽ ഒഴിഞ്ഞു കിടക്കുന്ന പൊട്ടകിണറിലേക്ക് എറിയും.. വയസ്സായ ചില ആളുകൾ പത്രത്തിൽ മുഴുകിയിരിക്കുന്നു. പ്രായം എത്താത്ത പിള്ളേർ ബൈക്ക് ഓടിക്കുന്നതും നോക്കി ചിലർ മൊബൈലിൽ കളിക്കുന്നു. ഇതുവരെ പണിയൊന്നും ആവാത്ത അല്ലെങ്കിൽ പണിക്കു പോവാത്ത ചിലർ ഗോലി കളിക്കുന്നു.. എല്ലാം വൈകുന്നേരങ്ങളിലും സ്ഥിരമായ കാഴ്ച.

എന്നെ കണ്ടതും അടുത്ത കൂട്ടുകാർ വിശേഷങ്ങൾ തിരക്കി. ഞാൻ അവർക്കു ഫോട്ടോസ് എല്ലാം കാണിച്ചു. Psc എഴുതാൻ വേണ്ടി തലേ ദിവസം മാത്രം പഠിക്കുന്ന ഉടായിപ്പ് കൂട്ടുകാർ ആഭ്യന്തര ചർച്ചകളിൽ മുഴുകി. വഴിയരികിൽ ചിതറി കിടക്കുന്ന ഹാൻസിന്റെ പാക്കറ്റുകളിൽ ചവിട്ടി നീർത്തിയിട്ട ഇലക്ട്രിസിറ്റി പോസ്റ്റ്‌ കാലിൽ ഞാനും അവരും ഇരുന്നു. അവർ വെള്ളമടിക്കുള്ള കട്ടയിടുകയാണ്.. ചിലർ ഓസിനു try ചെയ്യുന്നുണ്ട്.. വാട്സാപ്പിൽ വന്ന മെസ്സേജിന്റെ ശബ്ദം കേട്ടാണ് ഞാൻ അവരോടുള്ള സംസാരം നിർത്തിയത്. പൂജയാണ്..

Leave a Reply

Your email address will not be published. Required fields are marked *