ഒരു ബ്ലാക് മെയിലിങ് അപാരത 1

 

“അല്ല അവിടെ അത്യാവശ്യം ആളുണ്ട്, ഇവിടുത്തെ ഈ കാര്യം കഴിഞ്ഞാൽ നേരെ അങ്ങു ചെല്ലാമല്ലോ?”…

 

” ഹോ.. ഇതാണ് ഇക്കയ്ക്ക് ജോസേട്ടനോട് ഇത്ര സ്നേഹം.. ഇങ്ങനെ കടയെന്നു പറഞ്ഞു മരിക്കല്ലേ ജോസേട്ടാ.. കുറച്ചു നേരമ്പോക്ക് കൂടി വേണ്ടേ. ”

 

“കുഞ്ഞിന് അത് പറയാം.. ഇവിടുന്നു കിട്ടുന്ന ശമ്പളം കൊണ്ടാണ് ഞാനും എന്റെ കുടുംബവും കഞ്ഞി കുടിച്ചു കഴിയുന്നത്.. ഈ ജോലിയെന്റെ ചോറാണ്. അപ്പോൾ ഇത്തിരി ആത്മാർത്ഥത വേണ്ടേ.” വളരെ സത്യസന്ധമായ രീതിയിലുള്ള ആ സംസാരം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു കേറി വന്നു..

 

ദേഷ്യം ഞാൻ കടിച്ചു പിടിച്ചു..

“എന്നാൽ ഞാൻ ചേട്ടന്റെ ചോറിലെ ആത്മാർത്ഥത കുറച്ചു കാണുന്നില്ല…”

 

ഞാൻ ഒന്ന് നിവർന്നിരുന്നു.. പിന്നെ കൈകൾ വശങ്ങളിലേക്ക് ഒന്ന് വലിച്ചു വിട്ടു.

 

” അപ്പൊ ജോസേട്ടാ ഞാൻ വിളിച്ച കാര്യം, കഴിഞ്ഞയാഴ്ച എന്റെ ഫ്രണ്ട് വന്ന് നമ്മുടെ ഷോപ്പിൽ നിന്നും പർച്ചേസ് നടത്തിയിരുന്നു.. ജോസേട്ടൻ ആയിരുന്നു കൗണ്ടറിൽ.. അവന് ഡിസ്‌കൗണ്ട് കൊടുത്തില്ല എന്ന് എന്നെ വിളിച്ചു പറഞ്ഞു.. ”

 

“അയ്യോ കുഞ്ഞേ ആൾ മോന്റെ പേര് പറഞ്ഞിട്ടുണ്ടാവില്ല. പറഞ്ഞാൽ ഉറപ്പായും ജോസേട്ടൻ ഡിസ്‌കൗണ്ട് കൊടുത്തേനെ.”

 

“ഹാ.. ഞാൻ മുഴുവനും പറയട്ടെ ജോസേട്ടാ ഇടയിൽ കയറാതെ..”

 

“അയ്യോ.. സോറി മോനെ.. മോൻ പറഞ്ഞോ..”

 

“ആ അങ്ങനെ അവൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ എന്റെ കൈയിൽ നിന്ന് അവന് ഒരു ആയിരം രൂപ ഡിസ്‌കൗണ്ട് കൊടുത്തു.. പക്ഷേ അത് ബില്ലിൽ ഇല്ലാത്ത കൊണ്ട് എനിക്ക് ഇവിടുന്ന് എടുക്കാനും പറ്റുന്നില്ല.. ഞാൻ എന്തു ചെയ്യണം എന്ന് അറിയാന ജോസേട്ടനെ വിളിച്ചത്. ” ഞാൻ പറഞ്ഞു നിർത്തി…

 

“ഷേയ്യ്.. ഈ നിസ്സാര കാര്യത്തിനാണോ കുഞ്ഞു വിഷമിക്കുന്നത്. ആ കൂട്ടുകാരനോട് ആ ബില്ലിന്റെ ഒരു ഫോട്ടോ അയച്ചു തരാൻ പറ.. ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം..” വളരെ നിസ്സാര ഭാവത്തിൽ അയാൾ പറഞ്ഞു.

 

“ദാ ഇതാണ് ബില്ല് ” ഞാൻ വാട്സാപ്പിൽ ഉള്ള ബില്ലിന്റെ ഫോട്ടോ കാണിച്ചു.

 

“മോനത് എന്റെ നമ്പറിലേക്കിട് ഞാൻ കടയിൽ ചെന്ന് ശരിയാക്കിയിട്ട് വിളിച്ചു പറയാം.”

 

“കടയിൽ പോകണ്ട, ഈ ലാപ്പിൽ കടയുടെ ആക്സസ്സ് ഉണ്ട്. “. ഞാൻ എന്റെ ലാപ്ടോപ് അയാളുടെ നേർക്കുന്തി വച്ചു.

 

അയാൾ ചിരിച്ചു കൊണ്ട്, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ലാപ്ടോപ് ൽ ബില്ലിംഗ് ഓണാക്കി ഞാൻ കാണിച്ച ബില്ലിലെ ഇൻവോയ്‌സ്‌ എന്റർ ചെയ്തു.. ആ നിമിഷം തന്നെ അയാളുടെ ചിരി മങ്ങി.. കണ്ണുകളിൽ ഭയം നിറഞ്ഞു… വിറച്ചു കൊണ്ട് എന്നെ നോക്കി..

 

“ശരിയായോ? ” ഞാൻ ഗൗരവത്തോടെ ചോദിച്ചു.

 

“ഇല്ല.. ഇപ്പോൾ ആക്കാം.” അയാൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. കൈ ഉയർത്തി നെറ്റിയിലെ വിയർപ്പു തുടച്ചു.

 

“ഇതെന്താ.. ജോസേട്ടന് ബി പി ഉണ്ടോ? വിയർക്കുന്നു..” ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് ചെന്ന് അയാൾക്ക് അഭിമുഖമായി മേശയിൽ ചാരി വശത്തു നിന്നു….

 

കീ ബോർഡിൽ ഇരുന്നയയാളുടെ കൈകൾ വിറച്ചു.

 

“എന്താ ജോസേ പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ട് ഇങ്ങനെ ഇരിക്കുന്നത്?..” എന്റെ ഭാവം മാറി.

 

ജോസേട്ടാ എന്ന് വിളിച്ച് കേട്ട് ശീലിച്ചയാൾ പെട്ടെന്ന് പേര് വിളിക്കുന്ന കേട്ടപ്പോൾ അമ്പരന്ന് പോയി.. അയാൾ പകപ്പാടോടെ എന്നെ നോക്കി..

 

“എന്താ ശരിയാക്കാൻ പറ്റാത്തത്? ” ഞാൻ ശബ്ദമുയർത്തി..

 

“അത്.. ബില്ല്.. ആ ബില്ല് കാണുന്നില്ല…” അയാൾ വിറച്ചു കൊണ്ട് പറഞ്ഞു.

 

“അതെങ്ങനെ ശരിയാകും, ജോസേ അന്ന് പൈസ കറക്റ്റ് ആയിരുന്നു, ബില്ല് കാണുന്നില്ലെങ്കിൽ ആ പൈസ കൂടുതൽ കാണേണ്ടതല്ലേ. അങ്ങനെ കൂടുതൽ ഉണ്ടാരുന്നോ?” ഞാൻ അയാളെ തറപ്പിച്ചു നോക്കി..

 

ഭയം കൊണ്ട് അയാൾ വിളറി വെളുത്തിരുന്നു. തന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്നയാൾക്ക് ബോധ്യമായി..

“ഉത്തരം പറയെടോ…” ഞാൻ കൈ ചുരുട്ടി മേശമേൽ ആഞ്ഞിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *