കണ്ണന്റെ അനുപമ – 9

“കേറിക്കോ കുട്ട്യേ… “

അവളുടെ അടുത്തെത്തി കൃഷ്ണേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

മറുത്തൊരക്ഷരം പറയാതെ അവൾ വണ്ടിയിൽ കയറി.

“ഓട്ടം വിളിച്ചിട്ട് വെറുതെ നടക്കുന്നതെന്തിനാ മോളെ..
ഞാൻ അങ്ങോട്ട് വരില്ലായിരുന്നോ ?

മിററിലൂടെ നോക്കി ചിരിച്ചു കൊണ്ട് കൃഷ്ണേട്ടൻ ചോദിച്ചു.

“ഞാൻ വിളിച്ചില്ലല്ലോ കൃഷ്ണേട്ടാ…. “

ഇയാളിതെന്താ പറയുന്നേ എന്നായിരുന്നു അവളുടെ മനസ്സിൽ

“മോളല്ലാ കണ്ണൻ വിളിച്ചു പറഞ്ഞിരുന്നു..

ഓട്ടോയിൽ നിന്ന് ചാടിയാലോ എന്നാണ് അമ്മുവിനെപ്പോൾ തോന്നിയത്. കോന്തന്റെ ചീപ്പ് ഷോ. അവന് മിണ്ടാൻ സൗകര്യമില്ല. തെണ്ടി !

വരട്ടെ, കുഞ്ഞൂന്ന് വിളിച്ച് പിന്നാലെ നടക്കും അവൻ. അല്ലെങ്കിൽ നടത്തിക്കും അമ്മു ഹും.. !

അങ്ങാടിയിൽ എത്തുന്നത് വരെ കൃഷ്ണേട്ടൻ അവളോട് ഓരോന്ന്
ചോദിച്ചു കൊണ്ടിരുന്നു.അയാൾക്കാണോ സംസാരിക്കാൻ വിഷയത്തിന് ബുദ്ധിമുട്ട്?. തറവാട്ടിലെ എല്ലാരേയും അവളെക്കാൾ വ്യക്തമായിട്ട് അയാൾക്കറിയാം.

” ഇവിടെ നിർത്തിയാ മതി”

അങ്ങാടിയിൽ എത്തിയപ്പോൾ അവൾ അയാളെ തോണ്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും പേഴ്സിൽ നിന്ന് അൻപത് രൂപ എടുത്തവൾ കയ്യിൽ ചുരുട്ടി പിടിച്ചിരുന്നു.

“മോളെ വീട്ടിലാക്കാനാ അവൻ പറഞ്ഞേക്കുന്നെ…
വഴി പറഞ്ഞു തന്നാ മതി… ”

അവളെനോക്കി പറഞ്ഞുകൊണ്ട്
അയാൾ വീണ്ടും വണ്ടി ഓടിച്ചു.

“മുത്തപ്പാ വീട്ടിലേക്കെത്തുമ്പോഴേക്കും പത്തഞ്ഞൂറു രൂപയാവും. എന്റെ കയ്യിലില്ല. വിളിച്ചൊര് തന്നെ കൊടുത്തോട്ടെ..
നാറി…ചെറ്റ, പട്ടി, തെണ്ടി….

അവൾ അവനെ ഓർത്തു കൊണ്ട് ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് വഴിയോര കാഴ്ചകളിലേക്ക് നോട്ടം പായിച്ചു.

അച്ഛമ്മയോടൊപ്പം ചൂൽ നിർ മാണത്തിലാണെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു. പെണ്ണ് വീട്ടിൽ എത്തിയോ ഇല്ലേന്ന് ഒരു പിടിയും ഇല്ലാ. സഹികെട്ട് അവൾക്ക് ഡയൽ ചെയ്തു പക്ഷെ ആദ്യത്തെ റിങ്ങിനു മുന്നേ തന്നെ കട്ടാക്കി.
ഹും കണ്ണന്റെ പട്ടി വിളിക്കും ആ വഞ്ചകിയെ…

മനസ്സമാധാനം കിട്ടുന്നില്ലല്ലോ. അതിനിടെ അച്ഛമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതിനൊക്കെ ഞാൻ പരസ്പര ബന്ധമില്ലാതെ മറുപടിയും കിട്ടി.
ഗത്യന്തരമില്ലാതെ ചിന്നുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

“പുതിയ പ്രശ്നം എന്താടാ..?

ഫോണെടുത്ത ഉടനെ അവൾ ചോദിച്ചു.

“ഡീ അമ്മു ഒറ്റക്ക് വീട്ടിലേക്ക് പോയതാ. നീ പെട്ടന്ന് അവളെ വിളിച്ച് എവിടെത്തീന്ന് ചോദിച്ചേ.
എനിക്കൊരു സമാധാനം ഇല്ലാ…

“ആ ഇപ്പൊ ചോദിക്കാം…
ഇവറ്റകളെക്കൊണ്ട് സ്വസ്ഥത ഇല്ലാലോ ദൈവമേ.. .. “

അവൾ നുള്ളിപൊറുക്കി കൊണ്ട് ഫോൺ വെച്ചു.

അൽപ്പ സമയത്തിന് ശേഷം അവൾ തിരിച്ചു വിളിച്ചു.

“എന്തായെടീ അവൾ പണ്ടാരമടങ്ങിയോ…?

ഞാൻ കുറച്ച് ജാഡ കാണിച്ചു..

“വീട്ടിലെത്തീട്ട്ണ്ട്…..

“അത് പറയുമ്പോ എന്താ നിനക്കൊരു ഉന്മേഷം ഇല്ലാത്തെ..?

അവളുടെ ശബ്ദത്തിലെ തളർച്ച ശ്രദ്ധിച്ച ഞാൻ ചോദ്യമുയർത്തി.

“ആ തെണ്ടീടെ ഏജന്റായിട്ട് വർക്ക്‌ ചെയ്യാൻ നാണം ഇല്ലേന്ന് ചോദിച്ചു ആ ദുഷ്‍ട….!

അവൾ ചമ്മലോടെ പറഞ്ഞു.

അങ്ങനെ രണ്ട് ദിവസങ്ങൾ കൂടെ കഴിഞ്ഞു.തള്ളി നീക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി. രണ്ട് പേരും ഒരു ഫോൺ പോലും ചെയ്തില്ല.എന്റെ അവസ്ഥ ഭീകരമായിരുന്നു.എനിക്കവളെ കാണാതെ നിക്കാൻ വയ്യാ എന്ന അവസ്ഥയായി. പക്ഷെ എന്ത് ചെയ്യും അവളുടെ വീട്ടിലേക്ക് കയറി ചെന്നാൽ കാളിയുടെ പെരുമാറ്റം എന്താവും എന്നുറപ്പില്ല. അങ്ങനെ ആകെ വീർപ്പു മുട്ടി കഴിഞ്ഞു കൂടുകയാണ്. അമ്മു തറവാട്ടിൽ ഇല്ലാത്തത് കൊണ്ട് അച്ഛമ്മയെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയി. അവിടെ ആവുമ്പോൾ പാചകത്തിനും വാചകത്തിനും ലച്ചു ണ്ടല്ലോ. സന്ധ്യക്ക് ഞാൻ ഉമ്മറത്ത്‌ ലച്ചുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്. അച്ഛമ്മ കുറച്ചപ്പുറത്ത്‌ ചാരു കസേരയിൽ ഇരിപ്പുണ്ട്.

“എനിക്കവളെ കാണാതെ പറ്റണില്ല ലച്ചൂ……’

മനസ്സിലെ വിങ്ങൽ സഹിക്കാതായപ്പോൾ ഞാൻ മുഖമുയർത്തി അമ്മയെ നോക്കിപറഞ്ഞു.

ഒക്കെ സ്വയം വരുത്തി വെച്ചതല്ലേ..?

അമ്മ പുച്ഛത്തോടെ എന്നെ നോക്കി.

“അപ്പൊ അവള് ചെയ്തതോ…?

എത്ര മറക്കാൻ ശ്രമിച്ചിട്ടും അവളുടെ ആ ചെറ്റത്തരം എന്റെ മനസ്സീന്ന് പോവുന്നുണ്ടായിരുന്നില്ല.

“അവളല്ലെന്ന് പറഞ്ഞില്ലേ നിന്നോട്.. !

ലച്ചുവിന്റെ ശബ്ദം ഉയർന്നു.
“പിന്നെ അശരീരി കേട്ടതായിരിക്കും..
മരുമോളെ ന്യായീകരിക്കാൻ എന്താ ഉത്സാഹം.. “

എനിക്കാ ന്യായീകരണം തീരെ ഇഷ്ടപ്പെട്ടില്ല.

“നീയിങ്ങു വന്നേ പൊട്ടാ…

ലച്ചു എന്നെ എണീപ്പിച്ച് അകത്തേക്ക് കൊണ്ട് പോയി റൂമിലെത്തിയപ്പോൾ ലച്ചു എന്റെ നേരെ തിരിഞ്ഞു നിന്നു.

“നീ വിചാരിക്കുന്ന പോലെ അമ്മു അല്ല എന്നെ നിങ്ങടെ ബന്ധം അറിയിച്ചത്… !

പിന്നെ?

അതറിയാനുള്ള ആകാംഷ എന്നിൽ നുരഞ്ഞു പൊന്തി

“ദേ ഉമ്മറത്ത്‌ ചാരുകസേരയിൽ കെടക്ക്ന്ന ആ മൊതലില്ലെ.
അതാണ്‌ എന്നോടെല്ലാം പറഞ്ഞത്…..

അച്ഛമ്മയോ….!

ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ എനിക്ക് തോന്നി.

“ആ അച്ഛമ്മ തന്നെ. അതേതാ ഐറ്റം ന്ന് എന്റെ കുട്ടിക്ക് അറിയൂല…..

ലച്ചു അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി..

വല്ലാത്ത ജാതി.ഞങ്ങളുടെ പ്രണയലീലകൾ എല്ലാം അച്ഛമ്മ അറിഞ്ഞിരുന്നു എന്നത് എനിക്കൊരു ഷോക്കായിരുന്നു. കുറ്റം പറയാൻ പറ്റില്ല എല്ലാം മറന്നുള്ള അനുരാഗ വേളകളിൽ അങ്ങനെ ഒരാൾ ആ വീട്ടിലുണ്ടെന്ന് തന്നെ ഞങ്ങൾ പലപ്പോഴും മറന്നിരുന്നു.വയസ്സായവരെ പറ്റിക്കാമെന്ന് കരുതുന്നവരാണ് അപ്പൊ ശരിക്കും വിഡ്ഢികൾ !
ഞാൻ മനസ്സിലോർത്തു.

“പിന്നെ പിറന്നാളിന്റെ അന്ന് ഞാൻ നേരിട്ട് കാണേം ചെയ്തല്ലോ രണ്ടിന്റേം നോട്ടവും ചിരിയും ”

എന്നെ കൂടുതൽ തളർത്തിക്കൊണ്ട് ലച്ചു തുടർന്നു.

“അവൾക്കൊന്നും അറിയില്ലായിരുന്നെടാ. അവളിവിടെ വരുന്നതിന്റെ തലേന്ന് ഞാൻ അതിനെ വിളിച്ച് ഭീഷണിപെടുത്തിയതാ. പറഞ്ഞ പോലെ അനുസരിച്ചില്ലെങ്കിൽ കല്യാണത്തിന് സമ്മതിക്കൂലെന്ന് പറഞ്ഞപ്പഴാ പാവം ഇതിന് കൂട്ടുനിന്നത്… “

ലച്ചു കുറ്റബോധത്തോടെ പറഞ്ഞു നിർത്തി.

അത് കേട്ടതോടെ എന്റെ അവസ്ഥ ദയനീമായിരുന്നു. ആ പാവത്തിനെ തല്ലി പോയല്ലോ ദൈവമേ…

“എനിക്കെന്റെ കുഞ്ഞിനെ നാളെ രാവിലെ ഇവിടെ കാണണം.
നീ എന്ത് ചെയ്തിട്ടായാലും വേണ്ടില്ല. !
എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ലച്ചു ശബ്ദമുയർത്തി.

“ഞാനവളേം കൂട്ടി വരാം… !

ഉമ്മറത്തേക്ക് ഓടുന്നതിനിടെ ഞാൻ ലച്ചുവിനോടായി വിളിച്ച് പറഞ്ഞു.ഉമ്മറത്ത്‌ എത്തി ഒരു നിമിഷം ഞാൻ ചാരു കസേരയിൽ കണ്ണടച്ചിരിക്കുന്ന അച്ഛമ്മയെ ഒന്ന് നോക്കി.

അഭിനയത്തിന് വല്ല അവാർഡും തരണം ലക്ഷ്മിക്കുട്ടീ നിങ്ങക്ക്. അജ്ജാതി ആക്ടിങ് അല്ലായിരുന്നോ..
അച്ഛമ്മയെ നോക്കി ഞാൻ മനസ്സിൽ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *