കണ്ണന്റെ അനുപമ – 9

“കാര്യം പറയാൻണ്ട് ഇവിടെ കെടന്ന് മോങ്ങിയ മോന്തക്ക് ഞാനൊന്ന് തരും !

ലച്ചു എന്റെ നേരെ കയ്യോങ്ങി..

“അമ്മേനോട് പറയെടാ… ”

പിന്നെ എന്റെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു.

“ഞാൻ പറയാം. പക്ഷെ എന്നെ തല്ലിയാലും കൊന്നാലും കൊഴപ്പല്ല പക്ഷെ എന്നോട് മിണ്ടാതിരിക്കൂലാന്ന് ലച്ചു വാക്ക് തരണം.. ”

“ഓ ശരി. പക്ഷെ ചട്ടുകം പഴുപ്പിച്ച്
ഞാൻ ചന്തിക്ക് വെക്കും.
വല്ല കുരുത്തക്കേടും ഒപ്പിച്ചോ നാറി നീ….

ലച്ചു എന്റെ മുഖം പിടിച്ചുയർത്തി കണ്ണിലേക്കു നോക്കി.

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ലച്ചു എന്നേം വലിച്ച് റൂമിലേക്ക് പോയി കട്ടിലിൽ ചാരി ഇരുന്ന് കാല് നീട്ടി. എന്നിട്ടെന്നേ മടിയിലേക്ക് ക്ഷണിച്ചു. പണ്ട് മുതലേ ഉള്ള ശീലം ആണത്. ആ മടിയിൽ കിടന്നാണ് ഞാൻ എന്റെ പരാതികളും പ്രശ്നങ്ങളും ലച്ചുവിനോട് പറയാറ്.എല്ലാത്തിനും ഉടനടി പരിഹാരവും കിട്ടാറുണ്ട്. ഇത് പക്ഷെ…

ഞാൻ മടിയിലേക്ക് കിടന്നെങ്കിലും ഒരു വാക്ക് പോലും എന്റെ തൊണ്ടയിൽ നിന്ന് ഉയർന്നില്ല.എത്ര ധൈര്യം നടിച്ചിട്ടും എനിക്ക് ആ മുഖത്തേക്ക് നോക്കാൻ പോലും പറ്റീല. അങ്ങനെ പെട്ട് കിടക്കുമ്പോഴാണ് ഉമ്മറവാതിലിൽ മുട്ട് കേട്ടത്.

“ഇതാരപ്പാ… ”

ലച്ചു എന്റെ തല പിടിച്ച് മാറ്റി സാരിതലപ്പ് കയ്യിൽ ചുറ്റി എണീറ്റു പോയി..

“ആ അമ്മു.. അകത്തോട്ടു വാടീ പെണ്ണെ… നിനക്കീവഴി ഒക്കെ അറിയോ ?

“കണ്ണാ മേമ വന്നിരിക്കുന്നെടാ…

ലച്ചു എന്നോടായി വിളിച്ചു പറഞ്ഞു.

ആാാ…

ഞാനൊന്ന് മൂളിയതേ ഒള്ളൂ.ആ കോരിച്ചൊരിയുന്ന മഴയിലും ഞാൻ വിയർത്തിരുന്നു.ആരുടെ അമ്മേനെ കെട്ടിക്കാനാണാവോ ഈ നശിച്ച മഴ.. !

നിമിഷങ്ങൾക്കുള്ളിൽ പൂച്ചകുഞ്ഞിനെപ്പോലെ അമ്മു അമ്മയുടെ പിന്നാലെ റൂമിലേക്ക് വന്നു. അതോട് കൂടെ എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ആദ്യമായിട്ട് സ്റ്റേജിൽ കേറുന്ന കുട്ടിയുടെ മനസികാവാസ്ഥയിൽ ആയിരുന്നു ഞാൻ സ്വന്തം അമ്മയെ ആണോ നീ ഇങ്ങനെ പേടിക്കുന്നെ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചെങ്കിലും അതൊന്നും എന്റെ പ്രശ്നത്തിന് പരിഹാരമായില്ല..

“വാ മോളെ. ഇവിടെ ഇരിക്ക്..
നീങ്ങി കിടക്ക് ചെക്കാ… ”

ലച്ചൂ ചിരിയോടെ എന്നെ തള്ളി നീക്കി കൊണ്ട് അമ്മുവിനെ പിടിച്ചു കട്ടിലിൽ ഇരുത്തി.
അമ്മു മുഖത്തൊരു വിളറിയ ചിരി പാസാക്കി കട്ടിലിൽ ഇരുന്ന് എന്നെ പാളി നോക്കി. ഒന്നും പറഞ്ഞിട്ടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.

“നീ ഒന്ന് നന്നായിട്ടുണ്ട് പെണ്ണെ..
നിറം കൂടി.. മുടിയും കൂടി ”

ലച്ചു അവളെ തൊട്ടുഴിഞ്ഞു കൊണ്ട് പറഞ്ഞു.

അവൾ വോൾട്ടേജ് കുറഞ്ഞ ഒരു ചിരി പാസാക്കി.

“ആഹ് മറന്നല്ലോ ഈശ്വരാ..
“റാങ്ക് കിട്ടിയതിനു നിനക്കൊരു സമ്മാനം ണ്ട്. പിന്നെ അതിലെ ഒന്നും ഇറങ്ങാൻ കൂടീല.. അതാ തരാൻ മറന്നേ…. ”

ലച്ചു ചിരിയോടെ കട്ടിലിൽ നിന്നെണീറ്റ് അലമാര തുറന്നു.ഞാനും അവളും എന്താണെന്നു പിടികിട്ടാതെ പരസ്പരം നോക്കിയിരിക്കുമ്പോൾ ലച്ചു ഓർണമെന്റ് ഇട്ടുവെക്കാറുള്ള ബോക്സ്‌ കയ്യിൽ പിടിച്ചുകൊണ്ട്
കട്ടിലിൽ ഇരുന്നു. അത് തുറന്നപ്പോഴാണ് സത്യം പറഞ്ഞാൽ തടിച്ചിയുടെ പണ്ടങ്ങൾ ഞാൻ തന്നെ കാണുന്നത്.അത്യാവശ്യം നല്ല രീതിയിൽ സ്വർണത്തിന്റെ ശേഖരം ഉണ്ട് അമ്മക്ക്. എന്തായാലും അൻപതു പവന് മേലെ കാണും

“എന്താടാ കണ്ണ് മിഴിച്ചു നോക്കുന്നെ?

എന്റെ വായും പൊളിച്ചുള്ള നോട്ടം ഇഷ്ടപ്പെടാതെ ലച്ചു എന്നെ കളിയാക്കി.

നല്ല നീളവും കനവും ഉള്ളൊരു മാല എടുത്ത് ലച്ചു എന്റെ നേരെ ഉയർത്തി. എന്തായാലും ഒരു മൂന്ന് പവൻ കാണും.പിന്നെ കൊളുത്തഴിച്ചു കൊണ്ട് അമ്മുവിന്റെ കഴുത്തിൽ കെട്ടി കൊടുത്തു.

“അയ്യോ ഇതൊന്നും വേണ്ടാ ഏടത്തീ.. !

“ഗിഫ്റ്റ് തരുമ്പോ വേണ്ടാന്ന് പറയല്ലേ പെണ്ണെ..”

അമ്മ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ കെട്ടികൊടുത്തു.

“ഇതൊക്കെ ഞാൻ എന്റെ മരുമകൾക്ക് കൊടുക്കാൻ എടുത്ത് വെച്ചതാ. പക്ഷെ ഇത് മോളെടുത്തോ. ”

ലച്ചു അവളുടെ മുഖത്ത് തഴുകി കൊണ്ട് പറഞ്ഞു.

ആ എന്നാപിന്നെ അത് മുഴുവൻ കൊടുത്തേക്ക്..

ഞാൻ പിറുപിറുത്തു.

“ഏടത്തീ എനിക്കൊരു കാര്യം പറയാനുണ്ട്. ”

അമ്മു നിറകണ്ണുകളോടെ അമ്മയെ നോക്കി..

“ഇന്നെല്ലാർക്കും കാര്യങ്ങള് പറയാനുള്ള ദിവസം ആണല്ലോ.ദേ ഇവിടൊരുത്തൻ കെടന്ന് വിക്കിയപ്പോഴാണ് നീ വന്നത്. എന്താഡി ഉണ്ണിയും ആയിട്ട് വല്ല പ്രശനവും ണ്ടോ?
തമാശ വിട്ട് ലച്ചു സീരിയസായി.

“ഞാനും ഉണ്ണിയേട്ടനും പിരിയാൻ പോവ്വാ…. ”

അമ്മു വിതുമ്പിക്കൊണ്ട് പറഞ്ഞു.

“ഈശ്വരാ… അതിനും മാത്രം എന്താടി പ്രശ്നം ?

ലച്ചുവിന്റെ ചോദ്യത്തിന് മറുപടിയായി അമ്മു പറഞ്ഞു തുടങ്ങി.പതിഞ്ഞ താളത്തിൽ, ഇടക്കൊന്നു നിർത്തി കണ്ണ് തുടച്ചും വിങ്ങിപൊട്ടിയും ഉടൻ തന്നെ ധൈര്യം വീണ്ടെടുത്തും അവൾ എല്ലാം പറഞ്ഞു.അവൾ വന്നു കയറിയ അന്ന് തൊട്ടുള്ള കാര്യങ്ങൾ. എല്ലാം കേൾക്കുമ്പോൾ ലച്ചു അന്ധാളിപ്പോടെ എന്നെ നോക്കും. എല്ലാം അറിയുന്ന ഞാൻ നിസ്സംഗതയോടെ ലച്ചുവിനെ തിരിച്ചും. എല്ലാം പറഞ്ഞു തീർത്തു കൊണ്ട് അവൾ തല കുമ്പിട്ടു കരയാൻ തുടങ്ങി. ലച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

“എന്തൊക്കെ അനുഭവിച്ചു മോളെ നീ
. അവനിത്ര വല്യ ചെറ്റയാണെന്ന് എനിക്കറിയില്ലായിരുന്നു. നിനക്കിത് നേരത്തെ പറയാമായിരുന്നിലേ?

അവളുടെ തലയിൽ തലോടി പറഞ്ഞു കൊണ്ട് അമ്മ എന്നെ നോക്കി.പിന്നെ കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന അമ്മുവിനെ പിടിച്ചെണീപ്പിച്ച് കണ്ണ് തുടച്ചു..

“ഇനീം അവനെ സഹിക്കണ്ട മോളെ, എത്രേം പെട്ടന്ന് നീ അവിടുന്ന് രക്ഷപ്പെടണം.
ഭഗവാനെ എന്തൊരു ലോകാ.. !

ഇടറിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ലച്ചു അവളെ ചേർത്ത് പിടിച്ചു. തേങ്ങലോടെ അമ്മയുടെ തോളിലേക്ക് വീണ് കെട്ടിപിടിച്ച് അമ്മു പൊട്ടിക്കരയാൻ തുടങ്ങി.

“അയ്യേ കരയൊന്നും വേണ്ടാ പെണ്ണെ.നിനക്കിപ്പോ ജോലി ഒക്കെ കിട്ടൂലെ. മിടുക്കിയായിട്ട് വേറെ നല്ലൊരു കല്യാണം ഒക്കെ കഴിച്ച് ജീവിച്ചു കാണിച്ചു കൊടുക്കണം… !

ഇത്തവണ ലച്ചുവിന്റെ ശബ്ദം ദൃഢമായിരുന്നു..

“അമ്മേ മേമയെ നമുക്ക് പറഞ്ഞയക്കാതിരുന്നൂടെ?

അതുവരെ കാഴ്ചക്കാരനായി നിന്ന എന്റെ നാവ് ചലിച്ചു..

“നീ എന്താ പറയണേ ചെക്കാ ബന്ധം ഒഴിഞ്ഞ പെണ്ണിനെ നമ്മടെ അടുത്ത് നിർത്തിയാൽ നാട്ടുകാര് എന്ത് പറയും?

ലച്ചുവിന് ഞാൻ പറഞ്ഞത് മനസ്സിലായിട്ടില്ല…

“അങ്ങനെ അല്ലമ്മെ എനിക്ക് മേമയെ ഇഷ്ടാണ് !ഞാൻ കല്യാണം കഴിച്ചോളാം… !

ഇതെങ്ങനെ പറഞ്ഞു തീർത്തു എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ലാ..

” തമാശ പറയണ്ട നേരല്ല ചെക്കാ ഇത് “
ലച്ചു എന്റെ നേരെ ചാടി..

തമാശയല്ല.. എനിക്ക് അമ്മുവിനെ ഇഷ്ടാണ്.. !

ഇത്തവണ ഇത്തിരി കൂടി ധൈര്യം സംഭരിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്..

“കണ്ണാ…..

ആ വിളിയിൽ വീടാകെ ഞെട്ടിത്തരിച്ചത് പോലെ തോന്നി എനിക്ക്. കലങ്ങിയ കണ്ണുകളോടെ ലച്ചു എന്നെ നോക്കി ദഹിപ്പിച്ചു.പിന്നെ എന്റെ മുഖം കൈകൊണ്ട് പിടിച്ചുയർത്തി വല്ലാത്തൊരു നോട്ടം നോക്കി..

Leave a Reply

Your email address will not be published. Required fields are marked *