“അയ്യോ എനിക്ക് പേടിയാ.. ഞാൻ വരൂല… ”
അത് പറയാൻ തന്നെ അവൾക്ക് ധൈര്യം പോരാ എന്നെനിക്ക് തോന്നി..
“ഒക്കെ ഞാൻ ഒറ്റക്ക് ഉണ്ടാക്കി വെച്ചതാണല്ലോ ല്ലേ..
ഞാൻ നീരസത്തോടെ ചോദിച്ചു.
“അയ്യോ അങ്ങനെ അല്ല പണ്ടേ എനിക്ക് ഏടത്തീടെ അല്ല അമ്മേടെ മുന്നിൽ ചെന്ന് നിക്കാൻ പേടിയാ.”
സത്യമാണ് ഭയങ്കരമായ മനശക്തിയാണ് അമ്മക്ക്. എന്തും നേരിടാനുള്ള ധൈര്യവും ഉണ്ട്. ആണുങ്ങൾ പോലും സംസാരിച്ചു നിക്കാൻ പാട് പെടും. എന്നാലോ ആൾ പഞ്ചപാവം ആണ് താനും.
“എടീ പൊട്ടീ.. എന്തായാലും ഇതറിഞ്ഞാൽ അമ്മ നിന്നെ കാണാൻ വരും. ആദ്യമേ പോരുന്നതല്ലേ നല്ലത്..?
“മുത്തപ്പാ ….
അത് കേട്ടതും അവൾ നെഞ്ചിൽ കൈവെച്ചു.
“നീ വന്നേ.. ”
ഞാനവളുടെ കൈ പിടിച്ച് വലിച്ചു.
“നിക്ക് ചെക്കാ ഷാൾ ഇടട്ടെ.. !
ടെൻഷൻകൊണ്ടും ഭയം കൊണ്ടും അവൾ ആകെ വിളറിയിരുന്നു.
ഇത്രേം ദിവസം ആയിട്ടും ഇത്രേം കൂട്ടായ അമ്മയോട് എന്തുകൊണ്ട് ഇത് പറഞ്ഞില്ലാന്ന് എല്ലാരും ചോദിച്ചില്ലേ. അതിന് ഒറ്റ ഉത്തരമേ ഒള്ളു. അന്നത്തോടെ തറവാട്ടിലെ പൊറുതി തീരും.എന്റെ പെണ്ണ് ഒറ്റക്കാവും.
“അല്ലെങ്കിൽ നീ പിന്നെ വന്നാ മതി.ഇനി അത് കൊണ്ട് തടിച്ചീടെ ഈഗോ വർക്ക് ഔട്ട് ആവണ്ട.. !
ഞാൻ അവളെ തടഞ്ഞു.
“ആഹ് ഞാനത് പറയാൻ നിക്കുവായിരുന്നു.ഞാൻ വന്നോളാം കണ്ണേട്ടൻ പറയുമ്പോഴേക്കും ഞാൻ വന്നോളാം.. ”
“വാവേ ഇനി എന്തൊക്കെയാ നടക്കാന്ന് പറയാൻ പറ്റൂല.. എന്ത് വന്നാലും കുഞ്ഞു ഫേസ് ചെയ്തോണം.. !
അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് ആ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ടത് പറയുമ്പോൾ എന്റെ ശബ്ദവും ഇടറിയിരുന്നു..
അവളെ വിട്ട് ഞാൻ റൂമിൽ നിന്നിറങ്ങി. മഴ അപ്പോഴും നിന്നിട്ടില്ല.ഞാൻ മഴയത്ത് വണ്ടിയെടുത്ത് പോരുന്നത് കണ്ട് അച്ഛമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതിന് ചെവി കൊടുക്കാതെ ഞാൻ വീട്ടിലേക്ക് വിട്ടു.അവിടെ എത്തിയപ്പോഴേക്കും ഞാനാകെ നനഞ്ഞൊട്ടിയിരുന്നു. എന്റ വരവ് കണ്ട് ലച്ചു ഉമ്മറത്തു നിന്നും അന്തം വിട്ട് നോക്കി. പിന്നെ അകത്തേക്കോടി തോർത്ത് എടുത്ത് എന്റെ നേരെ ഓടി വന്നു.
“ഈ പെരും മഴ നനഞ്ഞു വരാൻ മാത്രം ഇവിടെ ആരേലും ചത്തോ ചെക്കാ…. ”
എന്റെ തല തോർത്തി തരുന്നതിനിടെ ലച്ചു സ്വല്പം ദേഷ്യത്തോടെ ചോദിച്ചു…
ദിവസങ്ങളായി എന്റെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്ന മനോവിഷമവും കുറ്റബോധവും അതും കൂടിയായപ്പോൾ സകലസീമകളും ലംഘിച്ചുകൊണ്ട് കണ്ണുകളിലൂടെ പുറത്തേക്കൊഴുകി.അത് ലച്ചു കാണാതിരിക്കാൻ ഞാൻ മുഖം വെട്ടിച്ചുവെങ്കിലും അമ്മ ബലമായി എന്റെ മുഖം നേരെ പിടിച്ച് വെച്ച് എന്നെ നോക്കി..
“എന്താടാ.. എന്ത് പറ്റി..?
“ഹേയ് ഒന്നൂല്ല..
ഞാൻ കണ്ണ് തുടച്ചു കൊണ്ട് അമ്മയുടെ കവിളിൽ അമർത്തി ഉമ്മ വെച്ച് ചെറുതായി കടിച്ചു.ഇനി ഇത്തരം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാവുമോന്ന് യാതൊരു നിശ്ചയവും ഇല്ലാ.
“കാര്യം പറയാൻണ്ട് ഇവിടെ കെടന്ന് മോങ്ങിയ മോന്തക്ക് ഞാനൊന്ന് തരും !
ലച്ചു എന്റെ നേരെ കയ്യോങ്ങി..
“അമ്മേനോട് പറയെടാ… ”
പിന്നെ എന്റെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ഞാൻ പറയാം. പക്ഷെ എന്നെ തല്ലിയാലും കൊന്നാലും കൊഴപ്പല്ല പക്ഷെ എന്നോട് മിണ്ടാതിരിക്കൂലാന്ന് ലച്ചു വാക്ക് തരണം.. ”
“ഓ ശരി. പക്ഷെ ചട്ടുകം പഴുപ്പിച്ച്
ഞാൻ ചന്തിക്ക് വെക്കും.
വല്ല കുരുത്തക്കേടും ഒപ്പിച്ചോ നാറി നീ….
ലച്ചു എന്റെ മുഖം പിടിച്ചുയർത്തി കണ്ണിലേക്കു നോക്കി.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ലച്ചു എന്നേം വലിച്ച് റൂമിലേക്ക് പോയി കട്ടിലിൽ ചാരി ഇരുന്ന് കാല് നീട്ടി. എന്നിട്ടെന്നേ മടിയിലേക്ക് ക്ഷണിച്ചു. പണ്ട് മുതലേ ഉള്ള ശീലം ആണത്. ആ മടിയിൽ കിടന്നാണ് ഞാൻ എന്റെ പരാതികളും പ്രശ്നങ്ങളും ലച്ചുവിനോട് പറയാറ്.എല്ലാത്തിനും ഉടനടി പരിഹാരവും കിട്ടാറുണ്ട്. ഇത് പക്ഷെ…
ഞാൻ മടിയിലേക്ക് കിടന്നെങ്കിലും ഒരു വാക്ക് പോലും എന്റെ തൊണ്ടയിൽ നിന്ന് ഉയർന്നില്ല.എത്ര ധൈര്യം നടിച്ചിട്ടും എനിക്ക് ആ മുഖത്തേക്ക് നോക്കാൻ പോലും പറ്റീല. അങ്ങനെ പെട്ട് കിടക്കുമ്പോഴാണ് ഉമ്മറവാതിലിൽ മുട്ട് കേട്ടത്.
