കണ്ണന്റെ അനുപമ – 9 1

ഒരു നിമിഷം ബുദ്ധി മരവിച്ചു പോയ ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്ത്‌ ഒറ്റക്കുതിപ്പിന് അവരുടെ അടുത്തെത്തി ലച്ചുവിന്റെ കൈ ബലമായി പിടിച്ച് മാറ്റി.. ഒരു വല്ലാത്ത ശബ്ദം തൊണ്ടയിൽ നിന്നുയർത്തി കൊണ്ട് അമ്മു നിലത്തേക്കിരുന്നു കൊണ്ട് കഴുത്തിൽ തടവി.

“മാറി നിക്കടാ അങ്ങോട്ട്… ”

ലച്ചുവിന്റെ ശക്തിയായുള്ള തള്ളലിൽ ഞാൻ ദൂരേക്ക് മലർന്നടിച്ചു വീണു…അലമാരയുടെ എഡ്ജിൽ ആണ് തലയിടിച്ചത്. ആകെ ഒരു പെരുപ്പ്..

“കണ്ണേട്ടാ…

കരച്ചിലോടെ എന്റെ നേരെ വന്ന
അമ്മുവിനെ ലച്ചു തടഞ്ഞു.

“ഇങ്ങോട്ട് വാടി ഒരുമ്പെട്ടവളേ…

അമ്മുവിന്റെ മുടിയിൽ കുത്തി പിടിച്ച് കൊണ്ട് അമ്മ അവളെയും കൊണ്ട് മുറിയുടെ പുറത്തേക്ക് പോവുന്നത് ഞാൻ അർദ്ധ ബോധാവസ്ഥയിൽ കണ്ടു. ലച്ചുവിന്റെ പെരുമാറ്റം എന്നെ ആകെ തകർത്തു കളഞ്ഞു. എന്നെ എന്ത് ചെയ്താലും അമ്മുവിനെ തൊടില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. ഇതിപ്പോ…
എന്റെ ലച്ചു തന്നെ ആണോ ഇത്..

“കണ്ണേട്ടാ… ഓടിവാ….

അമ്മുവിന്റെ നിലവിളി കേട്ടതോടെ ഞാൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് അടുക്കളയിലേക്ക് കുതിച്ചു. അവിടെ കണ്ട കാഴ്ച എന്റെ സർവ നാഡികളും തളർത്തുന്നതായിരുന്നു..

അമ്മുവിന്റെ തലവഴി മണ്ണെണ്ണ കാൻ കമിഴ്ത്തുകയാണ് ലച്ചു !

മണ്ണെണ്ണയിൽ കുളിച്ച് നിലത്ത് മുട്ട് കുത്തി അപേക്ഷിക്കുന്ന എന്റെ പെണ്ണും..

കാലിയായ മണ്ണെണ്ണ കാൻ വലിച്ചെറിഞ്ഞു കൊണ്ട് ലച്ചു ലൈറ്റർ എടുക്കാനായി തിരിയുന്നത് കണ്ടതും എന്തോ ഒരുൾപ്രേരണയിൽ ഞാൻ മുന്നോട്ട് കുതിച്ചു.
മണ്ണെണ്ണയിൽ കുളിച്ചു നിൽക്കുന്ന അമ്മുവിനെ ഞാൻ പൊതിഞ്ഞു പിടിച്ചു..

“എന്നേം കൂടെ കൊല്ല് തള്ളേ നിങ്ങടെ ഭ്രാന്ത് അങ്ങനേലും തീരട്ടെ.. !

അമ്മയെ നോക്കിയുള്ള എന്റെ രോദനം അത്രമേൽ തീവ്രമായിരുന്നു. കണ്മുന്നിൽ ജീവിതം കൈവിട്ടു പോകുന്ന ദുരവസ്ഥയായിരിക്കാം എന്നെകൊണ്ടത് പറയിച്ചത്.
പക്ഷെ ലച്ചു അപ്പോഴും അടങ്ങിയിരുന്നില്ല. എന്നെ ബലമായി പിടിച്ച് മാറ്റി ചുമരിലേക്ക് ചേർത്ത് കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് എന്നെ രൂക്ഷമായി നോക്കി . ആ രാക്ഷസീയമായ ഭാവം നേരിടാനാവാതെ ഞാൻ തലകുനിച്ചു.

“ഇത്രയൊക്കെ പ്രതീക്ഷിച്ചിരുന്നോ എന്റെ മോൻ ?

ഏഹ്.. ”

ആ ശബ്ദമേ എന്റെ തൊണ്ടയിൽ നിന്ന് ഉയർന്നുള്ളൂ.

“അപ്പൊ അമ്മക്ക് അഭിനയിക്കാൻ അറിയാം അല്ലേടാ.. ”

എന്നെ അമ്പരപ്പിച്ചു കൊണ്ട് ലച്ചു പൊട്ടിച്ചിരിച്ചു.എന്റെ നേരെ കളിയാക്കി വിരൽ ചൂണ്ടി ആർത്തു ചിരിച്ചുകൊണ്ട് ലച്ചു നിലത്തേക്കിരുന്നു. എന്താണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു എനിക്ക്.ഞാൻ അവിശ്വസനീയതയോടെ അമ്മയെ നോക്കി.

“നോക്കെടീ നിന്റെ കെട്ട്യോന്റെ മുഖം… അയ്യോ എനിക്കിതൊന്നും കാണാൻ വയ്യേ…

അമ്മുവിനെ നോക്കി കൊണ്ട് ലച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് ലച്ചു നെഞ്ചിൽ ഉഴിഞ്ഞു.

എന്റെ വധം പൂർണമാക്കിക്കൊണ്ട് അത് വരെ വിറങ്ങലിച്ചു നിന്നിരുന്ന അമ്മു അടുത്ത നിമിഷം മുത്തുമണി പൊഴിയും പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി

തലയിൽ കൈവെച്ചു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു. ആകെ ഒരു മരവിപ്പ്. തലക്ക് അടി കിട്ടിയ പോലെ.

“ഇത്രേം നാള് എന്നെ പറ്റിച്ചതിനുള്ള ശിക്ഷയാണ് ഇത്.
നിന്റെയീ മോന്ത കാണാൻ എന്ത് ചേലാ…..
ലച്ചു ആർത്തു ചിരിക്കുന്നതിനിടെ പറഞ്ഞു.

“എന്ത് പണിയാ അമ്മേ കാണിച്ചേ
മണ്ണണ്ണക്ക് പകരം പച്ചവെള്ളം ആണോ ഒഴിക്കുന്നേ…?

അമ്മു ലച്ചുവിനെ നോക്കി ചുണ്ട് മലർത്തി.

“പോടീ നീ പറയുമ്പോ എടുത്തൊഴിക്കാൻ നിന്റച്ഛൻ കൊണ്ട് വെച്ചേക്കുന്നോ മണ്ണെണ്ണ ഇവിടെ.. നീ എന്റെ കയ്യീന്ന് മേടിക്കും.. !

ലച്ചു അമ്മുവിനോടായി പറഞ്ഞു വീണ്ടും ചിരി തുടർന്നു.പിന്നെ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അവളെ ചുറ്റിപിടിച്ചു കവിളിൽ ഉമ്മവെച്ചു.

“അമ്മേടെ പൊന്നിന് നേരത്തെ വേദനിച്ചായിരുന്നോടാ…?

അവളുടെ കഴുത്തിൽ ഉഴിഞ്ഞു കൊണ്ട് അമ്മ ചോദിച്ചു..

“വേദനിച്ചെങ്കിൽ തന്നെ എന്റെ ലച്ചുമ്മ അല്ലേ ഞാൻ സഹിച്ചു…..
അമ്മു അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *