“ഞാൻ വിനോദേട്ടനെ വിളിക്കാം..”
“എന്നാ എന്റെ മോള് വേഗം ചെല്ല്..എന്നിട്ട് കെട്ട്യോനേയും വിളിച്ച് വാ..”
അതിലെ പരിഹാസം വ്യക്തമായും ഷിഫാന തിരിച്ചറിഞ്ഞു. ചേട്ടൻ വന്ന് ഇത്രനേരമായിട്ടും അവൻ പുറത്തിറങ്ങി വരാത്തത് തന്നെ അവൾക്കിഷ്ടമായിട്ടില്ല..
അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ വിനോദ് മൊബൈലിൽ ഒരു കുത്ത് വീഡിയോ കാണുകയാണ്. അവളെ കണ്ട് വേഗം അവനത് ഓഫാക്കി.
“ചേട്ടൻ വന്നത് നിങ്ങള് അറിഞ്ഞില്ലേ വിനോദേട്ടാ..?’”
ദേഷ്യത്തിൽ തന്നെ ഷിഫാന ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ അവളെ തുറിച്ച് നോക്കി.
“എന്റെ വിനോദേട്ടാ… ഇതൊന്നും ശരിയല്ല… ചേട്ടന്റെ കട്ടിലും അലമാരയുമൊക്കെ റൂമിലേക്ക് പിടിച്ചിടണം… ഏട്ടനൊന്ന് വന്ന് സഹായിക്ക്..’”
വിനോദ് കട്ടിലിൽ എഴുന്നേറ്റിരുന്നു.
“അയാളെ കിടത്താഞ്ഞിട്ട് നിനെക്കെന്താടീ ഇത്ര ധൃതി… ?
അത്ര തിരക്കുണ്ടെങ്കിൽ നീ തന്നെ പിടിച്ച് കൊടുക്ക്… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… അയാളുടെ വക്കാലത്തും കൊണ്ട് ഇനിയന്റ്ടുത്ത് വരരുത്… അയാളുടെ അമ്മുവല്ലേ നീ..?
ചെന്ന് സഹായിച്ച് കൊട്..”
അവൻ പറഞ്ഞത് പൂർണമായും ഷിഫാനക്ക് മനസിലായില്ല. എങ്കിലും ചിലതെല്ലാം മനസിലാവുകയും ചെയ്തു. ചേട്ടൻ തന്നെ അമ്മൂന്ന് വിളിച്ചത് ഇവന് ഇഷ്ടമായിട്ടില്ല.
അവൾ വെറുപ്പോടെ അവനെ നോക്കി.
പിന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങി.
“എവിടെടീ നിന്റെ മണവാളൻ.. അവൻ മണിയറയിൽ നിന്ന് ഇറങ്ങില്ലാന്ന് പറഞ്ഞോ..?”
ചിരിയോടെ ദാസൻ ചോദിച്ചു.
“ചേട്ടൻ വാ… കട്ടില് നമുക്ക് പിടിച്ചിടാം..’”
“അതവിടെ കിടന്നോട്ടെടീ.. നാളെ ആരെയെങ്കിലും വിളിച്ച് റെഡിയാക്കാം.. നീയാ ഭക്ഷണം വിളമ്പ്.. കഴിച്ചിട്ട് കിടക്കാം…”
ടേബിളിൽ വെച്ച കവറുകൾ ചൂണ്ടിക്കാട്ടി ദാസൻ പറഞ്ഞു.
“അപ്പോ ചേട്ടനെവിടെ കിടക്കും..?
“ഞാനിന്ന് ഈ സെറ്റിയിൽ കിടന്നോളാം…”
ഷിഫാന വിഷമത്തോടെ അവനെ നോക്കി. താൻ വന്ന് കയറിയ ദിവസം തന്നെ ചേട്ടൻ പുറത്തായി എന്ന തോന്നൽ അവളെ വല്ലാതെ വിഷമിപ്പിച്ചു.
“ചേട്ടൻ വാ.. ഒരു കട്ടില് പിടിക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്..”
അവൾ വാശിയോടെ പറഞ്ഞു.
“വേണ്ടെടീ.. ഇന്നൊരു ദിവസമല്ലേ… ?’”
“വേണം… ചേട്ടൻ വാ…”
അവൾ മുറിയിലേക്ക് കയറി.
വേറെ നിവൃത്തിയില്ലാതെ ദാസനും കയറി.
ആദ്യം മുറിയിലുണ്ടായിരുന്ന കട്ടിൽ രണ്ടാളുംമെല്ലെ മെല്ലെ പിടിച്ച് പുറത്തിറക്കി.
പിന്നെ ദാസന്റെ കട്ടിൽ അകത്തേക്ക് കയറ്റി. പൊക്കിയും, നിലത്തൂടെ വലിച്ചും വളരെ ബുദ്ധിമുട്ടിയാണത് കയറ്റിയത് .. അതിന് നല്ല ഭാരമുണ്ടായിരുന്നു.
അലമാരയും പിടിച്ചിടാൻ അവൾ തയ്യാറായെങ്കിലും, അവൾക്കതിന് കഴിയില്ല എന്ന് ദാസനുറപ്പായിരുന്നു.
കിടക്കയും ഇട്ട് ബെഡ്ഷീറ്റും വിരിച്ചാണവൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്.
“നീ ഭക്ഷണം വിളമ്പെടീ.. അവനെയൊന്ന് വിളിച്ച് നോക്ക്.. “
ഷിഫാന മുറിയിൽ കയറി വിനോദിനെ വിളിച്ചു.
“ഏട്ടാ.. വാ… ഭക്ഷണം കഴിക്കാം..”
“എനിക്ക് വേണ്ട..”
“ അതെന്താ… ?’”
“ഇനി അതും ഞാൻ വിശദീകരിച്ച് തരണോ..?”
ഷിഫാന ഒന്നും മിണ്ടാതെ പുറത്തിറങ്ങി.
അടുക്കളയിൽ ചെന്ന് പാത്രങ്ങളെടുത്ത് വന്ന് ദാസനുള്ള ഭക്ഷണം വിളമ്പി.നല്ല ചിക്കൻ ബിരിയാണി.
“നിങ്ങള് കഴിക്കുന്നില്ലേ…?”
കൈ കഴുകി വന്നിരുന്ന ദാസൻ ചോദിച്ചു.
“അത്.. കുറച്ച് കഴിഞ്ഞിട്ട് കഴിക്കാമെന്ന് പറഞ്ഞു ഏട്ടൻ… “
“ ഉം….”
ആ മൂളലിന് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് ഷിഫാനക്ക് തോന്നി.
ദാസൻ സാവകാശം കഴിച്ചെഴുന്നേറ്റു.
“അമ്മൂ… ഞാൻ കിടക്കെട്ടെ.. നിങ്ങള് ആവുമ്പോ കഴിച്ചോ..പിന്നെ പാലോ, ഫ്രൂട്ട്സോ എന്തേലും വേണേൽ ഫ്രിഡ്ജിലുണ്ടാവും..
ശരിയെന്നാ..ഗുഡ്നൈറ്റ്…”
അതും പറഞ്ഞ് ദാസൻ മുറിയിൽ കയറി വാതിലടച്ചു.
ഇനിയെന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഷിഫാന സെറ്റിയിലേക്കിരുന്നു.
ഇന്ന് ഈ വീട്ടിലേക്ക് കയറി വന്ന പെണ്ണാണ് താൻ… ഒന്ന് സംസാരിക്കാൻ പോലും ഒരാളില്ല..വല്ലാത്തൊരേകാന്തത അവൾക്കനുഭവപ്പെട്ടു.
ഇതൊന്നുമല്ല അവൾ പ്രതീക്ഷിച്ചത്. എല്ലാവരും ഒരുമിച്ചിരുന്ന്, തമാശയൊക്കെ പറഞ്ഞ് ., അങ്ങിനെ പതിയെ ഭക്ഷണം കഴിച്ച്….
