അമ്മു…
അവൾ നിറഞ്ഞ കണ്ണുകളോടെ ദാസനെ നോക്കി.നന്ദിയോടെയും…
“ഇനി മുതൽ നിങ്ങൾ ആ റൂമിൽ കിടന്നാൽ മതി… കട്ടിലും, അലമാരയും, ബെഡുമൊക്കെ പുതിയത് വാങ്ങിയിട്ടുണ്ട്.. ബാത്ത്റൂമുള്ളതും ആ മുറിയിലാണ്.. നിന്റെ സാധനങ്ങളൊക്കെ അങ്ങോട്ട് വെച്ചോ..”
ഷിഫാനക്കൊന്നും വിശ്വസിക്കാനാവുന്നില്ല..
ഇങ്ങിനെയൊന്നുമല്ല വിനോദേട്ടൻ ചേട്ടനെ കുറിച്ച് പറഞ്ഞത്.
ആളൊരു മുരടനാണ്.. ദേഷ്യക്കാരനാണ്.. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചീത്തപറയും..
അയാളോട് സംസാരിക്കാൻ പോവരുത് എന്നുകൂടി തന്നോട് പറഞ്ഞിട്ടുണ്ട്..
പക്ഷേ, താൻ കേട്ടതിന് നേർവിപരീതമാണ് സംഭവിക്കുന്നത്.വളരെ മാന്യനായ, സ്നേഹമുള്ളൊരു മനുഷ്യൻ.
“ചേട്ടൻ… ചേട്ടനിനി എവിടെയാ കിടക്കുന്നേ..?”
മെല്ലെ മുഖമുയർത്തി പതിഞ്ഞ സ്വരത്തിലവൾ ചോദിച്ചു.
“ഞാനിനി അവന്റെ മുറിയിൽ കിടന്നോളാം… ഇപ്പോഴെനിക്ക് സമയമില്ല… രാത്രി വന്നിട്ട് ഞാനതെല്ലാം വൃത്തിയാക്കാം.. ഈ സാധനങ്ങളെല്ലാം അതിലേക്ക് വെക്കണം..”
ചിരിയോടെ പറഞ്ഞു കൊണ്ട് ദാസൻ എന്നേറ്റു.
“വാ…നിനക്ക് വീടൊക്കെയൊന്ന് കാണിച്ച് തരാം…”
ദാസൻ വീട് മൊത്തം അവളെയും കൊണ്ട് നടന്ന് എല്ലാം പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുത്തു.
“ചേട്ടന്.. ചായ… ?”
“ഇപ്പോ വേണ്ടെടീ… നിനെക്കെന്തെങ്കിലും ഉണ്ടാക്കാനൊക്കെ അറിയോ…?”
അവൾ തലയാട്ടി.
“എന്നാ ഒരു കാര്യം ചെയ്യ്.. രാത്രിയിലേക്ക് എന്തേലും ഉണ്ടാക്കിക്കോ.. സാധനങ്ങളൊക്കെ അടുക്കളയിലുണ്ടാവും… എന്തേലും കറവുണ്ടേൽ എന്നെ വിളിച്ച് പറഞ്ഞാൽ മതി.. ഞാനെത്തിക്കാം.. ഇതാണ് എന്റെ നമ്പർ… “
അവൻ ഒരു കടലാസിൽ നമ്പറെഴുതി മേശപ്പുറത്ത് വെച്ചു.
മുൻവാതിൽ കടന്ന് പുറത്തേക്കിറങ്ങി ഒന്ന്കൂടി തിരിഞ്ഞ് നിന്ന് അവൻ പറഞ്ഞു.
“അവനെഴുന്നേറ്റാൽ അവനേയും കൊണ്ട് കടയിലേക്ക് പോര്.. കുറച്ച് ഡ്രസൊക്കെയെടുക്കാം..”
“എനിക്ക് ഡ്രസൊന്നും വേണ്ട ചേട്ടാ..എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്…”
“അത് നീ കയ്യിൽ വെച്ചാൽ മതി.. നീ പുതുമണവാട്ടിയാ..അപ്പോ പുതിയ ഡ്രസ് തന്നെ ഇടണം..വൈകുന്നേരമാകുമ്പൊഴേക്കും അങ്ങ് വന്നേര്…”
ഷിഫാന ലജ്ജയോടെ അവനെ നോക്കി.
ദാസൻ ബൈക്കിൽ കയറി..
“അമ്മൂ… “
അവന്റെ വിളികേട്ട് അവൾ അൽഭുതത്തോടെ മിഴികളുയർത്തി.
കോരിത്തരിച്ചു പോയി അവൾ.
“കുറച്ച് കുടുംബക്കാരോടും,
അയൽക്കാരോടുമൊക്കെ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്..ആരെങ്കിലുമൊക്കെ ചിലപ്പോ വരും.. വരുന്നവർക്കൊക്കെ ചായ കൊടുക്കണം ട്ടോ..ആ ടേബിളിലുള്ള കവറിൽ കുറച്ച് ബേക്കറി സാധനങ്ങളുമുണ്ട്.. ഞാനെന്നാ പോയി വരാം..”
ദാസൻ വണ്ടി സ്റ്റാർട്ടാക്കി ഓടിച്ചു പോയി.
ഷിഫാന അവിടെത്തന്നെ തറഞ്ഞ് നിന്നു പോയി.. കുറച്ച് സമയം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്..
വിനോദേട്ടനിൽ നിന്ന് താനെന്തൊക്കെയാണോ ആഗ്രഹിച്ചത്, അതെല്ലാം ചേട്ടനിലുണ്ട്.. വിനോദേട്ടൻ പറഞ്ഞതെല്ലാം കളവാണെന്ന് ഷിഫാനക്ക് മനസിലായി.
ചേട്ടൻ നല്ലവനാണ്.
അവൾക്ക് വിനോദിനോട് നല്ല ദേഷ്യം തോന്നി.
തങ്ങൾക്ക് വേണ്ടി ചേട്ടൻ ഇത്രയും സാധനങ്ങൾ കൊണ്ടുവന്നിട്ടും അതൊന്ന് നോക്കാൻ പോലും അവൻ എഴുന്നേറ്റ് വന്നില്ല.
അതെല്ലാം പിടിച്ചിടാൻ സഹായിക്കാനുള്ള സാമാന്യ മര്യാദ പോലും അവൻ കാണിച്ചില്ല.
അത് വളരെ മോശമായിപ്പോയി.
അവൾ ദേഷ്യത്തോടെ മുൻവാതിലടച്ച് മുറിയിലേക്ക് ചെന്നു.
വിനോദ് ഉണർന്നിട്ടില്ല.. ഇനിയിങ്ങനെ വിട്ടാൽ ശരിയാവില്ല..
അവനെയവൾ കുലുക്കി വിളിച്ചു.
“എന്താടീ.. ഉറങ്ങാനും സമ്മദിക്കില്ലേ നീ… ?”
വിനോദ് ദേഷ്യപ്പെട്ടു.
“മതിയുറങ്ങിയത്… ഇവിടെ നടന്നത് വല്ലതും ഏട്ടനറിഞ്ഞോ… ?’”
“എന്ത് നടന്നു… ?””
“ഇങ്ങോട്ടെഴുന്നേൽക്ക്… എന്നിട്ട് നേരിട്ട് കാണ്..”
അവൾ കട്ടിലിൽ നിന്നവനെ വലിച്ചിറക്കി.
ഹാളിൽ ചേട്ടന്റെ റൂമിലെ അലമാരയും കട്ടിലുമൊക്കെ കിടക്കുന്നത് കണ്ട് അവന് ദേഷ്യം വന്നു.
“ ഇതൊക്കെയെന്തിനാ അയാള് ഇങ്ങോട്ട് വലിച്ചിട്ടത്… ?”
ഷിഫാന അവനെ പിടിച്ച് വലിച്ച് ചേട്ടന്റെ റൂമിലേക്ക് കൊണ്ടുപോയി.
