അവൻ വളരെ നിസ്സാരമായി പറഞ്ഞു…തെണ്ടി…എങ്ങനെലും ഒന്ന് ആശ്വസിച്ചു വരുമ്പോ ഫുണ്ട പിന്നേം പേടി തരും
”പക്ഷെ നീ പേടിക്കണ്ട കുട്ടാ..അവളുടെ വീട്ടുകാരെക്കുറിച്ചു ഇപ്പോളെ ബേജാറാവണ്ട…ആദ്യം നീ നിന്റെ ടീച്ചറെ വശത്താക്ക്…പിന്നെ നീയാരെയും പേടിക്കണ്ട….“
”മമ്…അത് തന്ന എന്റെ പ്ലാനും….ആദ്യം ചാരുവിനോട് എന്റെയിഷ്ടം അറിയിക്കണം..ബാക്കിയൊക്കെ വരുന്നത് പോലെ…“
അതും പറഞ്ഞുഞാനെണീറ്റു
”നീ നാളെ പോയി അഡ്മിഷൻ എടുക്കൂലേ…“
നടക്കാൻ തുടങ്ങിയ ഞാൻ അജയനെ തിരിഞ്ഞു നോക്കി…നാറിയാ സിഗരറ്റിന്റെ പഞ്ഞിയെ പോലും വെറുതെ വിടുമെന്ന് തോന്നുന്നില്ല
”ആ എടുക്കും എടുക്കും..“
പഞ്ഞിയിലെ അവസാന തുള്ളി പുകകൂടി ഊറ്റിയെടുത്തു കൊണ്ടവൻ പറഞ്ഞു…പിന്നൊരു ബൈയും പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു….
നേര് പറഞ്ഞാൽ വൈകുന്നേരം ചൂട് മങ്ങിയ നേരത്തീ പാടവരമ്പിലൂടെയൊക്കെ നടക്കാൻ നല്ല രസമാ….എവിടുന്നോ വീശുന്ന കാറ്റും കൊണ്ടു ഞാനാ നടപ്പ് നീട്ടിയങ്ങു നടന്നു വീട്ടിലേക്ക്
അപ്പോളാണ് പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്….
”നമ്പറോ….ട്രൂ കോളറിൽ പോലുമില്ലാത്ത ഏത് നാറിയ ഇത്…“
അവസാന റിങ് അടിച്ചു തീരാറായപ്പോളേക്കും ഞാനാ ഫോൺ എടുത്തു ചെവിയോടെ ചേർത്തു
”ഹലോ…“
ഒരു ഹലോ കൂടി പറഞ്ഞിട്ടും തിരിച്ചു സംസാരിക്കാത്തവനിത് ഏതാണോ….
”ഹലോ..“
ഞാൻ വീണ്ടും വിളിച്ചു…ഇത്തവണ ആരോ ശ്വാസം വിടുന്ന ശബ്ദമൊക്കെ കേൾക്കുന്നുണ്ട്….പറി ഫോണ് അടിച്ചു പോയോ
വീണ്ടുമൊരു ഹലോ പറയുന്നേനു മുൻപേ അപ്പുറത്തു നിന്നൊരു സ്ത്രീ ശബ്ദമെത്തി
”ഹെലോ…ആദിത്യനാണോ……….?
ഞാനാ വയലിനു നടുവിൽ ഒരല്പം നേരം സ്ഥമ്പിച്ചു നിന്നുപോയി….അവൾ….ചാരു…..ചാരുലതയുടെ ശബ്ദം………………..
“ചാരു…..”
അല്പം പേടി നിറഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു….ഇല്ല മറുപടിയില്ല….ഇനിയിപ്പോ ആളുമാറിയോ….വന്നു വന്നിപ്പോ ആരുടെ ശബ്ദം കേട്ടാലും ചാരുവായി തോന്നുന്നത് ആണോ
ഞാൻ എന്റെ തന്നെ തലക്കൊരു അടി കൊടുത്തുകൊണ്ട് പറഞ്ഞു
“അതേ ആദിത്യനാണ്…ഇതാരാ…?
”ആദി ഞാൻ ചാരുലത തന്നെയാ..“
വീണ്ടുമാ കിളിനാദം……..ദൈവമേ ഇതവള് തന്നെയാ ഞാനിപ്പോ എന്താ ചോദിക്കുവാ….ആകെയൊരു വെപ്രാളത്തോടെ ഞാൻ ചുറ്റിനും നോക്കി…
”ഹലോ ആദി..പോയോ…?
അവിടെനിന്നു സംശയത്തോടെയുള്ള സ്വരം വീണ്ടും
“ഇല്ലില്ല…പോയിട്ടില്ല…മിസ്സ് എന്താ വിളിച്ചത്….?
കൈ വിട്ടു പോയ ധൈര്യം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു….മിസ്സ് എന്ന് വിളിച്ചത് കൊറച്ചു കൂടിപ്പോയോ
”അഹ് ഞാൻ വിളിച്ചതൊരു കാര്യമറിയാനായിരുന്നു….?
“ചോദിച്ചോളൂ…?
ഞാനിനി ഇവളുടെ പിറകെ നടക്കുന്നത് ആണെന്ന് മനസിലാക്കി വിളിക്കുന്നതാണോ…ക്ലാസ്സിൽ കേറുന്നതിന് മുൻപേ സസ്‌പെൻഷൻ വാങ്ങേണ്ടി വരോ…..
”ഞാനിന്ന് ആദിത്യന്റെ ഫോണിലൊരു ഫോട്ടോ കണ്ടിരുന്നു…നിനക്കൊരു ബുദ്ധിമുട്ട് ആവില്ലെങ്കിൽ എനിക്കാ ഫോട്ടോയൊന്നു അയച്ചു തരാമോ…?
ഒരപേക്ഷാ സ്വരത്തിലവളുടെ ആവശ്യം കേട്ടപ്പോളെനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്….അവളുടെ ഫോട്ടോ എന്നോട് ചോദിച്ചിരിക്കുന്നു…അതും ബുദ്ധിമുട്ട് ഇല്ലെങ്കിൽ അയച്ചു തരുമോ എന്ന്….ഹഹാ..ഹാ….
“തരാമല്ലോ…”
ശബ്ദമൊന്ന് മയപ്പെടുത്തികൊണ്ട് ഞാൻ പറഞ്ഞു….ചോദിച്ചാൽ ഫോട്ടോയല്ല എന്റെ ജീവിതം തന്നെ തന്നേക്കാം ടീച്ചറെ….ഉള്ളിൽ നിറഞ്ഞ സന്തോഷം കൊണ്ടു ഞാനെന്തു ചെയ്യണമെന്നറിയാതെ നിന്നു
“ശെരി…ഇതെന്റെ പേർസണൽ നമ്പർ ആണ്…ഇതിലൊന്നു whatsapp ചെയ്താൽ മതിയാകും…എങ്കിൽ ഞാൻ വെക്കട്ടെ…”
“അയ്യോ പോകുവാണോ…?
പെട്ടെന്നുള്ള ആക്രാന്തത്തിൽ ഞാൻ കേറി ചോദിച്ചു…ശെയ്യ് എന്തൊരു മണ്ടനാ ഞാൻ….പക്ഷെ എന്നെ ഞെട്ടിച്ചത് അതല്ല….നല്ലൊരു തെറിക്കു പകരം മറുവശത്തു നിന്നുള്ള അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദമാണ് കേട്ടത്……………..
