ഞാൻ ഒന്നും മിണ്ടിയില്ല!
ഒരു ദീർഘനിശ്വാസത്തോടെ ഇക്ക വീണ്ടും തുടർന്നു:
‘ന്റെ മോളേ ഞാനിത് പേടിച്ച് തന്നാ പിന്നീടാവഴി വരാതിരുന്നത്! നിന്റെ മുഖമൊട്ട് കണ്ണുകളിൽ നിന്ന് മായുന്നുമില്ല! നിന്നോടൊള്ള സ്നേഹക്കൂടുതല് കൊണ്ടാ മാറി മാറി നിന്നത്!
കണ്ണനോടൊപ്പം പോയപ്പ നിന്നെ കണ്ടതും ഞാനെന്റെ സങ്കടം പാവം അവന്റെ പൊറത്താ തീർത്തത്! ഞാൻ കരഞ്ഞ് കൊണ്ട് കലി തീരെ തല്ലിച്ചതച്ചിട്ടും ആ പാവം അനങ്ങിയില്ല!
ഞാനൊന്ന് കൈയോങ്ങിയാ സങ്കടം വന്ന് അന്ന് മുഴുവൻ കണ്ണീരുമൊലിപ്പിച്ച് ഒന്നും തിന്നുകപോലും ചെയ്യാതെ നിക്കുന്നവനാ!
ആ മിണ്ടാപ്രാണിക്ക് പോലും എന്റെ വെഷമം മനസ്സിലായി!’
ശബ്ദത്തിലെ പതർച്ച കേട്ട് ഞാൻ മടിയിൽ കിടന്ന് തല ചെരിച്ച് ആ മുഖത്തേയ്ക് നോക്കി!
കണ്ണുകൾ രണ്ടും നിറഞ്ഞ് തുളുമ്പി നിൽക്കുന്നു! എന്റെ മുഖം ആ കൈക്കുമ്പിളിലാക്കി വീണ്ടും തുടർന്നു….
‘പള്ളീം പള്ളിക്കമ്മറ്റീം ആയൊക്കെ നല്ല ബന്ധത്തിൽ നിൽക്കുന്ന പ്രതാപിയായ മുഹമ്മദ് കുട്ടി സാഹിബിന്റെ ഇളയ മോൾ ഒരു ഹിന്ദുവിന്റെ കൂടെ പോയി എന്ന് പറഞ്ഞാൽ ആ വലിയ മനുഷ്യന്റെയും ആ വലിയ കുടുംബത്തിന്റെയും അവസ്ഥ മോളൊന്ന് ആലോചിച്ച് നോക്കിക്കേ!’
ഞാൻ ഒന്നും മിണ്ടാതെ ആ മുഖത്തേയ്ക് നോക്കി കിടന്നു. അങ്ങേര് വീണ്ടും തുടർന്നു:
‘എന്റെ വീട്ടിൽ പിന്നെ അത്ര കുഴപ്പം വരില്ല! നീ ആ കൂടെ ആകുമ്പോൾ പതിയെ ഏവരും അതങ്ങ് അംഗീകരിയ്കും! അത് ഇങ്ങനുള്ള എല്ലാവരുടെയും കാര്യത്തിൽ അങ്ങനാ! ചെന്ന് ചേരുന്ന മതവിഭാഗത്തിൽ പ്രശ്നമില്ല പക്ഷേ പോകുന്നവരുടെ വീട്ടിലോ?’
ഞാൻ എണീറ്റിരുന്ന് ആ മുഖത്തേയ്ക് നോക്കി. നല്ല വിഷമം ആ മുഖത്തുണ്ട്!
അങ്ങേര് വീണ്ടും തുടർന്നു…..
‘നമ്മൾ ചെറുപ്പമാ കുറേ കഴിയുമ്പോ ഈ മുറിവുകൾ ഒക്കെ കരിഞ്ഞില്ല എങ്കിലും ഒന്ന് വാടിക്കോളും! രണ്ട് വലിയ കുടുംബങ്ങളെ വേദനിപ്പിക്കുന്നതിലും നല്ലത് നമ്മൾ രണ്ട് പേര് വേദനിക്കുന്നതല്ലേ?’
‘അന്നാ ഒടനെ ഇങ്ങള് വേറൊരു കല്യാണം കഴിക്കാവോ…?’
‘അത്…. അത്…. അതിപ്പ എന്തിനാ….?”
എന്റെ വീറോടെയുള്ള ചോദ്യത്തിന് മുന്നിൽ അങ്ങേര് വിക്കി വാക്കുകൾക്കായി പരതി!
കൊടുങ്കാറ്റ് പോലെ ആ ശരിരത്തിലേയ്ക് പടർന്ന ഞാൻ ആ കഴുത്തിലൂടെ കൈകൾ വട്ടം ചുറ്റി ഇറുകെ പുണർന്ന് ആ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി…
വലിയ ആ കൊടുങ്കാറ്റ് ഒന്നടങ്ങി ഞാനാ ശരീരത്തിൽ നിന്നും അടർന്ന് മാറിയിട്ട് സങ്കടത്തോടെ പറഞ്ഞു:
‘ഈ പറഞ്ഞതും ഇതിലപ്പുറവും ഞാനുമാലോചിച്ചതാ! പക്ഷേ…
എന്നെക്കൊണ്ടാവുന്നില്ല!
അവസാനം ഞാനുമൊരു തീരുമാനത്തേലെത്തി!
ഒന്നുകി ഇക്കാന്റൊപ്പം ജീവിക്കും. ഞാൻ തട്ടമെടുക്കും!
അല്ലെങ്കി എന്റെ മയ്യത്ത് പള്ളിപ്പറമ്പിലോട്ടെടുക്കും! ഇതി രണ്ടിലൊന്ന് തീർച്ചപ്പെടുത്തിയതാ! അതിനിനീ മാറ്റോമില്ല!
എന്താണ് സംഭവിയ്കുന്നത് എന്നത് എനിയ്ക് മനസ്സിലാകും മുന്നേ ഞാനാ കരവലയത്തിനുള്ളിലായി!
എന്റെ അസ്ഥികൾ ഞെരിഞ്ഞമരും പോലെ ആ കൈകൾ എന്നെ വരിഞ്ഞ് എന്റെ ചെംചുണ്ടുകളിൽ ആ ചുണ്ടുകൾ ഞെരിഞ്ഞമർന്നു!
ആ മേൽമീശയുടെ മുള്ളുകൾ കുത്തിക്കൊണ്ട് ഉണ്ടായ ആ നിർവൃതിയിൽ ആ നിമിഷം മരിച്ചാലും ഇനി കുഴപ്പമില്ല എന്നായി എന്റെ മനസ്സ്…!
വളരെ നേരം നീണ്ട് നിന്ന ആ ചുംബനത്തിനൊടുവിൽ ഞങ്ങൾ മോചിതരായപ്പോൾ ഞാൻ ഒരു ദീർഘനിശ്വാസത്തോടെ ആ മാറിലേയ്ക് മുഖം പൂഴ്ത്തി!
എന്നിൽ നിന്നുയർന്ന ആശ്വാസസ്വരം കേട്ടതും ശ്രീയേട്ടൻ എന്റെ കവിളിൽ നുള്ളിയ്കൊണ്ട് ചിരിച്ചു:
“ആ… നീ ആശ്വസിച്ചോടീ…! നിനക്കാശ്വസിക്കാവല്ലോ! ബാക്കിയൊള്ളോരുടെ നെഞ്ചിലിവിടെ തീയാ! ഇനീം മൂന്നുവർഷോങ്കൂടെ പഠിത്തമുണ്ടല്ലോന്നാ ആകെയൊരാശ്വാസം!”
“എന്നിട്ടിവിടെ തീ കത്തുന്നേന്റെ ചൂടൊന്നുവില്ലല്ലോ! മൂന്നാക്കണ്ട പി.ജി ചെയ്യാം അപ്പ അഞ്ചുവർഷം കിട്ടുവല്ലോ!”
ഞാൻ ചിരിയോടെ പറഞ്ഞു!
“അയ്യോ…! മണിയഞ്ചര! എന്നെക്കൊണ്ടെ വിട് ശ്രീയേട്ടാ!”
ഞാൻ ചാടിയെണീറ്റ് പറഞ്ഞു.
“കണ്ണും മൊഖോമൊക്കെയിരിക്കുന്നേ! നീയാദ്യം ആ മൊഖമൊന്ന് തൊടയ്ക്!”
