ഞാൻ ഓടുകയാണ്…. എന്റെ ഒരു കൈയിൽ ഞാനാരെയോ വലിച്ചു കൊണ്ടാണ് ഓടുന്നത്… മുണ്ടും ഷർട്ടുമല്ല വേഷം… പാട്ടിന്റെ മേൽ കുപ്പായവും കാലുകളോട് വട്ടം ചുറ്റി കെട്ടിയ മുണ്ടുമാണ് ഞാൻ ധരിച്ചിരിക്കുന്നത്… പതിവിലും കൂടുതൽ രോമവും മാംസപേശികളുമെന്റെ കൈയിൽ കാണാം… ഞാനൊരു മലയിലൂടെ ഓടുകയാണ്, അത് ഇന്ന് ഞാൻ പോയ മല തന്നെയാണ്… എന്റെ വലം കൈകൊണ്ടു ഞാനൊരു പെട്ടി നെഞ്ചിനോട് ചേർത്തു പിടിച്ചിരിക്കുന്നു.. അരയിൽ എന്തോ കിടപ്പുണ്ട്, അത് ഉറയിൽ കിടക്കുന്നൊരു വാളാണ്.. ഇടം കൈയിൽ ഞാൻ ആരുടെ കൈയാണ് പിടിച്ചിരിക്കുന്നത്… മീരയുടെ ആണോ, അല്ലാ… മീരയുടെ കൈകൾക്ക് ഇതിലും കൂടുതൽ നിരമുണ്ട്. ഞാൻ മലയുടെ മുകളിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി… മലയിടുപ്പിനു താഴെ ഞാൻ കണ്ടത്രയും വീടുകളില്ല… പത്തോളം ചെറിയ പുൽ കൂരകൾ മാത്രമാണ് അവിടെ ഉള്ളത്, അതി രാവിലെ ആണ് സമയം… ഇരുട്ടിന്റെ പൊയ്മുഖം പൂർണമായും നീക്കം ചെയ്യ പെട്ടിട്ടില്ലാ… ഞാൻ ക്ഷീണിച്ചു തളർന്നിട്ടുണ്ട്… വീണ്ടും മുന്നോട്ട് ഓടി… ഇന്ന് കണ്ട ഗുഹയുടെ മുന്നിലെത്തി, അതിന്റെ മുന്നിൽ കല്ല് വിളക്കോ പൂജാ വസ്തുക്കള്ളോ ഒന്നുമില്ലാ… മുഴുവൻ കാടു പിടിച്ചു നിൽക്കുന്നു, ഒരാളുടെ അരയൊപ്പം ഉയരമുള്ള പുൽ ചെടികൾ… ഞാൻ അതിനെ വളഞ്ഞു മാറ്റി മുന്നോട്ടു നീങ്ങി ഗുഹയിൽ കയറി… ഞാൻ കിതക്കുകയാണ്.. എന്റെ തോളിൽ ആരുടെയോ കൈ വന്ന് പതിച്ചു, അവരും കിതക്കുന്നുണ്ട്… അവരുടെ ചുടു നിശ്വാസമെന്റെ തലനാരുകളെ തഴുകി കഴുത്തിലെത്തി…
ഞാൻ ഞെട്ടി ഉണർന്നു… സ്വപ്നാമായിരുന്നു… എന്തൊരു വ്യക്തമായാണ് സ്വപ്നം കണ്ടത്… ശെരിക്കും കഴുത്തിൽ ആരുടെയോ ശ്വാസം പതിഞ്ഞതു പോലെ തോന്നി… കുളിരു കോരി രോമങ്ങളെല്ലാം ഉയർന്നു നിൽക്കുന്നു.. മേശയിലിരുന്ന കൂജത്തിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചിട്ടു ഞാൻ ജനാലയും കതകും അടഞ്ഞാണ് കിടക്കുന്നതെന്ന് ഉറപ്പു വരുത്തി… വീണ്ടും വന്ന് കിടന്ന് ഉറങ്ങാൻ ശ്രമിച്ചു… താഴെ നിന്നും ആരുടെയോ നിലവിളി പോലെ കേട്ടു… എന്താണ് സംഭവമെന്ന് അറിയാതെ ഞാൻ കുറച്ചു നേരം കിടന്നു.. അടുത്ത മുറിയുടെ കതകു തുറക്കുന്നതിന്റെ ശബ്ദവും താഴെ നിന്നു സംസാരവും കേട്ടപ്പോൾ ഞാനും എഴുന്നേറ്റു ഒരു മുഷിഞ്ഞ ബനിയൻ എടുത്തിട്ടു കതകു തുറന്നു പുറത്തിറങ്ങി.. അച്ഛന്റെ മുറിയുടെ കതകു തുറന്നു കിടന്നിരുന്നു, അവിടെ നിന്നും വരുന്ന പ്രകാശത്തിൽ ഞാൻ കോവണിപ്പടി വരെയെത്തി താഴെക്കു ഇറങ്ങി… അച്ഛമ്മയുടെ മുറിയുടെ പുറത്ത് എല്ലാവരും കൂടി നിൽക്കുന്നു… ഇനി തള്ള കാഞ്ഞു പോയോ എന്തോ.. ഞാനും കൂടി നിൽക്കുന്നവരുടെ അടുത്തു ചെന്നു നിന്നു.. ഒരു മൊന്തയിൽ വെള്ളവുമായി മീനാക്ഷി മുറിയിലേക്കു കയറി… അച്ഛമ്മ കട്ടിലിൽ ഉണർന്നിരിക്കുന്നു അവർക്കു തൊട്ടരികിലായി സന്ധ്യ വല്യമ്മ ഇരിക്കുന്നു, അതിനടുത്തു ശോഭന ചിറ്റയും നിൽപ്പുണ്ട്… മീനാക്ഷിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി ശോഭന ചിറ്റ അച്ഛമ്മക്കു നൽകി…
“എന്താ അമ്മേ…. എന്തുപറ്റി…”
സന്ധ്യ വല്യമ്മ അസ്വസ്ഥമായി തിരക്കി…
“ഞാനവളെ കണ്ടു…..”
വെള്ളം വിഴുങ്ങുന്നതിനിടയിൽ അച്ഛമ്മ പറഞ്ഞു…
“ആരെ കണ്ടെന്നാ അമ്മേ…..”
സന്ധ്യ വെല്യമ്മ പെട്ടന്നു തന്നെ തിരക്കി…
“അവളെ…”
“ആരെ എന്ന് പറ അമ്മേ…”
“അവളെ ഞാൻ കണ്ടു…. യമുനയെ… ഈ ജനാലയിലൂടെ….”
അച്ഛമ്മ വെപ്രാളപെട്ടു ജനാലയിലേക്ക് കൈ നീട്ടി പറഞ്ഞു… എല്ലാവരുടെയും മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു…
“തേങ്ങ…. അമ്മ നാമം ജപിച്ചു കിടന്നിറങ്ങാൻ നോക്ക്..”
ശോഭന ചിറ്റ പറഞ്ഞിട്ടു മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി…
“ഞാൻ കണ്ടതാ…. അവൾ തന്നെയാ…”
“അമ്മക്കു തോന്നിയതാ അമ്മേ…. കിടന്നു ഉറങ്ങാൻ നോക്കമ്മാ…”
വാതിക്കൽ നിന്നും അച്ഛൻ പറഞ്ഞു…
“മുരളീ…. നാളെയാ സുബ്രമണി കണിയാരോട് ഒന്ന് വരാൻ പറയണം നീ…”

അടുത്ത ഭാഗം ഇപ്പോഴാ വരിക കുട്ട്യേ