“” എന്നാലും ഒരു വാശി എനിക്കുണ്ടായിരുന്നു… പോകുന്നതിന് മുൻപ് മുരളിയെ ഞാൻ പോയി കണ്ടിരുന്നു……….””
ശരണ്യ പറഞ്ഞതും ജയ അടുത്ത നടുക്കത്തോടെ മുഖമുയർത്തി…
“” അവൾ വല്ലാതെ മോഹിച്ചിരുന്നു മുരളിയെ………. അല്ലെങ്കിൽ മുരളി അവളെ മോഹിപ്പിച്ചിരുന്നു………. “
ബസ് സ്റ്റാൻഡിലായിരുന്നു ഇരുവരും…
മുരളി എത്തുന്ന സമയം കണക്കാക്കി ശരണ്യ അവിടെ എത്തിച്ചേരുകയായിരുന്നു…
മുരളീകൃഷ്ണൻ മുഖം കുനിച്ചു നിന്നു…
“” അവളെന്നോട് മുരളിയുടെ കാര്യം പറഞ്ഞിരുന്നു… ഇതൊന്നും നടക്കാൻ പോകില്ല എന്നറിഞ്ഞതു കൊണ്ടാണ് ഞാനതിന് അവളെ സപ്പോർട്ട് ചെയ്യാതിരുന്നത്…… “
മുരളി പതിയെ മുഖമുയർത്തി…
“” ഇപ്പോൾ ഒന്നുമറിയാത്ത ഞാൻ എല്ലാവരുടെയും കണ്ണിൽ തെറ്റുകാരിയും അവളെ വഴിതെറ്റിക്കാൻ വന്നവളുമായി… എന്റെ നല്ലൊരു കൂട്ടുകാരിയാ ഇല്ലാതായത്…… “
ശരണ്യയുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു…
“” അവളുടെ വിവാഹം ഏതാണ്ട് തീരുമാനിച്ച പോലെയാണ്… മുരളിയ്ക്ക് പറ്റുമെങ്കിൽ അവളെ വിളിച്ചുകൊണ്ടു പോ… “”
“” ഞാനാ കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ല… …. “
മുരളിയുടെ സ്വരം പതറിയിരുന്നു…
“” മഞ്ജു ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ… ? ഇല്ലല്ലോ………. ഉണ്ടെങ്കിൽ അവളത് എന്നോട് പറയാതിരിക്കില്ല… പിന്നെ നിങ്ങൾ സ്നേഹത്തിലാണെന്ന് ആ സാററിഞ്ഞത് എങ്ങനെയാ……….?””
ശരണ്യ ക്ഷോഭിച്ചു തുടങ്ങിയിരുന്നു… ….
“” പതിയെ ശരണ്യ…… ആളുകൾ ശ്രദ്ധിക്കുന്നു… ….””
മുരളി അവളെ ഓർമ്മപ്പെടുത്തി……
“” ആളുകൾ ശ്രദ്ധിക്കുന്ന കാര്യം കോളേജിൽ വെച്ച് ശ്രദ്ധിക്കാൻ പറ്റിയില്ല… അല്ലേ………..?””
ശരണ്യ പരിഹസിച്ചു…
“” ഒന്നാമത് ഒരു സ്വാതന്ത്ര്യവും ഇല്ലാത്തതാണ് അവൾക്ക് വീട്ടിൽ… ഇനി ഇതും പറഞ്ഞ് അവളെ തല്ലിക്കൊന്നോ എന്നു പോലും അറിയില്ല… വേദനിപ്പിക്കാനായിരുന്നുവെങ്കിൽ ഇത് വേണ്ടായിരുന്നു മുരളീ………. “
മുരളീകൃഷ്ണൻ നിശബ്ദം നിന്നു…
“” ഞാൻ പറയാനുള്ളത് പറഞ്ഞു…… അവളെ കാണാനോ വീട്ടിൽ ചെല്ലാനോ എനിക്ക് അനുവാദമില്ല… രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഞാൻ നാട്ടിൽ പോകും… ഇത്രയെങ്കിലും മുരളിയെ കണ്ടു പറഞ്ഞില്ല എങ്കിൽ എനിക്ക് സമാധാനമുണ്ടാവില്ല… അതാ ഞാൻ വന്നത്…… “
ശരണ്യ പറഞ്ഞു നിർത്തി തിരിയാൻ തുടങ്ങിയതും മുരളി പിന്നിൽ നിന്ന് വിളിച്ചു…
“” ഒന്നു നിൽക്ക്………. “
ശരണ്യ തിരിഞ്ഞു…
ഒരാലോചനയിലെന്നവണ്ണമാണ് മുരളി പറഞ്ഞു തുടങ്ങിയത്…
“” മഞ്ജുവിനെ എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല… ഇഷ്ടപ്പെടാതിരിക്കാൻ കാരണവുമില്ലല്ലോ… “
ഒന്നു നിർത്തി മുരളി തുടർന്നു…
“” ചില്ലറ ജോലികളും ഗാനമേളയ്ക്കുമൊക്കെ പോയിട്ടാണ് ഞാൻ പഠിക്കാൻ വരുന്നതു തന്നെ… എന്റെ ആഗ്രഹം അത്യാഗ്രഹമാണെന്ന തിരിച്ചറിവു കൊണ്ടാ ജയയോട് ഞാൻ ഇഷ്ടം പറയാതിരുന്നതും… അവളെ വിളിച്ചു കൊണ്ടുവരാൻ എന്റെ കൂട്ടുകാരൊക്കെ റെഡിയാണു താനും……….””
പിന്നെന്താ കുഴപ്പമെന്ന മട്ടിൽ ശരണ്യ മുരളിയെ നോക്കി…
“” രണ്ടു ദിവസം മുൻപ് ജയമോഹൻ എന്നെ വന്നു കണ്ടിരുന്നു… ഞാനങ്ങനെ വല്ലതിനും ശ്രമിച്ചാൽ രണ്ടിനേയും തല്ലിക്കൊന്ന് റെയിൽവേ ട്രാക്കിൽ ഇടുമെന്നാ ഭീഷണി…… “
ശരണ്യ ഒരു നടുക്കത്തിൽ പിടഞ്ഞുണർന്നു…
സംഗതി ശരിയായിരിക്കും……
ശരിയായിരിക്കും എന്നല്ല…
സംഭവിച്ചു കൂടായ്കയില്ല…
കാരണം, എതിരു നിന്ന് ചോദിക്കാൻ ധൈര്യമുള്ളവരാരും ഇല്ല…
“” എന്റെ കാര്യം പോട്ടെടോ………. ഈ എന്നെ സ്നേഹിച്ചതിന്റെ പേരിൽ ആ പാവത്തിനെ എന്തിനാ കുരുതി കൊടുക്കുന്നത്…… ?
മുരളി ഒന്നു മന്ദഹസിച്ചു……
“” ചെറുപ്പത്തിൽ ഒരു ബലൂൺ, വർണ്ണക്കുട, നല്ലൊരു മിഠായി, ഒരു കെട്ടുന്ന ചെരിപ്പ്…… ഇതൊക്കെ പണമുള്ള വീട്ടിലെ കുട്ടികളുടെ കയ്യിൽ കാണുമ്പോൾ എനിക്കും ആഗ്രഹം തോന്നിയിട്ടുണ്ട്…… പിന്നീട്, അത് നമുക്ക് ആശിക്കാൻ പറ്റിയതല്ല എന്ന് പറഞ്ഞു മനസ്സിനെ പഠിപ്പിച്ചെടുത്തു… ഇതും അത്രയൊക്കെയേ ഉള്ളൂ… “
മുരളിയുടെ സ്വരം ഒന്നിടറിയിരുന്നു…
“” ചെറുപ്രായത്തിൽ തന്നെ മോഹങ്ങളൊക്കെ അടച്ചുപൂട്ടി, ഒരിക്കലും തുറക്കാൻ പറ്റാത്ത വിധം വീടിന്റെ മച്ചിൽ കെട്ടിവെച്ചവനാ ഞാൻ… “
