“”ന്നാലും ന്നോടൊന്നും പറയാതെ………………””
ഗദ്ഗദത്തിന്റെ അകമ്പടിയോടെ അവളിൽ നിന്ന് വാക്കുകളുതിർന്നു…
ശരണ്യ അറിയാതെ തന്നെ കൂട്ടുകാരിയുടെ പുറത്ത് കൈകൾ ചുറ്റി..
ജയയുടെ അവസ്ഥ വല്ലാത്തതാണെന്ന് ശരണ്യ തിരിച്ചറിഞ്ഞിരുന്നു…
ഒരു പ്രണയം…
അത് പ്രണയമാണോ എന്ന് സംശയമുണ്ടെങ്കിൽ കൂടിയും…
2 K ജനറേഷൻ പിള്ളേരുടെ ചപ്രംമുടിയുടെയും ലഹരിയുടെയും മേമ്പൊടിയും കാമാസക്തികളും വരച്ചിടുന്ന ഭാവനയ്ക്കു മുൻപിൽ ഇതൊരു പ്രണയമായിരുന്നോ എന്ന് ശങ്കിച്ചേക്കാം…
അതങ്ങനെ മനസ്സിലിട്ടു പൂവിട്ടു പൂജിക്കുക… !
സ്വന്തമെന്നു കരുതുക…….
ഒന്നുമുരിയാടാതെ അതിലൊഴുകി, അവൻ പൂർണ്ണതയേകിയ സാലഭഞ്ജിക കണക്കേ… ….
പിന്നീടത് കൈ വിടുന്നു…… !
നിസ്സഹായതയുടെ തീച്ചൂളയിൽ നിന്നു കൊണ്ട് അവളതെല്ലാം മറച്ചു വെക്കുമ്പോഴും ചാരം മൂടിക്കിടക്കുന്ന കനലായി അവളുടെ അന്തരാത്മാവിനുള്ളിൽ അത് ജ്വലിക്കുന്നുണ്ടായിരുന്നു…
ജയയുടെ ഫോണിലെ കോളർ ട്യൂൺ ശരണ്യയ്ക്ക് ഓർമ്മ വന്നു…
“” വാർമുകിലേ… വാനിൽ നീ വന്നു നിന്നാൽ………..”
ഒരു പ്രത്യേക തരം പ്രണയം…
അല്ലെങ്കിൽ വിവരിക്കാനെളുപ്പമല്ലാത്ത പ്രണയം………..!
ജനിച്ച കടിഞ്ഞൂൽ സന്താനത്തിന് അവന്റെ പേരിട്ട് അവളതിൽ ആത്മനിർവൃതിയും പ്രണയലഹരിയും നേടുന്നു…
അവൾക്ക് ഭർത്താവുണ്ട്…
മകനുണ്ട്…
സമൂഹത്തിൽ സ്ഥാനമാനങ്ങളേറെയുള്ള ബന്ധുജനങ്ങളുണ്ട്…
അതൊന്നും അവൾക്ക് പ്രശ്നമേയല്ല…
തന്റെ ഹൃദയാന്തരാളങ്ങളിലേക്ക് സപ്തസ്വര ശബ്ദവീചികളുമായി കടന്നു വന്ന കാമുകൻ ഒരു നാളിൽ വരുമെന്നും തന്നോടവന്റെ പ്രണയം തുറക്കുമെന്നും കരുതിയവൾ , അനുരാഗവിവശയായി കാത്തിരിക്കുന്നു…
“” അതിനു മാത്രം………..”
ജയ വീണ്ടും പൊട്ടിയടർന്നു……….
ശരണ്യ കയ്യെടുത്ത് അവളുടെ പുറത്തു തലോടി…
“” ഞാനിന്നലെ പറഞ്ഞില്ലേടാ… …. അവന് നീ മാത്രമല്ലായിരുന്നു പ്രശ്നങ്ങൾ… അവന്റെ പ്രശ്നങ്ങളിലൊന്നു മാത്രമായിരുന്നു നീ…”
വീണ്ടും ഏങ്ങലടിയുയർന്നു…
“” ഞാൻ പറഞ്ഞല്ലോ… മുരളിയുടെ വീട്ടിൽ നമുക്കറിയാത്ത ഒരുപാട് പ്രശ്നങ്ങളുണ്ടെന്നാണ് അവന്റെ സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞത്… …. അല്ലാതെ അവനീ കടുംകൈ ചെയ്യില്ലായിരുന്നുവല്ലോ…………….””
ശരണ്യ വീണ്ടും ചിന്തകളിലേക്ക് മടങ്ങി…
അവളുടെ കാത്തിരിപ്പിന് വിരാമം……….!
അവളുടെ സ്വപ്നങ്ങളും ചിന്തകളുമെല്ലാം വൃഥാവിലായിരിക്കുന്നു…
കുടുംബത്തിലും കുടുംബാംഗങ്ങൾ തമ്മിലും പ്രശ്നങ്ങളായിരുന്നു…
സാമ്പത്തികം പ്രശ്നമായിരുന്നു…
സ്ഥിരജോലി പ്രശ്നമായിരുന്നു…
അതിനിടയിൽ ഒരു നഷ്ടപ്രണയം കൂടി… ….
പക്ഷേ……….?
മുരളിയ്ക്ക് മരണം പ്രശ്നമേയല്ലായിരുന്നു…
ജീവിക്കാനും പ്രേമിക്കുവാനും ധൈര്യമില്ലാത്ത മുരളി മരണത്തിനു മുൻപിൽ നെഞ്ചുവിരിച്ച് തലയെടുപ്പോടെ നിന്നു…
ഏതോ എക്സ്പ്രസ്സ് ട്രെയിനായിരുന്നു അവന്റെ സകല പ്രശ്നങ്ങളുടെയും അന്തകൻ……
ശരണ്യ അവളുടെ മുഖം പിടിച്ചുയർത്തി…
“” നീയത് അറിഞ്ഞിരിക്കുമെന്നും അതിനാലാവണം നീ കിച്ചന് ആ പേരിട്ടതും എന്നാണ് ഞാൻ കരുതിയത്………. “
ജയ മൗനമാചരിച്ചു……
“” കഴിഞ്ഞത് കഴിഞ്ഞു മഞ്ജൂസേ… ജീവിതത്തിലാരും കൊതിച്ചത് നേടിയ ചരിത്രമില്ല… കാരണം അതാണ് ഞാൻ മനസ്സിലാക്കിയ ജീവിതം…”
ശരണ്യ തത്വജ്ഞാനിയേപ്പോലെ സംസാരിച്ചു തുടങ്ങി…
“ നീ വെറുതെ വിഡ്ഡി വേഷമാടുകയാണ്… ഈ സമ്പത്തിലും സന്തോഷത്തിലും ജീവിക്കുന്ന നീ നിന്നെ തന്നെയാണ് ഇല്ലാതാക്കുന്നത്…… അതു മറക്കരുത്… … “
ജയ നിശബ്ദം നിന്നതേയുള്ളൂ…
അന്ന് കുറച്ചു വൈകിയാണ് മുരളി കളി കഴിഞ്ഞെത്തിയത്……
വൈകിയതിന് കാരണം പതിവു പോലെ അമ്മ ചോദിക്കാത്തതിൽ മുരളിയിൽ ചെറിയ അമ്പരപ്പുണ്ടാക്കി…
അത്താഴമേശ മൗനമായിരുന്നു…
അത് മുരളി ശ്രദ്ധിക്കുകയും ചെയ്തു……
“” ഞാൻ പോയപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നല്ലോ… നിങ്ങൾ വീണ്ടും വഴക്കു കൂടിയോ… ….?””
“” അതൊന്നുമല്ലടാ… ഞാൻ നാളെ രാവിലെ പോകും…””
ശരണ്യ പ്രശ്നം ലഘൂകരിച്ചു…
“” ഞാനും ലീവല്ലേ ആന്റി… രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടു പോകാമെന്ന്…””
“ നാട്ടിൽ പോയിട്ട് ഒരു കാര്യമുണ്ട്……””
