പക്ഷേ, മതിലകം തറവാടുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഒരദ്ധ്യാപകൻ അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
അയാളത് ചന്ദ്രസേനൻ മേനോനെ അറിയിച്ചു……
കാര്യങ്ങൾ പുറത്തറിയാതെ നിരീക്ഷിക്കുവാനും വേണ്ടത് പ്രാവർത്തികമാക്കുവാനും അയാളത് മകൻ ജയമോഹനെ ചുമതലപ്പെടുത്തുകയും ചെയ്തു…
ഡിഗ്രി അവസാന വർഷമായിരുന്നു അത്… അതുകൊണ്ടു തന്നെ മകളുടെ പഠിപ്പ് മുടങ്ങരുതെന്ന് മേനോൻ മകനെ ശട്ടം കെട്ടിയിരുന്നു…
രവിപ്രസാദിന്റെ ആലോചനയും ആ കാലയളവിലായിരുന്നു…
കോഴ്സ് കഴിയാറായതും ഒരു കാരണവുമില്ലാതെ ശരണ്യ അകന്നു തുടങ്ങിയതും പിന്നീട് നാട്ടിലേക്ക് പോയതും ജയമഞ്ജുഷയെ വല്ലാത്ത ഒരവസ്ഥയിൽ എത്തിച്ചിരുന്നു…
പുറത്തേക്കിറങ്ങാൻ വയ്യ…
മനസ്സിലുള്ളത് ആരോടും പറയാനും വയ്യ…
ഇടയ്ക്ക് ശരണ്യയുമായി ബന്ധപ്പെടാൻ ലാന്റ് ഫോണിൽ ആരും കാണാതെ ശ്രമിച്ചിരുന്നുവെങ്കിലും അത് നമ്പർ ലോക്ക് മാറ്റിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു…
അതോടു കൂടി താൻ നിരീക്ഷണത്തിലാണെന്നും തന്റെ ധൃതി പിടിച്ചുള്ള വിവാഹാലോചനയുടെ പൊരുളെന്തെന്നും ജയ മനസ്സിലാക്കിത്തുടങ്ങി…
അതിനിടയിൽ വിവാഹം അവളുടെ സമ്മതം പോലുമില്ലാതെ തീരുമാനിക്കപ്പെട്ടു…
കൂട്ടുകാരികൾക്ക് വിവാഹക്ഷണക്കത്ത് അയക്കാനെന്ന വ്യാജേന “” അടിച്ചുമാറ്റിയ”” നാലഞ്ചു “” ഇല്ലൻഡ്”” കാർഡിൽ തന്റെ മനോവിഷമങ്ങൾ അവൾ കൂട്ടുകാരിക്ക് അയച്ചു കൊടുത്തെങ്കിലും അതിന് മറുപടികളൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, വിവാഹത്തിനു കൂട്ടുകാരിയുടെ സാന്നിദ്ധ്യം പോലും ഉണ്ടായില്ല…
“” നീ എങ്ങനെയെങ്കിലും മുരളിയെ കാണൂ… ഈ സ്വത്തും സമ്പത്തും എല്ലാവരെയും ഒഴിവാക്കി ഞാൻ വരാം… എനിക്ക് അവനെയൊന്നു കണ്ടാൽ മാത്രം മതി… അല്ലെങ്കിൽ ഒരുമിച്ചു മരിക്കാനും ഞാൻ തയ്യാറാണ് ……….””
ശരണ്യയ്ക്ക് ജയ അവസാനം എഴുതിയ കത്തിലെ ഏതാണ്ട് രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു…
“” പിണങ്ങിപ്പോകാൻ നമ്മൾ ഒന്നു കൊണ്ടും പിണങ്ങിയിട്ടില്ലായിരുന്നല്ലോ………. “
ശരണ്യയുടെ സ്വരം ഏതോ ഗഹ്വരത്തിൽ നിന്നെന്നവണ്ണം, ഓർമ്മകളിൽ നിന്ന് വിടുതൽ നേടവേ ജയ കേട്ടു…
“” ഏതോ മാഷ് പറഞ്ഞാണ് നിന്റെയും മുരളിയുടെയും കാര്യം വീട്ടിലറിഞ്ഞത്… എന്റെ അച്ഛനെ കാണാൻ നിന്റെ അച്ഛൻ വന്നിരുന്നു…””
ഒരുൾക്കാളലിൽ ജയ നടുങ്ങി , ശരണ്യയുടെ മുഖത്തേക്ക് നോക്കി…
അവളുടെ മുഖത്തെ അവിശ്വസനീയത ശരണ്യ കണ്ടു…
“” സത്യം… എന്റെ ഫ്രണ്ട്ഷിപ്പു കൊണ്ടാണ് നീ വഴി തെറ്റിയത് എന്നായിരുന്നു സംസാരം…… ഇന്ന് ഞാൻ നിന്റെ വീട്ടിൽ വന്നപ്പോഴും പഴയതൊന്നും മറക്കാത്ത അച്ഛനെയും അമ്മയേയും ഞാൻ കണ്ടു…”
ശരണ്യയുടെ സ്വരം ശാന്തമായിരുന്നു…
തിരികെ വരുമ്പോൾ ശരണ്യ തലവേദനയാണെന്ന് പറഞ്ഞത് ജയ ഓർത്തു…
“” അതു കഴിഞ്ഞ് നിന്റെ ചേട്ടൻ എന്നെ വന്നു കണ്ടു… നീയുമായി ഒരു ബന്ധവും പാടില്ലെന്നും നിന്റെ വിവാഹമാണ്, നീ വിളിച്ചേക്കും, അതിനു പോലും വരരുതെന്നും വിലക്കിയിരുന്നു… …. “
ജയയുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു…
വർഷങ്ങളായി താനറിയാത്ത കാര്യങ്ങൾ……
പറയുന്നത് ശരണ്യ ആകയാൽ അവിശ്വസിക്കേണ്ട കാര്യമില്ല…
ഇത്രയും വർഷങ്ങൾ കഴിഞ്ഞ് നുണ പറയേണ്ട കാര്യം അവൾക്കുമില്ല…
തറവാട്ടിൽ അന്ന് തനിക്കുണ്ടായിരുന്ന അനുഭവങ്ങളൊക്കെ അത് വെളിവാക്കുന്നതാണ്…
നിയന്ത്രണമില്ലാത്ത നിയന്ത്രണം……….!
ആരുടെയെങ്കിലും രണ്ടു കണ്ണുകൾ തന്റെ പിന്നാലെ ഉണ്ടായിരുന്നതായി അവളോർത്തു……
പെണ്ണുകാണൽ ചടങ്ങു നടന്ന ശേഷം തന്റെ മുറിയിലേക്ക് വിവാഹം വരെ അമ്മ കിടപ്പു മാറ്റിയതും അവൾക്ക് ഓർമ്മ വന്നു…
അതേ……….!
എല്ലാം പരസ്പര പൂരകങ്ങളാണ്…
ചിന്തയിൽ കാട്ടുതീ പടർന്നതു പോലെ ജയ ഒന്നു തല കുടഞ്ഞു…
“” അച്ഛന്റെയും അമ്മയുടെയും ചീത്ത മുഴുവൻ കേട്ടിട്ട് സഹിക്കവയ്യാതെയാണ് ഞാൻ നാട്ടിലേക്ക് പോയത്…… എല്ലാവരും അത്രത്തോളം എന്നെ തെറ്റിദ്ധരിച്ചിരുന്നു… “
ശരണ്യയുടെ സ്വരത്തിലെ ദു:ഖം ജയ തിരിച്ചറിഞ്ഞു…
ശരണ്യയുടെ വയറിനു മീതെ മുഖം ചേർത്ത് ജയ, അവളെ അമർത്തിച്ചുറ്റിപ്പിടിച്ചു…
