വൃന്ദ അകത്തു കയറി കുഞ്ഞിയെ നോക്കി, പതിയെ കവിളിൽ തഴുകിയിട്ട് പുറത്തേക്കിറങ്ങി
രുദ്ര് വൃന്ദയെ കണ്ണെടുക്കാതെ നോക്കിനിന്നു,
ഭൈരവ് തിരികെവന്നു
“ഏട്ടാ… ഏട്ടന്റെ ഫോണിന്ന് എനിക്കൊരു നമ്പർ വിളിച്ചു തരോ…??”
വൃന്ദ അവനോട് ചോദിച്ചു
അവൻ ഫോൺ ലോക്കെടുത്ത് അവൾക്ക് നേരേ നീട്ടി
അവൾ ഫോൺ വാങ്ങി കിച്ചയെ വിളിച്ച് കാര്യം പറഞ്ഞു
അത് കേട്ടതും അവിടേക്ക് വരാനായി ഇറങ്ങിയ കിച്ചയെ നാളെ വന്നാ മതിയെന്ന് പറഞ്ഞ് സമ്മതിപ്പിച്ചു ഫോൺ കട്ട് ചെയ്ത് ലതയെ വിളിച്ച് കാര്യം പറഞ്ഞു രാവിലെ നളിനിയോട് പൂജാമുറിയിൽ വിളക്ക് വയ്ക്കാൻ പറയാൻ ഏർപ്പാടാക്കി ഫോൺ ഭൈരവിന് കൊടുത്തു,
വൃന്ദയുടെയും രുദ്രിന്റെയും കണ്ണുകൾ ഇടക്കിടയ്ക്ക് തമ്മിലിടയുന്നുണ്ടായിരുന്നു,
വൃന്ദ ഉറങ്ങാതെ കണ്ണന് കൂട്ടിരുന്നു, പുലർച്ചെ എപ്പോഴോ കണ്ണൻ ഉണർന്ന് വെള്ളം ചോദിച്ചു വൃന്ദ അവന് വെള്ളം കൊടുത്തു, അവൾ അവന്റെ നെറ്റിയിൽ കൈവച്ചു പനി നിശേഷം മാറി, എന്നാലും കണ്ണന് നല്ല ക്ഷീണം ഉണ്ടായിരുന്നു…
ഒരു ആറര മണിയായപ്പോൾ രുദ്രും ഭൈരവും റൂമിലേക്ക് വന്നു, ഫ്ലാസ്കിൽ ചായയും ഉണ്ടായിരുന്നു
ഉറക്കച്ചടവോടെ കണ്ണന്റെ കട്ടിലിനടുത്ത് അവനേം ഉറ്റുനോക്കി ഇരിക്കുന്ന വൃന്ദയെ രണ്ടുപേരും അലിവോടെ നോക്കി, കണ്ണനും അപ്പൊ ഉണർന്നിരുന്നു അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു, അവരെക്കണ്ട് വൃന്ദ എഴുന്നേറ്റു,
“മോളിന്നലെ ഉറങ്ങിയില്ലല്ലേ…??? മുഖമെല്ലാം വല്ലാതിരിക്കുന്നു…”
ഭൈരവ് ഗ്ലാസ്സിൽ ചായ പകർന്നു അവൾക്ക് നേരേ നീട്ടിക്കൊണ്ട് ചോദിച്ചു
അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസ്സ് വാങ്ങി
“എങ്ങനുണ്ട് കണ്ണപ്പാ…പനിയൊക്കെ മാറിയോ…”
അവൻ കണ്ണനെ തലോടിക്കൊണ്ട് ചോദിച്ചു, എന്നിട്ട് ചായ അവനും കൊടുത്തു
കണ്ണൻ ഒന്ന് പുഞ്ചിരിച്ചു,
ഈ സമയമത്രയും രുദ്ര് വൃന്ദയെ തന്നെ നോക്കി നിൽക്കുകയായിരുന്നു
“എന്ത് ഭംഗിയാ ഈ പെണ്ണിന്…”
വൃന്ദയെത്തന്നെ നോക്കിയിരുന്ന രുദ്ര് ആത്മഗതം പറഞ്ഞത് കുറച്ചുറക്കെയായിപ്പോയി
ചായക്കപ്പ് ചുണ്ടിലേക്ക് വച്ച ഭൈരവ് അതുകേട്ട് ചായ അറിയാതെ വിക്കിപ്പോയി, അവൻ ചുമച്ചു ഞെട്ടിതിരിഞ്ഞു രുദ്രിനെ നോക്കി
വൃന്ദ ഞെട്ടി രുദ്രിനെ നോക്കി പിന്നേ തലകുനിച്ചു പുഞ്ചിരിച്ചു…
രുദ്ര് ഭൂമികുഴിച്ചു പാതാളത്തിലേക്ക് പോയെങ്കിൽ എന്നവസ്ഥയിൽ നിന്ന് ഇളിച്ചു…
അപ്പോഴേക്കും ഡോർ തള്ളിത്തുറന്ന് സുന്ദരിയായ ഒരു പെൺകുട്ടി അകത്തേക്ക് വന്നു,
ഒരു ചുവന്ന കുർത്തിയും വെള്ള ലെഗ്ഗിൻസുമാണ് വേഷം, വൃന്ദയുടെ അത്രേം നിറമില്ലെങ്കിലും വെളുത്തിട്ടാണ്, മുടി പുട്ട്അപ്പ് ചെയ്ത് വച്ചിരിക്കുന്നു കാതിൽ ഒരു ഫാൻസി കമ്മൽ, കഴുത്തിൽ ഒരു സ്വർണമാല
“കിച്ചേ…”
വൃന്ദ വിളിച്ചു
കിച്ച അവളുടെ കയ്യിലൊന്ന് തൊട്ടിട്ട് കവറുകളെല്ലാം താഴെ വച്ച് നേരേ കണ്ണനടുത്തേക്ക് ചെന്ന് അവനൊപ്പം കട്ടിലിലിരുന്നു
“മോനേ കണ്ണാ… ഇപ്പോങ്ങനുണ്ട്…?? പനി കുറവുണ്ടോ…?? മോൻ പേടിച്ചോ…?? ഡോക്ടർ വന്നോ…??”
അങ്ങനെ ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങള് അവനോട് ചോദിച്ചുകൊണ്ട് അവന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം കൈവച്ചു നോക്കി പിന്നീട് അവനെ അവളോട് ചേർത്ത് തലോടി,
അവനോടുള്ള അവളുടെ സ്നേഹവും കരുതലും അവളുടെ പെരുമാറ്റത്തിൽനിന്നും മനസ്സിലാക്കാമായിരുന്നു
കണ്ണൻ അവശതയോടെ അവളോട് ചേർന്നിരുന്ന് പുഞ്ചിരിച്ചു
“എനിക്കൊന്നൂല്ല കിച്ചേച്ചി… ഇന്നലെ പനിയായിരുന്നു ഇപ്പൊ മാറി…”
അവൻ പറഞ്ഞു
“ഇതൊക്കെ ആരാ…? “
രുദ്രിനേം ഭൈരവിനെയും നോക്കി അവൾ ചോദിച്ചു
“ഇത്… അമ്മാവന്റെ മക്കളാ…”
വൃന്ദ പരിചയപ്പെടുത്തി
“ഹെലോ…”
അവർ വിഷ് ചെയ്തു
“ഇവിടുത്തെ ചെകുത്താന്മാരുടെ ഉപദ്രവം പോരാഞ്ഞിട്ടാണോ അങ്ങ് വെളീന്ന് ആളിനെയിറക്കിയത്…??”
അവൾ പുച്ഛത്തോടെ ചോദിച്ചു
“കിച്ചേ നീയെന്തൊക്കെയാ പറയുന്നത്…??”
വൃന്ദ അവളുടെ വായ പൊത്തിക്കൊണ്ട് ചോദിച്ചു
“ദേ… അവിടുള്ളോര് കാണിക്കുംപോലെ ഇവരോട് വല്ലോം കാണിച്ചാ, കൃഷ്ണ ആരാണെന്ന് നിങ്ങളറിയും… ഇത്രേംനാളും ഞാൻ ഒന്നുമിണ്ടിയില്ല ഇവരെയൊർത്ത്… ഇനിപറ്റില്ല…”
