കിച്ച വൃന്ദയുടെ കൈ പിടിച്ചുമാറ്റി അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു
“ചുമ്മാതിരിക്കടി… ഇവരാണ് ഇന്നലെ കണ്ണനെ ഇവിടേക്കൊണ്ടൊന്നത്…”
അതുകേട്ട് അവളൊന്നടങ്ങി, പിന്നേ ചമ്മിയ ഒരു ചിരി ചിരിച്ചു
“അപ്പൊ… ഇവരല്ലേ നിന്നെ അന്ന് വേണ്ടാത്തത് പറഞ്ഞത്…??”
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു
വൃന്ദ അല്ലെന്ന് തലയാട്ടി
കിച്ച പിന്നീട് കഷ്ടപ്പെട്ട് മുഖമുയർത്തി
“സോറി… ഞാനോർത്തു… (രുദ്രിനെ നോക്കി) ഈ ചേട്ടൻ ഞാൻ വന്നപ്പോമുതൽ ഇവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അതോണ്ടാ… ഞാൻ…”
അവൾ പതിയെ വിക്കിക്കൊണ്ട് പറഞ്ഞു,
കണ്ണൻ വാപൊത്തിച്ചിരിച്ചു
കിച്ച അവനെ കണ്ണുരുട്ടി നോക്കി
അതുകണ്ട് ഭൈരവ് പൊട്ടിച്ചിരിച്ചു
രുദ്ര് ഒരു ചമ്മിയ ചിരി ചിരിച്ചു
“ഇവൻ ഒരു പെൺകുട്ടിയെ നോക്കുന്നെന്ന് ആദ്യമായി പറഞ്ഞത് കുട്ടിയാ… ഇത് ഇവനെ അറിയാവുന്ന ആരോട് പറഞ്ഞാലും ഒരിക്കലും വിശ്വസിക്കില്ല… എന്തുമാത്രം പെൺപിള്ളേര് ഇവന്റെ പിറകെ നടക്കുന്നുണ്ടവന്നറിയോ…”
ഭൈരവ് അവനെനോക്കി പറഞ്ഞു
“ചുമ്മായിരിക്ക് മൈരേ…”
ഒരു ജാള്യതയോടെ രുദ്ര് പതിയെ അവന്റെ ചെവിയിൽ പറഞ്ഞു
വൃന്ദ ചെറിയ ഒരു പുഞ്ചിരിയോടെ അവനെ ഏറുകണ്ണിട്ട് നോക്കി
“അതെന്താ… ചേട്ടന് പെണ്ണുങ്ങളോട് ഇത്ര വിരോധം…??”
കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു
“ഏയ്… വിരോധം കൊണ്ടല്ല… അവനിപ്പോഴും അവന്റെ സ്വപ്നത്തിലെ ചന്ദനത്തിന്റെ മണമുള്ള കഴുത്തിൽ മറുകുള്ള അവന്റെ പെണ്ണിനെ തപ്പി നടക്കുകയാ… മറന്നു… പിന്നേ കൊറേ ചെന്നായകളും… അല്ലേടാ…”
രുദ്ര് എന്തോ പറയാൻ വന്നതും ഇടക്ക്കയറി ഭൈരവ് പറഞ്ഞു
അതുകേട്ട വൃന്ദയ്ക്ക് നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി അവൾ അറിയാതെ തന്റെ നെഞ്ചിൽ കൈവച്ചു
രുദ്ര് അത് ശ്രദ്ധിച്ചു
കിച്ചയും ഞെട്ടലോടെ വൃന്ദയെ നോക്കി
“എന്ന് വച്ചാൽ….??? “
കിച്ച അമ്പരപ്പോടെ ചോദിച്ചു
ഭൈരവ് രുദ്രിന്റെ സ്വപ്നത്തേക്കുറിച്ച് അവരോട് പറഞ്ഞു
അവൻ പറയുന്ന ഓരോ വാക്കും നെഞ്ചിൽകൈവച്ചാണ് വൃന്ദ കേട്ടത്
എല്ലാം പറഞ്ഞു നിർത്തിയതും വൃന്ദയുടെ കണ്ണ് നിറഞ്ഞു, അവളറിയാതെ ഒരു തേങ്ങൽ പുറത്തുവന്നു,
എല്ലാവരും അമ്പരന്ന് അവളെ നോക്കി,
കിച്ച അത്ഭുതത്തോടെ വൃന്ദയുടെ സ്വപ്നത്തേക്കുറിച്ചും അവരോട് പറഞ്ഞു,
ഒരു ഞെട്ടലോടെയാണ് അവർ അതെല്ലാം കേട്ട് നിന്നത്
അവർക്കത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു,
എല്ലാം കേട്ട് കഴിഞ്ഞ രുദ്ര് അവൾകരികിലേക്ക് ചുവടുവച്ചു, എപ്പോഴും അവൾ തല കുനിച്ച് വിതുമ്പി ക്കൊണ്ടിരുന്നു, രുദ്ര് അവളെ നോക്കി പിന്നീട് ഏതോ ഒരു ഉൾപ്രേരണയിൽ അവളെ തന്നിലേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പി,
അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു,
അവർക്ക് ഭരമില്ലാതായി, ഒരപ്പൂപ്പന്താടിപോലെ അവർ രണ്ടുപേരും ഒഴുകിനടന്നു, പേരറിയാത്ത മനംമയക്കുന്ന പുഷ്പങ്ങളുടെ സുഗന്ധത്താൽ നിറഞ്ഞപോലെ, ചുറ്റും ഹൃദ്യമായ സംഗീത വാദങ്ങൾ അവർക്കായി സംഗീതം തീർക്കുന്നപോലെ…ആ ഒരു നിമിഷം ഒരിക്കലും തീരാതിരിക്കാൻ അവർ പ്രാർഥിച്ചു…
കുറച്ചുനേരം അവർ ആ നിൽപ്പ് തുടർന്നു പിന്നീടവൾ എന്തോ അബദ്ധം പറ്റിയപോലെ അവന്റെ നെഞ്ചിൽനിന്നും മുഖമുയർത്തി, അവൾ പുറത്തേക്കോടി,
കിച്ചയും ഭൈരവും ഒരമ്പരപ്പിലായിരുന്നു
“ഞാനപ്പോഴേ നിന്നോട് പറഞ്ഞില്ലേ…. അതവളാണെന്ന്, ഞാൻ വൃന്ദയെ സ്വപ്നം കാണുമെന്നു പറഞ്ഞപ്പോൾ നീയല്ലേ എന്നെ കളിയാക്കിയത്, നീയിപ്പോകണ്ടോ ഒരു നിയോഗം പോലെ അവളെന്റരികിലേക്ക് വന്നത്…??”
രുദ്രിന്റെ കണ്ണുകൾ നിറഞ്ഞു
ഭൈരവിന് ഒന്നും മനസ്സിലായില്ല,
കിച്ചയും എല്ലാം കേട്ട് ഒരു മരവിപ്പിലായിരുന്നു, അവൾ പതിയെ രുദ്രിനടുത്തേക്ക് വന്നു
“എന്റെ ഉണ്ണി വെറും പാവാ… ആരെയും ഉപദ്രവിക്കാനോ എതിർത്തുപറയാനോ കഴിയാത്ത പാവം… അവൾക്ക് ഈ ജീവിതത്തിൽ ഏറ്റവും വലുത് ഇവനാ… കണ്ണൻ…
പക്ഷേ പിന്നെയൊരു ഇഷ്ടമുള്ളത് അവളുടെ സ്വപ്നത്തിൽ വരാറുള്ള ആ യുവാവാണ്… നിങ്ങള് പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല… അവളെ ചതിക്കരുത്…”
