തുളസിദളം – 5അടിപൊളി  

വിശ്വനാഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“മോളോട് ആരാ പറഞ്ഞത് നിങ്ങൾക്കാരുമില്ലെന്ന്, ഞങ്ങളെന്താ അന്യന്മാരാണോ…? ദാ ഈ നിമിഷം മുതൽ ഞാൻ നിങ്ങളെ രണ്ടുപേരെയും എന്റെ മക്കളായേ കാണുള്ളൂ…”

മാധവൻ പറഞ്ഞു, അതുകേട്ട് വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു

“പോരാത്തതിന് ദേണ്ടേ… റൗഡി നിക്കുന്നു… അവൻ ഒറ്റക്കുമതി നിങ്ങളെ സംരക്ഷിക്കാൻ…”

മാധവൻ ഭൈരവിനെ നോക്കി പറഞ്ഞു

“നിങ്ങടെ മോനല്ലേ പിന്നെങ്ങനെ റൗഡി ആകാതിരിക്കും…”

ഭൈരവ് മെല്ലേ പറഞ്ഞു

“എന്താടാ പിറുപിറുക്കുന്നത്…”

“ഒന്നൂല്ല….”

അതെല്ലാം കേട്ട് എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു

“മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… നേരത്തേ കണ്ടപ്പോ ഉണ്ണിയാർച്ചയാണെന്ന് തോന്നിയല്ലോ…”

വിശ്വനാഥൻ കിച്ചയോട് ചോദിച്ചു

അവൾ മിണ്ടാതെ നിന്നു

“മോളുടെ ആറ്റിട്യൂട് എനിക്കിഷ്ടമായി പറയാനുള്ളത് മുഖത്തുനോക്കി പറയണം… keep it up…”

അയാൾ അവളെ അഭിനന്ദിച്ചു

“സോറി അങ്കിൾ… ഞാൻ… പെട്ടെന്ന് ദേഷ്യം വന്നപ്പോ…”

കിച്ച വിക്കി വിക്കി പറഞ്ഞു

“എന്താ ഇത്… മോള് പറഞ്ഞതുകൊണ്ട് ഇവരുടെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലായി…”

വിശ്വനാഥൻ അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു

കുറച്ചുകഴിഞ്ഞു കിച്ചയുടെ അമ്മ മായ അവിടേക്കു വന്നു, കണ്ണനെക്കണ്ട് വിശേഷങ്ങളൊക്കെ പറഞ്ഞു, കിച്ചയുടെ അച്ഛൻ ശ്രീകുമാർ എന്തോ കാര്യത്തിനായി എറണാകുളത്തു പോയതുകൊണ്ട് വരാൻ പറ്റിയില്ല എങ്കിലും കിച്ചയുടെ ഫോണിൽ വിളിച്ചു കണ്ണന്റെ കാര്യങ്ങളെല്ലാം തിരക്കുന്നുണ്ടായിയുന്നു, വൃന്ദ മായയെ മറ്റുള്ളവർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു, കുറച്ചു കഴിഞ്ഞ് അവർ പോയി

വൈകുന്നേരം കണ്ണനെയും കുഞ്ഞിയെയും ഡിസ്ചാർജ് ചെയ്തു, രുദ്ര് ബില്ലെല്ലാം സെറ്റിൽ ചെയ്ത് എല്ലാവരെയും കാറിൽ കയറ്റി, സീത ദേവടത്തേക്ക് കിച്ചയെ വിളിച്ചെങ്കിലും അവൾ വരുന്നില്ലെന്ന് പറഞ്ഞു,

അവൾ സ്കൂട്ടിക്കടുത്തു ചെന്ന് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എന്തോ സ്റ്റാർട്ടിങ് ട്രബിൾ, അതുകണ്ട ഭൈരവ് അവളുടെ അടുത്തെത്തി സ്കൂട്ടി കിക്ക്‌സ്റ്റാർട്ട് ചെയ്തു

“കിച്ച ദേവടത്തേക്ക് വരുന്നില്ലെന്ന് പറഞ്ഞതെന്താ…? “

അവൻ ചോദിച്ചു

“അവിടെന്താ വല്ലോം പുഴുങ്ങി വച്ചിരിക്കുന്നോ…?? അത്യാവശ്യപ്പെട്ടു അങ്ങോട്ട് എഴുന്നള്ളാൻ…”

അവൾ കലിപ്പോടെ അവനോട് ചോദിച്ചുകൊണ്ട് വണ്ടിയിൽ കയറി

“താനെന്തിനാ ദേഷ്യപ്പെടുന്നേ…”

“അതേ… അധികം ലോഹ്യമൊന്നുമേണ്ട… കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു എന്നെ കാണുമ്പോ ഇയ്യാക്ക് ഒരു ഇളക്കം… ആദ്യമേ പറഞ്ഞേക്കാം എനിക്ക് താൽപ്പര്യമില്ല…”

ഭൈരവ് ഒന്ന് ചമ്മിയെങ്കിലും അവൻ മുഖഭാവം നേരെയാക്കി

“പിന്നേ… എളകാൻ പറ്റിയ ആള്… ഒന്ന് പോടീ… എനിക്ക് വേറെയാരേം കിട്ടില്ലല്ലോ…”

“ദേ… എടി പോടീന്ന് താൻ വീട്ടിപ്പോയി വിളിച്ചാ മതി പറഞ്ഞേക്കാം…”

“വിളിച്ചാ എന്തുചെയ്യൂടി, നീ പോടീ…”

അവൻ അവളെ ചൊടിപ്പിച്ചു

“ദേ… തനിക്ക് എന്നേക്കാൾ ആരോഗ്യമുണ്ടെന്നെന്നും ഞാൻ നോക്കില്ല… ഒറ്റ ചവിട്ട് വച്ചുതന്നാലുണ്ടല്ലോ…”

അവൾ കാലുയർത്തിക്കൊണ്ട് പറഞ്ഞു

“നീ നിന്റെ മറ്റവനെ ചവിട്ടിയാ മതി…”

എന്തോ പറയാൻ വന്നത് രുദ്ര് അവരടുത്തേക്ക് വരുന്നത് കണ്ട് അവൾ ഒന്നും മിണ്ടാതെ ഭൈരവിനെ കൂർപ്പിച്ചു നോക്കി ഹെൽമെറ്റ്‌ വച്ച് വണ്ടി മുന്നോട്ടെടുത്തു… ഒരു ചെറു ചിരിയോടെ അവൻ നോക്കി നിന്നു,

അവളെ നോക്കി നിൽക്കുന്ന ഭൈരവിനെ റിവ്യൂ മിററിലൂടെ അവൾ നോക്കി ഒരു ചെറിയ പുഞ്ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു.

“എന്താടാ… ഇത് വല്ലോം നടക്കോ…?”

രുദ്ര് ചോദിച്ചു

“നടക്കാതെ പിന്നേ… നീ നോക്കിക്കോ ആ ഉണ്ണിയാർച്ചയെ ഞാൻതന്നെ കെട്ടും…”

“നടക്കട്ടെ… വാ…”

രുദ്ര് ഭൈരവിന്റെ തോളിൽ കയ്യിട്ട് കാറിനടുത്തേക്ക് നടന്നു…

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *