ഇതിനെല്ലാം കാരണം ഞാനാ… എന്റെ ജാതകദോഷമാ… വൃന്ദയെ ആർക്കും സ്നേഹിക്കാനോ വൃന്ദക്ക് ആരെയും സ്നേഹിക്കാനോ പാടില്ല… എന്റെ പപ്പേം അമ്മയും മുത്തശ്ശനും മുത്തശ്ശിയും അങ്ങനെ എന്റെ പ്രീയപ്പെട്ടവരെല്ലാം എന്നെ വിട്ടുപോയി… ഇനിയും ആർക്കും എന്റെ ജാതകാദോഷം കൊണ്ട് ഒന്നും സംഭവിക്കാൻ പാടില്ല… അതുകൊണ്ട് കുഞ്ഞീടേട്ടൻ എന്നെ മറക്കണം…”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു
രുദ്ര് അതുകേട്ട് ഞെട്ടി… അവൻ കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി, അവളുടെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി… കുറച്ചുനേരം ഒന്നും മിണ്ടിയില്ല… കുനിഞ്ഞിരുന്നു തേങ്ങുന്ന വൃന്ദയെ നോക്കിയിരുന്നു, പിന്നീട് അവളുടെ രണ്ട് കൈകളും കോർത്തുപിടിച്ചു, വൃന്ദ ഞെട്ടി അവനെ നോക്കി
“ഉണ്ണി… തനിക്കറിയോ ഞാൻ ലോകത്തദ്യമായിട്ട് കാണുന്ന പെണ്ണിന്നുമല്ല താൻ… പക്ഷെ രുദ്ര് ഒരേയൊരു പെണ്ണിനേ മോഹിച്ചിട്ടുള്ളു… അവൾക്കുവേണ്ടി ജീവൻ പോലും കൊടുക്കണമെന്ന് തോന്നിയിട്ടുള്ളു, അത് താനാണ്… ഇനിയെന്നും അങ്ങനെത്തന്നെയായിരിക്കുകേം ചെയ്യും… തന്നെ നേരിൽ കാണും മുന്നേ ഭൈരവ സാമി എനിക്ക് തന്നെ കാണിച്ചു തന്നതാണ്… ഇനിയെന്തിന്റെ പേരിലും അത് ജാതകദോഷമോ മറ്റെന്തോ… എന്തായാലും തന്നെ ഞാൻ സ്വന്തമാക്കും, എന്റെ ജീവനെപ്പോലെ സ്നേഹിക്കും അതെന്റെ വാക്കാണ്, നായ്ക്കർമാർ ഒരിക്കലും വാക്ക് മാറ്റിപറയില്ല… ആ കുടുംബത്തിന്റെ അന്തസ്സ് ഞാനും കാക്കും…”
രുദ്ര് വീറോടെ പറഞ്ഞു, വൃന്ദ കണ്ണ് മിഴിച്ച് അവനെ നോക്കിയിരുന്നു
“പിന്നെ… തനിക്കെന്നോട് യാതൊരു ഫീലിങ്ങും ഇല്ലന്ന് പറഞ്ഞത്… നുണ… നല്ല കല്ലുവച്ച നുണ… തന്റെ കണ്ണുകളിൽ കാണാം… എന്നോടുള്ള തന്റെ സ്നേഹം… ആ സ്നേഹത്തിന്റെ ആഴം… എനിക്ക് തന്നോടുള്ളത് ഒരാണിന് പെൺശരീരത്തോട് തോന്നുന്ന ആകർഷണം മാത്രമല്ല അത് താൻ മനസ്സിലാക്കണം എന്നെനിക്കുണ്ട്… തന്നെ പ്രണയിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല… നീയാണെന്റെ ഉള്ളു നിറയെ…”
വൃന്ദ എന്തോ പറയാനായി വന്നത് രുദ്ര് കയ്യുയർത്തി തടഞ്ഞു
“താൻ പേടിക്കണ്ട എനിക്ക് തന്നോടുള്ള വികാരം അതിനെ ഞാൻ പ്രണയമെന്ന് വിളിക്കുന്നു… അതെന്റെ മാത്രം സ്വകാര്യതയാണ്… നമ്മളെക്കുറിച്ച് മറ്റൊരാൾ മോശം പറയാൻ ഞാൻ അനുവദിക്കില്ല… അതിനർത്ഥം ഞാൻ മറ്റുള്ളവരെ പേടിക്കുന്നു എന്നല്ല… ഞാൻ ഈ ഒരു കാര്യവും പറഞ്ഞു ഇനി തന്റെ മുന്നിൽ വരില്ല… പക്ഷെ കാത്തിരിക്കും എന്നെങ്കിലും എന്റെ സ്നേഹം താൻ തിരിച്ചറിയുന്ന ദിവസത്തിനായി… പിന്നെ താൻ തന്റെ കാര്യം പറഞ്ഞു… എനിക്കുമുണ്ടാകും പറയാൻ കാരണങ്ങൾ ഞാനും വികാര വിചാരങ്ങളുള്ള ഒരു മനുഷ്യനാണെന്ന് ഓർക്കുക…”
അവന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു, വൃന്ദ പതിയെ വിതുമ്പി തുടങ്ങിയിരുന്നു.
••❀••
അവർ ദേവടത്ത് എത്തുമ്പോൾ അവരെ പ്രതീക്ഷിച്ചെന്നവണ്ണം നളിനി അവിടെ നിൽപ്പുണ്ടായിരുന്നു,
കാറ് വന്നു നിൽക്കുമ്പോൾ വീടിനകത്തുള്ളവരും അവിടേക്ക് വന്നു
ഇനി രുദ്രിന് കൂടെ വന്നതിന് അവരെല്ലാം കൂടി എന്ത് കഥയാണ് പറഞ്ഞുണ്ടാക്കുകയെന്ന് ഓർത്ത് വൃന്ദ വല്ലാത്തൊരസ്ഥയിലായി, അവളുടെ മുഖഭാവം കണ്ട് രുദ്രിന് കാര്യം മനസ്സിലായി…
അവരെയെല്ലാം കണ്ട് ശങ്കിച്ചുനിന്ന വൃന്ദയുടെ കയ്യിൽ പതിയെ രുദ്ര് കൈയമർത്തി, കണ്ണുകൊണ്ട് പേടിക്കണ്ടന്ന് പറഞ്ഞു അവർ പുറത്തേക്കിറങ്ങി,
“ഉണ്ണി… കണ്ണനെങ്ങനുണ്ട്….?”
നളിനി മുന്നോട്ടോടിവന്ന് ചോദിച്ചു, കണ്ണന്റെ കാര്യം സീതാലക്ഷ്മി പറഞ്ഞ് എല്ലാവരും അറിഞ്ഞിരുന്നു
“നല്ല കുറവുണ്ട് വല്യമ്മേ…”
അവൾ പറഞ്ഞു
അപ്പോഴേക്കും മറ്റു ബന്ധുക്കൾ രുദ്രിന് ചുറ്റും കൂടിയിരുന്നു, എല്ലാവരും കുഞ്ഞിയുടെ കാര്യം തിരക്കി, പെൺപിള്ളേര് അവനെ ആരാധനയോടെ നോക്കി
വൃന്ദ അകത്തേക്ക് കയറിപ്പോയി, അവൾ മുറിയിലേക്ക് ചെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട തുണികളെല്ലാം ഒരു കവറിനുള്ളിൽ എടുത്തുവച്ച്, ടവലുമായി പുറത്തെ കുളിമുറിയിലേക്ക് നടന്നു
ലത അവളോട് കണ്ണന്റെ കാര്യം ചോദിച്ചു, അതിന് മറുപടിയും പറഞ്ഞു അവൾ പുറത്തേക്കിറങ്ങാൻ നേരം ശില്പ അവളെ വിളിച്ചു,
