തുളസിദളം – 5 2അടിപൊളി  

അവൻ അറിയാതെ വൃന്ദയിലുള്ള പിടിവിട്ടു

വല്ലാത്തൊരു നിലവിളിയോടെ അവൻ പുറകിലേക്ക് വളഞ്ഞു, എല്ല് പൊട്ടുന്ന ഒരു ശബ്ദം കേട്ടു അവൻ അലറി വിളിച്ചു

വൃന്ദ അത് കാണാൻ പറ്റാത്തതുപോലെ കണ്ണ് അടച്ച് നിന്നു, അപ്പോഴേക്കും മറ്റുളവർ രുദ്രിനടുത്തേക്ക് പാഞ്ഞു വന്നു, വലിയൊരു സംഘടനം തന്നെ നടന്നു,

നിലവിളികളും ആക്രോശങ്ങളും, അടിയുടെയും ഇടിയുടെയും എല്ലുകൾ പൊട്ടുന്ന ശബ്ദവുമെല്ലാം അവിടെ മുഴങ്ങി

വൃന്ദ ആസ്വസ്ഥതയോടെ കണ്ണനെ ചേർത്തുപിടിച്ച് മണ്ണിലിരുന്നു,

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം നിശബ്ദമായി…

വൃന്ദ പേടിച്ച് ചുറ്റിലും നോക്കി എല്ലാവരും തറയിൽ കിടന്ന് പുളയുന്നു… പലർക്കും നല്ല പരുക്കുണ്ട്,

രുദ്ര് അവൾക്കരികിൽ വന്നുകൊണ്ട് അവൾക്കുനേരെ കൈ നീട്ടി

അവൾ അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി,

വൃന്ദ അവന്റെകൈയിൽപിടിച്ചെഴുന്നേറ്റു തളർന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു

അപ്പോളവൾ അറിഞ്ഞു ആ സ്വപ്നത്തിലെ യുവവാവിന്റെ ഗന്ധം,

അവൾ ഒരു നിമിഷം അവന്റെ തുറന്നുകിടന്ന ഷർട്ടിനുള്ളിലൂടെ അവന്റെ നെഞ്ചിൽ പച്ചകുത്തിയ തൃശൂലം കണ്ടു,

രുദ്രും അറിയുകയായിരുന്നു അവന് എന്നും കിട്ടാൻ കൊതിച്ച അവളിലെ ആ ചന്ദനഗന്ധം,

വൃന്ദ പെട്ടെന്ന് മുഖമുയർത്തി അവനിൽനിന്നും അകന്നു മാറി

“ദയവുചെയ്ത് എന്റെ കണ്ണനെ ആശുപത്രിയിലെത്തിക്കണം… അവന് തീരെ വയ്യ…”

അവൾ കരഞ്ഞുകൊണ്ട് ദയനീയമായി തൊഴുതുകൊണ്ട് അവനോട് പറഞ്ഞു

രുദ്ര് പെട്ടെന്ന് വൃന്ദയുടെ കയ്യിൽനിന്നും കണ്ണനെ വാങ്ങി കാറിന്റെ പുറകിലെത്തെ ഡോർ തുറന്ന് വൃന്ദയെ കയറ്റി കണ്ണനെ അവളുടെ മടിയിലേക്ക് കിടത്തി, അവൻ കാർ മുന്നോട്ടെടുത്തു, കാർ ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു,

ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ അവർ കുഞ്ഞി കിടക്കുന്ന ഹോസ്പിറ്റലിൽ എത്തി

കാർ നിർത്തി രുദ്ര് കണ്ണനെ അവളുടെ മടിയിൽ നിന്നെടുത്തു തോളിലിട്ട് ക്യാഷ്വാൽറ്റിയിലേക്ക് പാഞ്ഞു, വൃന്ദ കരഞ്ഞുകൊണ്ട് അവന്റെ പിന്നാലെ ഓടി

ക്യാഷ്വാൽറ്റി ഡോക്ടർ കണ്ണനെ പരിശോധിച്ചു ഹൈ ഫീവർ ആയതുകൊണ്ട് അഡ്മിറ്റ്‌ ചെയ്ത് ഐവി സ്റ്റാർട്ട്‌ ചെയ്തു, ബ്ലഡ്‌ സാമ്പിൾ എടുത്ത് ലാബിലേക്ക് വിട്ടു

കുഞ്ഞീടെ മുറിയുടെ തൊട്ടടുത്തായിരുന്നു കണ്ണന്റെയും മുറി അതുകൊണ്ട് ഭൈരവും അവിടേക്ക് വന്നിരുന്നു, രുദ്ര് അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.

ബില്ല് വന്നപ്പോൾ ഭൈരവ് ബില്ല് വാങ്ങി കൗണ്ടറിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ വൃന്ദ അവനെ വിളിച്ചു

ഒരുനിമിഷം ഭൈരവ് നിന്നു

“ഏട്ടാ… എന്റേൽ ഇപ്പൊ ഇതേയുള്ളു…”

വൃന്ദ അവളുടെ കഴുത്തിൽ കിടന്ന നൂലുപോലുള്ള ഒരു മാലയൂരി അവന്റെ കയ്യിൽ വച്ചു,

ഭൈരവ് ഒരു നിമിഷം ആ മാലയിലേക്ക് നോക്കി പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്കും, പിന്നീട് അവൻ ആ മലയുടെ ഭാരം നോക്കുന്നപോലെ അതൊന്ന് ആട്ടി നോക്കി,

“ ഇത് തികയില്ലല്ലോ മോളേ… അപ്പൊ ബാക്കി പൈസയ്ക്ക് എന്ത് ചെയ്യും…”

അവനൊരു കുസൃതിചിരിയോടെ പറഞ്ഞുകൊണ്ട് ആ മാല അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു…

വൃന്ദയുടെ മുഖം താണു

“പോട്ടെ… സാരോല്ല… മോളെന്നെ ഏട്ടാന്നല്ലേ വിളിച്ചേ… അപ്പൊ കണ്ണനും ഞാനേട്ടനല്ലേ, അനിയനുവേണ്ടി ഏട്ടൻ പണം ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല… അതല്ല അത് മോൾക്ക് കുറച്ചിലാണെ ആ മാലയിങ്ങ് തന്നേക്ക്…”

അവൻ അവൾക്ക് നേരേ കൈ നീട്ടിക്കൊണ്ട് പറഞ്ഞു,

വൃന്ദ ഒന്ന് മടിച്ചു

“അത് മോൾടെ കഴുത്തിൽ കിടക്കട്ടെ എന്റെൽ പണം തികഞ്ഞില്ലെ ഞാം ചോദിക്കാം… അപ്പൊ തന്നാ മതി”

ഭൈരവ് ബില്ലുമായി പുറത്തേക്ക് പോയി,

അപ്പോഴേക്കും സീതാലക്ഷ്മിയും അവിടേക്ക് വന്നു

“എങ്ങനുണ്ട് മോളേ…?”

അവർ വൃന്ദയോട് ചോദിച്ചു

“ഇപ്പൊ കൊഴപ്പൊല്ല സീതാമ്മേ… പനി കുറഞ്ഞിട്ടുണ്ട്…”

അവൾ പറഞ്ഞു,

കണ്ണൻ ഉറങ്ങുന്നത് കണ്ട് അവൾക്ക് ഒരാശ്വാസം ഉണ്ടായിരുന്നു

“കുഞ്ഞിക്ക് എങ്ങനൊണ്ട്…?”

“കൊഴപ്പൊല്ല മോളേ… എന്നാലും രണ്ട് നാൾ കെടക്കേണ്ടി വരും… പുറത്തൊക്കെ ചെറിയ മുറിവുകളൊണ്ട്… അതിന്റെ ഇൻജെക്ഷനും മറ്റുമുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *