എൻ്റെ കോപ്രായങ്ങൾക്ക് മറുപടി വന്നതും കായംകുളം കൊച്ചുണ്ണിയോട് പറഞ്ഞാലും പെറ്റമ്മയോട് കള്ളം പറഞ്ഞിട്ട് കാര്യമില്ല എന്ന് ഞാനറിഞ്ഞത്…പക്ഷെ പിടിക്കൊടുക്കരുത് നൈസ് ആയി ഊരണം…
” ഓ പിന്നേ വല്ല്യ സി ഐ ഡി വന്നേക്കുന്നു…എന്നെ ഒക്കെ ആര് പ്രേമിക്കാനാ മോളേ…ആദ്യം അത് ചിന്തിക്ക്… ”
ഞാൻ പുള്ളിക്കാരിയെ നോക്കി തട്ടിവിട്ട ശേഷം നൈസ് ആയി കോണിപ്പടികൾ കയറാനൊരുങ്ങി…മുങ്ങുക എന്ന ലക്ഷ്യത്തോടെ…
” പിന്നേ…നിന്നേക്കാളും വല്ല്യ ഉടായിപ്പായ നിന്റെ അച്ഛനെ ഞാൻ പ്രേമിച്ചില്ലേ…പിന്നെയാണോ നിൻ്റെ കാര്യം…നീ അത് വിട്ടേക്ക് ഞാൻ കണ്ടുപിടിച്ചോളാം… ”
മുകളിലേക്ക് കയറുമ്പോഴും പിന്നീന്നുള്ള അമ്മയുടെ ആ വാക്കുകൾക്ക് മുന്നിൽ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന് തോന്നിയതും ഞാൻ തിരിഞ്ഞ് നിന്ന് കൈകുപ്പി ” എന്നാ കണ്ടുപിടി… ” എന്ന ഡയലോഗും തട്ടിവിട്ട് മുകളിലേക്ക് ചാടികേറി…
അങ്ങനെ അമ്മയുടെ കൈയ്യിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് മുറിയിലേക്ക് എത്തിയതും ഒന്ന് നെടുവീർപ്പിട്ടു..
” ..എന്തായാലും പുള്ളിക്കാരിക്ക് എന്തൊക്കെയോ സംശയമുണ്ട് അത് ഉറപ്പ്…ഹാ എന്തേലുമാവട്ടെ… ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് ഫോൺ ബെഡിലേക്ക് ഇട്ടശേഷം കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി…അങ്ങനെ ഷവനിന് ചുവട്ടിൽ നിൽക്കുമ്പോഴാണ് വീണ്ടും അവളുടെ തന്തയും എൻ്റെ തന്തയും കൂടെ സംസാരിച്ചത് മനസ്സിലേക്ക് കയറി വന്നത്…
” എന്നാലും ആരായിരിക്കും അങ്ങേര് പറഞ്ഞ ആളുകൾ…അച്ഛാനോടല്ലാതെ വേറാരോട് ചോദിച്ചാലും അത് അറിയാൻ പറ്റുമെന്ന് തോന്നുന്നില്ല… അപ്പൊ അച്ഛനോട് കാര്യം തിരക്കിയാലോ..?മൂപ്പരെന്നോട് പറയാൻ കൂട്ടാക്കുവോ…? എന്തായാലും ചോദിക്കണം… എനിക്കറിയണം…എൻ്റെ ദിവ്യയ്ക്ക് നേരെ വരുന്ന ആ കരിനിഴൽ അത് ആരാണെങ്കിലും അവർ അവൾക്കരികിൽ എത്തും മുന്നേ എനിക്കവരുടെ അടുത്തെത്തണം… ”
മനസ്സിൽ ഓരോന്നൊക്കെ കണക്ക് കൂട്ടി ഞാൻ കുളിച്ച് ഫ്രഷായി ഡ്രസ്സ് മാറുമ്പോഴായിരുന്നു ഫോണ് വീണ്ടും അടിയുന്നത്…അവള് തന്നെ അല്ലതാര്…
” ഹലോ…പറയൂ മാഡം… ”
ഞാൻ ഫോണ് ചെവിയോട് ചേർത്ത് പിടിച്ച് കണ്ണാടിക്ക് മുന്നിൽ നോക്കി മുടി ചീകാൻ തുടങ്ങി…
” ഇത്രയും നേരം എന്താ ഫോണെടുക്കാഞ്ഞെ… ”
മറുഭാഗത്ത് തുടക്കം തന്നെ കനത്തിലുള്ള അവളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു…
” അത് പിന്നെ ഞാൻ ഫ്രഷാവുകയായിരുന്നു മോളേ…നിന്ന പോലല്ല ഇത്തിരി വൃത്തി ഉള്ള കൂട്ടത്തിലാ… ”
ഞാൻ ചുമ്മാ പെണ്ണിനെ വട്ടുപിടിപ്പിക്കാൻ ഒന്ന് കളിയാക്കി വിട്ടു…
” ദേ വേണ്ട കേട്ടോ…ഞാൻ രണ്ട് നേരം കുളിക്കുന്ന കൂട്ടത്തിലാടാ തെണ്ടീ… ”
എൻ്റെ കളിയാക്കൽ ഇഷ്ടപ്പെടാത്ത പോലെ പെണ്ണ് ഫോണിലൂടെ ചീറി…അതോടെ എനിക്കും ഹരമായി അങ്ങനങ്ങ് വിട്ടാൽ ശരിയാവൂലല്ലോ…
” എന്നാ പിന്നെ ഒരു നേരം കൂടെ ചേർത്ത് മൂന്നെന്ന റൗണ്ട് ആക്കി കൂടെ ദിവ്യ ചേച്ചി…അതാവുമ്പൊ ബാത്റൂമിൽ തന്നെ ജീവിക്കാലോ… പോരാത്തതിന് അത് നമ്മുക്ക് പത്രത്തിലും കൊടുക്കാം…നാട്ടുകാരും കൂടെ അറിയട്ടെ എൻ്റെ കൊച്ചിൻ്റെ വൃത്തിയെ പറ്റി… ”
ഇത്തവണ പറയുന്നതിനോടൊപ്പം ഒന്ന് ആക്കി ചിരിക്കാനും ഞാൻ മറന്നില്ല…അതോടെ പെണ്ണിൻ്റെ വായീന്ന് ഇച്ചിരി ബേഷായിട്ട് തന്നെ കിട്ടി ബോധിച്ചു…ഹോ എന്തൊരു സമാധാനം…
” പോ അവിടുന്ന് എന്നോട് മിണ്ടണ്ടാ…ഞാൻ പോന്നാ…ഇതിനെ ഒക്കെ വിളിച്ച എന്നെ വേണം പറയാൻ… ”
പെണ്ണിൻ്റെ പിള്ളാരെപോലെയുള്ള വർത്താനം വീണ്ടും കേട്ടതും ചിരിക്കണം എന്ന് തോന്നിയെങ്കിലും അടുക്കിവെച്ചു…അല്ലെങ്കിൽ ഇനി കാണുമ്പോൾ അവൾടെ പല്ലിനും എൻ്റെ ഷോൾഡറിനും ഒന്നാവനുള്ള ഒരു അവസരമുണ്ടാകും അത്…
” ഹാ പോകല്ലടോ…പെണങ്ങി പോവ്വാ… ”
ഞാൻ ഫോണിൽ കൂടെ കൊഞ്ചും പോലെ ചോദിച്ചു…
” ആടാ പോവ്വാ നീ വേഗം ഹോസ്പിറ്റലിലേക്ക് വാ കേട്ടോ…ഞാൻ കാണിച്ചു തരാം… ”
എൻ്റെ കൊഞ്ചലിന് അവൾടെ മറുപടി ഇത്തിരി കനത്തിലായിരുന്നു…അതോടെ വേണ്ടാ വേണ്ടാന്ന് എത്ര ശ്രമിച്ചിട്ടും എൻ്റെ മനസ്സ് തെണ്ടി വീണ്ടും തോണ്ടാനൊരുങ്ങി…
