ദിവ്യാനുരാഗം – 15 1അടിപൊളി  

 

” സത്യാണോ…ശരിക്കും കാണിച്ചു തരുവോ…എന്നെ പറ്റിക്കരുത് കേട്ടോ… ”

ഞാൻ കളിയാക്കും ചിരിക്കുമ്പോലെ ചോദിച്ചതും മറുഭാഗത്ത് ഒരാട്ടായിരുന്നു…ചെവിയുടെ പാടാ ഉള്ളിലേക്ക് കയറിപോയോ അവ്വോ…കൂട്ടത്തിൽ ഫോണും കട്ടായി…ഓ അപ്പൊ ഇന്നത്തേക്കുള്ളതായി…നേരെ ചെന്ന് വാങ്ങിച്ചാൽ മതി….എനിക്കെന്തിന്റെ കേടായിരുന്നു…

 

അങ്ങനെ പെണ്ണിൻ്റെ കൈയ്യിൽ നിന്നും കിട്ടാനുള്ള നുള്ളിൻ്റേം കടിയുടേം എണ്ണം മനസ്സിൽ ഓർത്ത് കൊണ്ട് ഞാൻ ഹാളിലേക്കിറങ്ങി…അപ്പൊ അമ്മ അവിടിരുന്ന് ടീവി കാണുന്നു…തന്തയും ഫ്യൂച്ചർ അമ്മായിയപ്പനും ഉമ്മറത്തിരുന്ന് ചർച്ച തന്നെ ആയിരുന്നു…എൻ്റെ താഴേക്കുള്ള വരവ് കണ്ടതും അമ്മ ചിരിച്ചുകൊണ്ട് ചായ എടുത്തു തരാൻ എന്നോണം എഴുന്നേറ്റു…

 

” ഹാ കുളിച്ച് കുട്ടപ്പനായിട്ടുണ്ടല്ലോ… ഹോസ്പിറ്റൽ തന്നെയല്ലേ പോകുന്നെ അതോ… ”

ചായ എടുത്ത് തരുന്നതിനോടോപ്പം അമ്മ എന്നോട് കളിയാക്കി ചിരിക്കുമ്പോലെ ചോദിച്ചു…

 

” അല്ല കടലിൽ മീനിനെ പിടിക്കാൻ പോകുവാ എന്ത്യേ… “

അസ്ഥാനത്തുള്ള മൂപ്പത്തിയുടെ കളിയാക്കലുകൾ ദഹിക്കാത്ത ഞാൻ പുള്ളിക്കാരിയെ നോക്കി കണ്ണുരുട്ടി…

 

” ആന്നോ… എന്നാ പിന്നെ നീ ഇന്നാള് വാങ്ങിയ ആ ചീനവല പോലെ കീറിയ ജീൻസ് കൂടെ എടുത്തോടാ…അതാവുമ്പൊ വലയുടെ ആവശ്യമില്ലാലോ… ”

ചെറിയ വട കൊടുത്ത് വലിയ വട വാങ്ങും പോലെയാണ് പുള്ളിക്കാരിയോട് ഒരു കാര്യം പറഞ്ഞാൽ തിരിച്ചു കിട്ടുന്ന മറുപടി…ഇതിനോട് വായിട്ട് ഈ ജന്മം ജയിക്കാൻ പറ്റത്തില്ല എൻ്റെ ദേവ്യേ…എന്നാലും എൻ്റെ 2000 രൂപയുടെ പാച്ച് വർക്ക് പാൻ്റ് എന്ത് പിഴച്ചു…

 

” എങ്ങനെ സാധിക്കുന്നു എൻ്റെ മോളെ നിങ്ങക്ക്…തൊഴുത് തരണം…ആ ഉമ്മറത്തെങ്ങാനും പോയി അവരോട് കത്തിയടിച്ച് ഇരിക്കരുതോ ഇത്തിരി നേരം… ”

ഞാൻ പുള്ളിക്കാരിയെ നോക്കി രണ്ടാം തവണയും കൈകുപ്പി പറഞ്ഞു…അത് കണ്ടതും പുള്ളിക്കാരിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു…ഇതിനി കഴിഞ്ഞ ജന്മത്തിൽ വല്ല ദേവിയോ മറ്റോ ആയിരുന്നോ… എന്നെക്കൊണ്ട് ഇടക്കിടക്ക് കൈകൂപ്പിക്കുന്നുണ്ടല്ലോ…

 

” പോടാ അവരവിടെ എന്തോ തള്ളി മറിക്കുവല്ലേ… അവിടെ എനിക്കെന്ത് കാര്യം… അതിലും നല്ലത് എൻ്റെ ഈ പൊന്നിനെ ഇങ്ങനെ കൊട്ടുന്നതല്ലേ… ”

അമ്മയെൻ്റെ തലയിൽ തലോടിക്കൊണ്ട് ചിരിയോടെ പറഞ്ഞു…

 

” മ്മ്…മ്മ്…നല്ലതാ നല്ലതാ… ”

അതൊടെ ഞാനും പുള്ളിക്കാരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു… പിന്നെ ഓരോന്നൊക്കെ പുള്ളിക്കാരിയോട് സംസാരിച്ചായിരുന്നു ചായ കുടിപ്പ്…ഇടയ്ക്ക് ഇടയ്ക്ക് പുള്ളിക്കാരി എന്നെ ഓരോന്ന് പറഞ്ഞ് സംശയത്തോടെ നോക്കി ചിരിക്കും അത് കണ്ടാ ഞാൻ മൂപ്പത്തിയെ നോക്കി ചിണുങ്ങും…അങ്ങനെ ഒടുക്കം ചായയും കഴിച്ച് എറങ്ങാൻ തുടങ്ങി…അപ്പോഴും ഉമ്മറത്തെ ചർച്ച തീർന്നിട്ടില്ല…ഇനി ഇവര് രണ്ടും രണ്ട് പാർട്ടിക്കാരാണോ… തമ്മിൽ തമ്മിൽ ഇത്ര നേരം സംവാദിക്കാൻ…ഹാ എന്തേലും ആവട്ടെ നമ്മൾ എന്തിന് മൈൻ്റ് ചെയ്യുന്നു…ആകെ ഉള്ള ഒരു ഇത് മറ്റേ കാര്യം അച്ഛനോട് തിരക്കാൻ പറ്റിയില്ല എന്നാണ്…ഇങ്ങേരിരിക്കുമ്പൊ ഇത് എങ്ങനെ ചോദിക്കും… അതോടെ തൽകാലം അത് നടക്കില്ല…പിന്നെ ഇവിടിരുന്നിട്ട് എന്ത് കാര്യം…അതോടെ ഞാൻ ഉമ്മറത്തേക്കിറങ്ങി…

 

” ഹാ നീ ഇറങ്ങാറായോ… ”

ഉമ്മറത്തേക്കിറങ്ങിയതും എന്നേ കണ്ട എൻ്റെ തന്ത പടി ചോദിച്ചു…

 

” ആ സമയം ആയല്ലോ… ”

ഞാൻ അതിന് സ്വാഭാവികമായിട്ടുള്ള മറുപടിയും നൽകി…

 

” അവരെല്ലാവരും കൂടെ അവിടെ അടിച്ചുപൊളിയായിരിക്കും അല്ലേ മോനേ… ”

ഇത്തവണ ദിവ്യയുടെ അച്ഛൻ്റെ വകയായിരുന്നു ചോദ്യം…പിന്നേ ഒടുക്കത്തെ അടിച്ച് പൊളിയല്ലേ…ചെന്ന് തൻ്റെ മോളുടെ മുന്നിൽ നിന്ന് കൊടുത്താ മാത്രം മതി അടിയും നുള്ളി പൊളിക്കലും ഒക്കെ അവള് വെടിപ്പായി ചെയ്യ്തോളും എന്ന് പറഞ്ഞാലോ…? അല്ലേ വേണ്ടാ മൂപ്പർടെ നല്ല ആരോഗ്യമുള്ള കൈയ്യാ…ഒന്ന് കിട്ടിയാ പല്ല് നാല് വേറെ വെക്കേണ്ടി വരും…എന്തിനാ വെറുതെ പാഴ് ചെലവ്…

Leave a Reply

Your email address will not be published. Required fields are marked *