” അത് അച്ഛൻ്റെ കൂട്ടുകാരൻ്റെ മോനാന്ന് പറയാൻ വരുവാർന്നു… ”
ഞാൻ അവളെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ച് പറഞ്ഞതും പെണ്ണെന്നെ ഇരുത്തിയൊരു നോട്ടം…ഇനി ഇവളെ വല്ല കട്ടുറുമ്പും കടിച്ചോ…പാവം ആ ഉറുമ്പിന് വല്ലതും പറ്റിയോ ആവോ…
” നോക്കണ്ടടി ദിവ്യാ ഉണ്ണി അത് ഞാൻ തന്നെയാ… ”
ഞാൻ ഒന്ന് ഇളിച്ച് കൊണ്ട് പറഞ്ഞതും ദാണ്ടെ കിട്ടി ആദ്യ നുള്ള്…എൻ്റമ്മോ…എരിവ് വലിച്ച് കേറ്റിപോയി…ഇവളുടെ ഒക്കെ നഖത്തിൽ ആക്സോ ബ്ലേഡ് ഫിറ്റ് ചെയ്തിട്ടുണ്ടോ ഇങ്ങനെ നോവാൻ…
” എൻ്റെ പെണ്ണേ വിട്ടേ…നോവുന്നു… ”
ഞാൻ അവളുടെ കൈയ്യിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു…
” ആഹാ സൗകര്യമില്ല… മോന് നേരത്തെ വിളിച്ചപ്പോൾ ഏതാണ്ടൊക്കെയോ കാണണമെന്ന് പറഞ്ഞല്ലോ… കാണണ്ടേ… ”
പറഞ്ഞ് തീർന്നതും അവള് ഒന്നൂടെ നുള്ളിന്റെ ഗിയർ മാറ്റിയതും ഒരു കാര്യം ഉറപ്പ് അവിടെ ബോഡിയുടെ പെയിൻ്റ് പോയിട്ടുണ്ടാവും…
” വേണ്ടെൻ്റെ പൊന്നേ ഞാൻ പാഞ്ചാലിയെ പോലെ കണ്ണ് കെട്ടി നടന്നോളാം…നീ വിട്…പിള്ളേര് എഴുന്നേൽകും…. ”
കട്ടുറുമ്പ് കടിചാൽ പോലും ഇല്ലാത്ത വേദനയാ പെണ്ണിന്റെ കൈയ്യിൽ നിന്ന് കിട്ടുന്ന നുള്ളിന്…ഒടുക്കം സഹികെട്ട ഞാൻ പിള്ളേരുണരും എന്ന തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു…
” പാഞ്ചലിയല്ലടാ പൊട്ടാ ഗാന്ധാരി… ”
അതെന്തായാലും ഏറ്റു…ഒടുക്കം കൈവിട്ട ശേഷം ദുഷ്ട എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…
” കാന്താരിയോ അപ്പൊ അവരുടെ ഭർത്താവാള് കലിപ്പനാ…കൈയ്യുടെ ഇറച്ചി പിച്ചി എടുത്തിട്ട് അവളുടെ ഒരു പുരണക്ലാസ്… ”
ഞാൻ നുള്ള് കൊണ്ട സ്ഥലം തടവിക്കൊണ്ട് ലവളെ നോക്കി പല്ല് കടിച്ചു…അതിന് മറുപടി എന്നോണം അവളുടെ ഒരു കുണുങ്ങി ചിരിയും…
” വേദനിച്ചോ എൻ്റെ കുട്ടന്… “
അവളെന്റെ അടുത്ത് അതേ ചിരിയോടെ വന്നാ നുള്ള് തന്ന സ്ഥലത്ത് തടവിക്കൊണ്ട് ചോദിച്ചു…
” ഏയ് ഇല്ല ഇരട്ടപെറ്റ സുഖം മാറങ്ങട്… ”
ഞാൻ അതിനെ തള്ളിമാറ്റികൊണ്ട് പറഞ്ഞു… നുള്ളി തോലുരിച്ചിട്ടവളുടെ അമ്മൂമ്മയുടെ ഒരു കിന്നാരം…പക്ഷെ തട്ടി മാറ്റിയതും അതേ സ്പോട്ടിൽ ലവള് വീണ്ടും എൻ്റെ കൈയ്യിൽ ചുറ്റിപിടിച്ചു… ഈ സാധനം ചെറുപ്പത്തിൽ മുലപ്പാലിന് പകരം റബ്ബറും പാലാണോ കുടിച്ചത്… ഇനി ഇവൾടെ തന്തയ്ക്ക് വല്ല റമ്പറ് കച്ചോടവും ആയിരിക്കുവോ ബിസിനസ്സ്…
” അത് ഓർത്തപ്പോഴാ ഇന്ന് നിന്നേയും ഇറക്കി വീട്ടിൽ ചെന്നപ്പൊ അവിടൊരാളുണ്ടായിരുന്നു… ”
ചിന്തകൾ അങ്ങോട്ട് കാട് കേറിയപ്പോൾ ആയിരുന്നു ഞാൻ ആ കാര്യം ഓർത്തത്…
” ആരാത്… ”
അവളാരണെന്നറിയാൻ ഉള്ള തൊര കൊണ്ട് ചോദിച്ചത് എനിക്ക് നേരത്തെ മിസ്സായ അവളുടെ തന്തയ്ക്ക് ഇട്ട് വിളിക്കാൻ കിട്ടിയ ചാൻസിന് പകരമായി കിട്ടിയ ഫ്രീഹിറ്റായാരുന്നു…
” നിന്റെ തന്ത… ”
ആ ഫ്രീഹിറ്റ് ഞാൻ നല്ല വെടിപ്പായി ബൗണ്ടറിക്ക് മുകളിലൂടെ പറത്തി…ഇത്തിരി കനത്തിൽ ആണ് അത് പറഞ്ഞത്…അതോടെ പെണ്ണ് കളിയാക്കിയതാണെന്ന് കരുതി വീണ്ടും എൻ്റെ കൈയിൽ കേറി പിച്ചി…അപ്പൊ എവിടുന്നോ എൻ്റെ കാതിൽ മറ്റേ പാട്ടാരോ പാടും പോലെ തോന്നി ” അവനവൻ കുടുക്കുന്ന കുരു കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ… ”
” എൻ്റെ പെണ്ണെ കാര്യായിട്ടാ നിന്റെ തന്തപടി അവിടുണ്ടായിരുന്നു… ”
ഞാൻ അവളെ നോക്കി പല്ലുകടിച്ച് പറഞ്ഞു…അല്ലാതെ അവളെ കേറി കടിക്കാൻ നിന്നാൽ ചുണ്ടെലി കേറി മുതലയെ കടിച്ചത് പോലിരിക്കും എൻ്റെ അവസ്ഥ…
” ആന്നോ എന്നാൽ മാഡത്തിനെ കാണാൻ വന്നതായിരിക്കും…ഞാൻ നേരത്തെ വിളിച്ചു പറഞ്ഞാർന്നു സംഭവം… ”
അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ മറുപടി തന്ന ശേഷം എൻ്റെ ഷോൾഡറിലേക്ക് ചാഞ്ഞു…
” മേടത്തിനെയാണോ ഇടവത്തിനെയാണോ എന്നൊന്നും എനിക്കറിയില്ല…ഞാൻ ആദ്യം കരുതി നമ്മൂടെ കാര്യം എന്തേലും അറിഞ്ഞ് എന്നെ ചെക്കൻ ചോദിക്കാൻ വന്നതാണെന്ന്… ”
ഞാൻ ഷോൾഡറിൽ കിടക്കുന്ന അവളെ നോക്കി ഒരു പ്രാചീന കാലത്തെ ചളിയടിച്ചു…
” ഓ പിന്നേ…ചോദിക്കാൻ പറ്റിയ ഒരു മുതല്…പോടാ ”
