” ആ നിങ്ങളിറങ്ങാർ ആയോ… ”
ചുമ്മാ എന്തേലും തുടക്കം ഇടണം എന്നുള്ളത് കൊണ്ട് ഞാൻ അച്ഛനെ നോക്കി പറഞ്ഞു…പിന്നെ പതിവിലും നേരെ വിപരീതമായി അകത്ത് കയറുന്നതിന് പകരം ഉമ്മറത്തെ ചാരുപടിയിൽ അങ്ങേരുടെ എതിർവശത്തായി ഇരുന്നു…
” എവിടുന്ന്…നിൻ്റമ്മ മഹാറാണി അതിന് അണിഞ്ഞൊരുങ്ങി കഴിയണ്ടേ…പണ്ട് ഞാൻ പ്രേമിക്കുമ്പൊ തൊട്ട് ഇന്ന് വരെ അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല… ”
മൂപ്പരെൻ്റെ ചോദ്യത്തിന് മറുപടിയായി ഒരു ചിരിയോടെ പത്രത്തിൽ നിന്നും തലയെടുത്ത് കൊണ്ട് പറഞ്ഞു…ആ പറഞ്ഞത് ഒരു പരമ സത്യമായത് കൊണ്ട് ഞാനും അറിയാതൊന്ന് ചിരിച്ച് പോയി…അങ്ങനെ പിന്നെയും ഒന്നും രണ്ടൊക്കെ സംസാരിച്ച ശേഷം ഞാൻ മറ്റേ കാര്യം ചോദിക്കാൻ തീരുമാനിച്ചു…
” അച്ഛാ ഇന്നലെ വിനു അങ്കിൾ വന്നപ്പൊ എന്തോ സീരിയസ് മാറ്റർ സംസാരിക്കുന്നത് കേട്ടല്ലോ…എന്നതാ സംഭവം… ”
ഞാൻ മടിച്ച് മടിച്ചാണേലും ഒടുക്കം അങ്ങ് ചോദിച്ചു…
” ഏയ് എന്ത് അവനിങ്ങനെ ചുമ്മാ ഓരൊന്നൊക്കെ സംസാരിച്ചിരുന്നു എന്നല്ലാതെ സീരിയസ് ആയിട്ട് ഒന്നും ഇല്ലല്ലോ… ”
അച്ഛൻ എൻ്റെ ചോദ്യത്തിന് വല്ല്യ ശ്രദ്ധ നൽകാതെയുള്ള ഒരു മറുപടി തന്നപ്പോൾ തന്നെ ഞാൻ ഊഹിച്ചു അത് എന്നെ അതിൽ നിന്നും ഒഴിവാക്കാൻ ആണെന്ന്…പക്ഷെ ഞാൻ അറിയാതെ പിന്മാറാൻ തയ്യാറല്ലായിരുന്നു…
” അങ്ങനൊന്നുമല്ല മൂപ്പര് പറഞ്ഞതൊക്കെ ഞാൻ കേട്ടതാ…ആരാ അങ്ങേര് ഇത്ര പേടിക്കുന്ന ആളുകൾ… ”
ഞാൻ എല്ലാം കേട്ടു എന്ന അർത്ഥത്തിൽ വീണ്ടും അച്ഛനോട് കാര്യം ചോദിച്ചതും മൂപ്പര് വീണ്ടും ഓരൊന്നക്കെ പറഞ്ഞെന്നെ ഒഴിവാക്കാൻ ശ്രമിച്ചു…പക്ഷെ ഞാൻ വിടാതെ ചോദിച്ചപ്പൊ അങ്ങേരും ആശയകുഴപ്പത്തിലായി…എന്നോട് പറയണോ വേണ്ടയോ എന്ന്…ഒടുക്കം പുള്ളി ഒരു തീരുമാനത്തിൽ എത്തി എന്ന് കണ്ടപ്പൊ എനിക്കും സമാധാനമായി…
” ഡാ… ഞാൻ പറഞ്ഞു തരാം…പക്ഷെ നീയിത് തൽക്കാലം ആരോടും പറയാൻ ഒന്നും നിൽക്കേണ്ട… ”
മൂപ്പരെൻ്റെ അടുത്ത് വന്നിരുന്നു കൊണ്ട് കാര്യം പറയാൻ എന്നോണം ഒരു മുഖവരയിട്ടു…ഞാൻ അതിന് തലകുലുക്കിയ എൻ്റെ സമ്മതവും അറിയിച്ചു…അതോടെ പുള്ളിക്കാരൻ പറയാൻ തുടങ്ങി
” വിനുവിന് നമ്മുടെ ടൗണിന് കുറച്ച് അടുത്തായി അവരുടെ തറവാട് വകയിൽ ഒരു സ്ഥലമുണ്ട്… ആ സ്ഥലത്തിനെ ചൊല്ലി വളരെക്കാലം മുന്നേ ഒരു കേസ് ഉണ്ടായിരുന്നു.. അതിന് കാരണക്കാരൻ അവന്റെ മുൻകാല ഒരു ബിസിനസ് പാർട്ണറുമായിരുന്നു…കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചു പോകുന്ന ഒരു ഐടി കമ്പനിയായ ആർ കെ ടെക്നോളജിസിന്റെ ഒരു രാജ്കുമാറാണ് കക്ഷി… ”
അച്ഛനെന്നോട് കാര്യങ്ങൾ പറയുമ്പോൾ ഞാൻ ശ്രദ്ധാപൂർവ്വം അത് കേൾക്കുവായിരുന്നു…കൂട്ടത്തിൽ ആ നാമങ്ങൾ എന്നിൽ ശക്തമായി കൊത്തിവെക്കുകയും ചെയ്തു… ” രാജ്കുമാർ… ആർ കെ ടെക്നോളജീസ്… ”
” അത് വിനുവിൽ നിന്നും അയാൾ തട്ടിയെടുക്കാൻ പല വിധത്തിലും ശ്രമിച്ചു കള്ള പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയും മറ്റും…അയാൾക്ക് അവിടെ ഒരു ഐ ടി ഹബ് തുടങ്ങണം അതിന് വേണ്ടിയാണ്…പക്ഷെ വിനു നിയമ വഴി നീങ്ങിയതോടെ അയാൾക്ക് അത് തടസമായി…ഒടുക്കമത് കേസ് ആയി കോടതിയിൽ എത്തി…ഇനി അതിന്റെ വിധി വരണം…ഇപ്പൊ അടുത്ത് ഉണ്ടാവും…അത് വിനുവിന് അനുകൂലവും ആയിരിക്കും… ”
അച്ഛൻ പറഞ്ഞ് നിർത്തി എന്നെ ഒന്ന് നോക്കി…
” അങ്കിളിന് അനുകൂലം ആയിട്ടാണല്ലോ വരുമെന്ന് പറഞ്ഞത് പിന്നെന്താ പ്രശ്നം… ”
ഞാൻ സ്വഭാവികമായും എന്നിൽ വന്ന ഒരു സംശയം കൂടെ അച്ഛനോട് തിരക്കി…
” അതാണ് പ്രശ്നം…അവനാളൊരു പരമ ചെറ്റയാടാ…ഇത്രയും കാലം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നത് കൊണ്ടാ അവൻ അടങ്ങി നിന്നത്…വിധി വന്ന് അവനെതിരായാൽ അവനെന്തൊക്കെ ചെയ്യും എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല…അതാണ് വിനുവിന്റെ പേടി… ”
അച്ഛൻ കാര്യം മൊത്തത്തിൽ പറഞ്ഞ് ക്ലൈമാക്സിട്ടപ്പോൾ എനിക്ക് ഏകദേശം ഒരു റൂട്ട് കിട്ടി…അതാണ് കാര്യം…മ്മ് കൊള്ളാം….അപ്പൊ വില്ലാനാളിത്തിരി കടുപ്പക്കാരനാണ്…
