” അങ്ങനെ നല്ല കാര്യം എന്തേലും പറ…എന്നാൽ നോക്കാം… ”
ഞാനും ചിരിച്ചുകൊണ്ട് മറുപടി നൽകി
” അങ്ങനെ വഴിക്ക് വാ… അപ്പൊ ശരി നീ ഇറങ്ങുമ്പോൾ എന്നെ വിളി… ”
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു… ഞാൻ കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടുവെച്ച് കൈ കഴുകി വീണ്ടും വന്ന് ടിവി കാണാൻ ഇരുന്നു.. പിന്നെ അതിൽ ലയിച്ചെപ്പഴോ സോഫയിൽ മയങ്ങിപോയി. പിന്നെ എപ്പോഴോ അമ്മ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്..
” എഴുന്നേക്കടാ നീ ടിവിയും തുറന്നുവെച്ച് ഇവിടെ കിടന്നുറങ്ങുവാണോ… ”
അമ്മ എന്നെ കുലുക്കികൊണ്ട് ചോദിച്ചു
” അത് ഞാൻ എപ്പോഴോ ടിവി കാണുന്നതിടയിൽ ഉറങ്ങിപ്പോയി… ”
ഞാനൊരു കോട്ടുവായിട്ടുകൊണ്ട് അമ്മയ്ക്ക് മറുപടി നൽകി
” ഇവിടെ വല്ല കള്ളൻ കയറിയാലും നീ ഇങ്ങനാണേൽ അറിയില്ലല്ലോടാ… ”
എന്റെ മറുപടി കേട്ടതും അച്ഛൻ പറഞ്ഞു..അതിന് ഞാനൊരു ചമ്മല് കലങ്ങിയ പുഞ്ചിരി നൽകി..എന്നിട്ട് ഫോൺ എടുത്ത് സമയം നോക്കി ആറു മണി ആവാറായിരുന്നു… കുറച്ചുസമയം കൂടി അച്ഛനോട് സംസാരിച്ചിരുന്നതിനുശേഷം ഞാൻ വേഗം മുറിയിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് മാറി ബൈക്കിൻ്റെ
ചാവിയുമെടുത്ത് താഴെക്ക് വന്നു…
” നീ ഇറങ്ങാറായോ… നിക്ക് ചായ കുടിച്ചിട്ട് പോകാം… ”
താഴേക്കിറങ്ങി വന്ന എന്നെ നോക്കിയതും പറഞ്ഞമ്മ അടുക്കളയിലേക്ക് പോയി
” ഡാ അവിടെ ഉറക്കമൊന്നും ശരിയാവുന്നില്ല അല്ലേ… ”
ഹാളിലെ സോഫയിൽ അച്ഛൻ്റെ തൊട്ടടുത്തിരുന്ന എന്നോട് അങ്ങേര് ചോദിച്ചു
” കുഴപ്പൊന്നൂല്ല്യ… സ്ഥിരം കിടക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടക്കുമ്പോളുള്ള ചെറിയ ബുദ്ധിമുട്ടുണ്ട്… ”
ഞാൻ അച്ഛന് മറുപടി നൽകി
” ആ ശരിയായിക്കോളും… റൂം ഒക്കെ സൗകര്യം ഉണ്ടല്ലോ… നിൻ്റെ അമ്മയെ കൂട്ടാൻ ചെന്നപ്പോൾ ഞാൻ അവരെ കയറി കണ്ടായിരുന്നു… ”
അച്ഛൻ കയ്യിലുള്ള ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു
” ആ സൗകര്യം ഉള്ള മുറിയാ… ”
ഞാൻ അച്ഛൻ പറഞ്ഞ കാര്യത്തിന് ശരിവെച്ചു… അപ്പോഴേക്കും അമ്മ ചായയും പലഹാരമായി എത്തിയിരുന്നു… ഞാൻ അതും വാങ്ങി കുടിച്ചു തുടങ്ങി
” ദേ പിന്നെ പിള്ളേരെ അവിടെ കിടന്ന് ഒച്ചയും ബഹളവുമൊന്നും ഉണ്ടാക്കരുത്.. ഹോസ്റ്റൽ ഒന്നുമല്ല ഹോസ്പിറ്റൽ ആണെന്ന് ഓർക്കണം… ”
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ എന്നോട് പറഞ്ഞു
” ഞങ്ങൾ അങ്ങനൊക്കെ ചെയ്യോ മാതാശ്രീ… ”
ചിരിച്ചുകൊണ്ട് ഞാൻ അമ്മയുടെ മൂക്കിന്റെ തുമ്പു പിടിച്ചുകൊണ്ട് പറഞ്ഞു
” നീയൊക്കെ ആയോണ്ടാ ഇങ്ങനെ പറയേണ്ടി വരുന്നത്… എൻ്റെ വില കളയരുത് ”
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു
” ഡോക്ടർ ശ്രീലത പ്രഭാകർ ഒന്നുകൊണ്ടും പേടിക്കേണ്ട…ഞങ്ങൾ ഒരു അലമ്പും ഉണ്ടാകില്ല പോരേ… ”
അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു. അച്ഛൻ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു…
” ഡാ പിന്നെ നാളെ തൊട്ട് കോളേജിൽ പോണം കഴിയാറായില്ലേ എക്സാം ഒക്കെ എടുത്തു… ”
അച്ഛനെ ഇതിനിടയിൽ ഓർമ്മപ്പെടുത്തുന്നത് പോലെ ഗൗരവത്തിൽ എന്നോട് പറഞ്ഞു അതിന് ഞാൻ തലയാട്ടി സമ്മതം മൂളി.. എന്നിട്ട് ചായയും കുടിച്ച് അവരോട് രണ്ടാളോടും യാത്ര പറഞ്ഞിറങ്ങി.. പോകുന്ന വഴിക്ക് നന്ദുവേയും പിക്ക് ചെയ്തു. അവൻ പറഞ്ഞപോലെ ഇന്നത്തെക്കുള്ള സാധനവും സെറ്റ് ആക്കിയിട്ടുണ്ടായിരുന്നു… ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി… പാർക്കിങ് ഏരിയയിൽ വണ്ടി വെച്ചുകൊണ്ട് ലിഫ്റ്റിനടുത്തേക്ക് നടന്നു…
” ഡാ നീ എന്താ പെട്ടെന്ന് പതുക്കെ നടക്കുന്നേ… ”
ലിഫ്റ്റിനടുത്തെത്തിയപ്പോൾ പതുക്കെ നടന്ന എന്നെ നോക്കി നന്ദു ചോദിച്ചു
” ഒന്നും പറയണ്ട മോനേ… ഇന്നലെ ഇവിടെവെച്ചൊരു സംഭവം ഉണ്ടായി… ”
ലിഫ്റ്റിനുള്ളിലേക്ക് നടന്നു കൊണ്ട് ഞാൻ അവനോട് പറഞ്ഞു.. എന്നിട്ടന്നുണ്ടായ കാര്യങ്ങൾ അവനോടു വിവരിച്ചുകൊടുത്തു… അത് കേട്ടിട്ട് ആ നാറി പൊട്ടിച്ചിരിക്കാൻ തുടങ്ങി… അപ്പോഴേക്കും ഞങ്ങൾ മുകളിലത്തെ നിലയിൽ എത്തിയിരുന്നു…
” അളിയാ പൊട്ടകണ്ണൻ… നിനക്ക് നന്നായി ചേരുന്നുണ്ട് കേട്ടോ… ”
ലിഫ്റ്റിറങ്ങി റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
