“അയ്യോ സോറി മോളെ.. അറിയാതെ പറ്റിയതാ..”
“കുഴപ്പമില്ല ചേട്ടാ.. “സ്വാതി ചിരിച്ചുകൊണ്ട് പറഞ്ഞു…
അയാൾ തിരിച്ചും പുഞ്ചിരിയേകി ഡോക്ടറുടെ മുറിയിലേക്ക് കയറിപോയി…
“ഹലോ സ്വാതി കേൾക്കുന്നില്ലെ.. ഹലോ..” ജാനുചേച്ചി മറുപടി ഒന്നും വരാത്തപ്പോൾ ചോദിച്ചു ..
“ഉണ്ട് ചേച്ചി.. പറഞ്ഞോ…”
“ആ ഞങ്ങൾ നാളെ എന്തായാലും വരുന്നുണ്ട്.. അങ്ങേര് വന്നിട്ട് നാളെ മോളെകൂട്ടി വരാം..”
“ശെരി ചേച്ചി… മോളെവിടെ..”
“ഇവിടെ ഉണ്ട്… ഞാൻ കൊടുക്കാം…”
“അമ്മെ അച്ഛന് എന്താ പറ്റിയെ..”
“കുഴപ്പം ഒന്നും ഇല്ല മോളെ… അവിടെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ, വഴക്കൊന്നും ഉണ്ടാക്കല്ല്.. നാളെ ചേച്ചിടെ കൂടെ ഇങ്ങോട്ട് പോരെ…”
“ശെരി അമ്മെ…” അതും പറഞ്ഞു ഫോൺ ജനുചേച്ചിക്ക് കൊടുത്തു മോള്.
“ആ സ്വാതി… ധൈര്യമായിട്ടിരിക്ക് ഞങ്ങൾ നാളെ വരാം..ശെരി സ്വാതി..”
“ശെരി ചേച്ചി…”
“ആ സ്വാതി… പിന്നെ അവിടെ എത്രയായി.. നിന്റെ കയ്യിൽ കാശിരിപ്പുണ്ടോ…” ജാനുചേച്ചി ചോദിച്ചു..
“കുറച്ചുണ്ട് ചേച്ചി തികയുമോന്നറിയില്ല.. എന്തായാലും ഡോക്ടറോട് ഒന്നു ചോദിക്കട്ടെ”
“എങ്കിൽ ശെരി സ്വാതി..” പറഞ്ഞുകൊണ്ട് ജാനു ചേച്ചി ഫോൺ വച്ചു.
ഫോൺ വച്ചതും ഇനി എത്ര തുക വേണ്ടിവരും എന്നറിയാനായി ഡോക്ടറുടെ ക്യാബിനിലേക്ക് കയറാനായി തുടങ്ങുമ്പോളാണ് അകത്തു ആരുടെയൊ സംസാരം സ്വാതി കേൾക്കുന്നത്…
“എന്റെ വിൽസൺ ഡോക്ടറെ ഞാൻ ഒരുപാട് പറഞ്ഞു നോക്കി എന്ത് ചെയ്യാൻ,അപ്പന്റെ അല്ലെ മോൻ.. ” മോഹനൻ പറഞ്ഞു…
“മ്മ്, അതറിയാവുന്നതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തെ… അല്ലെങ്കിൽ തന്നെ അവനു ഒരു കല്യാണം കഴിച്ചാൽ പോരെ.. അല്ലാതെ ഇതിനൊക്കെ ആര് വരാനാ…” വിൽസൺ ഡോക്ടർ പറഞ്ഞു.
“ഇതെല്ലാം പറഞ്ഞു ഞാനും.. പക്ഷെ പൈസ എത്ര വേണേലും കൊടുക്കാലോ എന്നാണ് സാറിന്റെ ചോദ്യം” മോഹനൻ പറഞ്ഞു..
“മ്മ്, പൈസകൊണ്ട് എല്ലാം നടക്കില്ലാലോ… അവന്റെ കൊച്ചിന് ഇങ്ങനെ, സറഗേറ്റ് മദർ ആകാൻ എല്ലാവരും തയാറാകുമോ..?
ആ നോക്കാം.. അല്ലാതെ എന്ത് പറയാൻ..” ഡോക്ടർ പറഞ്ഞു നിർത്തി…
ഇത്ര കേട്ടതും സ്വാതി തിരിഞ്ഞു നടന്നു…
എങ്ങനത്തെയൊക്കെ ആളുകളാണ് ഈ ലോകത്ത്.. പൈസയുടെ അഹങ്കാരം അല്ലാതെ എന്ത് പറയാൻ .. സ്വാതി മനസ്സിൽ ഓർത്തു ..
സമയം മെല്ലെ നീങ്ങികൊണ്ടിരുന്നു…കുഴപ്പമൊന്നും ഇല്ലെന്നു പറഞെങ്കിലും സ്വാതിയുടെ മനസ്സ് അപ്പോഴും ആകുലപെട്ടുകൊണ്ടിരുന്നു…
സ്വാതി ഇടക്ക് ഇടക്ക് ഐ സി യുവിന്റെ പുറത്തു മനോജിനെ കാണുവാൻ സാധിക്കുമോ എന്നറിയാനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. പക്ഷെ ഒരിക്കൽ പോലും കാണുവാൻ സാധിച്ചില്ല..
സമയം വൈകിട്ട് ആറുമണിയായി… സ്വാതി അപ്പോഴേക്കും അവളുടെ സാരി മാറി മറ്റൊന്ന് ധരിച്ചു..
ഐ സി യുവിന് മുമ്പിൽ ഇരിക്കുമ്പോളാണ് പെട്ടന്ന് വെപ്രാളത്തോടെ ഒരു സിസ്റ്റർ പുറത്തേക്ക് വന്നത്…
അത് കണ്ടതും സ്വാതി ചാടി എഴുന്നേറ്റു.. “സിസ്റ്റർ ഇപ്പോൾ ആൾക്ക് …”
സ്വാതി ചോദിച്ചതും മറുപടി ഒന്നും ഇല്ലാതെ സിസ്റ്റർ ഡോക്ടറുടെ മുറിയിലേക്കോടി..
സ്വാതിക്ക് എന്തോ പന്തികേടുതോന്നി.. അവളുടെ ചങ്കിഡിപ്പ് കൂടി കൂടി വന്നു…
അങ്ങോട്ട് പോയ സിസ്റ്റർ ഡോക്ടറെകൂട്ടിയാണ് പിന്നീട് വന്നത്… ഇരുവരും വന്നപാടെ അകത്തേക്ക് പോയി…
സ്വാതി എന്താണെന്നറിയാതെ പുറത്തുകൂടെ ടെൻഷനടിച്ചു നടന്നു….
കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു…
“ഡോക്ടർ മനോജേട്ടന്..”
“എന്റെ കാബിനിലേക്ക് വരൂ..” അവൾക്ക് മറുപടി കൊടുത്ത് ഡോക്ടർ മുറിയിലേക്ക് പോയി.. പുറകെ സ്വാതിയും…
തന്റെ മുന്നിലിരിക്കുന്ന സ്വാതിയെ നോക്കി ഡോക്ടർ ചോദിച്ചു…
“സ്വാതിക്ക് വേറെ ആരും ഇല്ലെ…”
“ഇല്ല ഡോക്ടർ…”
“ഒക്കെ ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം… മനോജിന്റെ കണ്ടിഷൻ ഇപ്പോൾ കുറച്ചു പ്രശ്നമാണ്… തലയിൽ നല്ല ബ്ലീഡിങ്ങ് ഉണ്ട്.. അതുകൊണ്ട് ഒരു ഓപ്പറേഷൻ വേണ്ടിവരും… എത്രയും പെട്ടന്ന്.. അല്ലെങ്കിൽ പ്രശ്നമാകും.. മനോജ് ഈ രാത്രി കൂടി… ” ഡോക്ടർ പകുതി പറഞ്ഞു നിർത്തി…
