നീലക്കണ്ണുള്ള രാജകുമാരി – 4 1അടിപൊളി  

അനുരാധയുടെ കൂടെ അടുക്കളയിലേക്ക് കയറിയ സാവിത്രിയേയും നയനയേയും കണ്ട് അഞ്‌ജലി പെട്ടന്ന് അമ്പരന്ന് പോയിരുന്നു… പിന്നെ അവരെ കണ്ട സന്തോഷത്താൽ  ഓടി അടുത്തേക്ക് വന്ന് ഉണ്ടകണ്ണുകൾ വിടർത്തി….

അഞ്‌ജലി : ” അമ്മേ… നയനേച്ചി…. അയ്യോ.. ഇതെപ്പോ വന്നു…”

സാവിത്രി :” ഞങ്ങൾ കുറച്ചു നേരം ആയതേ ഉള്ളു… മോൾക്ക് സുഖമാണോ..? ”

ആ ചോദ്യം കേട്ടതും അഞ്ജലിയുടെ മിഴികൾ നിറഞ്ഞു കഴിഞ്ഞിരുന്നു…” മ്മ്.. “അവൾ തലയാട്ടി സാവിത്രിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു പോയിരുന്നു …സാവിത്രി അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു… അല്പ സമയം കഴിഞ്ഞ് സാവിത്രിയുടെ തോളിൽ നിന്ന് തലഉയർത്തി നയനയെ നോക്കി… ചേച്ചി സുഖമാണോ..?

പരിഭവം കാണിച്ച്….

നയന : ” നീ എന്നോട് മിണ്ടണ്ട…. ഞാൻ പിണക്കമാണ്…എന്നാലും നിനക്ക്  ഇത്രേയും നാൾ ആയിട്ടും എന്നെ ഒന്ന് വിളിയക്കാൻ തോന്നിയില്ലല്ലോ..? എന്നോടും പിണക്കം ആയിരുന്നല്ലേ..?

അഞ്‌ജലി : ” അയ്യോ.. ചേച്ചിയോട് എന്തിന് പിണക്കം… നന്ദേട്ടനോട് പോലും എനിയ്ക്ക് പിണക്കവും വെറുപ്പുമില്ല….നിങ്ങളെയൊക്കെ വെറുക്കാൻ ഈ അഞ്ജലക്ക് കഴിയുമോ..? എന്നെ ചേച്ചിയും  തെറ്റിധരിച്ചു എന്ന് വിചാരിച്ചു…

നയന :” പോടീ പെണ്ണെ… ഞങ്ങൾക്ക് നിന്നെ നല്ലത് പോലെ അറിയാമല്ലോ മോളേ.. ” എനിയ്ക്ക് നിന്നോട് ദേഷ്യമോ തെറ്റിദ്ധാരണയോ ഒന്നുമില്ല…”

അഞ്‌ജലി : ” നന്ദേട്ടൻ വിളിക്കാറുണ്ടോ  നയനേച്ചി…….. “? ഏട്ടന് സുഖമാണോ..? “.. ലീവിന് വന്നിരുന്നോ..?”

അതിന് മറുപടി പറഞ്ഞത് സാവിത്രിയായിരുന്നു “അവൻ വന്നിട്ടുണ്ട് മോളേ .. നീ അപ്പുറത്തേയ്ക്ക് ചെല്ല്… “.. സാവിത്രിയുടെ ആ വാക്കുകൾ  അവളുടെ വിങ്ങുന്ന മനസ്സിനെ തണുപ്പിച്ചു കുളിർമഴയായി പെയ്യുന്നതായിരുന്നു … അഞ്ജലിയുടെ മുഖം പ്രകാശഭൂരിതമായ്…. കണ്ണുകൾ വിടർത്തി വിശ്വാസം വരാതെ…

അഞ്‌ജലി : ” സത്യമാണോ അമ്മേ..?നന്ദേട്ടൻ  ഇവിടെ  വന്നിട്ടുണ്ടോ….?

നയന : ” മ്മ്.. വന്നിട്ടുണ്ട് പെണ്ണെ,… പോയ്‌ നോക്ക് നീ

അഞ്ജലി കേട്ട പാതി കേൾക്കാത്ത പാതി.. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്കോടി…തന്റെ നന്ദേട്ടനെ കാണാനുള്ള ആവേശത്തിൽ ഉമ്മറത്തേയ്ക്ക് ഓടി അടുക്കുമ്പോൾ…. തൂണിൽ ചാരി  നിൽക്കുന്ന വിശ്വനെ കണ്ട് അഞ്ജലിയുടെ കാലുകളുടെ വേഗത പതിയെ കുറഞ്ഞു വന്നു…   അവളുടെ മനസ്സിന്റെ കോണിലെവിടെയോ പഴയ ഓർമ്മകളുടെ ചിതൽപ്പുറ്റ് പൊട്ടി വീണിരുന്നു…അല്പ നേരം  ആലോചിച്ച്…എന്തോ മനസ്സിലുറപ്പിച്ച്  പതിയെ നടന്ന് …ഭിത്തിയുടെ മറവ് പറ്റി  പാറുക്കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്ന നന്ദനെയവൾ നോക്കി…..

“അച്ഛനും മകളും എന്തോ വലിയ സംസാരത്തിൽ ആണ്.”.. ആ കാഴ്ച കണ്ട് നോക്കി നിൽക്കുമ്പോൾ അഞ്‌ജലിയുടെ മുഖത്ത് പുഞ്ചിരിയും കണ്ണുനീരും ഇടകലർന്നിരുന്നു …നന്ദന്റെ മുഖത്തേക്കവൾ സൂക്ഷിച്ചു നോക്കി…..

“പച്ചപ്പട്ട് ഞൊറിഞ്ഞുടുത്ത് കരിമ്പു വില്ലേന്തി പുഷ്പബാണങ്ങൾ ധരിച്ച്… താമ്പൂല ചർവിതനായി എപ്പോഴും പുഞ്ചിരിക്കാറുള്ള…തന്റെ ജീവനായ നന്ദേട്ടന് ഇതെന്ത് പറ്റി….? എന്ത്‌ സുന്ദരൻ  ആയിരുന്നു… മുഖത്ത് ആ പഴയ പ്രസരിപ്പ് കാണാനാവുന്നില്ല … വിഷാദം നിഴലിച്ചിരിക്കുന്നു….ദീശ വളർന്നിരിക്കുന്നു…. ചീകിയൊതുക്കാത്ത നീളൻ മുടി  മുഖത്തേക്ക് വീണ് അലക്ഷ്യമായ് പാറികളിക്കുന്നു … മൊത്തത്തിൽ തന്റെ നന്ദേട്ടനെ ഇപ്പോൾ ഒരു ഭ്രാന്തനെപ്പോലെ തോന്നുന്നു …. രണ്ട് മാസത്തെ വിരഹതയിൽ  തനിയ്ക്ക് തോന്നുന്നതാണോ….? ”

ചിന്തിച്ചു നിൽക്കുമ്പോൾ ആതിര  ചായയുമായി വന്നു … അഞ്ജലിയെ നോക്കി….

ആതിര : “കൊണ്ടുപോയി കൊടുക്ക് അച്ചു…..”

അവൾ നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻ പാടുപെട്ടു കൊണ്ട്  …..

അഞ്‌ജലി : ” നന്ദേട്ടാ…. ചായ…”…..

വിളികേട്ട് തിരിഞ്ഞ നന്ദന്റെ കണ്ണിൻ തുമ്പുകളിലേക്ക്…. വിസ്മയത്തിൻ്റെ  വർണ്ണ ചിത്രങ്ങൾ കയറി വരുന്നത് അഞ്‌ജലി കണ്ടു….അവൾ കണ്ണുകൾ പിൻവലിച്ചു ചായ കപ്പ്‌ അവന് നേരെ നീട്ടി…നന്ദൻ ചായ വാങ്ങി..തന്റെ ഭാര്യയെ അടിമുടി നോക്കി.. തന്റെ അച്ചു തന്നെയാണോ ഇത്..രണ്ട് മാസം കാണാതെ ഇരുന്നപ്പോൾ തന്റെ പെണ്ണിന്  സൗന്ദര്യം കൂടിയത് പോലെ അവന് തോന്നി… രണ്ടുപേരും പരസ്പരം മിണ്ടാനാവാതെ അല്പനേരം നിന്നുപോയ്‌ …എന്ത്  പറയണമെന്നറിയാതെ നിന്ന മൗന നിമിഷങ്ങൾക്ക് വിരാമമിട്ട്….

Leave a Reply

Your email address will not be published. Required fields are marked *