നീലക്കൊടുവേലി – 4 38

” അല്ല, ശങ്കരേട്ടനും കുട്ട്യോളും ഒക്കെ വന്നിരുന്നു.. ”

അവർ മൂക്കിൽ കൈവെച്ചു കഷ്ടം കാണിച്ചു കളിയാക്കി കൊണ്ടാണ് പറയുന്നത്..സിദ്ധുവിന്റെ മുഖം ചമ്മി..

” അതൊന്നും സാരമാക്കണ്ട ചെക്കാ… വയ്യാണ്ട് കെടക്കുമ്പോ അതൊക്കെ നോക്കി കിടക്കാൻ പറ്റുമോ..”

അവർ അവന്റെ ചമ്മിയ മുഖം കണ്ടു എണീറ്റു വന്നു അവനെ ചേർത്തു പിടിച്ചുകൊണ്ടു തലയിൽ മുത്തി..

” നിങ്ങക്കെന്റെ അമ്മയായിക്കൂടാർന്നോ…?? ദൈവം എന്തേ അങ്ങനെ ചെയ്തില്ല…?? ”

തിരിച്ചു ലക്ഷ്മിയമ്മയെ എച്ചിൽ കൈകൊണ്ടു തന്നെ കെട്ടിപിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു…അവന്റെ ശബ്ദം ഇടറിയത് അവർ അറിഞ്ഞു..മുഖം വെച്ച വയറിൽ കണ്ണുനീരാൽ കുതിർന്നു..

” അമ്മ തന്നെയല്ലേ..? എന്തിനാ ഇപ്പൊ ഇങ്ങനൊരു ചോദ്യം..? ”

അവരുടെ കണ്ഠവും ഇടറിയിരുന്നു.. ഒരു തുള്ളി കണ്ണീർ തന്റെ നെറുകയിൽ വീണത് അവനും അറിഞ്ഞു..

” അതല്ല, എനിക്ക് ദേ ഈ കുമ്പയിൽ ജനിച്ചാൽ മതിയാരുന്നു… ”

അവൻ അവരുടെ വയറിൽ വിരൽ കൊണ്ട് കുത്തി കൊച്ചുകുട്ടികളെ പോലെ പറഞ്ഞു..ലക്ഷ്മിയമ്മ ചുമരിൽ തൂങ്ങിയ സിദ്ധുവിന്റെ അമ്മയുടെ ഫോട്ടോയിൽ നോക്കി നെടുവീർപ്പിട്ടു..ഒരുപക്ഷെ അവരുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ വീണിട്ടുണ്ടാകാം..

” നോക്ക് മോനെ..അതിന്റെയൊന്നും ആവശ്യമില്ല..നീയെനിക്ക് എന്റെ മോൻ തന്നെയാ, അങ്ങനെ കാണാൻ മാത്രമേ എനിക്ക് കഴിയൂ… വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ച് മനസ് വിഷമിപ്പിക്കണ്ട.. ”

അവനെ സമാധാനിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു..

” എനിക്കെന്തെങ്കിലും ആവുമ്പോൾ നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം പോലും തിരിച്ചുതരാൻ എന്നെകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല..

പക്ഷേ നിങ്ങളാണെങ്കിലോ, ഓരോ സമയവും എന്നെ പറ്റി മാത്രം ചിന്തിച്ച് ഇരിക്കുവാണോ എന്നൊക്കെ തോന്നും ചെലപ്പോ…

എന്റെ പെറ്റമ്മ ഉണ്ടെങ്കിൽ പോലും ഇത്രക്കൊക്കെ എനിക്ക് വേണ്ടി ചെയ്യാൻ സാധ്യതയില്ല.. ”

അവൻ അവർക്ക് ഒരുമ്മ കൊടുത്തുകൊണ്ട് കസേരയിൽ ചാരിയിരുന്നു..
അവർ നിറഞ്ഞു നിന്നിരുന്ന അവന്റെ കണ്ണുകൾ തുടച്ചു..

രണ്ടുപേരും ഒന്ന് സമാധാനപ്പെട്ടപ്പോൾ എന്തോ കിലുക്കം കേട്ടു തിരിഞ്ഞു നോക്കി, വാതിൽക്കൽ അവരെ നോക്കി കണ്ണുതുടച്ചുകൊണ്ട് സിതാരയും നീതുവും നിന്നിരുന്നു..

” എന്താ…?? നിങ്ങളെപ്പോ വന്നു..??

കരയുന്നത് അവർ കണ്ടെന്നു മനസിലായപ്പോൾ ജാള്യതയോടെ ലക്ഷ്മിയമ്മ അവരോട് ചോദിച്ചു..

” ഓ… ഞങ്ങളൊന്നും കണ്ടില്ല… പോരെ..?? ”

സിദ്ധുവിനെ കുശുമ്പോടെ നോക്കികൊണ്ടാണ് നീതു അത് പറഞ്ഞത്.. അത് കണ്ടെങ്കിലും അവൻ അവളിൽ നിന്നും നോട്ടം മാറ്റി ബാക്കി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു..

” നിങ്ങൾ പോകല്ലേ, ഈ മുറിവ് മരുന്ന് വെച്ചൊന്നു കെട്ടികൊടുക്ക്.. ”

ലക്ഷ്മിയമ്മ മക്കളോടായി പറഞ്ഞു..അവർ ഉള്ളിലേക്ക് വന്നു

” ഇനി മോൻ രണ്ടു ദിവസം കുളിക്കണ്ട, നനവ് തട്ടിയാൽ പഴുപ്പ് കേറും.. വേണെങ്കി മേലൊക്കെ ഒന്ന് തുണി കൊണ്ട് തുടച്ചാൽ മതി.. ”

അവർ പറഞ്ഞത് ശരിയാണെന്നു തോന്നിയ സിദ്ധു തലയാട്ടി..

ഭക്ഷണം കഴിച്ചു കഴിഞ്ഞ് സിദ്ധു മെല്ലെ പോയി കൈയും വായും കഴുകി വന്നു… നീതു പിടിക്കാമെന്നു പറഞ്ഞെങ്കിലും അവൻ നിരസിച്ചു..ഒറ്റക് പോയി പഠിക്കട്ടെ എന്നായിരുന്നു മറുപടി.

അവൻ മലർന്നു കിടന്നപ്പോൾ ആദ്യം കയ്യിലെ മുറിവ് കെട്ടിയിരുന്ന തുണി അവർ അഴിച്ചുമാറ്റി, അത് പറിച്ചെടുക്കുമ്പോൾ അവൻ ചീറി, പതിയെ സൂക്ഷിച്ച് അവർ രണ്ടുപേരും മരുന്ന് വെച്ച് പുതിയ തുണി കൊണ്ട് കെട്ടി…

തുടയിലെ മുറിവ് അതിലും പ്രയാസമായിരുന്നു… അവർ ഒരുപാട് സമയമെടുത്താണ് അതെല്ലാം ശെരിയാക്കിയത്…

തുടയിടുക്കിനടുത്തു വരെ നീളമുണ്ടായിരുന്ന മുറിവ് മരുന്ന് വെക്കാൻ വേണ്ടി ഷെഡ്‌ഡിയിൽ തന്നെ കിടക്കേണ്ടി വന്നു,ഉടുത്തിരുന്ന മുണ്ട് ഷെഡ്‌ഡിക്കു മുകളിൽ കൂടി ഇട്ടപ്പോൾ ആശ്വാസമായി..ആദ്യത്തെ ചളിപ്പ് അവർ മുറിവിന്റെ തുണി അഴിക്കാൻ തുടങ്ങിയതോടെ മാറി, പിന്നെ വേദനയായി, നിലവിളിയായി, അലർച്ചയായി ….എന്തിനേറെ പറയാൻ വേദന വീണ്ടും ഉച്ചസ്ഥായിലെത്തി എന്ന് സാരം..

അവന്റെ ഓരോ അലർച്ചക്കുമൊപ്പം ലക്ഷ്മിയമ്മയും കണ്ണീർ വാർത്തു, മുറിവ് കാണാൻ കെൽപ്പില്ലാത്തതു കൊണ്ട് തിരിഞ്ഞാണ് അവർ ഇരുന്നിരുന്നത്..

അത്രയും നേരം അവൻ ആഗ്രഹിച്ച രണ്ടുപേർ കൂടെ തൊട്ടുരുമ്മി ഉണ്ടായിട്ടും വേദന ഒരു പൊടിക്ക് പോലും അതൊന്നും ആസ്വദിക്കാൻ അനുവദിച്ചില്ല….

വേസ്റ്റ് തുണികളുമായി കുട്ടികൾ താഴേക്ക് പോയപ്പോൾ ലക്ഷ്മിയമ്മ വേദന കൊണ്ട് ഞെരങ്ങുന്ന സിദ്ധുവിനരികിൽ വന്നിരുന്നു..

” മേല് തൊടക്കാൻ ആളെ ഇപ്പൊ വിടണോ അതോ വൈകീട്ട് മതിയോ..? ”

” വൈകീട്ട് മതി, ഇപ്പൊ ഒന്നും വേണ്ടോ..!! പണ്ടാരം പിടിച്ച വേദന എന്നേം കൊണ്ടേ പോകൂ… ”

അവരുടെ ചോദ്യത്തിന് മറുപടി കൊടുത്തുകൊണ്ട് സിദ്ധു കിടക്കയിൽ നിന്നും ഞെളിപിരി കൊണ്ടു എഴുന്നേറ്റു …പിന്നെ മുണ്ട് ശെരിക്ക് ഉടുത്തു വീണ്ടും കിടന്നു ഞെരങ്ങി..

” ഒന്ന് മാറട്ടെ, ആ കാലന്റെ തലമണ്ട ഞാൻ അടിച്ചുപൊളിക്കും… അവന്റെ അമ്മായിടെ ****”

പറയാൻ വന്ന തെറി പിറുപിറുപ്പിൽ ഒതുക്കികൊണ്ട് അവൻ മുരണ്ടു..

” ഒന്നും വേണ്ട, ഇനിയെങ്കിലും ഞാൻ പറഞ്ഞത് കേക്കണം…ഇതൊക്കെ സംഭവിക്കാനുള്ളതായിരുന്നു അത് സംഭവിച്ചു… ഇതിന്റെ മേലെ ഇനിയൊരു പ്രശ്നം ഉണ്ടാവില്ലെന്നു എനിക്ക് വാക്ക് താ… ”

ഗൗരവത്തോടെയാണ് ലക്ഷ്മിയമ്മ പറഞ്ഞത്.. സിദ്ധു അവരുടെ മുഖത്തേക്ക് നോക്കി.. എന്ത് ചെയ്യണം എന്നൊരു സന്ദേഹം അവനിൽ ഉണ്ടായി..

” വാക്ക് തന്നില്ലെങ്കിൽ ഞാൻ ഇവിടെ ഇനി നിക്കൂല, ഞാൻ എന്റെ വീട്ടിലേക്കു പോവും.. എനിക്ക് വയ്യ ഇതൊന്നും കാണാൻ..”

നിർബന്ധം പറഞ്ഞുക്കൊണ്ട് ലക്ഷ്മിയമ്മ പോകാൻ എഴുന്നേറ്റു.. സിദ്ധു പെട്ടെന്ന് അവരുടെ കയ്യിൽ പിടിച്ചു..

” ഇനി ഞാനായിട്ട് ഒന്നിനും പോവൂല,
സത്യം !! ”

അവൻ അവരുടെ ഉള്ളംകയ്യിൽ സത്യമിട്ടു.. അവരുടെ മുഖം തെളിഞ്ഞു..

” അല്ല, കോളേജിൽ ലീവിന്റെ കാര്യം പറയണ്ടേ..? ”

ലക്ഷ്മിയമ്മ ഓർത്തെടുത്തുക്കൊണ്ട് ചോദിച്ചു..

” ഏയ്യ്…. അതൊന്നും പ്രശ്നമല്ല… ചെല്ലുമ്പോ പറയാം, അടയാളം ഉണ്ടല്ലോ കാണിക്കാൻ.. ”

അവൻ അവരെ അശ്വസിപ്പിച്ചു.. ക്ലാസിൽ വല്ലപ്പോഴുമേ കയറാറുള്ളൂ എന്ന സത്യം അവർക്ക് അറിയില്ലല്ലോ..

“ഇന്നിപ്പോ അവരെന്താ ക്ലാസിൽ പോവാഞ്ഞത്.? ”

സിതാരയും നീതുവും പോവാത്തതിനെ പറ്റി സിദ്ധു അപ്പോഴാണ് ചിന്തിച്ചത്..

” ഓ… എനിക്കറിയില്ല.. ഉത്സവം കഴിഞ്ഞതിന്റെ ക്ഷീണമായിരിക്കും..മോൻ വിശ്രമിച്ചോ, ഞാൻ താഴേക്ക് പോവാണ്..

വിശക്കാൻ തുടങ്ങിയാൽ നേരത്തെ പോലെ ഒന്ന് കൂക്കിയാൽ മതി, ഇങ്ങോട്ട് എത്തിക്കാം…”

അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ടു റൂമിനു പുറത്തിറങ്ങി വാതിൽ ചാരി..

Leave a Reply

Your email address will not be published. Required fields are marked *