നീലക്കൊടുവേലി – 4 50

” എന്നാൽ പിന്നെ…പോയി നോക്കാം ലേ…? ”

ചിന്നൻ സിദ്ധുവിന്റെ തോളത്തു കൈവെച്ചുകൊണ്ട് ചോദിച്ചു..

 

സിദ്ധു തോർത്തുമുണ്ട് അയയിൽ വിരിച്ചിട്ടു, സോപ്പ് ഉള്ളിൽ കൊണ്ടുവെച്ചു റെഡിയായി വന്നു… മുണ്ടിന് പകരം ഒരു ട്രാക്ക് സ്യുട്ട് പാന്റ് ആയിരുന്നു ഇട്ടത്..

ഇറങ്ങാൻ നോക്കുമ്പോളാണ് ലക്ഷ്മിയമ്മയും റെഡിയായി വന്നത്…

” സിദ്ധു മോനെ, ഞാനും വരുന്നു, ഒന്നിച്ചു പോവാം.. ”

ധൃതിയിൽ പടിയിറങ്ങിക്കൊണ്ട് ലക്ഷ്മിയമ്മ സിദ്ധുവിനരികിൽ വന്നു അവന്റെ കൈ പിടിച്ചു..

” അല്ല….ഞങ്ങൾ സൈക്കിളിൽ…. ”

പറയാൻ വന്ന ചിന്നനോട് സിദ്ധു കണ്ണു കാണിച്ചപ്പോൾ അവൻ അതോടെ വിഴുങ്ങി..

” നീ വിട്ടോ.. ഞങ്ങൾ വരാം… അവിടെത്തന്നെ ഉണ്ടാവണം.. ”

എവിടെ ഉണ്ടാവണം എന്ന് മനസിലായ ചിന്നൻ പുഞ്ചിരിയോടെ സൈക്കിൾ ചവിട്ടി നീങ്ങി…

” മോനെ….ഇനി വഴക്കിനൊന്നും പോവല്ലെട്ടോ… ഇന്നലെ അവൾക്ക് വേണ്ടിയാണെന്ന് അറിയാം, അതിന്റെ ദേഷ്യത്തിന് ബുദ്ധിമോശമൊന്നും കാണിക്കരുത്.. ”

അവന്റെ കയ്യിൽ അമർത്തിക്കൊണ്ട് സ്നേഹപൂർവ്വം അവർ പറഞ്ഞു…

മനസ് മുഴുവൻ തിരിച്ചടി കൊടുക്കണമെന്ന ചിന്തയിൽ ആയതുകൊണ്ട് അതിനൊരു മറുപടി അവന് വായിൽ വന്നില്ല..

” വാശിയും വൈരാഗ്യവും കൊണ്ട് ഒന്നും നേടാനില്ല… കഴിഞ്ഞതൊക്കെ മറന്നേക്ക്..നമുക്ക് അറിയാത്ത ആളുകളാണ്…വേണ്ടാത്തത് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ വയ്യ ”

അവർ വീണ്ടും അവനോട് അപേക്ഷിച്ചു… അതിൽ നിന്നു തന്നെ ഇതുവരെ അവർ അമ്പലത്തിൽ പോകാതെ തന്നെ കാത്തു നിന്നത് എന്തിനാണെന്ന് എന്തിനാണെന്ന് സിദ്ധുവിന് മനസിലായി…

” എല്ലാം എനിക്ക് മനസിലായി ലക്ഷ്മിയമ്മേ… നിങ്ങക്ക് എന്നോടുള്ള സ്നേഹം കരുതൽ എല്ലാം, പക്ഷെ ഇത് ചിറക്കൽ സിദ്ധാർഥ് എന്ന എന്റെ മാത്രം അഭിമാന പ്രശ്നമാണ്…. ക്ഷമിക്കുക ”

അവരുടെ കയ്യിൽ നിന്നും തന്റെ കൈ വിടുവിച്ചു കൈകൂപ്പിക്കൊണ്ടാണ് അവൻ പറഞ്ഞത്.. അമ്മയുടെ സ്ഥാനമുള്ള അവരുടെ അതൃപ്തി അവന് വേണ്ടായിരുന്നു..

ലക്ഷ്മിയമ്മക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, അവനെ തടഞ്ഞുവെക്കാൻ താൻ ആളല്ല, എത്ര ആയാലും അധികാരി അവനാണ്..

ഉത്സവപ്പറമ്പിൽ തലേദിവസത്തേക്കാൾ തിരക്കുണ്ട്, എല്ലാ മുക്കിലും മൂലയിലും കണ്ണോടിച്ചുക്കൊണ്ട് സിദ്ധു നടന്നു…

പോക്കിനിടയിൽ ചിന്നൻ വിലങ്ങു നിന്നു.. ലക്ഷ്മിയമ്മയെ ആ തിരക്കിനിടയിൽ നിന്നും മാറ്റി സ്ത്രീകൾ നിന്നിരുന്ന അവിടേക്ക് ആക്കിയ ശേഷം സിദ്ധു ചിന്നനോടൊപ്പം നടന്നു…ലക്ഷ്മിയമ്മ ആകട്ടെ അവിടെ ഒരു ഭാഗത്തു മാറിനിന്നിരുന്ന നീതുവിനെയും സിതാരയെയും കൂട്ടി സിദ്ധു പോയ വഴിയേ നടന്നു..

സിദ്ധു കരുതിക്കൊണ്ട് തന്നെയായിരുന്നു..
കുറച്ചു അപ്പുറത്തായി ആനയെ ഊട്ടുന്നതിനടുത്തായി അവർ ഉണ്ടായിരുന്നു..3 പേർ..എന്തോ തമാശ പറഞ്ഞും പെൺകുട്ടികളെ കമന്റടിച്ചും തിരക്കിലായിരുന്നു അവർ..

ചിരിയോടെ തന്നെ സിദ്ധു അവർക്കരികിലേക്ക് നടന്നു..

” അല്ല… ഇതാര്…..!! ഇന്നലെ ഇവിടെ തന്നെ കെടന്നു ഇന്ന് രാവിലെയാവും പോയത് അല്ലേ…?? ”

സിദ്ധുവിനെ കണ്ട ലവൻ ഒന്ന് ഇളക്കി, ഒപ്പമുള്ളവർ പൊട്ടിച്ചിരിച്ചു…

സിദ്ധുവിനും ചിരിയാണ് വന്നത്… പണ്ടത്തെ സിനിമകളിൽ കൊള്ള സങ്കേതത്തിലെ ടീമ്സിനെ പോലെ ഒരാൾ പറയാനും മറ്റുള്ളവർ ചിരിക്കാനും..

” ഒന്നൂടി ഒന്ന് ഒറക്കി താടാ… അതിനു വന്നതാ ഞാൻ… ”

അവൻ മനസ് കൊണ്ട് തയ്യാറായി പറഞ്ഞു… അത് കേട്ടപ്പോ അവൻ മെല്ലെ എണീറ്റു സിദ്ധുവിനെ നോക്കി…

തലേ ദിവസത്തെ ഷോ കണ്ട ചില ആളുകൾ മേല്ലെ മെല്ലെ ചുറ്റിനും കൂടി തുടങ്ങി..അവർക്കിടയിൽ ലക്ഷ്മിയമ്മയും കുട്ടികളും എവിടെനിന്നോ ഓടി കിതച്ചു കൊണ്ട് വന്നു നിന്നു…

അവന്റെ ഒപ്പമുള്ളവരും വേറെ ചിലരും പോര് കാണാൻ അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് നിന്നു…

അവൻ ഒന്ന് പൊസിഷൻ എടുത്തുനിന്നു , പിന്നെ വേഗത്തിൽ വലതുകാൽ കൊണ്ട് സിദ്ധുവിന്റെ നെഞ്ചത്തേക്ക് ആഞ്ഞു ചവിട്ടി..

അവനെ സസൂഷ്മം വീക്ഷിക്കുന്ന സിദ്ധു വെട്ടിയൊഴിഞ്ഞു.. പക്ഷെ അപ്പോ തിരിച്ചു ആക്രമിച്ചില്ല… മറ്റവൻ തിരിഞ്ഞു നിന്നു സിദ്ധുവിന്റെ മുഖത്തേക്ക് ഒരു ഹുക് അടിച്ചു, അത് ഗാർഡ് വെച്ച് തടഞ്ഞ സിദ്ധു കറങ്ങിതിരിഞ്ഞു ഒരു ബാക്ക് ഫിസ്റ്റ് അവന്റെ മുഖത്ത് കൊടുത്തു.. അവൻ പ്രതിരോധിക്കാൻ നോക്കിയെങ്കിലും നടന്നില്ല, വലതു കവിളിൽ കിട്ടിയ ശക്തമായ പഞ്ചിൽ നിലത്തു വീണു..

Leave a Reply

Your email address will not be published. Required fields are marked *