അവിടെ നിന്നും എഴുന്നേറ്റ് ഓടിവന്ന അവൻ ചാടിയൊരു പഞ്ച് സിദ്ധുവിന്റെ മുഖത്തേക്ക് അടിച്ചു, അത് തടയാൻ നോക്കിയ സിദ്ധുവിന് സ്റ്റെപ്പ് തെറ്റി ഒന്ന് വേച്ചു…
ചിന്നൻ ഒന്ന് ജാഗരൂകനായി..,അവൻ മറ്റവന്റെ കൂടെ വന്ന പയ്യന്മാരെ നിരീക്ഷിക്കുന്നും ഉണ്ടായിരുന്നു…
സിദ്ധു നേരെ നിന്ന് കൈകളിലെ ഞൊട്ട പൊട്ടിച്ചു..അവൻ പൊസിഷൻ എടുത്തു നിന്നു.. മറ്റവൻ വന്നു കിക്ക് ചെയ്യാൻ നോക്കിയപ്പോൾ സിദ്ധു അത് തടഞ്ഞു പിന്നെ അവന്റെ വാരിയെല്ലിനും മൂക്കിനും നോക്കി ഓരോ പഞ്ച് കൊടുത്തു… കുറച്ചു സമയത്തേക്ക് അവന്റെ കിളി പോയി, മൂക്കിൽ നിന്നും ചോര പൊടിഞ്ഞു..
തലേ ദിവസത്തെ പോലെ അല്ല സിദ്ധു അത്യാവശ്യം പണി അറിയുന്ന ആളാണെന്ന് ആ പയ്യനും മനസിലായി തുടങ്ങി.. ചുറ്റും ഉള്ള ആളുകളുടെ എണ്ണം കൂടി, ലക്ഷ്മിയമ്മയും മക്കളും ഒഴികെ എല്ലാവരും ഇവരെ ആവേശത്തിൽ പ്രോത്സാഹിപ്പിച്ചു..
പോര് കോഴികളെ പോലെ പട വെട്ടുന്ന രണ്ടു പയ്യന്മാർ, അത് കണ്ടു ആസ്വദിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചും കയ്യടികളും കുക്കിവിളികളുമായി ചുറ്റിനും കൂടിയ കുറെ ഇരുകാലി മൃഗങ്ങൾ…
വേദനയും ആളുകളുടെ ബഹളവും കൂടി ദേഷ്യത്തിലായ ആ പയ്യൻ സിദ്ധുവിനെ ലോക്കിട്ട് പിടിക്കാൻ വേണ്ടി കേറി വന്നു, സിദ്ധു ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിന് തനിക്ക് ഇന്നലെ കിട്ടിയ കണക്കിന് ഒരു കിക്ക് കൊടുത്തു, അവൻ കുനിഞ്ഞു നിന്നു ചുമച്ചു..
അവൻ ഒന്ന് ഡൌൺ ആയെന്നു മനസിലായതോടെ സിദ്ധുവിന്റെ ആറാട്ടായിരുന്നു, അവൻ പഞ്ചിങ് ബാഗിൽ പ്രാക്റ്റീസ് ചെയ്യുന്ന കണക്കിന് എല്ലാ തരം വിദ്യകളും പ്രയോഗിച്ചു…
ഇടികൊണ്ട് അവന് നിക്കാക്കളി ഇല്ലാതെ ആയി, ഇത് കണ്ടു ഹരം കേറിയ ചിന്നൻ കൂട്ടുകാരുടെ നേർക്ക് തിരിഞ്ഞു.. അവന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ രക്ഷപ്പെട്ടു ഓടിയപ്പോൾ മറ്റവന്മാരെ ചിന്നൻ ഒരു പട്ടിക കഷ്ണം കൊണ്ട് ഓടിച്ചിട്ട് അടിച്ചു…
കൈകൊണ്ടു പഞ്ചും ഹുക്കും ചെയ്തു ക്ഷീണിച്ചപ്പോ സിദ്ധു ഒന്ന് നിർത്തി.. മറ്റവന്റെ കാര്യം ഏകദേശം തീരുമാനമായിരുന്നു.. ഓരോ ഇടിയും അവന്റെ ഉള്ളു കലക്കണമെന്ന ആഗ്രഹത്തോടെ ആയിരുന്നു സിദ്ധുവിന്റെ ആക്രമണം…
സിദ്ധുവിന്റെ ഇടി കണ്ടു ആ കൂട്ടത്തിൽ പലരും കൈകൾ അടിച്ചു, അവനെ കളിയാക്കി ചിരിച്ചിരുന്ന പലരും അവന്റെ കൈക്കരുത്തിലും ടെക്നിക്കുകളും കണ്ടു അമ്പരന്ന് നിന്നു.. സിനിമയിലാണ് അവർ ഇത്തരം അടികൾ കണ്ടിരുന്നത്…അതിനേക്കാളുപരി നാട്ടിൽ പാവത്താനായി നടക്കുന്ന സിദ്ധു ‘കരാട്ടെക്കാരൻ’ ആണെന്ന് അവർ ഇപ്പളാണ് മനസിലാക്കിയത്..
ഒരു സമയം കഴിഞ്ഞതോടെ മറ്റവന് കലി കേറി, അവൻ നിർത്താതെ ആക്രമിക്കാൻ നോക്കി, അത് സിദ്ധുവിന് ഉപകാരപ്പെട്ടു. അവൻ ഒഴിഞ്ഞു മാറിയും തിരിച്ചു ഗ്യാപ്പിലൂടെ പഞ്ച് അടിച്ചും രസിച്ചു..
ഇടക്ക് ചീറി വന്ന അവൻ സിദ്ധുവിനെ ഒരു കിക്ക് അടിച്ചു , അത് പ്രതീക്ഷിച്ചു നിന്ന സിദ്ധു ഇടത്തു ഭാഗത്തേക്ക് ഒഴിഞ്ഞു മാറി, പിന്നെ മുൻപിലേക്ക് കേറി ചവിട്ടിന്റെ ആയത്തിൽ വന്ന അവന്റെ കവിൾ നോക്കി ബോക്സിങ്ങിലെ അപകടകരമായ എൽബോ സ്ട്രൈക്ക് പ്രയോഗിച്ചു.. (അറിയാത്തവർ ദയവു ചെയ്ത് ഗൂഗിൾ ചെയ്തു നോക്കുക)
താടി സ്ഥാനചലനം സംഭവിച്ചു ആ പയ്യൻ കറങ്ങിവീണു.. കണ്ടു നിന്നവർക്ക് എന്താണ് സംഭവിച്ചതെന്നു മനസിലാവുന്നതിന് മുൻപ് അവന്റെ അലർച്ച കേട്ടിരുന്നു..
കലി പൂർണമായും മാറാതെ സിദ്ധു അവന്റെ നെഞ്ചിൽ കയറി ഇരുന്നു മുഖത്തേക്ക് നല്ല ഒരു ഇടി കൂടി കൊടുത്തു..മൂക്കിൽ നിന്നും വീണ്ടും രക്തം വന്ന അവൻ പിടഞ്ഞു..
അവന്റെ ഒപ്പമുണ്ടായിരുന്നവരെ ചിന്നൻ നന്നായി സൽക്കരിച്ച ശേഷം അവിടെ കൊണ്ടുവന്നിട്ടിരുന്നു..സിതാരയും നീതുവും ആശ്വാസത്തിലായിരുന്നു..അവൻ വീണത് കണ്ടപ്പോൾ ആണ് അവർ ശ്വാസം വിട്ടത്..
ലക്ഷ്മിയമ്മ ഓടിവന്നു സിദ്ധുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വേണ്ട മോനെ, മതി എന്നൊക്കെ പറയുന്നുണ്ട്…സിദ്ധു ദേഹത്ത് നിന്നും മെല്ലെ എണീറ്റു
അതിനിടക്കാണ് ആ പയ്യൻ പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് എണീക്കാൻ പോവുകയായിരുന്ന സിദ്ധുവിന്റെ കയ്യിലും കാലിലും വരച്ചത്…
