സിദ്ധു അഭിമാനത്തോടെ പറഞ്ഞു… അവർ ധർമസങ്കടത്തിലായി… വീണ്ടും നിർബന്ധിച്ചപ്പോൾ അവന് ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒരുക്കിയ ശേഷം ബാക്കിയുള്ളവർ താഴേക്ക് പോയി..
അന്ന് രാത്രി സിദ്ധുവിന് യതാർത്ഥത്തിൽ അഗ്നിപരീക്ഷ ആയിരുന്നു.. വേദനക്ക് കുറവില്ലെന്നല്ല അതിനുള്ളിൽ മരുന്നിന്റെ നീറ്റലും കാൽ ഇളക്കാൻ പറ്റായ്കയും എല്ലാം കൂടെ അവന്റെ ഊപ്പാടിളകി..
ഒരുപാട് ശ്രമിച്ചെങ്കിലും നിദ്രാദേവി കനിവ് കാണിച്ചില്ല, കാൽ ഇളക്കാൻ പറ്റാത്തതുകൊണ്ട് അവന്റെ സ്ഥിരം പോസിൽ ഉറങ്ങാനും സാധിച്ചില്ല.. ഒരു വിധത്തിൽ നേരം പുലരാനായപ്പോൾ എപ്പഴോ വേദന കുറവ് വരികയും അവൻ ഉറങ്ങുകയും ചെയ്തു..
ഏറെ വൈകിയാണ് അവൻ ഉണർന്നത്. ..മുറിവ് ഇന്നലത്തെ അത്ര കണ്ടു വേദനയില്ലാ..തൊട്ടു നോക്കുമ്പോൾ ഒരു പിടുത്തമുണ്ടെന്നേ ഉള്ളൂ..ഉടുമുണ്ട് കട്ടിലിനു താഴെ ആയിരുന്നു, അയ്യേ, ഷെഡ്‌ഡി മാത്രം ഇട്ടാണോ കെടന്നിരുന്നത്..! ആവോ..
നല്ല വിശപ്പുണ്ട്…സമയം ഒരുപാട് വൈകിയതല്ലേ.. റൂമിലെ മേശയിൽ ഇരിക്കുന്ന ചായ തണുത്തിട്ടുണ്ട്, രാവിലെ എപ്പോഴെങ്കിലും കൊണ്ട് വന്നു വെച്ചതായിരിക്കും…അവൻ പ്രഭാത കൃത്യങ്ങൾ പെട്ടെന്ന് തീർത്തു..
ജനലിനരികിൽ ചെന്നു താഴേക്ക് കൂക്കി…
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പണിക്കാരിപെണ്ണ് ലക്ഷ്മിയമ്മയോട് വിവരം പറഞ്ഞു.. അവർ പ്രാതലുമായി പെട്ടെന്ന് തന്നെ മുകളിലേക്ക് വന്നു..സിദ്ധു കസേര മേശക്കരികിലേക്ക് വലിച്ചിട്ടു വേദന വരാതെ ശ്രദ്ധിച്ചുക്കൊണ്ട് അതിലിരുന്നു…
” വേദന കൊറവുണ്ടോ മോനെ..?? ”
അവർ സ്നേഹപൂർവ്വം തിരക്കി…
” ഉവ്വ്… ഇപ്പോ നല്ല വിശപ്പാണുള്ളത്… ”
മറുപടി കേട്ട അവർ കൊണ്ടുവന്നതിൽ നിന്നും ദോശയും ചട്ണിയും അവന്റെ പാത്രത്തിലേക്ക് പകർന്നു..
” ഞാൻ വന്നിരുന്നു .. നല്ല ഉറക്കമായോണ്ട് വിളിച്ചില്ല.”
അവന്റെ കഴിക്കൽ വാത്സല്ല്യത്തോടെ കണ്ടുകൊണ്ട് അവർ കട്ടിലിലിരുന്നു…
” ലക്ഷ്മിയമ്മ മാത്രല്ലേ വന്നു നോക്കിയിട്ടുള്ളൂ..?? എന്റെ മുണ്ട് ഒക്കെ താഴെ വീണേർന്നു… ”
ചെറിയൊരു ചളിപ്പോടെയാണ് അവൻ ചോദിച്ചത്.. അത് കേട്ട് അവർ ചിരിച്ചു..
” അല്ല, ശങ്കരേട്ടനും കുട്ട്യോളും ഒക്കെ വന്നിരുന്നു.. ”
അവർ മൂക്കിൽ കൈവെച്ചു കഷ്ടം കാണിച്ചു കളിയാക്കി കൊണ്ടാണ് പറയുന്നത്..സിദ്ധുവിന്റെ മുഖം ചമ്മി..
” അതൊന്നും സാരമാക്കണ്ട ചെക്കാ… വയ്യാണ്ട് കെടക്കുമ്പോ അതൊക്കെ നോക്കി കിടക്കാൻ പറ്റുമോ..”
അവർ അവന്റെ ചമ്മിയ മുഖം കണ്ടു എണീറ്റു വന്നു അവനെ ചേർത്തു പിടിച്ചുകൊണ്ടു തലയിൽ മുത്തി..
” നിങ്ങക്കെന്റെ അമ്മയായിക്കൂടാർന്നോ…?? ദൈവം എന്തേ അങ്ങനെ ചെയ്തില്ല…?? ”
തിരിച്ചു ലക്ഷ്മിയമ്മയെ എച്ചിൽ കൈകൊണ്ടു തന്നെ കെട്ടിപിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു…അവന്റെ ശബ്ദം ഇടറിയത് അവർ അറിഞ്ഞു..മുഖം വെച്ച വയറിൽ കണ്ണുനീരാൽ കുതിർന്നു..
” അമ്മ തന്നെയല്ലേ..? എന്തിനാ ഇപ്പൊ ഇങ്ങനൊരു ചോദ്യം..? ”
അവരുടെ കണ്ഠവും ഇടറിയിരുന്നു.. ഒരു തുള്ളി കണ്ണീർ തന്റെ നെറുകയിൽ വീണത് അവനും അറിഞ്ഞു..
” അതല്ല, എനിക്ക് ദേ ഈ കുമ്പയിൽ ജനിച്ചാൽ മതിയാരുന്നു… ”
അവൻ അവരുടെ വയറിൽ വിരൽ കൊണ്ട് കുത്തി കൊച്ചുകുട്ടികളെ പോലെ പറഞ്ഞു..ലക്ഷ്മിയമ്മ ചുമരിൽ തൂങ്ങിയ സിദ്ധുവിന്റെ അമ്മയുടെ ഫോട്ടോയിൽ നോക്കി നെടുവീർപ്പിട്ടു..ഒരുപക്ഷെ അവരുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ വീണിട്ടുണ്ടാകാം..
” നോക്ക് മോനെ..അതിന്റെയൊന്നും ആവശ്യമില്ല..നീയെനിക്ക് എന്റെ മോൻ തന്നെയാ, അങ്ങനെ കാണാൻ മാത്രമേ എനിക്ക് കഴിയൂ… വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ച് മനസ് വിഷമിപ്പിക്കണ്ട.. ”
അവനെ സമാധാനിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു..
” എനിക്കെന്തെങ്കിലും ആവുമ്പോൾ നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം പോലും തിരിച്ചുതരാൻ എന്നെകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല..
പക്ഷേ നിങ്ങളാണെങ്കിലോ, ഓരോ സമയവും എന്നെ പറ്റി മാത്രം ചിന്തിച്ച് ഇരിക്കുവാണോ എന്നൊക്കെ തോന്നും ചെലപ്പോ…
എന്റെ പെറ്റമ്മ ഉണ്ടെങ്കിൽ പോലും ഇത്രക്കൊക്കെ എനിക്ക് വേണ്ടി ചെയ്യാൻ സാധ്യതയില്ല.. ”
