പ്രിയം പ്രിയതരം – 13

പ്രിയ : ഓഹ്… എന്റെ പറശ്ശിനുകടവ് മുത്തപ്പാ നിന്റെ കൃപ. അവൾ എല്ലാം മറന്ന് തുള്ളിചാടി… പരിസരം മറന്ന് ബിജുവിനെ കെട്ടിപിടിച്ചു. ഒക്കെ അമ്മയെയും കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തു.

അമ്മ പതുക്കെ ജീവിതത്തിലോട്ട് തിരിച്ചു വരുകയാണെന്ന യാഥാർഥ്യം പ്രിയയുടെ ഇപ്പോഴത്തെ ദുഃഖത്തെ ഒരു പരിധി വരെ ശമിപ്പിച്ചു.

അന്ന് അത്താഴം കഴിഞ്ഞ ശേഷം ബിജുവിനോടൊപ്പം പ്രിയ ആ വരാന്തയുടെ മൂലയിൽ സ്ഥാനം പിടിച്ചു. ആ ഇരുട്ടിൽ ബിജുവിന്റെ മടിയിൽ തല വച്ചു കിടന്ന് കൊണ്ട് അവരുടെ സ്വകാര്യ സ്വപ്‌നങ്ങൾ കൈമാറി.

പിന്നീടുള്ള പ്രിയയുടെ ഓരോ ദിനങ്ങളും പൂർവാധികം സന്തോഷപ്രദമായിരുന്നു.

അന്ന് കാലത്ത് ജോലിക്ക് പോകുന്നതിനു മുൻപ് സുരേഷ് പറഞ്ഞത് പ്രകാരം, ആ ലാപ് ടോപ് ബാഗുമായി ബിജു പ്രിയയുടെ അടുത്ത് വന്നു.

പ്രിയ… ഇത് നിന്റെ സുരേഷേട്ടൻ നിനക്ക് തരാൻ വേണ്ടി എന്റെ കൈയ്യിൽ ഏൽപ്പിച്ച ബാഗാണ്.

പ്രിയ : ഇതെന്താണ്‌ ഏട്ടാ…

ഞാൻ : ഇത് നിന്റെ കൈയ്യിൽ ഏൽപ്പിക്കുക എന്നത് മാത്രമാണ് എന്റെ ജോലി… വിശദാംശങ്ങൾ ഒന്നും എന്നോട് ചോദിക്കരുത് എനിക്കറിയില്ല. നീ തന്നെ തുറന്ന് നോക്കു… എനിക്ക് പോയിട്ട് ധൃതിയുണ്ട്… വൈകീട്ട് കാണാം.

ബിജു പോയ ശേഷം പ്രിയ ആ ബാഗ് തുറന്ന് നോക്കി.

ഒരു വലിയ ബ്രൗൺ പേപ്പർ സീൽഡ് കവറും, മറ്റെന്തൊക്കെയോ കടലാസുകളും ആയിരുന്നു അതിന്റെ ഉള്ളടക്കം.

ഒരു ചെറിയ കവറിനകത്ത് ബാങ്ക് ലോക്കറിന്റെ ചാവിയും, വെള്ള എൻവലപ്പിൽ ഒരു കത്തും ആയിരുന്നു പ്രിയക്ക് കിട്ടിയത്.

അമ്മയുടെ കട്ടിലിൽ തൊട്ടടുത്ത് ഇരുന്നു കൊണ്ട് പ്രിയ, ആ വെള്ള കവർ പൊട്ടിച്ച് ആ എഴുത്തു വായിച്ചു.

എന്റെ എത്രയും സ്നേഹം നിറഞ്ഞ പ്രിയക്ക്….

സത്യം പറഞ്ഞാൽ ഞാൻ ഒരു വലിയ പാപിയാണ്. ഞാൻ നിന്നോട് ചെയ്തത് ഒരു പെണ്ണും പൊറുക്കാത്ത തെറ്റുകളാണ്.

പിന്നെ സാഹചര്യങ്ങൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു എന്നതാണ് വലിയ സത്യം. സാഹചര്യങ്ങൾ എന്നെ വല്ലാതെ കുടുക്കിൽ പെടുത്തി. ചെയ്ത തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുകയുമല്ല.

കുവൈറ്റിൽ വച്ച് ഒരു അവിഹിതത്തിൽ പെട്ടുപോയതും, അവിടുന്ന് നിന്നെ ഒറ്റക്കാക്കി മറ്റൊരു രാജ്യത്തേക്ക് പോകേണ്ടി വന്നതിന്റെ സാഹചര്യം എന്താണെന്ന് ഇനി നിന്നോട് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം.

ആ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്ന് ഞാൻ സമ്മതിക്കുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ എന്റെ മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു.

ഇന്ന് ഞാൻ ആ പാപത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്… മദ്യം എന്നെ ആകെ താറുമാറാക്കി.

ആ കുരിശ് ഞാൻ ഒറ്റക്ക് തന്നെ ചുമക്കണം. ആരുടെ കൂടെ ഞാൻ പോയോ, അവൾ എന്നെ വഞ്ചിച്ചു. എന്റെ കോടികളുടെ സമ്പാദ്യം എല്ലാം എടുത്ത് അവൾ മുങ്ങി. എന്നെ ഒറ്റപ്പെടുത്തി.

വലിയ ഒരു ട്രാപ് ആയിരുന്നു അതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. അവിടെത്തെ എന്റെ ബാങ്ക് ബാലൻസ് എല്ലാം സീറോ ആയി.

ബ്രെയിൻ ട്യൂമർ വന്ന് ഓസ്ട്രേലിയയിലെ ഹോസ്പിറ്റലിൽ ഞാൻ എത്ര ദിവസം കിടന്നു എന്ന് എനിക്ക് തന്നെ അറിയില്ല അവിടെനിന്ന് മലയാളി സമാജത്തിന്റെ സഹായത്തോട് കൂടി ഞാൻ നാട്ടിലെത്തി. അതും ഈ അവസ്ഥയിൽ.

എല്ലാം എനിക്ക് ദൈവം തന്ന ശിക്ഷയാണ് ഇതൊക്കെയാണ് പാഠങ്ങൾ. നെല്ലും പതിരും തിരിച്ചറിയാനുള്ള അവസരങ്ങൾ. പക്ഷെ എല്ലാം അറിയുമ്പോഴേക്കും ഒത്തിരി വൈകി പോയി.

ഇനി ഒരു കാര്യം പറയാം വളരെ സീക്രട്ട് ആയിരിക്കണം. എന്റെ വീട്ടുകാർ ഇത് ഒരു കാരണവശാലും അറിയാൻ ഇടവരരുത്.. ഇവിടെ നാട്ടിൽ ഞാൻ താമസിക്കുന്ന വീട് ഞാൻ തന്നെ പണിത വീടാണ്. പക്ഷെ അതിന്റെ വിഹിതം എന്റെ രണ്ട് പെങ്ങന്മാർക്ക് മാത്രം ഉള്ളതാണ്.

ഇനി ഞാനായിട്ട് സമ്പാദിച്ച കുറച്ച് സ്വത്തുക്കൾ ഉണ്ട്… അത് നമ്മുടെ സിറ്റിയിൽ നാഷണൽ ഹൈവേയുടെ സൈഡിൽ തന്നെ അല്പം സ്ഥലമാണ്. അത് ഇന്നത്തെ കണക്കിന് ഒരു മൂന്ന് മൂന്നര കോടിയിലധികം വില മതിക്കും എന്നെനിക്ക് തോന്നുന്നു.

ആ പ്രോപ്പർട്ടി ഞാൻ നിന്റെ പേരിലാണ് വാങ്ങിച്ചത്. പിന്നെ നിനക്ക് വേണ്ടി വാങ്ങിച്ച ഇത്തിരി ഗോൾഡ്… അത് ഒരു പത്തറുപത് പവൻ കാണും.

ഗോൾഡും, സ്ഥലത്തിന്റെ ഡോക്യുമെന്റസും ബാങ്കിലെ ലോക്കറിൽ ഭദ്രമായി ഇരിപ്പുണ്ട് അതിന്റെ ഡീറ്റെയിൽസ്, ലോക്കർ കീയും ടാക്സ് റെസിറ്റ് എല്ലാം ഞാൻ ഈ ബാഗിൽ വച്ചിട്ടുണ്ട്.

അതും പിന്നെ എന്റെ പേരിൽ തരക്കേടില്ലാത്ത ഒരു തുക ബാങ്ക് ബാലൻസ് ആയി അവിടെ തന്നെ കിടപ്പുണ്ട്.

ഇതെല്ലാം എന്റെ അഭാവത്തിൽ മാത്രം നീ അറിഞ്ഞാൽ മതിയെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് കൊണ്ടാണ് ഇത് ഇത്തരത്തിൽ നിന്റെ കൈകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തത്.

ഞാൻ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലങ്കിലും ഇത് എന്റെ അവസാനത്തെ കാത്താണ്.

പിന്നെ… ഇനി ഒരു കാര്യം പറയാം… നിനക്ക് ഇപ്പോഴും ചെറുപ്പമാണ്… നമ്മുടെ ബന്ധത്തിൽ കുട്ടികളോ, വേറെ ബാധ്യതകളൊന്നും ഇല്ലാത്ത സ്ഥിതിക്ക്, മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറാവുമ്പോൾ നിനക്ക് വിശ്വസ്ഥൻ എന്ന് തോന്നുന്ന, നിന്നെ വഞ്ചിക്കില്ല, ജീവിതാവസാനം വരെ കെയർ ചെയ്യും എന്ന് തോന്നുന്ന ഒരാളെ നീ തന്നെ കണ്ടുപിടിച്ചു പങ്കാളിയായി സ്വീകരിക്കുക.

അതിന് ആർക്കും നിന്നെ എതിർക്കാൻ കഴിയില്ല…

ഇനി ഒരു കാര്യം കൂടി… ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ GM ഞാനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇനി നിനക്ക് നാട്ടിൽ ജീവിക്കണ്ട എന്ന് തോന്നുന്ന പക്ഷം ആ കമ്പനിയുടെ GM നോട്‌ ഒരു റിക്വസ്റ്റ് അറിയിച്ചാൽ മതി. അദ്ദേഹം നിന്നെ ഒരു നല്ല ജോലി തന്ന് സഹായിക്കും. തീർച്ച.

ഇത് എന്റെ അവസാനത്തെ കത്താണ്…

നന്മകൾ.

 

 

നിറക്കണ്ണുകളോടെ അവൾ ആ എഴുത്ത് വായിച്ച് മടക്കി വച്ചു. പിന്നെ വിതുമ്പി കരഞ്ഞു. കിടക്കയിൽ എല്ലാം കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു തന്റെ അമ്മ എല്ലാം അറിഞ്ഞപ്പോൾ അമ്മയുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു…

നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം നീ ചെയ്യ് മോളേ… ആരും നിന്നെ എതിർക്കില്ല. ഈ അമ്മയുടെ പൂർണ്ണ പിന്തുണയും അനുഗ്രഹവും എപ്പോഴും ഉണ്ടാവും.

””ഹെല്ലോ…. ഹൂ ഈസ്‌ ബ്രിയാസ് ഹസ്ബന്ത്…. ഹൂ ഈസ്‌ മിസ്തേർ ബീജു….”” വ്യക്തതയില്ലാത്ത ഇംഗ്ലീഷ് ഭാഷയിൽ ചോദിച്ച ചോദ്യം ഉറക്കച്ചതാവോടെ കേട്ടപ്പോൾ ബിജുവിനും മനസ്സിലായില്ല. പച്ച കണ്ണുള്ള നീല വസ്ത്രം ധാരിണിയായ ഒരു അറബിച്ചി ഹെഡ് നഴ്സ് ലേബർ റൂമിന്റെ വാതിൽക്കൽ നിന്നു കൊണ്ട് ഉച്ചത്തിൽ ചോദിച്ചു.

യെസ്…. ഐ ആം ഹിയർ… അവൻ കൈപൊക്കി കാട്ടി ലേബർ റൂമിന്റെ വാതിൽക്കലേക്ക് ഓടിയടുത്തു. വലതു കൈക്ക് ഒരു വെളുത്ത സ്ട്രാപ് കെട്ടിയ ചോര കുഞ്ഞിനെ അവർ ബിജുവിന്റെ കൈകളിൽ വച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *